പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം, ഉത്തരം

ഇന്ത്യന്‍ സാമ്പത്തികാവസ്ഥ : ആശങ്കകള്‍

ചോദ്യം :

ഇന്ത്യൻ economy യുടെ ആസന്നമായ തകർച്ചയെപ്പറ്റി ഉയരുന്ന ആശങ്കകളിൽ എത്ര വാസ്തവമുണ്ട്? സാമ്പത്തിക വിദഗ്ധർ മുൻ ബാങ്ക് മേധാവികൾ എന്നിവർ പറഞ്ഞു കഴിഞ്ഞു യശ് വന്ത് സിൻഹ യെപ്പോലെ മുൻ ബിജെപി ക്കാരും അവരോടൊപ്പം ചേരുന്നു. ഈ വിഷയത്തെ കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്തൊക്കെയാണ്? ഇതിൽ മോദി സർക്കാരിന്റെ പങ്ക് എത്രത്തോളം ഉണ്ട്?

ഉത്തരം :
അജിത് ബാലകൃഷ്ണൻ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു വലിയ തകർച്ചയെ അഭിമുഖീകരിക്കുകയാണോ എന്ന ചോദ്യത്തിന് അതെയെന്ന് ഖണ്ഡിതമായി ഉത്തരം നൽകുന്നത് അതിശയോക്തിയാകും. കാരണം, ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യം 6-7 ശതമാനം യഥാർത്ഥ ജിഡിപി വളർച്ച കൈവരിക്കുമെന്ന വിദഗ്ധരുടെ പ്രവചനം ഈ വാദത്തിന് അടിവരയിടുന്നുണ്ട്.

അതേസമയം തിളക്കമുറ്റ ഈ വളർച്ചാനിരക്ക് മറച്ചുവെക്കുന്ന അസുഖകരമായ ചില യാഥാർത്ഥ്യങ്ങളുമുണ്ട്. പ്രതിശീർഷ വരുമാനത്തിലും പ്രധാന മനുഷ്യവികസന സൂചികകളിലും ദയനീയമാം വിധം പിന്നിലാണ് ഇപ്പോഴും ഇന്ത്യ. ഇത് ഘടനാപരമായ ഒരു പ്രതിസന്ധിയാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി തുടരുന്ന നവലിബറൽ വികസന പ്രക്രിയയുടെ ആന്തരിക വൈരുദ്ധ്യങ്ങളാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. ഒരു ദശകം പിന്നിട്ട ബിജെപി സർക്കാരിന്റെ തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങൾ ഈ പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും കൂട്ടുകയാണ്.തൊഴിലാളികൾ, കർഷകർ, ചെറുകിടഉൽപാദകർ, താഴ്ന്ന-മധ്യവർഗകുടുംബങ്ങൾ എന്നിവരടങ്ങുന്ന ബഹുഭൂരിപക്ഷം ജനവിഭാഗങ്ങളുടെയും നിത്യജീവിതം ഇന്ന് കടുത്ത സാമ്പത്തിക സമ്മർദത്തിലാണ്. ഒരു വശത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോൾ, രാജ്യത്തെ തൊഴിലെടുക്കുന്നവരിൽ 90 ശതമാനവും യാതൊരു തൊഴിൽ സുരക്ഷിതത്വവുമില്ലാത്ത അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. Jean Drèze നെ പോലുള്ള സാമ്പത്തിക വിദഗ്ധർ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് വ്യക്തമാക്കുന്നത്, കഴിഞ്ഞ കുറച്ചുകാലമായി സാധാരണക്കാരുടെ യഥാർത്ഥ വേതനത്തിൽ (Real Wages) കാര്യമായ ഒരു വളർച്ചയും ഉണ്ടായിട്ടില്ല എന്നാണ്. വിലക്കയറ്റം നിയന്ത്രിച്ചെന്ന സർക്കാരിന്റെ അവകാശവാദങ്ങൾക്കിടയിലും, ദൈനംദിന ചെലവുകൾ നേരിടാനാകാതെ വലിയൊരു വിഭാഗം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. വർദ്ധിച്ചുവരുന്ന ഗാർഹിക കടബാധ്യതകൾ ഈ ദുരവസ്ഥയുടെ വ്യക്തമായ സൂചനയാണ്.

