പൂമുഖം LITERATUREലേഖനം തൊഴിലുറപ്പില്ലാതാകുന്ന കാലം

തൊഴിലുറപ്പില്ലാതാകുന്ന കാലം

ഫെബ്രുവരി 2 ന്, ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരത്തോളം ഗ്രാമീണ തൊഴിലാളികൾ ഒരു മഹാപഞ്ചായത്തിനായി ഒത്തുകൂടി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിൽ വന്നതിന്റെ 20-ാം വാർഷികമായിരുന്നു അന്ന്. ഒരു തിങ്കളാഴ്ച. വാരാന്ത്യത്തിന്റെ ആലസ്യത്തിൽ നിന്ന് പ്രവൃത്തി ദിനങ്ങളുടെ നെട്ടോട്ടങ്ങളിലേക്ക് നഗരം മടുപ്പോടെ ഉണരുന്ന നേരത്ത് അവിടെയെത്തിയ തൊഴിലാളികളുടെ ആലോചനകളും പ്രവൃത്തി ദിവസങ്ങളെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. പക്ഷേ, അത് അവധിക്ക് ശേഷം തങ്ങളുടെ തൊഴിലുകളുടെ വിരസതയിലേക്ക് ഉറക്കമുണർന്ന മധ്യവർഗ നഗരവാസികളുടെ ‘മൺഡേ ബ്ലൂസ്’ ആയിരുന്നില്ല.

രണ്ടു മാസം മുമ്പ് കേന്ദ്രസർക്കാർ ഇല്ലാതാക്കിയ നരേഗ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു ബെലഗാവി, റായ്ച്ചൂർ, ഹുബ്ബള്ളി, ബാഗൽകോട്ട്, ചിത്രദുർഗ്ഗ, തുംകൂർ തുടങ്ങി പല ദേശങ്ങളിൽ നിന്നും ദൂരങ്ങൾ താണ്ടി സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രങ്ങളിൽ ആ തൊഴിലാളികളെത്തിയത്.

‘വികസിത് ഭാരത് – ഗാരന്റീ ഫോർ റോസ്ഗർ, അജീവിക മിഷൻ (ഗ്രാമീൺ)’ അഥവാ VB-GRAM G ആയി നരേഗക്ക് രൂപാന്തരം വരികയാണ്. അത് വെറുമൊരു പുനർനാമകരണം മാത്രമായിരിക്കില്ലെന്ന തീർത്തും ന്യായമായ ആശങ്ക സമരപ്പന്തലിൽ നിറഞ്ഞു നിന്നു. തൊഴിൽ വ്യക്തിയുടെ നിയമപരമായ അവകാശമാണെന്നതായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ അടിസ്ഥാന ആദർശം. പുതിയ നിയമവും തൊഴിലുറപ്പിനെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ ഇത്രയും നാളത്തെ പോലെ ആവശ്യത്തിനനുസരിച്ചല്ല, ഓരോ വർഷവും എത്ര തുക വകയിരുത്തിയിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ നിയമത്തിനകത്തെ തൊഴിൽ ലഭ്യത. നിർദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്രീകൃതമായി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത പ്രദേശങ്ങളിലേക്കായി മാത്രമായിരിക്കും ഈ തുക വകയിരുത്തപ്പെടുക.

മാത്രമല്ല, മുമ്പ് അവിദഗ്ധ തൊഴിലാളികളുടെ വേതനം നൂറ് ശതമാനവും കേന്ദ്രമായിരുന്നു നൽകിയിരുന്നതെങ്കിൽ ഇപ്പോഴത് മിക്ക സംസ്ഥാനങ്ങളുടെ കാര്യത്തിലും 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവും എന്ന അനുപാതത്തിലേക്ക് മാറ്റിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ സംസ്ഥാന സർക്കാരുകളുടേതായി മാറും പദ്ധതി നടത്തിപ്പിന്റെ മുഖ്യ ഉത്തരവാദിത്തം. സംസ്ഥാനങ്ങൾക്ക് പണമില്ലാത്ത സാഹചര്യത്തിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കേണ്ടി വരും.

വിതയുകൊയ്ത്തും പോലെ കാർഷികവൃത്തി ഏറ്റവും കൂടുതലായി നടക്കുന്ന സമയങ്ങളിൽ വർഷത്തിൽ രണ്ടു മാസം വരെ VB-GRAM G തൊഴിലുകൾ നിർത്തിവെക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് സ്വകാര്യ ഭൂവുടമകളുടെ കൃഷിയിടങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം ഈ നിയമം കവർന്നെടുക്കുന്നു എന്നതാണ് വേറൊരു പരാതി. ഗ്രാമപഞ്ചായത്തുകൾ നിശ്ചയിക്കുന്ന പ്രാദേശിക ആവശ്യങ്ങൾക്കു പകരം , കേന്ദ്രത്തിന്റെ പി.എം. ഗതി ശക്തി പോലുള്ള വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മുൻഗണന നൽകാൻ ഗ്രാമസഭകൾ നിർബന്ധിതരാകും.

