ഡിസംബർ ഇരുപത്തി മൂന്ന് :
തലസ്ഥാനനഗരിയിലേക്കൊരു യാത്രയിലാണ്. ബാബുരാജിന്റെ ടാക്സിയിലാണ് സ്റ്റേഷനിൽ എത്തിയത്. ആളും ശകടവും പഴഞ്ചൻ. ചിരിച്ചുകൊണ്ട് ചോദിച്ചു, ” ഓട്ടമൊക്കെ കിട്ടുന്നില്ലേ..?
‘
” മോശമാണ്. എന്തു പറയാനാ… എല്ലാർക്കും സ്വന്തം വണ്ടിയാണ്. പിന്നെ ഇതല്ലാതെ വേറെ പണിയൊന്നും വയ്യ. ” ഏതു പാതിരക്കും വിളിച്ചാൽ ബാബുരാജ് കാറുമായെത്തും.
മകന്റെ അടുത്തേക്കാണ് പോകുന്നത്. അതുകൊണ്ട് ” ലസ് ലെഗ്ഗേജ് മോർ കംഫർട് ‘ എന്ന റെയിൽവെ സന്ദേശമെല്ലാം സൗകര്യപൂർവം മറക്കും. കാറിന്റെ ഡിക്കിയിൽ നിന്ന് പെട്ടിയും ബാഗുകളും ഇറക്കാൻ ഭർത്താവിനെ ബാബുരാജ് സഹായിച്ചു. ഞങ്ങൾക്ക് രണ്ടുപേർക്കും ലഗേജ് എടുത്ത് നടക്കാൻ വയ്യാതായി. സ്റ്റേഷന്റെ മുന്നിൽ മൂന്ന് നാലു പോർട്ടർമാർ കൂടിയിരുന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നു. അവർക്കൊന്നും പഴയ പോലെ ജോലി ഇല്ല. ചക്രപ്പെട്ടികൾ അന്നം മുടക്കികളാണെന്ന് ഒരിക്കൽ ഒരു പോർട്ടർ പറഞ്ഞിരുന്നു. ചക്രപ്പെട്ടിയാണെങ്കിലും പോർട്ടർ ഇല്ലാതെ പറ്റില്ല.അവരെയൊന്നു നോക്കി. ഉടൻ തന്നെ ഒരാൾ ഓടി വന്നു.
ഒരു നോട്ടം അതിനെന്തൊക്കെ അർത്ഥങ്ങളാണ് അല്ലേ.. എന്റെ കണ്ണുകളിൽ സഹായാഭ്യർത്ഥന കാണും അതുകൊണ്ടല്ലേ പോർട്ടർ ഓടി വന്നത്. ശരിക്കും കണ്ണല്ലേ മനസ്സിന്റെ കണ്ണാടി. അമ്മക്ക് കുട്ടിയിലുള്ള നോട്ടം, കുട്ടിയുടെ തിരിച്ചുള്ള നോട്ടം, തെറ്റ് ചെയ്ത കുട്ടിയുടെ നോട്ടം, സുഹൃത്തുക്കളുടെ നോട്ടം, ഗുരുനാഥന്റെ നോട്ടം, ഭക്തന്റെ നോട്ടം, കാമുകീകാമുകന്മാരുടെ നോട്ടങ്ങൾ, ഭാര്യാഭർത്താക്കന്മാരുടെ നോട്ടങ്ങൾ , കള്ളന്റെ നോട്ടം, യാചകന്റെ നോട്ടം, മരണം അടുത്തുവരുമ്പോഴുള്ള നോട്ടം , സന്തോഷത്തിന്റെ നോട്ടം, സങ്കടത്തിന്റെ നോട്ടം, ദേഷ്യത്തിന്റെ നോട്ടം എല്ലാം എന്തെന്തു വ്യത്യസ്തം !! മുഖം കണ്ണുകളുടെ രംഗ വേദി. അവിടെ കണ്ണുകൾ അങ്ങനെ ആടി തിമിർക്കുന്നു.
” കോച്ച് പൊസിഷൻ നോക്കി വരാം.”ഭർത്താവ് പറഞ്ഞു.
