ഒന്ന്
”വിരൽ മുറി വിവാദത്തിനുശേഷം സൈനിക പരിശീലന രീതിയിലെന്തെങ്കിലും
കാതലായ പരിഷ്‌കാരം ഗുരുകുലത്തിൽ ദ്രോണർ നടപ്പിലാക്കിയോ?”, കൊട്ടാരം ലേഖിക
ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ ആളൊഴിഞ്ഞ മന്ത്രാലയത്തിൽ പ്രതിരോധ
ചുമതല വഹിക്കുന്ന ഭീമൻ ഏകനായിരുന്നു.
”ഗുരുകുലച്ചിട്ടയെ പിടിച്ചുകുലുക്കിയില്ലേ ദിവസങ്ങളോളം ആ ചോരയൊലിക്കുന്ന
തള്ളവിരൽ! അമ്പെയ്യുന്നതിൽ അദ്വിതീയൻ എന്ന് സ്വയം വിശേഷിപ്പിച്ച അർജ്ജുനൻ
നിഷാദപോരാളിയുടെ നിശ്ചയദാർഢ്യം കണ്ടപ്പോൾ ആളാകെ അമ്പരപ്പിലായില്ലേ!.
ഏകലവ്യൻ എന്നവാക്കു കൗരവരിൽ നിന്നും കേട്ടാൽ അശാന്തരായില്ലേ ഞാനുൾപ്പെടെ
പാണ്ഡവർ! സൈനിക മുറയിൽ ദ്രോണസർഗാത്മകത അപ്പോഴാണ് ഞങ്ങൾ കണ്ടത്.
വലതുകൈ പിന്നിൽ കെട്ടി ഇടതുകൈവിരലുകൾ മുറുക്കിയും നിവർത്തിയും
മാരകപ്രഹരത്തിലൂടെ ‘പ്രതിയോഗി’യുടെ കഴുത്തൊടിക്കുന്നതിനും, കൈപ്പത്തി
ശത്രുമുഖത്തമർത്തി ജീവൻ വിട്ടുപോകുംവരെ ശ്വാസം മുട്ടിക്കുന്നതിനും, അറ്റകൈയ്യിന്
ശത്രുതുടയിൽ ആഞ്ഞടിക്കുന്നതിനും അതിവേഗജീവന്മുക്തി പോർക്കളത്തിൽ ഉറപ്പു
വരുത്തുന്നൊരു വിപ്ലവകരമായ നിരായുധപാഠ്യപദ്ധതി ഗുരു ആവിഷ്കരിച്ചു
നടപ്പിലാക്കുന്നതിന് ഞങ്ങൾ സാക്ഷി. ”കുരുക്ഷേത്രയിൽ എങ്ങനെ നിങ്ങൾ നഗ്നഹസ്തം
കൊണ്ട് ഇത്രയധികം കൗരവരെ കൊന്നു കൊലവിളിച്ചു?” എന്ന് തക്ഷശില പഠനസംഘം
കൈപ്പത്തി പരിശോധിച്ച് വിസ്മയിച്ചു , ”മൃദുലമാണല്ലോ അഭിവന്ദ്യരാജകുമാരാ ഈ
കൊലയാളിവിരലുകൾ! ഇത് പ്രണയിനിയെ തലോടാനല്ലേ പറ്റൂ?”
കവിളിൽ വിരലുകൾ ഓടിച്ചു ഭൂതകാലം ഭീമൻ കഷ്ടപ്പെട്ട് ഓർമ്മിച്ചെടുത്തു.ഇടയ്ക്കിടെ
അയാൾ വിങ്ങി. കുറച്ചുദൂരെ സംശയത്തോടെ രംഗം നിരീക്ഷിച്ച മഹാറാണി ദ്രൗപദി
മടുപ്പോടെ മുഖം തിരിച്ചു സഹായികളെ മാത്രം നിർത്തി അരമനയിലേക്കു മടങ്ങി.

……………………………
രണ്ട്
‘സഹനമാതൃക എന്നാദരിക്കപ്പെടുന്ന മഹതിയെക്കുറി ച്ചെന്തസംബന്ധമാണ് നിങ്ങൾ പുലമ്പുന്നത്! ഘാതകി ?”
