തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ഇത്തവണ പതിവിൽ കവിഞ്ഞ ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും ലഭിച്ചു. ഫലം പലതലങ്ങളിലും വിശകലനം ചെയ്യപ്പെടുന്നുണ്ട്. നാം ഇപ്പോഴും ജനാധിപത്യ പ്രക്രിയയിൽ സജീവമായ താല്പര്യവും വിശ്വാസവും പുലർത്തുന്ന സമൂഹമാണ് എന്നതിന്റെ തെളിവാണത്. മലയാളനാടിന്റെ കോലായയിൽ നടന്ന തിരഞ്ഞെടുപ്പ് ചർച്ച പങ്കുവെയ്ക്കുകയാണ്. വായനക്കാരും പങ്കെടുക്കുമല്ലോ.
ഈ തിരഞ്ഞെടുപ്പ് ഫലം എന്താണ് ആത്യന്തികമായി പറഞ്ഞു വെയ്ക്കുന്നത്?
മുരളീ മീങ്ങോത്ത് :
ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ഭരണവിരുദ്ധ വികാരം യുഡിഎഫിനും എൻഡിഎ ക്കും നേട്ടമായി.
ചന്ദ്രൻ പുതിയോട്ടിൽ :
കൂത്താളി പഞ്ചായത്തിന്‍റെ കാര്യം പറയാം. എൽ.ഡി.എഫ് കഴിഞ്ഞ വര്‍ഷങ്ങളായി വളരെ മോശപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് തകര്‍ന്ന റോഡുകൾ, തങ്ങളുടെ ആള്‍ക്കാര്‍ക്ക് മാത്രം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ തിരഞ്ഞെടുത്ത് കൊടുക്കുന്ന രീതി, പക്വതയുള്ള നേതൃത്വത്തിന്‍റെ അഭാവം ഒക്കെ തുടരുമ്പോഴും പാർട്ടി പ്രവർത്തകർ ഇത് കാണുകയോ കേൾക്കുകയോ ചെയ്തില്ല. അല്ലെങ്കില്‍ അവഗണിച്ചു. അവരിൽ ചിലർ ലോക്കല്‍ മിനിയേച്ചര്‍ പിണറായികളായി മാറി എന്ന് പറയാതെ വയ്യ. അതുകൊണ്ട് എന്ത് പറ്റി എന്ന് പറഞ്ഞാൽ അവർക്ക് ആകെയുള്ള 14 സീറ്റുകളില്‍ കിട്ടിയത് രണ്ടെണ്ണം മാത്രം. കൂത്താളിയുടെ ചരിത്രത്തില്‍ ഇതാദ്യം.
മറ്റിടങ്ങളിലെപ്പോലെ തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് വാർഡുകൾ വെട്ടിമുറിച്ച് വിഭജനം നടത്തിയിരുന്നു. അതും ഫലം കണ്ടില്ല. സിപിഎമ്മി ന്‍റെ കോട്ടയായിരുന്നു കൂത്താളി. കഴിഞ്ഞ 10 കൊല്ലമായി സിപിഎമ്മിലെ മുതിർന്ന നേതാക്കൾ അവിടെ ഇല്ലാതായതിനു ശേഷമാണ് പ്രവർത്തന ശൈലിയിൽ കാര്യമായ മാറ്റം വന്നത്.
ഒരു വാര്‍ഡില്‍ സി പി എം വിമതയെ കോൺഗ്രസ്സ് സഹായിച്ചു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ വന്നിട്ടും അവര്‍ പിന്മാറിയില്ല. കാരണം പലതുമുണ്ടാകാം. ഒടുവില്‍ അവര്‍ വിജയിച്ചു. സി പിഎം ലെ അസംതൃപ്തരായ വിഭാഗം അവർക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന്‍റെ അന്നേ ദിവസം ‘ചിലര്‍’ ഒരു ചത്ത പൂച്ചയെ ഇവരുടെ കിണറ്റില്‍ കൊണ്ടിട്ടു. ഇതുവരെ ഇങ്ങനെ ഒരു സംഭവം കൂത്താളിയിൽ ഉണ്ടായിട്ടില്ല. (അവര്‍ ജയിച്ചില്ലായിരുന്നെങ്കില്‍ അവരുടെ കാര്യം ഒന്ന് ആലോചിക്കവുന്നതെയുള്ളൂ). ഇതൊക്കെ തന്നെ കാണിക്കുന്നത് ഇടതുപക്ഷം എന്നത് എന്താണെന്ന് അറിയാത്തവരാണ് പാര്‍ട്ടിയെ ലോക്കലില്‍ ഭരിക്കുന്നത് എന്നതാണ്.
കോഴിക്കോട് ജില്ലയിൽ യുഡിഎഫിന് മുന്നേറ്റമുണ്ടായതിന്‍റെ കാരണം പറയുകയാണെങ്കിൽ സി.പി.എമ്മിന്‍റെ കണ്ണൂർ ശൈലിയിലുള്ള പ്രകടനം ഈ ഭാഗത്ത് നടക്കുകയില്ല എന്ന് വീണ്ടും തെളിയിക്കപ്പെടുകയായിരുന്നു എന്നാണ്. എല്ലാ പാർട്ടിക്കാരുമായും കാര്യങ്ങൾ സംസാരിക്കാൻ ഇടവരാറുണ്ട്. റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചൊക്കെ വിമർശിക്കുന്നത് ആരോഗ്യകരമായ രീതിയില്‍ എടുക്കുന്നതിന് പകരം സിപിഎം അണികൾ വിരോധത്തോടെയായിരുന്നു കണ്ടത്. നീതി പ്രവർത്തിച്ചു എന്നേ ഞാൻ ഇവിടത്തെ ഫലത്തെ കുറിച്ച് പറയുകയുള്ളൂ.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇതിൽനിന്ന് പാഠം ഉള്‍ക്കൊണ്ടാല്‍ നല്ലത്. അല്ലെങ്കിൽ വരും തിരഞ്ഞെടുപ്പില്‍ മാത്രമല്ല ഇടത് മൂല്യങ്ങള്‍ തന്നെ ഇല്ലാതാകുന്ന സ്ഥിതിവിശേഷം കേരളത്തില്‍ വന്നേക്കാം. പുനര്‍വിചിന്തനം എന്നത് പാര്‍ട്ടി ക്ലാസ് മുറികളില്‍ നില്‍ക്കേണ്ടതല്ല, അത് അതിലളിതമായി ജനങ്ങളിലേക്ക് എത്തി ചര്‍ച്ചകള്‍ നയിച്ച് പരുവപ്പെടെണ്ടതാണ്. പട്ടാളച്ചിട്ടകള്‍ ജനാധിപത്യത്തിന് ചേര്‍ന്നതല്ല എന്നെങ്കിലും മനസിലാക്കുക.