“ട്രെയിനും കോച്ച്നമ്പറും പറഞ്ഞ് തന്ന് എന്റെ പിറകെ വന്നാൽ മതി. ” പോർട്ടർ വലിയ ബാഗ് തലയിൽ വെച്ച് ഒരു ചുമലിൽ രണ്ടു ബാഗുകൾ കയറ്റി മറ്റെ കയ്യിൽ ചക്രപ്പെട്ടിയും മറ്റൊരു ബാഗും വലിച്ചു നടക്കാൻ തുടങ്ങുമ്പോൾ എന്റെ പൊക്കണ സഞ്ചിക്കായി കൈ നീട്ടി. സ്നേഹപൂർവ്വം ഞാൻ നിരസിച്ചു.
മുന്നിലോടുന്ന പോർട്ടറുടെ കൂടെയെത്താൻ പാട് പെട്ടു. ഒഴുകുന്ന കോണിപ്പടികളിൽ കയറിയ അയാൾ ഒരു സർക്കസ് അഭ്യാസിയെ ഓർമ്മിപ്പിച്ചു. ക്രിസ്തുമസിന്റെയും പുതു വർഷത്തിന്റെയും കാലൊച്ചകൾ അടുത്തു വരുന്നു. സ്റ്റേഷനിൽ നല്ല തിരക്കുണ്ട്.
സമയനിഷ്ഠ പാലിച്ചുകൊണ്ട് തന്നെ വണ്ടി മുന്നോട്ട് നീങ്ങി. കമ്പാർട്മെന്റ് ശബ്ദ മുഖരിതമാണ്. കാപ്പി, ചായ. വെള്ളം, കൂൾ ഡ്രിങ്ക്സ്, സ്നാക്സ് എല്ലാം വഹിച്ചുകൊണ്ട് റെയിൽവെ കാറ്ററിംഗ് ജോലിക്കാർ ഷട്ടിലടിച്ചു കൊണ്ടിരിക്കുന്നു. ഫോണിൽ കുറേ പേർ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. ഒരു വശത്തെ സീറ്റിൽ ഇരിക്കുന്നത് അമ്മയും ഒന്നര വയസ്സോളമുള്ള കുഞ്ഞും അമ്മൂമ്മയുമാണ്. കുട്ടി മടിയിൽ ഇരിക്കാൻ കൂട്ടക്കുന്നില്ല ; കുക്കിക്കരഞ്ഞു കൊണ്ട് ഊർന്നിറങ്ങിപ്പോകാൻ ശ്രമിക്കുന്നു. ഇടക്ക് ഒന്ന് രണ്ടു പ്രാവശ്യം അമ്മ പിടി അയച്ചപ്പോൾ അവൾ ഇടക്കുള്ള വഴിയിലൂടെ ഉറയ്ക്കാത്ത കാൽവെപ്പുകളോടെ ചിരിച്ചു കൊണ്ട് ഓടിയെങ്കിലും കൈ കുത്തി വീണു പോയി. കളിപ്പാട്ടങ്ങൾ പലതും കൊടുത്തു നോക്കുന്നുണ്ടെങ്കിലും കുട്ടി കൂട്ടാക്കുന്നില്ല.
കരച്ചിൽ ഉച്ചസ്ഥായിയിൽ തുടരുന്നു. പാൽ കൊടുത്തെങ്കിലും അവൾ തട്ടിമാറ്റി. നിവൃത്തിയില്ലാത്തതു കൊണ്ടാവണം ആ അമ്മ പതുക്കെ ഹാൻഡ് ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുത്തു. പെട്ടെന്നു കരച്ചിൽ നിർത്തി കുട്ടി സാകൂതം അമ്മയെ നോക്കി. അമ്മ ഏതോ കാർട്ടൂൺ എടുത്ത് അവളെ കാണിച്ചു. ഇപ്പോൾ കുട്ടിക്ക് കരച്ചിൽ ഇല്ല. കുടുകുടെ ചിരിക്കുന്നു. കരയുന്ന കുട്ടിക്കേ പാലുള്ളു എന്നതു മാറ്റി കരയുന്ന കുട്ടിക്കേ ഫോണുള്ളൂ എന്ന് പറയേണ്ട സ്ഥിതിയാണ്.
