പൂമുഖം SPORTSകായികം ഇനി വരുന്നത് സമ്പൂർണ്ണ എ ഐ ലോകകപ്പ്

ഇനി വരുന്നത് സമ്പൂർണ്ണ എ ഐ ലോകകപ്പ്

ഫീഫയുടെ ആർക്കിവിസിൽ നിന്ന് കിട്ടിയ രേഖ അനുസരിച്ചു ആദ്യകാല പന്തു കളിയുടെ പേര് ” ടിഷ് ക്യു ” എന്നാണു ക്യു പന്തും ടിഷ് കാലും.. അങ്ങനെ വെറും കാലും….തുണിയും പാഴ് വസ്തുക്കളും കയറും ഉപയോഗിച്ച് കൈകൊണ്ടു കെട്ടിയുണ്ടാക്കി തട്ടിക്കളിച്ചു തുടങ്ങിയ പന്തുകളിയാണ് കാലത്തിനു മുന്നേ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കായിക വിനോദമായത്. അവിശ്വസനീയമായ പരിണാമമാണ് അതിന്റേത്.ആദ്യമതിനെ യന്ത്രങ്ങളും സൂക്ഷ്മ ഉപകരണങ്ങളും നിയന്ത്രിച്ചിരുന്നുവെങ്കിൽ 2026 ആയപ്പോഴേക്കും അതു നിർമ്മിത ബുദ്ധിയുടെ സമ്പൂർണ നിയന്ത്രണത്തിലായി.

1966 ലെ ഇംഗ്ലീഷ് ലോകകപ്പിൽ “വര” കടക്കാത്ത പന്താണ് തങ്ങളുടെ പരാജയത്തിനു കാരണമെന്ന് പരാതി പറഞ്ഞ ജർമൻകാരുടെ അനുഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന ഉദ്ദേശത്തോടെ ഗോൾലൈൻ ടെക്‌നോളജി എന്ന നൂതനസംവിധാനം അവതരിപിപ്പിക്കാൻ ലോക ഫുട്ബോൾ സംഘടന നേരത്തെ പരിശ്രമം ആരംഭിച്ചിരുന്നു. ഒടുവിൽ ബ്രസീലിൽ 2013ൽ നടന്ന കോൺഫെഡറേഷൻ കപ്പിൽ വിജയകരമായി പരീക്ഷിച്ച ആത്മവിശ്വാസത്തിൽ ഗോൾ ലൈൻ ടെക്നിക് ബ്രസീൽ ലോകകപ്പിൽ പ്രയോഗികമാക്കി.

ഇതിനായി 14 ഹൈ സ്പീഡ് ക്യാമറകൾ ഇരു ഗോൾപോസ്റ്റുകളുടെ വിവിധ കോണുകളിൽ സ്ഥാപിച്ചു .പന്ത് വല കടന്നാൽ അന്നേരം ഒരു സിഗ്നൽ റഫറിയുടെ കൈയിലുള്ള വാച്ചിൽ ലഭിക്കും. ബ്രസീൽ ലോകകപ്പിന് ഉപയോഗിച്ച അഡിഡാസ് കമ്പനിക്കാരുടെ ബ്രസൂക്ക എന്ന പന്തിലും അതിസങ്കീർണമായ ഒരു മൈക്രോ ചിപ്പ് ഘടിപ്പിച്ചിരുന്നു. ഈ ഹൈ ടെക്ക് പന്ത് നിർമ്മിച്ചതാകട്ടെ പാകിസ്ഥാനിലെ സിയാൽക്കോട്ടിലും..! ഫ്രാൻസും ഹോണ്ടൂറാസും തമ്മിലുള്ള ആദ്യ റൗണ്ടിൽ എഴുപത്തിരണ്ടാം മിനിറ്റിൽ ഫ്രാൻസിന് വേണ്ടി ബെൻസേമ നേടിയ രണ്ടാം ഗോളായിരുന്നു ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗോൾലൈൻ ടെക്‌നോളജി ഗോൾ !

ഡോപിങ് വിവാദം നിയന്ത്രിക്കാനായി കളിക്കാർക്ക് ബയോളജിക്കൽ പാസ്‌പോർട്ടും ഇവിടെ പ്രായോഗികമാക്കി ഇതനുസരിച്ചു മത്സരങ്ങൾക്ക് തൊട്ടു മുൻപ് മത്സരടീമുകളിലെ പെട്ടെന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേർക്ക് തൽക്ഷണ ഡോപിങ് ടെസ്റ്റുകളും നടത്തിയിരുന്നു.

ഫ്രീകിക്കുകളുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്താൻ വാനിഷിംഗ്‌ സ്പ്രേ അനുവദിച്ചത് ബ്രസീലിൽ ആയിരുന്നു. കിക്കിനുള്ള സ്പോട്ടിൽ വരയ്ക്കുന്ന വെള്ളവര കിക്ക് കഴിയുമ്പോൾ തന്നെ മാഞ്ഞു പോകും. അത് ഇപ്പോൾ പ്രധാന മത്സരങ്ങളിൽ സർവ്വസാധാരണം.

