പൂമുഖം LITERATUREകവിത റൊട്ടി മണമുള്ള തെരുവ്

റൊട്ടി മണമുള്ള തെരുവ്

പനിക്കയ്പ്പു മാറാതെ ഞാൻ നടക്കുന്നു
ഒരു കഷണം റൊട്ടിയന്വേഷിച്ച്
റൊട്ടിമണത്തിനു ചൂടുണ്ട്
റൊട്ടിമണത്തിനേ ചൂടുള്ളൂ
റൊട്ടിമണമുള്ള
ഒരു തെരുവു പോയിട്ട്
റൊട്ടി മണമുള്ള ഒരു കട പോലുമില്ല
ഇവിടെ
റൊട്ടിയെക്കുറിച്ചു സംസാരിക്കാൻ പറ്റുന്ന
ഒരു മനുഷ്യനെ
കണ്ടെത്തുകയെങ്കിലും വേണം
ഈ യാത്രയിൽ
മുറിച്ചു കഷണങ്ങളാക്കിയ
തണുത്ത ബ്രഡ് അടങ്ങുന്ന
പ്ലാസ്റ്റിക് പൊതി – ഈ പട്ടാമ്പി,
ഒരാഴ്ചക്കുള്ളിൽ ചവച്ചു തീർക്കേണ്ടത്
നിൻ്റെ നഗരത്തിന്
എൻ്റെ വക എന്തു വേണം
എന്നു ദൈവം ചോദിച്ചാൽ
ഞാൻ പറയും,
റൊട്ടി മണമുള്ള ഒരു തെരുവ്.

Comments

You may also like