കെ വി തോമസ്:
പഠിക്കുമെന്ന് വലിയ പ്രതീക്ഷയില്ല. ഫലം വന്ന ദിവസം തന്നെ മുൻമന്ത്രി മണിയുടെ പ്രസ്താവന കേട്ടില്ലേ! ഗോവിന്ദൻ മാഷും ആ കാര്യത്തിൽ മോശമല്ല.
അസംബ്ലി ഇലക്ഷനിൽ വേറൊരു equation ആണ്. അത് മാറി വരാം. എന്റെ വാർഡിലെ സിറ്റിംഗ് സീറ്റിൽ സി പി എം ന് തോൽവി പറ്റി. സ്ഥാനാർഥി എന്റെ സഹോദരി ആയിരുന്നു. മുൻപ് സി പി എം ജയിക്കാത്ത സീറ്റിൽ ജയിച്ച ആളാണെന്നതും പാർട്ടിയിലെ സീനിയർ മെമ്പറാണ് എന്നതും നോക്കുമ്പോൾ ഫലം നൽകുന്നത് സങ്കടം തന്നെയാണ്. പ്രചാരണം വളരെ കുറവായിരുന്നു. സമയക്കുറവ്, മുന്നിട്ടിറങ്ങാനുള്ള ആളുകളുടെ കുറവ്… വാർഡ് പുനർനിർണായത്തിന് ശേഷം എന്റെ വാർഡ് മാറുകയും അവിടെ ബി ജെ പി ജയിക്കുകയും ചെയ്തു എന്ന വൈപരീത്യവും സംഭവിച്ചു.
ജ്യോതിസ് പറവൂർ:
കൊല്ലം ജില്ലയിലെ പരവൂർ നഗരസഭയാണ് എൻ്റെ സ്ഥലം.ഇടത് വലത് ഭരണം മാറി മാറി വരുന്ന നഗരസഭ.പരിസര പ്രദേശങ്ങൾ (പഞ്ചായത്തുകൾ) എല്ലാം തന്നെ ഇടത് മുന്നേറ്റം ഉള്ള സ്ഥലങ്ങൾ. വോട്ട് ചെയ്യാൻ പോയപ്പോൾ എല്ലാ ഇടത്, വലത്, ബിജെപി സുഹൃത്തുക്കളുമായി സംസാരിക്കുകയും സൗഹൃദം പുതുക്കുകയും, വാർഡിലെ സാധാരണക്കാരായ ആളുകളുമായി സംസാരിക്കുകയും ഒക്കെ ചെയ്തതിൽ നിന്ന് മനസ്സിലായത് മുകളിൽ പറഞ്ഞത് പോലെ ഇടതുപക്ഷം താഴെത്തട്ടിൽ പ്രവർത്തനം നിർത്തിയ അവസ്ഥയിലാണ് കഴിഞ്ഞ കുറെ കാലമായി. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരോടൊപ്പം നിൽക്കുന്നതിൽ നിന്ന് പാർട്ടി പിന്നോട്ട് പോയി.പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ, ശബരിമലയിലെ വിഷയങ്ങൾ ( ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലങ്ങൾ ആയത് കൊണ്ട് Nss പോലെ ഉള്ള സംഘടനകൾ സജീവമായി തന്നെ ഉണ്ട്) എന്നിങ്ങനെയൊക്കെ ഉള്ള സാധാരണക്കാരുടെ ആധികൾ കാണാൻ പാർട്ടി ശ്രമിച്ചില്ല. വികസനം എന്നത് മുകളിലെ പാളി മാത്രമാണ് ഉള്ളിലേക്കുള്ള ആവശ്യങ്ങളിൽ ഫോക്കസ് ചെയ്യുന്നതിൽ കാര്യമായ വീഴ്ച ഉണ്ടായി.അത് മുതലെടുത്തത് ബിജെപിയാണ്. ബിജെപിയുടെ പ്രവർത്തനം അത്രമേൽ മെച്ചപ്പെട്ട രീതിയിൽ ആയിരുന്നു.ആളുകളെ കേൾക്കാൻ, അവരുടെ വിഷയങ്ങൾ പരിഹരിക്കും എന്ന് ഉറപ്പുകൊടുക്കാൻ (വെറും വാക്ക് ആണേൽ കൂടി) അവർക്ക് കഴിഞ്ഞു.അതിൽ ആളുകൾ വീണു. ഇടത് – വലത് ഭരണത്തേക്കാൾ മെച്ചപ്പെട്ടത് ലഭിക്കും എന്ന് വാഗ്ദാനത്തിൽ ആളുകൾ മാറി ചിന്തിച്ചു. ഞങ്ങളുടെ വാർഡിൽ കോൺഗ്രസിന് ബൂത്ത് ഓഫീസ് പോലും ഇല്ലായിരുന്നു. കോൺഗ്രസ് ആണേലും ഇടത് പാർട്ടികൾ ആണേലും ഈ നിമിഷം മുതൽ ഗ്രൗണ്ടിൽ ഇറങ്ങി പണി എടുത്തില്ലെങ്കിൽ ഗാലറിയിൽ ഇരുന്ന് കളി കാണാൻ മാത്രമേ പറ്റുകയുള്ളൂ.