പാണ്ഡവരിലെ ‘പ്രവാചകൻ’ എന്നറിയപ്പെട്ടിരുന്ന സഹദേവനോട് കൊട്ടാരം ലേഖിക ചോദിച്ചു
”കൈക്കുഞ്ഞായിരുന്നു ഞാൻ ആ കാലത്തെന്ന മുൻവിധി യിലായിരിക്കും അവിശ്വാസം കലർന്ന ചോദ്യം. കണ്ട കാര്യം കറ കലർത്താതെ ‘കലവറ’യിൽ സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടല്ലേ ഇളമുറ പാണ്ഡവനെന്ന നിലയിൽ വാത്സ ല്യത്തോടെ എന്നെ കാണുന്നതിനുപകരം മുതിർന്നവർ രഹസ്യ ചർച്ചകളിൽ നിന്നും അകറ്റിനിർത്തിയത്?
ആലോചനയിലെന്നപോലെ വിദൂരതയിൽ കുറേനേരം നോക്കിയ ശേഷം, പാണ്ഡുവിനോട് കുന്തി വെളിപാടു പോലെ വിശാലമായി ചോദിച്ചു, ”സ്ഥാനത്യാഗം ചെയ്യുമ്പോൾ, വീണ്ടും വേണ്ടിവരാവുന്നൊരു അധികാരക്കൈമാറ്റത്തെക്കുറിച്ചു അക്കാലത്തെ അരമന ധാരണ എന്തായിരുന്നു?”. പാതിമയക്കത്തിലെന്നപോലെ പാണ്ഡു പറഞ്ഞു,
”പരിത്യാഗിയായ എനിക്കെന്തിന് നിബന്ധന?. ചെങ്കോൽ ധൃത രാഷ്ട്രരുടെ മടിയിലേക്കെറിഞ്ഞല്ലേ പടിയിറങ്ങിയത്,. മാദ്രിമടിയിൽ തല ചായ്ക്കാൻ തുനിഞ്ഞാൽ കാണാം, ചെങ്കോൽ തിരിച്ചെങ്ങനെ പിടിച്ചെടുക്കുമെന്ന തർക്കം. ഇതു മര്യാദയല്ല,”
കുന്തി എന്നെയപ്പോൾ മാറ്റിനിർത്തിയ ഓർമ്മയുണ്ട്. വിവസ്ത്രമാദ്രിയുടെ അരക്കെട്ടിൽ കൈകൾ ചുറ്റിയ പാണ്ഡു പിടിവിട്ടു കുഴഞ്ഞുവീണതോർമ്മയുണ്ട്. അർത്ഥ ഗർഭമായ നോട്ടത്തോടെ, രണ്ടുപെണ്ണുങ്ങളും ജഡം മലർത്തിക്കിടത്തി പരിശോധിച്ചു പരസ്പരം അഭിനന്ദിച്ചു നോക്കുന്നതോർമ്മയുണ്ട്. സതിയനുഷ്ഠിക്കാനുള്ള അവ കാശം മുതിർന്ന കുന്തിക്കെന്നു പുരോഹിതർ പ്രോത്സാഹിപ്പിച്ചപ്പോൾ, ‘അല്ല മാദ്രിയോടായിരുന്നു പരേതന് വാത്സല്യം. അവൾക്കായി സമർപ്പിക്കട്ടെ സതി’ എന്ന നിലപാട് എന്തിനെടുത്തു എന്ന് വളർന്നു വലുതായപ്പോൾ ഞാൻ ചോദിച്ചു. പാണ്ഡുവധത്തിലെ പ്രേരക ശക്തിയെന്ന നിലയിൽ മാദ്രിയെ സതിയനുഷ്ഠിപ്പിക്കേണ്ട ദുര്യോഗം ഒളിപ്പിച്ചുവച്ച കുന്തി പാണ്ഡു മാദ്രി ശരീര സംഗമത്തിനൊടുവിൽ സതിയനുഷ്ഠിക്കാനുള്ള നിയോഗം പാവം മാദ്രിയിൽ കെട്ടിത്തൂക്കി കൈ കഴുകി.
കൊട്ടാരത്തിണ്ണ നിരങ്ങുന്ന പത്രപ്രവർത്തകർ ഓരോ ബാല്യകാലസ്മരണ തോണ്ടിയെടുത്തു പറയിച്ചു വേണോ, ഭർതൃഘാതകികൾ ജീവിതാന്ത്യം കാട്ടിൽ കഴിയാനുള്ള കെട്ടുകഥ മഹാറാണി പാഞ്ചാലിക്ക് മെനയാൻ?”

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