പൂമുഖം CINEMA ഒട്ടുപാലിനുണ്ടായ ജന്മങ്ങൾ

ഒട്ടുപാലിനുണ്ടായ ജന്മങ്ങൾ

”അതേയ്, ചേട്ടായ്യേ… ഈ ഒട്ടുപാലിനുണ്ടായവന്‍ എന്നു വെച്ചാ എന്നാ?”

പാതിരാത്രിക്ക്… ശരിക്കും പറഞ്ഞാ രാവിലെ എന്‍റെ കനേഡിയന്‍ സമയം 2.14 ന്‌ ഒരുത്തന്‍ മീനച്ചിലാറിന്‍റെ തീരത്തുള്ള അരുവിത്തുറേലെ റബര്‍ത്തോട്ടത്തിനു നടുക്കുള്ള വീട്ടീന്ന് എന്നെ വിളിച്ചുചോദിക്കുന്ന ചോദ്യമാണിത്‌.

എനിക്ക് ദേഷ്യം വന്നു : ”പോടാ വെച്ചിട്ട്. നിന്നോടു ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്, ഈ സമയത്ത് വിളിക്കരുതെന്ന്‌.”

അവന്‍ : സോറി, ചേട്ടായീ… ഞാനേ.. അറിയാതെ. അവിടിപ്പം പാതിരാത്രിയാ അല്ലേ? ഇവിടെയിപ്പം പകലു പതിനൊന്നേമുക്കാലാ. ന്നാപ്പിന്നെ ഞാന്‍ വെച്ചിട്ട് പിന്നെ വിളിക്കാം കേട്ടോ?”

ഞാന്‍ : ”പിന്നെ വിളിക്കാന്നു നീ പറഞ്ഞാ, നാളെ നീ എന്‍റെ രാത്രി മൂന്നുമണിക്കുവിളിക്കും. പിന്നേം എന്‍റെ ഒറക്കം കളയും. ഇപ്പത്തന്നെ പറഞ്ഞു തൊലയ്ക്ക്. ന്തായാലും ന്‍റെ ഒറക്കം കളഞ്ഞു, നോബീ.”

നോബി എന്ന അവന്‍ : ”ഒരു സംശയാരുന്നേ…. ഈ ഒട്ടുപാലിനുണ്ടായ…”

ഞാന്‍ : ”അപ്പം നീ ജോജി കണ്ടൂല്ലേ?”

നോബി : ”കണ്ടു. എനിക്ക് പയങ്കര ഇഷ്ടായി. നമ്മടെ വീടുകളിലൊക്കെ കാണണ പോലെ….. സമേം കളയാതെ ഓനക്കുട്ടന്‍ചേട്ടായി അതൊന്നു പറഞ്ഞുതന്നേ….”

ഞാന്‍ : ”ഇപ്പം, നിന്നെ ഞാന്‍ വിളിക്കേണ്ടത് ആ പേരാ. അവടെ ആരേം കണ്ടില്ലേടാ ഇതിന്‍റെ അര്‍ത്ഥം ചോദിക്കാന്‍? നിന്‍റെ അപ്പനോട് ചോദിച്ചോ? അപ്പന്‍ നിന്‍റെ ബെസ്റ്റ് ഫ്രെണ്ടാന്നാണല്ലോ എന്നോടു പറഞ്ഞേക്കണെ.”

നോബി: ”ഞാന്‍ അപ്പനോടാ ആദ്യം ചോദിച്ചത്. എന്നെ ഓടിച്ചു. തല്ലീല്ലെന്നേയൊള്ളു.”

ഞാന്‍ : ”എടാ നോബീ… നിന്‍റെ അപ്പന്‍റെ അനിയന്‍റെ പ്രായേ എനിക്കുള്ളൂ. രണ്ടുവര്‍ഷത്തെ വെത്യാസം. എന്നിട്ടും അവന്‍റെയൊരു ചേട്ടായി വിളി. നീ കൂട്ടുകാരെയാരേം വിളിച്ചില്ലേ?”

നോബി : ”ഓ എനിക്കത്ര കൂട്ടുകാരൊന്നും ഇല്ലെന്നേ. ഒന്നുരണ്ടുപേരോടൊക്കെ ചോദിച്ചു. ഓ അവമ്മാര്‍ക്കൊന്നും അറിയാമ്മേല.”

ഞാന്‍ : ”അസമയത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ടോക് റ്റൈമെടുത്ത് ചോദിക്കാന്‍ കണ്ട ചോദ്യം!”

നോബി : ”ഓ… ഇതിപ്പം വാട്ട്സാപ്പല്ലേ? ചെലവൊന്നും ആകത്തില്ല. ചുരുക്കത്തില്‍ ഓനക്കുട്ടന്‍ ചേട്ടായിക്കും ഇതറിയാമ്മേലെന്നാ തോന്നണെ. അതിനാ ഈ ഉരുണ്ടുകളിം, ദേഷ്യോം..”

ഞാന്‍ : ”അല്ലടാ… അതൊരു വെല്യ തെറിയാ….എനിക്കിപ്പം ഫോണിലൂടെയൊന്നും അത് പറഞ്ഞുതരാന്‍ മേല.”

നോബി വിടാന്‍ ഭാവമില്ലായിരുന്നു : ”ന്നാലും… റഫ് ആയിട്ട്,,,ഒന്ന്…..”

എതാണ്ട് അര നൂറ്റാണ്ട് മുമ്പ് ചീങ്കല്ലേല്‍ ഷാപ്പില്‍ വച്ചു നടന്ന ഒരു വാക്കേറ്റത്തില്‍ പിള്ളേച്ചന്‍ എന്നു വിളിക്കപ്പെട്ടിരുന്ന ഒരാളെ കൊലപ്പെടുത്തിയത് ഈ ഒരു വിളിയായിരുന്നെന്നും, ഇതുവരെയുണ്ടായിട്ടുള്ള തെറിവിളികളുടെയെല്ലാം വെല്യപ്പനാണിതെന്നും, അതിലല്പം ഡി.എന്‍.എ പ്രശ്നമുള്ളതിനാല്‍ ഇപ്പോള്‍ പറയാനാവില്ലെന്നും, അടുത്ത ഡിസംബറിനുള്ളില്‍ നോബിക്ക് ഇതിന്‍റെ ഉത്തരം കിട്ടാത്തപക്ഷം ഞാന്‍ വന്നു ചെവിയില്‍ പറഞ്ഞുതരാമെന്നും, ഇത് ശ്യാം പുഷ്ക്കരന്‍റേതാവില്ലെന്നും, ഉറപ്പായും ദിലീഷ് പോത്തന്‍റെ വികൃതിയാവും എന്നു ഞാന്‍ സംശയിക്കുന്നതായും പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.

***

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like