ട്രെയിൻ യാത്രകൾ ആസ്വദിച്ചിരുന്നത് എഴുപതുകളിലും എൺപതുകളിലും ഒക്കെയായിരുന്നു. എല്ലാ സ്റ്റേഷനുകളിലും നിർത്തി നിർത്തി പോകുന്ന ട്രെയിനുകളിലെ ആ രണ്ടാം ക്ലാസ്സ് യാത്രകൾ. കാണുന്നതിലെല്ലാം കൗതുകം കാണാൻ അന്ന് കഴിഞ്ഞിരുന്നു. ഇന്ന് ‘ അതിവേഗം ബഹുദൂരം ‘ അതു മാത്രം ചിന്തിച്ച് സീറ്റ് നമ്പറുകളിലൊതുങ്ങി മൊബൈൽ ഫോണിൽ തല പൂഴ്ത്തി ദൂരം താണ്ടുന്നു. പലരും ഫോൺ അടച്ചു വെച്ച് ഉറക്കം തുടങ്ങിയിരിക്കുന്നു. സീമന്തപുത്രന് കുട്ടിക്കാലത്തെ മോഹം ട്രെയിൻ ഡ്രൈവർ ആകണം എന്നായിരുന്നു. ഇത്ര വലിയ വണ്ടി ഓടിക്കുന്ന ആൾ നിസ്സാരനല്ലെന്ന് അവന് തോന്നിക്കാണണം. ചിറകുമുളച്ച കുഞ്ഞു മോഹങ്ങൾ അവന്റെ പുസ്തകത്താളുകളിൽ നിറഞ്ഞു നിന്നിരുന്നു. സ്റ്റേഷൻ അടുക്കുന്ന ട്രെയിൻ, അകന്നു പോകുന്ന ട്രെയിൻ, നിർത്തിയിട്ടു ട്രെയിൻ , സ്റ്റേഷനിലെ തിരക്ക് എല്ലാം വരയ്ക്കാൻ അവനൊരു പ്രത്യേക കഴിവായിരുന്നു. അച്ഛന്റെ വിരൽത്തുമ്പുകളിൽ തൂങ്ങി ആവി എഞ്ചിൻ സസൂക്ഷ്മം വീക്ഷിച്ചിരുന്ന ആ നാലു വയസ്സുകാരൻ വളർന്നു കഴിഞ്ഞപ്പോൾ മോഹങ്ങൾ കാലത്തിനൊപ്പം മാറി.
നല്ല തണുപ്പ്. വിരലുകളുടെ അഗ്രങ്ങളിലെല്ലാം നിറയെ സമാന്തര രേഖകൾ. എൺപതുകാരിയുടെ വിരലുകൾ പോലെ ചുക്കിച്ചുളിഞ്ഞു. ” കാപ്പി വരട്ടെ. കുടിച്ചാൽ തണുപ്പ് കുറയും ” ഭർത്താവ് എണീറ്റ് റാക്കിലെ ബാഗിൽ നിന്ന് ജാക്കറ്റ് എടുത്ത് നീട്ടിക്കൊണ്ട് ” എ സി യിലെ ഈ തണുപ്പത്ത് ആരാ ഫാനിട്ടത് ” എന്ന് പിറുപിറുത്ത് മറു വശത്തെ സീറ്റുകൾക്കടുത്തുള്ള സ്വിച്ച് ഓഫ് ചെയ്തു. ഇപ്പോൾ തണുപ്പിനൽപ്പം ശമനമുണ്ട്. മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് സീറ്റിൽ ചാരി ഇരുന്ന് കണ്ണുകൾ അടച്ചു. അറിയാതെ മയങ്ങിപ്പോയി.