ശിവാനന്ദൻ എ സുജാത :
തുടർഭരണം ലഭിച്ചതിന് ശേഷം നിലവിലുള്ള കേരള മുഖ്യമന്ത്രി ഒരു തികഞ്ഞ ഏകാധിപതിയുടെ ഭാവഹാവാദികളോടെ ഭരണം തുടരുകയും, കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും നടത്താതെ, ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വീണ്ടും അധികാരത്തിൽ കയറിപ്പറ്റാം എന്ന വ്യാമോഹത്തിൽ മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ, ഇടിത്തീ ലഭിച്ച ഈ ജനവിധി അനിവാര്യമായിരുന്നു എന്ന് കരുതുന്നു. എങ്കിലും, എന്റെ നാട്ടിൽ, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ ഭരണം ബി ജെ പി സഖ്യം കൊണ്ടുപോയില്ല എന്ന ആശ്വാസത്തിൽ എൽ ഡി എഫ് വിജയത്തിൽ ഞാൻ സന്തോഷിക്കുന്നു.
ജെയിംസ് വർഗീസ്:
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർട്ടിവോട്ടുകൾ പോലും ഞങ്ങളുടെ പഞ്ചായത്തിൽ കിട്ടിയിട്ടില്ല. ആദ്യമായി ഞങ്ങളുടെ പഞ്ചായത്ത് കോൺഗ്രസ് നേടി.ഭരണവിരുദ്ധവികാരം ആണ്. മറ്റൊന്നും കാണുന്നില്ല. ആര്യ രാജേന്ദ്രൻ ഒരാൾ മാത്രം ആണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിന് കാരണം.
മെതിലാജ് എം എ:
തിരുവനന്തപുരം പോയതിനു ആര്യരാജേന്ദ്രനെ കുറ്റം പറയുന്നതൊ ന്നും ശരിയല്ല. തിരുവനന്തപുരം വളരെ വർഷങ്ങളായിട്ട് ബിജെപി സ്ട്രോങ്ങ് ആയിട്ടുള്ള സ്ഥലമാണ്.അവർ ഇത്തവണ കാര്യമായി ശ്രമിക്കുന്നു എന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നിട്ടും ഇരുമുന്നണികൾക്കും പ്രതിരോധിക്കാൻ പറ്റിയില്ല എന്നുള്ളതാണ്. ഒരു വികസന പ്രവർത്തനവും നടന്നില്ല. തൊട്ടടുത്തുള്ള ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ആണ് ഞാൻ താമസിക്കുന്നത്. അവിടെയൊക്കെ എത്രയോ കാലമായി മാലിന്യം ശേഖരിക്കൽ, സംസ്കരിക്കൽ ഒക്കെ ക്ലീൻ ആണ്. അത്ര പോലും തിരുവനന്തപുരത്ത് നടക്കുന്നില്ല. തിരുവനന്തപുരത്ത് കുടിവെള്ള പ്രശ്നം ഭയങ്കരമാണ്. റോഡുകൾ പലയിടത്തും മുഴുവൻ പൊളിച്ചിട്ട് ഇരിക്കുകയാണ്. ഏതു പദ്ധതിയുടെ പേരിലായാലും ഒരുമിച്ച് പൊളിച്ചിടുന്നത് എന്തിനാണ്? ഇത്രയൊക്കെ അവർ ശ്രമിക്കും എന്ന് അറിഞ്ഞിട്ടും അതൊന്നും പരിഹരിക്കാനുള്ള ഒരു പ്രവർത്തനവും ഉണ്ടായില്ല.
പിന്നെ കൊച്ചിയിൽ എന്താണ് വലിയ വികസന പ്രവർത്തനങ്ങൾ നടന്നത്? വർഷത്തിൽ നാലഞ്ചുമാസങ്ങൾ ടാങ്കറിൽ വെള്ളം അടിച്ചാണ് റെസിഡൻഷ്യൽ അസോസിയേഷനുകൾ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നത്. നഗരത്തിലെവിടെയും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കനുഭവപ്പെടും.ഇതൊക്കെ basic ആയ ആവശ്യങ്ങളല്ലേ? അതൊക്കെ നിവർത്തിക്കാതെ എങ്ങനെയാണു വികസനം അവകാശപ്പെടുക! ജനം ഇതൊക്കെ കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുകയാണ്.മെട്രോ ഉമ്മൻചാണ്ടി കൊണ്ടുവന്ന പദ്ധതിയാണ്. കാര്യമായി പുതിയ ഇടങ്ങളിലേക്കുളള extensions ഒന്നും ഉണ്ടായിട്ടില്ല.
കെ വി തോമസ് :
road traffic കുരുക്ക് ഒരിക്കലും ഒരു തദ്ദേശസ്ഥാപനത്തിന്റെ പരിധിയിൽ മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ലല്ലോ. അത് കേരളത്തിൽ ഉടനീളം ഉണ്ട്. കുടി വെള്ള പ്രശ്നം ഉണ്ടെങ്കിൽ address ചെയ്യേണ്ടത് തന്നെയാണ്. പക്ഷെ വികസനവും മാറ്റങ്ങളും ഒന്നും വന്നില്ല എന്ന് അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാനും പറ്റില്ല. ലോക്കൽ ബോഡിയിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഏറെയുണ്ട്. Digitalisation അതിൽ ഒന്നാണ്. അത് ജന ജീവിതത്തിൽ വരുത്തിയ മാറ്റം വലുതാണ്.
മുരളി മീങ്ങോത്ത്:
പാതകളുടെ കാര്യം പറഞ്ഞല്ലോ. ഈ തവണ നാട്ടിൽ ചെന്നപ്പോൾ വളരെ ഉയർത്തി പണിത ദേശീയപാത കേരളത്തിന്റെ ഭൂപ്രകൃതിക്കു യോജിച്ചതായില്ലല്ലോ എന്ന് തോന്നി. ഈ വിഷയത്തിൽ നിർമ്മാണത്തിന് മുൻപ് തദ്ദേശ സ്ഥാപനങ്ങളുമായി ചർച്ചയുണ്ടാവില്ലേ? എന്തുകൊണ്ട് ഇടപെടലുകൾ ഉണ്ടായില്ല?
കെ വി.തോമസ്:
സ്ഥലമെടുപ്പ് പൂർത്തിയാക്കി നൽകുന്നതാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം. Design, നിർവഹണം എന്നിവ NHA ആണല്ലോ.