ഈ ആന്തരിക വൈരുദ്ധ്യങ്ങളോടൊപ്പം ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളെ ചെറുത്തുനിൽക്കാനുള്ള ഇന്ത്യൻ സമ്പദ്‌ഘടനയുടെ കരുത്തില്ലായ്മ കൂടി സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന വിലക്കയറ്റത്തെയും കറന്റ് അക്കൗണ്ട് ഡെഫിസിറ്റിനെയും രൂപയുടെ വിലയിടിവിനെയും നിയന്ത്രണത്തിൽ കൊണ്ടുവരാൻ സർക്കാർ ബുദ്ധിമുട്ടുന്നത് ഇതിനു തെളിവാണ്. പക്ഷേ ഈ പ്രതിസന്ധികൾ സമ്പദ്‌ഘടനയെ തിരിച്ചുകയറാനൊക്കാത്ത പതനത്തിലേക്കെത്തിക്കുമെന്ന് കരുതുന്നത് ഒരു അതിവായനയായിരിക്കും.സ്വകാര്യ മൂലധനത്തിന് മുൻഗണന നൽകുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ഫിസ്കൽ കൺസോളിഡേഷൻ (fiscal consolidation), ഡിജിറ്റലൈസേഷൻ, സമ്പദ്‌വ്യവസ്ഥയുടെ ക്രമവൽക്കരണം (formalisation), അവകാശാധിഷ്ഠിത (rights based) ക്ഷേമപദ്ധതികളിൽ നിന്നുള്ള പിന്മാറ്റം തുടങ്ങിയ കാര്യങ്ങളാണ് ബിജെപി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കാതൽ. ഈ നയങ്ങൾ രാജ്യത്തിന് അതിവേഗ സാമ്പത്തിക വളർച്ച സമ്മാനിച്ചെങ്കിലും, സാധാരണക്കാരുടെ നിത്യജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവയ്ക്കായില്ല. യഥാർത്ഥത്തിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത ഒരു വികസനമാണ് (jobless growth) ഇവിടെ ഉണ്ടായത്. നോട്ടുനിരോധനവും ജിഎസ്ടിയും സാമ്പത്തിക ക്രമവൽക്കരണത്തിന് വേഗത കൂട്ടിയെങ്കിലും, ചെറുകിട വ്യവസായങ്ങളെയും അസംഘടിത മേഖലയെയും പണമിടപാടുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാക്കി. കോർപ്പറേറ്റ് നികുതിയിളവുകളോ, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവുകളോ (PLI), പൊതു മൂലധന നിക്ഷേപങ്ങളോ (public capex) ജനങ്ങളുടെ യഥാർത്ഥ വരുമാനം കൂട്ടാനോ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനോ സഹായിച്ചതുമില്ല.

പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾ നിക്ഷേപകർക്ക് അനുകൂലമാണെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, അത് തൊഴിലാളികളുടെ സംരക്ഷണം ഇല്ലാതാക്കുകയും ജോലിയിലെ സുരക്ഷിതത്വമില്ലായ്മ കൂട്ടുകയുമാണ് ചെയ്തത്. ചുരുക്കത്തിൽ, ബിജെപി സർക്കാരിന്റെ നയങ്ങൾ മാക്രോ ഇക്കണോമിക് സ്ഥിരതയും വാർത്തകളിൽ നിറയുന്ന അതിവേഗ സാമ്പത്തിക വളർച്ചയും നിലനിർത്തിയിട്ടുണ്ടാകാം; പക്ഷേ, സാധാരണ ജനങ്ങൾക്ക് നൽകിയ ‘അമൃതകാല’ വാഗ്ദാനങ്ങൾ പാലിക്കാൻ ഈ നയങ്ങൾ പരാജയപ്പെട്ടു. ജനങ്ങൾക്കിടയിലുള്ള കടുത്ത അസംതൃപ്തിയാണ് ഇപ്പോൾ പലയിടത്തും പുറത്തുവരുന്നത്. രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഉയരുന്ന തൊഴിലാളി-കർഷക സമരങ്ങളും, സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ പോലുള്ള യുവജനങ്ങളുടെ പ്രതിഷേധങ്ങളും അടിവരയിടുന്നത് ഈ ജനരോഷത്തെയാണ്.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.