എത്രനേരം ഉറങ്ങിയെന്നോർമ്മയില്ല. ബഹളത്തിനിടയിലെവിടെയോ നിന്നുയർന്ന ഒരു ചിരി ആ പ്രത്യേക ചിരി അതാണെന്നെ ഉണർത്തിയത്. ആരാണ് ചിരിച്ചതെന്ന് മനസ്സിലായില്ല. വണ്ടി എറണാകുളം സ്റ്റേഷനോടടുത്തു കൊണ്ടിരിക്കുന്നു. ആകെയൊരു ബഹളം. ഇവിടെ കുറേ പേർ ഇറങ്ങാൻ റെഡിയാകുന്നുണ്ട്. അവരെല്ലാം പെട്ടികളും ബാഗുമൊക്കെ എടുക്കുന്ന തിരക്കിലാണ്. ഞാൻ കേട്ട ചിരി ആരുടേതാണ്? എന്റെ ഓർമ്മകളിൽ, ചിന്തകളിൽ ആ ചിരി ഉടക്കി നിൽക്കുന്നു. ആവി എഞ്ചിൻ പോകുന്നതു പോലെയൊരു ചിരി.
തലസ്ഥാന നഗരിയിലെ ആ കോളേജിൽ പി ജി ക്ക് പെൺകുട്ടികളായി ഞങ്ങൾ ഏഴു പേരുണ്ടായിരുന്നു. മൂന്നുപേർ സ്ഥലത്തെ പ്രധാന വനിതാ കോളേജിൽ നിന്ന് പയറ്റി തെളിഞ്ഞെത്തിയവർ, മൂന്ന് പേർ പത്താം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചവർ. രണ്ടു ഗ്രൂപ്പ്. അവശേഷിച്ച വള്ളുവനാടൻ പെൺകുട്ടി എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിൽ ആയപ്പോൾ തുണയായെത്തിയത് അലമേലു. മുടി രണ്ടായി പിന്നിയിട്ട് നിറയെ കനകാംബരപ്പൂക്കൾ ചൂടി, കാതിലെ കമ്മലിനെക്കാൾ വലിയ മൂക്കുത്തി അണിഞ്ഞ് എത്തിയിരുന്ന അലമേലു അടുത്ത കൂട്ടുകാരിയായത് വളരെ പെട്ടെന്നാണ്. മഞ്ഞളിന്റെ ഗന്ധമായിരുന്നു അവൾക്ക്. എപ്പോഴും ചിരിക്കുന്ന അലമേലുവിന്റെ പൊട്ടിച്ചിരി തീർത്തും അസാധാരണമായിരുന്നു. ബും.. സ്…എന്നൊക്കെ മേമ്പൊടി ചേർത്ത ആ ചിരി ഏതു ബഹളത്തിലും വേറിട്ട് നിൽക്കും.
ഒരിക്കൽ അലമേലു ഞങ്ങളെ അവളുടെ വീട്ടിൽ കൊണ്ടു പോയി. മുറ്റത്തെ അരിപ്പൊടിക്കോലത്തിൽ ചവിട്ടാതെ ഉമ്മറത്തുകയറിയ ഞങ്ങളെ സ്വീകരിച്ചത് അവളുടെ പാട്ടിയമ്മയായിരുന്നു. അകത്തേക്ക് കൊണ്ടുപോയി ചുരുട്ടിവെച്ച പാ എടുത്ത് ഞങ്ങൾക്ക് ഇരിക്കാനായി വിരിച്ച് തന്നു. മുണ്ഡനം ചെയ്ത ശിരസ്സിലെ ഊർന്നുപോയ ചേല കൂട്ടത്തിൽ അവർ ശരിയാക്കുന്നുണ്ടായിരുന്നു. എൺപതു വയസ്സുകഴിഞ്ഞ പാട്ടിയമ്മയാണ് അലമേലുവിന്റെ എല്ലാമെല്ലാം. പാട്ടിയമ്മ ഞങ്ങളെ ഉഴുന്നുവടയും പരിപ്പു വടയും മുറുക്കും കാപ്പിയുമൊക്കെ തന്ന് സൽക്കരിച്ചു. അച്ഛൻ പൂജാ മുറിയിലായിരുന്നതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. വളരെ നിർബന്ധിച്ചാണ് അലമേലു തന്റെ അമ്മയെ മുറിക്കുള്ളിൽ നിന്ന് പുറത്തിറക്കിയത്. കുറച്ചു നേരം നിസ്സംഗയായി നിന്ന് ഒന്നും മിണ്ടാതെ അവർ വീണ്ടും മുറിയിൽ കയറി വാതിലടച്ചു.