മെതിലാജ് എം എ:
ഹൈവേ നിർമ്മിക്കുന്നത് കേന്ദ്രമാണ്. പക്ഷേ സംസ്ഥാനത്തിന് അഭിപ്രായം പറയാനുള്ള ഫോറങ്ങൾ ഉണ്ട്. അവിടെയൊന്നും വേണ്ടവിധത്തിൽ take up ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അണികളുടെ ഭാഗത്ത് നിന്നും ന്യൂ യോർക്പോലെ, ലണ്ടൻ പോലെ തുടങ്ങിയ അവകാശവാദങ്ങൾ വന്നു. വാജ്പൈ സർക്കാരന്റെ’ ഇന്ത്യ തിളങ്ങുന്നു’ മുദ്രാവാക്യം പോലെ. ജനം അതിനുള്ള തിരിച്ചടി നൽകി.
ലൈല കല്ലാരം:
രണ്ടാം പിണറായി സർക്കാറിനെതിരേ കഴിഞ്ഞ കാലത്തേക്കാൾ ഒരു പാട് serious ആയിട്ടുള്ള ആരോപണങ്ങൾ വന്നു. അതിനെല്ലാം അർഹിക്കുന്ന പരിഗണന കൊടുക്കാതിരുന്നതും, വ്യക്തമായി വിശദീകരിക്കാൻ കഴിയാതെ പോയതും തിരിച്ചടിയായി..പ്രധാനപ്പെട്ട ചിലതു എടുത്ത് പറയാം
കരുവന്നൂരിൽ ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം അവർക്ക് ചികിത്സക്കോ, കുട്ടികളുടെ വിവാഹത്തിനോ പോലും ഉപയോഗിക്കാനാവാതെ വന്നതും, പുറമെ നല്ല സഖാക്കളെന്ന് പേരെടുത്തവരാണ് ഭരണ സമിതിയിലിരുന്നതെന്നതും ജനത്തിന് സഖാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയായി.
ശബരിമല സ്വർണക്കവർച്ച സർക്കാറിനെതിരേ വിശ്വാസികളെ പ്രകോപിപ്പിച്ച വിഷയമാണ്.
പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും പത്മകുമാറിനെ പുറത്താക്കാതിരുന്നതും, ദേവസ്വം മന്ത്രി സംശയത്തിന്റെ നിഴലിലായതും പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്.
രായ്ക്കു രാമാനം പി എം ശ്രീ പദ്ധതിരേഖ ഒപ്പിട്ടതിൽ BJPയുമായുള്ള ഒരു ഡീലാണോ എന്ന് ജനം സംശയിച്ചു.
ആശാ വർക്കർ സമരത്തിനെതിരേ പുച്ഛവും പരിഹാസവും ചൊരിഞ്ഞതും. അതിനെ പലരുടേയും തലയിൽ കെട്ടിവയ്ക്കാൻ തുനിഞ്ഞതും, പിന്നിട് 1000 രൂപ കൂട്ടിക്കൊടുത്തപ്പോഴും ഇത് സമരം കണ്ട് പേടിച്ചൊന്നുമല്ല എന്ന മനോഭാവം കൈക്കൊണ്ടതും ജനത്തിനെ വെറുപ്പിച്ചു.
വെള്ളാപ്പള്ളിയോടൊപ്പം കാർ യാത്ര നടത്തിയതും മതേതരത്വത്തെ കാറ്റിൽപ്പറത്തി അയാൾ വിഷം തുപ്പിക്കൊണ്ടിരുന്നപ്പോഴൊന്നും തിരുത്താതെ നവോത്ഥാന നായകനായി ന്യായീകരിച്ചു കൊണ്ടിരുന്നതും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയിൽ നിന്ന് ജനങ്ങളും, കമ്മ്യൂണിസ്റ്റുകാരും പോലും ഒരിക്കലും പ്രതീക്ഷിക്കുന്നേയില്ല.
എല്ലാ പ്രശ്നങ്ങൾക്കും കാരണം ജമാഅത്തെ ഇസ്ലാമിയാണെന്ന് തോന്നിപ്പിക്കുന്ന വിധം ദിവസം പല പ്രാവശ്യം പറഞ്ഞത് മലബാർ മേഖലയിലെ ന്യൂനപക്ഷ വോട്ടുകൾ അപ്പാടെ ഇല്ലാതാക്കി. ജമാഅത്തെ ഇസ്ലാമിയുടെ ചെറിയ മാറ്റങ്ങളോടെയുള്ള വിവിധ രൂപങ്ങളാണ് മുജാഹിദ്, സലഫി തുടങ്ങിയ ഇറക്കുമതി ചെയ്യപ്പെട്ട പല ഇസങ്ങളും എന്നത് പലരും മനസ്സിലാക്കാത്ത കാര്യങ്ങളാണ്. സമസ്ത സുന്നി എന്ന് പറയുന്ന വിഭാഗം വേരറ്റു കൊണ്ടിരിക്കുന്ന ഒരു ചെറിയ ശതമാനമാണ്. ലീഗിലും മറ്റും പുറമെ സമ്മതിച്ചു തരില്ലെങ്കിലും, ഭൂരിഭാഗവും ഈ ഇസങ്ങളോട് ചേർന്നു നിൽക്കുന്നവരാണ്. അപ്പോൾ ജമാഅത്തെ ഇസ്ലാമിയെ പറയുമ്പോൾ പലർക്കും നോവും എന്നത് തിരിച്ചറിയാൻ പോലും പറ്റാതായി. സഖാക്കൾക്ക് പണ്ടത്തെപ്പോലെ പ്രാദേശിക ബന്ധമില്ലാതെ പോയതാണ് കാരണം. (ഒരു കാര്യം പ്രത്യേകം പറയട്ടെ . ഞാൻ ജമാഅത്തെ ഇസ്ലാമിയേയും, ഒരു ഇസങ്ങളേയും പിന്തുടരുന്ന ആളല്ല )
ഒരു ചെറിയ ശതമാനമൊഴിച്ച് ബാക്കിയെല്ലാവരും ഇത് മുസ്ലീംങ്ങളെ സംരക്ഷിക്കാൻ താൽപര്യമില്ലാത്ത സർക്കാറാണെന്ന് തെറ്റിദ്ധരിച്ചു. CAA , NRC പദ്ധതികളുമായി കേന്ദ്രം വന്ന കാലത്ത് ന്യൂനപക്ഷത്തോടൊപ്പം ശക്തമായി നിന്ന സർക്കാറിൽ നിന്ന് ഇത് ഒരിക്കലും അവർ പ്രതീക്ഷിച്ചതല്ല…
ആദിവാസി മേഖലയിൽ വോട്ടു പോയതിന് മുഖ്യ കാരണം വനം വകുപ്പിന്റേയും കാര്യപ്രാപ്തിയില്ലാത്ത വനംമന്ത്രിയുടേയും നിലപാടുകളാണ്. വന്യമൃഗങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഈ സർക്കാറിൽ നിന്ന് സംരക്ഷണം കിട്ടില്ലെന്ന് അവർക്ക് തോന്നി. വന നയങ്ങളിൽ പലതിലും കേന്ദ്രത്തിന്റെ നിയന്ത്രണങ്ങൾ ഉണ്ടെന്നുള്ളത് അവരെ ബോധ്യപ്പെടുത്തുന്നതിലും സർക്കാർ പ്രതിനിധികൾ പരാജയപ്പെട്ടു….