ആ മഹാപഞ്ചായത്തിൽ എത്തിയവരിൽ ഭൂരിഭാഗവും ദളിതരും, സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിറകിലുള്ളവരുമായ തൊഴിലാളികളും ആയിരുന്നു. വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയെ അതിജീവനോപാധിയായി കണ്ടു വരുന്നവർ. സ്ത്രീകളായിരുന്നു കൂടുതലും. എല്ലാ അർത്ഥത്തിലും തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പരിച്ഛേദം തന്നെയായിരുന്നു ആ തൊഴിലാളി കൂട്ടം. കണക്കുകൾ പറയുന്നത് ഇന്ത്യയിലാകെ 25 കോടിയിലധികം ആൾക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ പേരു ചേർത്തിട്ടുണ്ട് എന്നാണ്. അതിൽ പകുതിയിലേറെയും സ്ത്രീകളാണ്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ മൂന്നിലൊന്നിലേറെ ദളിതരും ആദിവാസികളുമാണ്.

ഫ്രീഡം പാർക്കിൽ സമരപ്പന്തലിലിരുന്ന് അവർ മുദ്രാവാക്യങ്ങൾ മുഴക്കി. ചിലർ വേദിയിൽ കയറി എന്തുകൊണ്ട് പുതിയ നിയമം പഴയ തൊഴിലുറപ്പ് പദ്ധതിക്ക് പകരമാകില്ല എന്നു വിശദീകരിച്ചു: മറ്റു തൊഴിലുകളില്ലാത്ത അവസരങ്ങളിൽ ഈ പദ്ധതി എങ്ങനെ തങ്ങളുടെ ജീവിതത്തിന് കൈത്താങ്ങായിരുന്നെന്ന്; ഭൂരഹിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അതെങ്ങനെ തൊഴിലിനപ്പുറം ആത്മവിശ്വാസവും സ്വാതന്ത്ര്യവും നൽകിയെന്ന്; സ്വന്തം ഗ്രാമത്തിൽനിന്ന് കുടിയിറങ്ങി നഗരങ്ങളിലേക്ക് പലായനം ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന്.

ഒറ്റപ്പെട്ട അനുഭവസാക്ഷ്യങ്ങളല്ല ഇവയൊന്നും. നടത്തിപ്പിൽ നരേഗ ഗ്രാമീണ ദരിദ്രരുടെ ജീവിതത്തിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്ന നിരവധി വസ്തുനിഷ്ഠ പഠനങ്ങൾ ലഭ്യമാണ്.

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിൽ വന്നത്. കായികാധ്വാനത്തിന് തയ്യാറുള്ള ഏതൊരു കുടുംബത്തിനും കുറഞ്ഞത് 100 ദിവസത്തെ ജോലിയെന്നതായിരുന്നു ആ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് രാഷ്ട്രപിതാവ്‍ നിരന്തരമായി ഓർമ്മിപ്പിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ഭരണകർത്താക്കളുടെ വികസന സങ്കല്പങ്ങളെപ്പോഴും ഏറിയകൂറും നഗരകേന്ദ്രീകൃതമായിരുന്നു. അതിനൊരപവാദമായിരുന്നു ഒന്നാം യുപിഎ സർക്കാർ നടപ്പിലാക്കിയ ഈ നിയമം.

ഇന്ത്യയിൽ നിയോലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ച മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത് ഒരു വിരോധാഭാസമായി തോന്നാം. എന്നാൽ ഒന്നോർത്താൽ അതിൽ അസ്വാഭാവികതയില്ലായിരുന്നു. കാരണം നിലനിൽക്കാൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ പിന്തുണ ആ സർക്കാരിന് ആവശ്യമായിരുന്നു. പുതിയ ഭരണത്തിന്റെ സുഗമമായ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പുരോഗമന ചിന്താഗതിക്കാരായ സാമൂഹ്യ പ്രവർത്തകരും സാമ്പത്തിക ശാസ്ത്രജ്ഞരും ഉൾപ്പെട്ട ദേശീയ ഉപദേശക സമിതി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശം, ഭക്ഷ്യസുരക്ഷാ ബിൽ തുടങ്ങിയ ജനപക്ഷ നിയമങ്ങൾക്ക് രൂപംകൊടുത്തു.