തിരിച്ചുപോകാൻ ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോൾ അലമേലു കൂടെ വന്നു. വേണ്ടെന്നു ഞങ്ങൾ പറഞ്ഞെങ്കിലും അവൾ കൂട്ടാക്കിയില്ല. അന്നവൾ മ്ലാന വദനയായിരുന്നു. എപ്പോഴും ചിരിക്കുന്ന അലമേലു വീട്ടിൽ ചിരിക്കാറില്ലെന്ന സത്യം അവൾക്ക് മൂടിവെക്കാനായില്ല.
അഗ്രഹാരത്തിലെ അറിയപ്പെടുന്ന വേദ പണ്ഡിതനും സംസ്കൃത പണ്ഡിതനായിരുന്നൂ അവളുടെ അച്ഛൻ പരമേശ്വര അയ്യർ. വേദമന്ത്രങ്ങൾ ഉരുക്കഴിച്ച് പൂജാ കാര്യങ്ങളിൽ സദാ വ്യാപ്രുതനായി, പരിവ്രാജക ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അയ്യർ അമ്മയുടെ നിർബന്ധം കാരണം വിവാഹം കഴിച്ചത് നാൽപതാം വയസ്സിൽ. അതും പതിനെട്ടു വയസ്സുള്ള അനാഥ പെൺകുട്ടി കനകത്തെ. അയ്യരുടെ അമ്മ അതായത് അലമേലുവിന്റെ പാട്ടി മകന്റെ ഭാര്യയെ പൊന്നു പോലെ നോക്കി. ചെറുപ്പത്തിൽ ഭർത്താവ് നഷ്ടപ്പെട്ട് തല മുണ്ഡനം ചെയ്ത് , കാവി ചേലയിൽ ശരീരം മറച്ചിരുന്ന ആ അമ്മ ഒരേയൊരു മകന്റെ കുട്ടിക്കായി പ്രാർത്ഥനയോടെ കാത്തിരുന്നു.
അവൾ പറഞ്ഞു , ” പാട്ടിയമ്മയാണ് എന്നെ വളർത്തിയത്. അപ്പ സദാസമയവും മന്ത്രജപവും പൂജയുമായി മുറിക്കുള്ളിൽ. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് പാട്ടിയമ്മയാണ്. ഓർമ്മ വെച്ച നാൾ മുതൽ ഞാൻ പാട്ടിയമ്മയുടെ കൂടെയാണ് ഉറങ്ങുന്നത് . അച്ഛന് പൂജക്ക് വേണ്ടതൊരുക്കിക്കൊടുക്കുക, ഭക്ഷണം പാചകം ചെയ്യുക, എന്നെ ഒരുക്കി സ്കൂളിൽ കൊണ്ടുവിടുക എല്ലാം വലിയ സന്തോഷത്തോടെയാണ് പാട്ടിയമ്മ ചെയ്തിരുന്നത്. അമ്മക്ക് ഇതൊന്നും അറിയേണ്ടി വന്നിട്ടേ ഇല്ല. അമ്മയെ വളർത്തിയത് അകന്ന ബന്ധുക്കളാരോ ആണ്. വിദ്യാഭ്യാസം പേരിനു മാത്രം. അമ്മയും പാട്ടിയമ്മയും ഒരിക്കൽ പോലും കലഹിച്ചിട്ടില്ല. പക്ഷെ അമ്മയെന്നൊരാൾ വീട്ടിലുള്ളത് ആത്മീയ കാര്യങ്ങളിൽ മുഴുകിയ അപ്പ തീരെ മറന്നു. ഭർത്താവിന്റെ അവഗണന ഏതു ഭാര്യയേയും മുറിപ്പെടുത്തും. അമ്മയെ ആകെ മാറ്റി മറിച്ചത് അതായിരിക്കാം. ” അവളുടെ കണ്ഠമിടറാൻ ത്തുടങ്ങി.