പഞ്ചായത്തിൽ പോലും ജനങ്ങളുമായി ഇടപഴകാതെ നേതാക്കളും സഖാക്കളും, ചാനൽ ചർച്ചകളിലും, സോഷ്യൽ മീഡിയകളിലും മാത്രമായി ഒതുങ്ങി. പണ്ടൊക്കെ വാർഡുകളിൽ ജനത്തിന് വേണ്ടി എന്തൊക്കെ ചെയ്തു കൊടുത്താൽ വോട്ടു പിടിയ്ക്കാമെന്ന് ഏത് കുട്ടി സഖാവിനും അറിയാമായിരുന്നു.
അതറിയാതെ പോയതാണ്. “ഇത് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്” എന്ന് പാർട്ടി സെക്രട്ടറിക്ക് പറയേണ്ടി വന്നത്. അടിത്തട്ടറിയാതെ ഒരു വല്ലാത്ത ഓവർ കോൺഫിഡൻസോടെ ഈ ഇലക്ഷൻ കൈകാര്യം ചെയ്തതിന്റെ ഫലമാണ് ഈ തോൽവി…
സുരേഷ് ഗോപിയെ കോമാളിയായി മാത്രം കണ്ട് തൃശൂർ അയാളെടുത്തു. രാജീവ് ചന്ദ്രശേഖറിനെ മലയാളം പറയാനും മുണ്ടുടുക്കാനും അറിയാത്ത വിടുവായത്തം പറയുന്ന വെറും കോർപ്പറേറ്റ് മുതലാളിയായി മാത്രം കണ്ടു. കോർപ്പറേഷൻ പോയി. (അവർ പണമിറക്കിയതൊന്നും അറിഞ്ഞു പോലുമില്ലെ… ഒരെണ്ണമെങ്കിലും പിടിക്കാൻ പറ്റിയതുമില്ല.) പണ്ട് ശശി തരൂരിനെതിരേ ഇതേ പോലെ പറഞ്ഞ് നിസ്സാരമായി കണ്ടപ്പോഴാണ് അദ്ദേഹം പുഷ്പം പോലെ ഇവിടുന്ന് ജയിച്ചു പോയത്…
ഈ പറഞ്ഞതെല്ലാം സാധാരണ ജനങ്ങളുമായി ഏറെ അടുത്ത് നിൽക്കുന്ന പ്രശ്നങ്ങളാണ്. അതിനെതിരേയാണ് ജനം വിധിയെഴുതിയത്.
പി എൽ ലതിക:
ഞങ്ങളുടെ അകത്തേത്തറ പഞ്ചായത്തിലും ബിജെപി ജയിച്ചു അതിലേക്കു നയിക്കാവുന്ന ഭരണസ്തംഭനം ഉണ്ടായിരുന്നു എന്നു പറയാം.ബിജെപി യുടെ ഗ്രൗണ്ട് ലെവൽ പ്രചാരം ശക്തമായിരുന്നു. തിരുവനന്തപുരത്ത് മേയർ ആണ് കാരണം എന്ന് പറയുന്നത് ല ഘുവാക്കൽ ആവും. കേന്ദ്രത്തിന്റെ സ്മാർട്ട് സിറ്റി പദ്ധതി കൊണ്ട് തിരുവനന്തപുരത്തെയും ജലനിധി പദ്ധതി കൊണ്ട് പാലക്കാട് ഉൾപ്പെടെയുള്ള പല ജില്ലകളിലെയും നിലവിലുള്ള റോഡ് ഇൻഫ്രാ സ്ട്രക്ചർ താറുമാറായിരിക്കുകയാണ്. അതിന്റെ ഫലം സർവജനങ്ങളിലും ഭയങ്കര മടുപ്പായി മാറിയിട്ടുണ്ട്. വെള്ളപ്പൊക്കം കഴിഞ്ഞ് മികച്ച രീതിയിൽ പുനർ നിർമ്മിച്ച റോഡുകളായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ദേശീയപാത തകർച്ചകൾ. ജനത്തിനെ പൊറു തിമുട്ടിക്കുക. അവർ ഭരണമാറ്റത്തിന് vote ചെയ്യും. പി എം ശ്രീ ഒപ്പിട്ടത് കോളിളക്കം സൃഷ്ടിച്ചു. പക്ഷെ ഫണ്ട് തടഞ്ഞു വെക്കപ്പെട്ടതിനാൽ ഉച്ച ഭക്ഷണച്ചിലവ് സ്വന്തം പോക്കറ്റിൽ നിന്നു ചിലവാക്കേണ്ടി വന്ന പ്രധാനാധ്യാപകരെ ആരും കണ്ടില്ല. അവർ സർക്കാരിനെതിരെ തിരിഞ്ഞുവെങ്കിൽ അത് സ്വാഭാവികം.ഇങ്ങനെയുള്ള കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുള്ള ആസൂത്രിത പ്രാതികൂല്യങ്ങൾ ഇനി വരുന്ന യുഡിഎഫിനും നേരിടേണ്ടി വരും. അവിടെയാണ് ബിജെപി അടുത്ത alternative ആയി സ്വയം അവതരിപ്പിക്കുക.
