പൂമുഖം LITERATUREകവിത എന്‍റെ റിപ്പബ്ലിക്

എന്‍റെ റിപ്പബ്ലിക്

നീ “റിപബ്ലിക്.”
നിന്‍റെ വരണ്ട ശാസ്ത്രസംഹിതകളുടെ
എല്ലാ താളുകളിലും
നിന്‍റെ വര്‍ണ്ണപ്പകിട്ടുകളുടെ
വിശാലമായ ചിത്രം,
വരച്ചു വെച്ചിട്ടുണ്ട് .
എന്‍റെ ഋതുകാലങ്ങളെ,
എന്‍റെ സ്വപ്നങ്ങളെ,
എന്നേത്തന്നെ
നീ അടര്‍ത്തിമാറ്റി
ചെന്നായ്ക്കള്‍ക്കിട്ടു കൊടുത്തു !

നിന്‍റെ മെയ്ൻ കാംഫ്
എന്തെന്ന് ആർക്കറിയില്ല ?
പക്ഷെ നിന്റെ പൂർവ്വാശ്രമം
എന്താണ്?

നീ ചെല്ല്
റൈൻ നദിയിലെ ഒരിറ്റുവെള്ളം പോലും
നിന്റെ മുതുമുത്തശ്ശന്റെയാണെന്ന്
പറഞ്ഞ് നക്കിക്കുടിയ്ക്കാൻപോലും
നിനക്ക് കഴിയില്ല.

ഇവിടുത്തെ തെരുവീഥികളില്‍,
നീ ഒഴുക്കിയ ചോരയില്‍,
നീ ചോര്‍ത്തിയെടുത്ത ഗര്‍ഭസ്ഥശിശുവിന്‍റെ ,
കാലുകള്‍ വലിച്ചുകീറി
അമ്മയുടെ കഴുത്തില്‍
ചാര്‍ത്തിയ കുഞ്ഞുജഡത്തിന്‍റെ,
നീ കൊന്നു കൂട്ടിയ നിരവധി
അച്ഛനമ്മമാരുടെ
ചീഞ്ഞളിഞ്ഞ മാംസം ഇപ്പോഴും ഒഴുകുന്നു.
നിന്‍റെ ഭ്രാന്തന്‍ യാത്രകള്‍
എവിടേയ്ക്കോ വഴികള്‍ തുറന്നിട്ടുണ്ട്!
ആ വഴികളിലൂടെയാണ്
നമ്മളിപ്പോള്‍ നടക്കുന്നത്.

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like