” അപ്പയും അമ്മയും സംസാരിക്കുന്നത് കണ്ടിട്ടില്ല. അപ്പയുടെ അവഗണന അമ്മക്ക് സഹിക്കാൻ പറ്റിക്കാണില്ല പതുക്കെ പതുക്കെ അമ്മ തന്നിലേക്ക് ഉൾവലിഞ്ഞു ; അമ്മയുടെ ലോകം ആ മുറിക്കുള്ളിൽ ഒതുങ്ങിപ്പോയി.”
ഇനി കൂടുതൽ പറഞ്ഞാൽ ഒരു പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകും. ഞങ്ങളുടെ ബസ്സ് വന്നതിനാൽ അവളോട് യാത്ര പറഞ്ഞു. വീട്ടിലെ കാര്യങ്ങൾ ചോദിച്ച് ഞങ്ങൾ അവളെ ആസ്വസ്ഥയാക്കാറില്ല.
അന്ന് പാട്ടിയമ്മ ഉണ്ടാക്കിക്കൊടുത്ത തൈർശാതം ഞങ്ങളുടെ പാത്രങ്ങളിലേക്ക് പകർന്നിടുമ്പോൾ അവൾ പറഞ്ഞു, ” പാട്ടി ഒരിക്കലും കരഞ്ഞു കണ്ടിട്ടില്ല. ഷീ ഈസ് വെരി സ്ട്രോങ്ങ്. അഗ്രഹാരത്തിലെ പെൺകുട്ടികൾ പ്രീ ഡിഗ്രി കഴിഞ്ഞാൽ പിന്നെ പഠിക്കാറില്ല. പാട്ടിയാണ് എന്നെ ഡിഗ്രിക്ക് ചേർത്തത്. ഡിഗ്രി ഫൈനൽ ഇയർ ആയപ്പോൾ കല്യാണാലോചനകൾ വരാൻ തുടങ്ങി. ഡിഗ്രി കഴിയട്ടെ ന്ന് പാട്ടിയമ്മ. ഡിഗ്രി കഴിഞ്ഞപ്പോൾ അവർക്കൊന്നും ഈ പെണ്ണ് വേണ്ട ; പഠിപ്പ് കൂടിപ്പോയി. പാട്ടിയമ്മക്ക് വാശിയായി. എന്നാൽ പി ജി ക്ക് പോ എന്ന് എന്നോട്. ഇനി എന്റെ കല്യാണം എന്നാണോ എന്തോ.. “അതു പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു. അവളുടെ സ്പെഷ്യൽ ചിരി . കൂടെ ഞങ്ങളും കൂടി.
അലമേലുവിന് ഇടക്കിടക്ക് സിനിമ കാണണം. അവൾക്ക് ഈ ഇഷ്ടം ഉണ്ടാക്കിയതും പാട്ടിയമ്മ തന്നെ. വീട്ടിൽ വിഷമിച്ചിരിക്കുന്ന അവളെ അടുത്തവീട്ടിലെ കുമുദിനി അക്കയുടെ കൂടെ ആദ്യമായി പാട്ടി സിനിമക്ക് വിട്ടു. പിന്നീട് കുമുദിനി അക്ക സിനിമക്ക് പോകുമ്പോഴെല്ലാം അലമേലുവിനെ വിളിക്കും. അലമേലുവിന് സിനിമ ഒരു ഹരമായി. പതുക്കെ പതുക്കെ കുമുദിനി അക്ക സിനിമക്ക് പോക്ക് നിർത്തി. പകരം അലമേലു ആഗ്രഹാരത്തിലെ കുട്ടിസ്സെറ്റിനെ കൂട്ടി സിനിമ കാണൽ തുടങ്ങി.