തിരുവനന്തപുരം കൈക്കലാക്കണം എന്നുള്ള ലക്ഷ്യം രാജീവ് ചന്ദ്രശേഖരൻ വന്നപ്പോൾ തന്നെ വ്യക്തമായിരുന്നു.
മെതിലാജ്എം എ :
കൊല്ലം എല്ലാകാലത്തും ഒരു ഇടത് കോട്ട ആയിരുന്നു . ഇതിലും വലിയ വെല്ലുവിളികൾ ഒന്നും വന്നിട്ടും ഇളക്കം ഉണ്ടായിട്ടില്ല. ഇടത് മുന്നണിയാണ് ഇന്ന് വരെ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഒക്കെ ഭരിച്ചിരുന്നത്. ഇപ്പോൾ കണ്ടത് സർക്കാരിന്റെ നയങ്ങൾക്കെതിരെ പൊതുവായുള്ള ഒരു റിയാക്ഷൻ ആണ്. ബാലഗോപാലിനൊന്നും ഗ്രൗണ്ടിൽ യാതൊരു ജനസമ്പർക്കവും ഇല്ല. പൊതുവേ അടിസ്ഥാനതലത്തിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർ ഇല്ലാതായിരിക്കുന്നു മുകളിൽ നിന്ന് പ്രതീക്ഷിക്കുന്നതുപോലെ ഉള്ള റിപ്പോർട്ടുകൾ നൽകുക എന്ന രീതിയിലേക്ക് മാറി. ജനങ്ങളുടെ പൾസ് അറിയാനൊന്നും ആർക്കും താല്പര്യം ഇല്ല നേതൃത്വം കേൾക്കാൻ ആഗ്രഹിക്കുന്ന റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലൊതുങ്ങുന്നു അവരുടെ പ്രവർത്തനം.
കെ വി.തോമസ്:
തിരുവനന്തപുരം കുറച്ചുകാലമായിട്ട് അങ്ങനെയാണല്ലോ വ്യക്തമായിട്ട് തന്നെ ഒരു ഹിന്ദു അടിത്തറയുള്ള സ്ഥലം. പക്ഷേ കൊല്ലം ആണെന്നെ ഞെട്ടിച്ചത്. അത് പോലെ ജനങ്ങൾ തീർത്തും അവഗണിച്ച ഇടമാണ് കൊച്ചി. കൊച്ചി യിൽ ഗണ്യമായ പല മാറ്റങ്ങളും ആണ് കഴിഞ്ഞ 5വർഷം കൊണ്ട് അനിൽകുമാറും ടീമും കൊണ്ടുവന്നത്.അത് ചൂലെടുത്തു കോരിയത് പോലെയായി. അതിനിടക്ക് ശ്രദ്ധേയമായ ഒന്ന് സംഭവിച്ചു. 20-20 രാഷ്ട്രീയത്തിന്റെ വ്യാപനത്തിന് അവസാനം കുറിച്ചത്.
പി എൽ ലതിക:
ശരിക്ക് പറഞ്ഞാൽ പല രംഗങ്ങളിലുംഇടതു മുന്നണിക്ക് ഭരണ നേട്ടം ഉണ്ട്. ആഭ്യന്തരവകുപ്പിന്റെയും വനം വകുപ്പിന്റെയും അധികാര ദുർവിനിയോഗം വിപത്തായി.( അതിൽ ഒരു pattern ഉണ്ട്. ആഭ്യന്തര വകുപ്പിലെ പല മുതിർന്ന ഉദ്യോഗസ്ഥരും വിരമിച്ചതിനു ശേഷം ബി ജെ പി യിൽ ചേർന്നത്..). സർക്കാരിന്റെ നേട്ടങ്ങളെക്കാൾ അത് ചർച്ച ചെയ്യപ്പെട്ടു. ആരോഗ്യവകുപ്പ് പ്രതികാര ബുദ്ധിയോടെയുള്ള ആക്രമണം നേരിട്ട ഒരു കാലഘട്ടവും കൂടിയാണിത്. അത് അവർ അർഹിക്കുന്നതല്ല. അവിടെയും യുവവനിത മന്ത്രിപദം കയ്യാളുന്നതിലെ അസഹിഷ്ണുത പ്രകടമായി.ഇതൊക്കെ സാധാരണ ജനത്തെ സ്വാധീനിച്ചിട്ടുണ്ട്.
അയ്യപ്പ സംഗമം നടത്തിയത്, തൃശ്ശൂരിൽ വോട്ട് കൃത്രിമം നടന്നുവെന്ന് സംസ്ഥാനത്തെ പുറത്തുള്ളവർ പോലും ചൂണ്ടിക്കാണിച്ചപ്പോൾ ഒരു അന്വേഷണത്തിനും പുറപ്പെടാത്തത്, സഖ്യകക്ഷിയെ ഒളിപ്പിച്ചു പിഎംശ്രീയിൽ ഒപ്പിട്ടത്, മുന്നൊരുക്കത്തിന് ഇട നൽകാതെ എസ് ഐ ആർ പ്രഖ്യാപിച്ചപ്പോൾ അതിലും വേഗത്തിൽ നടപടി തുടങ്ങിയത് – ഇവയൊക്കെ സിപിഎം അനുയായികളിൽ വിപ്രതിപത്തി ഉണ്ടാക്കി. പിണറായിക്ക് വലിയ പ്രതിച്ഛായ നഷ്ടമാണ് ഇതുകൊണ്ടുണ്ടായത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ആണെങ്കിലും പാർട്ടികളുടെ നയവും നടപടികളും മൊത്തത്തിൽ വിശകലനം ചെയ്യപ്പെടും.