ഫുട്ബോൾ കളിക്കാർ ധരിക്കാറുള്ള ‘സ്പോർട്സ് ബ്രാ’ പോലെയുള്ള വസ്ത്രങ്ങൾ യഥാർത്ഥത്തിൽ GPS ട്രാക്കിംഗ് വെസ്റ്റുകളാണ് (GPS Tracking Vests). കായികതാരങ്ങളുടെ പ്രകടനം കൃത്യമായി നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ഇവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

ലക്ഷ്യം: കളിക്കാരന്റെ വേഗത, ഓടിയ ദൂരം, ഹൃദയമിടിപ്പ്, ശരീരത്തിലെ ഊർജ്ജ ഉപയോഗം എന്നിവ കൃത്യമായി അളക്കാൻ സഹായിക്കുന്നു. പ്രവർത്തനം: ഈ വെസ്റ്റിന്റെ പുറകിലെ ചെറിയ പോക്കറ്റിൽ ഒരു GPS ട്രാക്കിംഗ് ഡിവൈസ് (Pod) ഘടിപ്പിച്ചിരിക്കുന്നു. ഇത് കളിക്കളത്തിലെ ഓരോ നീക്കങ്ങളും റെക്കോർഡ് ചെയ്യുന്നു. പരിശീലനത്തിന്: കളിക്കാർക്ക് പരിശീലനം നൽകുമ്പോഴോ മത്സരങ്ങൾ നടക്കുമ്പോഴോ ഉണ്ടാകുന്ന ക്ഷീണം, പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവ മനസ്സിലാക്കാനും, പരിക്കുകൾ ഒഴിവാക്കാനും കോച്ചുകൾ ഈ ഡാറ്റ ഉപയോഗിക്കുന്നു.

ഇതൊക്കെ 2022 ഖത്തർ ലോക കപ്പിൽ വിജയകരമായി ഉപയോഗിച്ചിരുന്നു. ഖത്തർ ലോകകപ്പിനേക്കാൾ വലിയ രീതിയിൽ എ ഐ (AI) സാങ്കേതികവിദ്യകളാണ് ഇത്തവണത്തെ ഫീഫ അമേരിക്കൻ ലോകകപ്പിൽ പ്രയോഗിക്കുന്നത് സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ഡിറ്റക്ഷൻ, ഫുട്ബോൾ ഡാറ്റാ അനാലിസിസ്, സ്മാർട്ട് ബോളുകൾ, ഡിജിറ്റൽ ട്വിൻ സ്റ്റേഡിയങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

ഇത്തവണത്തെ ലോകകപ്പിൽ ഉപയോഗിക്കുന്ന പ്രധാന എ ഐ സാങ്കേതികവിദ്യകൾ ഇവയാണ്.

  1. കണക്ടഡ് ബോൾ സാങ്കേതികവിദ്യ (Connected Ball Technology)
    ഓരോ മത്സരത്തിലും ഉപയോഗിക്കുന്ന പന്തുകളിൽ റീചാർജ്ജ് ചെയ്യാവുന്ന ചെറിയ മോഷൻ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഈ സെൻസറുകൾ സെക്കൻഡിൽ 500 തവണ ഡാറ്റ ശേഖരിക്കുകയും, സ്റ്റേഡിയത്തിലെ കാമറകളുമായി ചേർന്ന് പന്തിന്റെ കൃത്യമായ സ്ഥാനം നിമിഷങ്ങൾക്കകം വാർ (VAR) വീഡിയോ അസിസ്റ്റഡ് റഫറി റൂമിൽ എത്തിക്കുകയും ചെയ്യുന്നു. ഇത് ഓഫ്‌സൈഡുകളും ഹാൻഡ്‌ബോളുകളും കണ്ടെത്താൻ ഏറെ സഹായിക്കുന്നു.
  2. ഫുട്ബോൾ എ ഐ പ്രോ (Football AI Pro)
    ഫീഫയുടെ ഔദ്യോഗിക പങ്കാളിയായ ലെനോവോയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത Generative AI ടൂളാണിത്. ഇതിലൂടെ എല്ലാ ടീമുകൾക്കും തങ്ങളുടെയും എതിരാളികളുടെയും തന്ത്രങ്ങളും പ്രകടനങ്ങളും വിലയിരുത്താൻ സാധിക്കും. 2000ത്തി ലധികം ഡാറ്റാ മെട്രിക്കുകൾ വിശകലനം ചെയ്ത് മത്സരത്തിന് മുൻപും ശേഷവുമുള്ള വിവരങ്ങൾ ഈ സിസ്റ്റം നൽകുന്നു.
  3. 3D പ്ലെയർ അവതാറുകളും റഫറി വ്യൂവും (3D Player Avatars & Referee View)
    ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ കളിക്കാരെയും ഡിജിറ്റലായി സ്കാൻ ചെയ്ത് കൃത്യമായ 3D മോഡലുകൾ (Digital Twins) ഉണ്ടാക്കുന്നു. റഫറിമാർക്ക് എ ഐ അധിഷ്ഠിതമായി തത്സമയം നൽകുന്ന ഫീഡ്‌ബാക്ക്, ഓഫ്‌സൈഡ് തീരുമാനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു.
  4. ഡിജിറ്റൽ ട്വിൻ സ്റ്റേഡിയങ്ങൾ (Digital Twin Stadiums)
    സ്റ്റേഡിയങ്ങളുടെ കൃത്യമായ 3D മാതൃകകൾ കമ്പ്യൂട്ടറുകളിൽ നിർമ്മിച്ച്, കാണികളുടെ നീക്കങ്ങളും തിരക്കും തത്സമയം നിരീക്ഷിക്കുന്നു. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
    കോച്ചുകൾക്ക് എ ഐ എങ്ങനെ ഫുട്ബോൾ തന്ത്രങ്ങൾ മെനയാൻ സഹായകരമാകുന്നുവെന്ന് കാണാം.

അങ്ങനെ പന്തുകളി കണ്ടുപിടിച്ച കാലത്തെ മനുഷ്യരുടെ സങ്കൽപ്പങ്ങൾക്കും ഭാവനയ്ക്കും അപ്പുറമുള്ള മാറ്റങ്ങളുമായിട്ടാണ് ടിഷ് ക്യു, ഇത്തവണത്തെ പുതുമകളുടെ ലോക കപ്പ് മൂന്ന് രാജ്യങ്ങളിൽ എത്തുന്നത് .

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.