ഇടക്കൊക്കെ അവർക്ക് ടിക്കററിനുള്ള പൈസയും പാട്ടിയമ്മ കൊടുക്കും. പരീക്ഷക്കാലമായാൽ അലമേലുവിന് കൂട്ടായി കുട്ടികളെ കിട്ടില്ല. പുരാണകഥയാണെങ്കിൽ പാട്ടിയമ്മ തന്നെ കൂടെ ചെല്ലും. “പുരാണകഥയെന്നു പറഞ്ഞ് പറ്റിച്ച് പാട്ടിയുടെ കൂടെ കണ്ട സിനിമകൾ ലങ്കാദഹനം, സംഭവാമി യുഗേ യുഗേ, മാന്യശ്രീ വിശ്വാമിത്രൻ” വിരലുകളിൽ എണ്ണിക്കൊണ്ട് അലമേലു പറഞ്ഞപ്പോൾ ഞങ്ങൾക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ബും…. സ് സ്… അവളുടെ ചിരി വേറിട്ട് നിന്നു.
കഴിഞ്ഞ നൽപ്പതോളം വർഷങ്ങളായി അവളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ആ ചിരിയാണ് ഞാൻ പാതിയുറക്കത്തിൽ കേട്ടത്. ഇറങ്ങാനുള്ളവരുടെ തിരക്ക് കുറഞ്ഞു. കാർട്ടൂൺ കണ്ട് കുഞ്ഞ് ഉറങ്ങിപ്പോയിരിക്കുന്നു . അവളെ തോളിലിട്ട് അമ്മുമ്മയും പിറകിൽ ബാഗും പെട്ടിയുമൊക്കെ എടുത്ത് അമ്മയും ഇറങ്ങാൻ റെഡിയായി വാതിൽക്കൽ നിൽക്കുകയാണ്. ഈ സ്റ്റേഷനിൽ ഈ ട്രെയിനിൽ നിന്ന് ഇറങ്ങുന്ന അവസാന യാത്രക്കാർ. കുട്ടിയുള്ളതല്ലേ.. തിരക്കുകൂട്ടണ്ടാ എന്ന് കരുതി കാണും. പുറത്ത് വണ്ടിയിൽ കയറാനുള്ളവർ അക്ഷമരാണ്. അവരുടെ വെപ്രാളം കണ്ടാവണം അമ്മൂമ്മ പൊട്ടിച്ചിരിച്ചു. അതെ ബും.. സ് സ്… എന്ന ശബ്ദത്തോടെ… ഞെട്ടിപ്പോയ ഞാൻ പരിസരം മറന്ന് ഉറക്കെ വിളിച്ചൂ… ” അലമേലൂ…!! “
അവൾ ഒന്ന് തിരിഞ്ഞു നോക്കിയോ…? കയറാനുള്ളവർക്ക് കാത്തു നിൽക്കാനാവില്ലല്ലോ.. ട്രെയിൻ നീങ്ങുമ്പോൾ എ സി 2 കമ്പാർട്മെന്റും നോക്കി നിൽക്കുന്ന അവളെ ഞാൻ ജനലിലൂടെ കണ്ടു. അവളുടെ മുടിയിൽ ഇന്ന് കനകാംബരപ്പൂക്കൾ ഇല്ല, കമ്മലിനേക്കാൾ വലിയ മൂക്കുത്തി ഇല്ല ; പക്ഷേ ട്രെയിൻ അകന്നു പോകുമ്പോഴും മഞ്ഞളിന്റെ ആ ഗന്ധം എന്നെ പിന്തുടർന്നു കൊണ്ടിരുന്നു. സ്റ്റേഷനിൽ കുഞ്ഞുമായി നിൽക്കുന്ന അവൾ ഒരു പൊട്ടുപോലെ എന്റെ ദൃഷ്ടിയിൽ നിന്നു മറഞ്ഞപ്പോൾ ഞാൻ സ്വയം ആശ്വസിച്ചു ; അതെ..അതൊരു പകൽക്കിനാവ് മാത്രമായിരുന്നു.
കവർ ഡിസൈൻ : ആദിത്യ സായിഷ്
വര : വർഷ മേനോൻ