മെതിലാജ് എം എ :
എസ്ഐആർ ഉൾപ്പെടെ ഉള്ള കേന്ദ്രത്തിന്റെ പല നിലപാടുകളെയും നയങ്ങളെയും പിണറായി വിജയൻ ഗവൺമെന്റ് ചോദ്യം ചെയ്തില്ല എന്ന് പറഞ്ഞല്ലോ. അതാണ് കാതലായ വിമർശനം. അതായത് ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് എന്ന് കൂടി പറയണം. മൃദു ഹിന്ദുത്വ നയമാക്കി മാറ്റിയത് കൊണ്ടാണ്. ബിജെപിക്ക് എതിരെ നിൽക്കേണ്ട സ്ഥാനത്ത് അനുകൂലമായിട്ട് കൂടെ നിന്ന് കാര്യങ്ങൾ സാധിക്കാം എന്നുള്ള നയം. അത് ജനങ്ങൾക്ക് മനസ്സിലായി
ബിജെപി യുടെ പ്രകടനം ഇത്തവണ അഖിലേന്ത്യാ പത്രങ്ങളുടെ തലക്കെട്ട് പിടിച്ചു പറ്റി.
മുരളി മീങ്ങോത്ത്:
അവർക്ക് പാലക്കാട് ഭൂരിപക്ഷം പോയി.
പി എൽ ലതിക:
ബിജെപി ഭരിച്ചിരുന്ന ഏക മുൻസിപ്പാലിറ്റി ആയ പാലക്കാട് ഇത്തവണ വോട്ടർമാർ ഒന്ന് ശങ്കിച്ചു. യുഡിഎഫ് ജയിക്കുമെന്ന പ്രതീക്ഷ ഇടയ്ക്കു ഉണ്ടായി. എങ്കിൽ അതൊരു വലിയ നേട്ടം ആവുമായിരുന്നു. ആകെ ഭരണം കിട്ടിയിടത്ത് പുറത്താക്കപ്പെടുക ഒരു അളവ് കോൽ ആണല്ലോ. നഗരസഭയിൽ മുഴുവൻ സമയവും തൊഴുത്തിൽ കുത്തായിരുന്നു. യുഡിഎ ഫ് ന്റെ അവസരം നഷ്ടപ്പെട്ടതിൽ മാങ്കൂട്ടത്തിന്റെ പങ്കുണ്ടാവാം.
കെ വി തോമസ്:
ബിജെപി പുതിയ സ്ഥലങ്ങളിൽ in roads ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പഴയ പല സ്ഥലങ്ങളും അവർക്ക് പോയി. കുറച്ച് കാലമായുള്ള പന്തളം പോയി. പക്ഷേ അതുകൊണ്ട് കാര്യമില്ലല്ലോ. വേറൊരു കാര്യം പദ്മ കുമാറിനെ പോലുള്ള പുഴുക്കുത്തതുക്കളെ തുടർന്നും കൊണ്ട് നടക്കരുത്. മാങ്കൂട്ടം പോലെയുള്ളവരുടെ പുറകെ ഒരുപാട് ഹൈലൈറ്റ് ചെയ്തു നടക്കേണ്ട കാര്യവുമില്ല. പിന്നെ ഇടതുപക്ഷം ന്യൂജൻ വോട്ടേഴ്സിനെ ആകർഷിക്കാൻ ഒരു തന്ത്രവും ആവിഷ്കരിച്ചിട്ടില്ല. മുതിർന്നവരിൽ പലരും പാർട്ടിക്ക് ഹാനികരമായ വിധത്തിൽ സംസാരിക്കുന്നവരുമാണ്.
ജെയിംസ് വർഗീസ്:
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ക്രിസ്ത്യൻ ബെൽറ്റിൽ കാസയുടെ സംഘപരിവാർ പ്രവർത്തനങ്ങൾ ഒട്ടും ഏശിയിട്ടില്ല എന്നാണ് ഫലങ്ങളിൽ കാണുന്നത്. സോഷ്യൽ മീഡിയയും ദൃശ്യമാധ്യമങ്ങളും കാണിക്കുന്നത് പോലെ ഒരു ഭിന്നിപ്പ് അവർക്കിടയിൽ ഇല്ല എന്ന് തന്നെ കരുതാം.കോട്ടയത്ത് കഴിഞ്ഞ തവണ ഉണ്ടായിരുന്ന രണ്ടു പഞ്ചായത്തുകൾ കൈ വിട്ടു പോയി, പക്ഷേ ഇപ്പൊൾ കിടങ്ങൂർ പിടിച്ചു. പക്ഷെ കിടങ്ങൂർ പഞ്ചായത്ത് ഹിന്ദുക്കൾക്ക് വളരെ മുൻതൂക്കമുള്ള പഞ്ചായത്ത് ആണ്. മതേതരവാദികളും ക്രിസ്ത്യൻ മുസ്ലീം സമൂഹവും ഒറ്റക്കെട്ടായി യുഡി എഫിനു പിന്നിൽ ഒന്നിച്ചു നിന്നു എന്നാണ് ഈ മേഖലയിലെ അവരുടെ വിജയകാരണം.
ലൈല കല്ലാരം:
സർക്കാറെന്ന് പറഞ്ഞാൽ എന്നും തങ്ങളുടെ കൂടെ നിൽക്കുന്ന സംരക്ഷകരാണെന്ന വിശ്വാസം വേണം. കോവിഡ് കാലത്ത് ജനം അത് തെളിയിച്ചു തന്നതാണ്. അല്ലാതെ തിരഞ്ഞെടുപ്പടുക്കുമ്പോൾ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ധൃതി പിടിച്ച് കൂട്ടി കൊടുത്താൽ ജനം കൂടെ നിൽക്കില്ല. സാധാരണജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കണം. ആഴത്തിൽ പഠിക്കണം വിശകലനം ചെയ്യണം. ജനങ്ങളിലേക്ക്, വീടുകളിലേക്ക് പണ്ടത്തെപ്പോലെ ഇറങ്ങിച്ചെല്ലണം. ജനക്ഷേമ, വികസന പ്രവർത്തനങ്ങളേക്കുറിച്ച് മറ്റു സർക്കാറുകൾ ചെയ്തതുമായി താരതമ്യപ്പെടുത്തി ജനങ്ങളുമായി സംവദിക്കണം. സ്ത്രീകളെ, വീട്ടമ്മമാരെ വിശ്വാസത്തിലെടുക്കണം. അല്ലാതെ TVയും സോഷ്യൽ മീഡിയയും മാത്രം ഭരണ നേട്ടങ്ങൾ പറയാനുള്ള പ്രധാനപ്പെട്ട ഇടമായി കാണരുത്. ഇത് രണ്ടുo ഉപയോഗിക്കാത്ത ധാരാളം മനുഷ്യർ വോട്ടർമാരായുണ്ട്…
ഇനിയും തോൽവിയെക്കുറിച്ച് ന്യായീകരണത്തൊഴിലാളികളുടെ ലോജിക്കും കൊണ്ട് ജനങ്ങളുടെ അടുത്തേക്ക് പോകരുത്. ചാനൽ ചർച്ചകളിൽ നിന്ന് അങ്ങിനെയുള്ളവരെ പിൻവലിച്ച് തെറ്റുകൾ അംഗീകരിച്ച് വിനയത്തോടെ സംസാരിക്കുന്നവരെ അയക്കണം. വിമർശനങ്ങളെ പഠിച്ച് തെറ്റു തിരുത്തുകയാണ് വേണ്ടത്…
മറ്റൊന്ന് മുക്കിലും മൂലയിലും cctvയും ഡിജിറ്റൽ ഉപകരണങ്ങളും മാധ്യമങ്ങളും ജാഗരൂകരായി ഇരിക്കുന്നിടത്ത് നിന്ന് പറഞ്ഞതും ചെയ്തതും നിഷേധിച്ച് നാണം കെടാതിരിക്കാനും വലുതും ചെറുതുമായ നേതാക്കളും ശ്രദ്ധിക്കണം. സ്ത്രീപീഡനവിഷയങ്ങളിൽ കുറേക്കൂടി നീതിപൂർവ്വമായി നിലകൊള്ളുകയും, പീഡകരെ, എത്ര കേമനായാലും തള്ളിക്കളയുന്ന നിലപാടെടുക്കുകയും വേണം…. ഈ വിമർശനങ്ങൾ എല്ലാം LDFന് തെറ്റു തിരുത്തി മുന്നേറാനുള്ളതാണ്.
അല്ലാതെ കോൺഗ്രസ്സ് വന്നാൽ ഇതെല്ലാം പരിഹരിച്ച് സ്വർഗ്ഗമാകും എന്ന പ്രതീക്ഷ കൊണ്ടല്ല. മാത്രമല്ല, എന്റെ അഭിപ്രായത്തിൽ അവർ വന്നാൽ ഇതിനേക്കാൾ മോശമാകാനും സാദ്ധ്യതയുണ്ട്.
പി എൽ ലതിക:
യുഡിഎഫ് ജയിച്ചതിൽ രണ്ടു ഗുണഫലങ്ങൾ ഞാൻ കാണുന്നുണ്ട്. ഒന്ന് നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിനു ഒരു ആത്മ പരിശോധന ആവശ്യം ആണ്.അങ്ങനെ ഒരു മാറ്റം കൊണ്ട് ഒന്ന് സ്വയം നവീകരിക്കാൻ തീരുമാനിച്ചാൽ പാർട്ടിക്ക് നല്ലതാണ്. മറ്റൊന്ന് ഈ തവണ കൂടി അധികാരത്തിൽ നിന്ന് മാറിനിന്നാൽ കേരളത്തിൽ യുഡിഎഫ് തീർച്ചയായും ദുർബലപ്പെടും. ഇതില് അതൊന്നുമല്ല എനിക്ക് ഒരു വലിയ ഇഷ്യു ആയി തോന്നുന്നത് പലസ്ഥലങ്ങളിലും എൻഡിഎ നടത്തിയ മുന്നേറ്റം തന്നെയാണ്. നിയമസഭ ഇലക്ഷന് മുൻപ് തലസ്ഥാനം എൻ ഡി എ യുടെ കയ്യിലായത് അവർക്ക് വളരെ advantage നൽകുന്നു.
ആശാവർക്കർമാരുടെ ഓണറേറിയം, ലൈഫ് മിഷൻവീടുകൾ, സാമൂഹ്യ പെൻഷൻ, സ്കൂൾ ഉച്ച ഭക്ഷണ ഫണ്ട് എന്നിവ ജനങ്ങളെ നേരിട്ട് സംബന്ധിക്കുന്നതാണ്. ഈ രംഗങ്ങളിൽ വരുന്ന കാലതാമസവും മുരടിപ്പും ജനങ്ങളെ ഇവിടുത്തെ ഭരണത്തിനെതിരെ തിരിക്കുമെങ്കിലും അവയിൽ എല്ലാം തന്നെ കേന്ദ്രം വരുത്തിയിട്ടുള്ള വൻ കുടിശ്ശികകൾ മാധ്യമങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാറില്ല. എത്തിയിട്ടും വലിയ കാര്യവുമില്ല. അവർക്ക് results ആണ് വേണ്ടത്.
ഉപസംഹാരം:
കേന്ദ്രസർക്കാറിന്റെ ഹോസ്റ്റലിറ്റീസ് – ഫണ്ട് പിടിച്ചുവെക്കൽ, ഉന്നത വിദ്യാഭ്യാസ രംഗത്തെ അനധികൃത ഇടപെടലുകൾ, ഏജൻസി വേട്ട എന്നിവയെ ഫലപ്രദമായി നേരിടാൻ യുഡിഎഫിന് കഴിയുക എന്നത് ഭാവിയിൽ പ്രധാനമാണ്.
കേരളത്തിന്റെ പതിവ് ഇടത് വലത് മുന്നണി മാറ്റം പോലെ അല്ല ഇപ്പോഴത്തെ യുഡിഎഫ് വിജയം എന്ന് കാണണം. രണ്ടു മുന്നണികളും വിട്ടു വീഴ്ചയോടെ, ദൂരക്കാ ഴ്ചയോടെ അവരുടെ പൊതു ശത്രുവിനെ നേരിടാൻ സന്നദ്ധർ ആവുന്നിടത്താണ് കേരളത്തിന്റെ ഭാവി. അങ്ങനെയാണ് യു ഡി എഫ് നു ഇപ്പോഴത്തെ വിജയം സാർത്ഥകമാക്കാനും എൽ ഡി എഫ് നു തങ്ങളുടെ പ്രസക്തി വീണ്ടെടുക്കാനും സാധിക്കുക.