എങ്കിലും പൂർണമായ അനുരഞ്ജനം അസാധ്യമായ പരസ്പര വിരുദ്ധങ്ങളായ ലോകവീക്ഷണങ്ങൾ രണ്ടു ദിശകളിലേക്ക് വഴിനടത്താൻ ശ്രമിച്ച ഒരു സർക്കാരിന് അതേപോലെ ദീർഘനാൾ തുടരാൻ കഴിയുമായിരുന്നില്ല. പുരോഗമന പക്ഷം വിട്ടു നിൽക്കാൻ നിർബന്ധിതരായ യുപിഎയുടെ രണ്ടാം സർക്കാർ പൂർണ്ണമായും ചങ്ങാത്ത മുതലാളിത്തത്തിന്റെയും നവലിബറലിസത്തിന്റെയും ദിശയിലേക്ക് തിരിച്ചു നടന്നു. എങ്കിലും ധീരവും മാതൃകാപരവുമായ ഒരു പരീക്ഷണത്തിന്റെ ലെഗസി ആയി ആ നിയമങ്ങൾ തുടർന്നു.

2014 ൽ അധികാരത്തിലെത്തിയ തീവ്ര വലതുപക്ഷ ബിജെപി സർക്കാരിന് സ്വാഭാവികമായും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുന്നോട്ട് വെച്ച വികസന പരിപ്രേക്ഷ്യം സ്വീകാര്യമായിരുന്നില്ല. നരേന്ദ്ര മോദി അതിനെ കണ്ടത് യുപിഎയുടെ പരാജയങ്ങളുടെ ജീവിക്കുന്ന സ്മാരകമായിട്ടാണ്. “After so many years in power, all you were able to deliver is for a poor man to dig ditches a few days a month.” 2015 ൽ ലോകസഭയിൽ അദ്ദേഹം പരിഹസിച്ചു.

പുച്ഛമായിരുന്നെങ്കിലും ഈ പദ്ധതിയെ ഇല്ലാതാക്കാൻ ഇത്രയും നാളായി ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പത്തു സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ നോക്കിയാൽ ഇതു വ്യക്തമാകും. അവസാന വർഷം (2024-25) ഒഴികെ എല്ലാ വർഷവും ബജറ്റിൽ വകയിരുത്തിയതിനേക്കാൾ കൂടുതൽ തൊഴിലുറപ്പ് പദ്ധതിക്കായി ചെലവഴിക്കുവാൻ സർക്കാർ നിർബന്ധിക്കപ്പെട്ടിട്ടുണ്ടെന്നു കാണാം. 2024-25 ലാകട്ടെ അധിക വിഹിതം അനുവദിക്കേണ്ടി വന്നില്ലെങ്കിലും, ആ വർഷമായിരുന്നു ഏറ്റവും വലിയ തുക ബജറ്റിൽ തൊഴിലുറപ്പിനു വേണ്ടി മാറ്റി വെച്ചത്. 86,000 കോടി രൂപ. ഓരോ വർഷവും മുൻകൂട്ടി കണക്കാക്കുന്ന തൊഴിൽ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതിക്കുള്ള ബജറ്റ് വിഹിതം നിർണ്ണയിക്കുന്നത്. തൊഴിലാവശ്യമുള്ളവർ കണക്കാക്കിയതിലും കൂടുതലുണ്ടെന്ന് വരുമ്പോൾ അധിക ഫണ്ട് അനുവദിക്കുന്നു. എന്നിട്ട് പോലും ദേശീയതലത്തിൽ വർഷങ്ങളായി ഈ പദ്ധതി ആവശ്യക്കാർക്ക് വേണ്ട തൊഴിൽ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് കാണിക്കുന്ന പഠനങ്ങളും ഉണ്ടായിട്ടുണ്ട്.

അതായത് ഈ കാലമത്രയും പ്രധാനമന്ത്രി ആഗ്രഹിച്ച പോലെ യുപിഎ സർക്കാരിന്റെ പരാജയങ്ങളുടെ ജീവനുള്ള സ്മാരകമായിട്ടല്ല, മറിച്ച് നാട്ടിലെ തൊഴിലില്ലായ്മയ്ക്ക് വാചാടോപങ്ങൾക്കപ്പുറം സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താൻ പരാജയപ്പെട്ട ഒരു സർക്കാരിനോടുള്ള ഓർമ്മപ്പെടുത്തലായാണ് തൊഴിലുറപ്പ് പദ്ധതി തുടർന്നത് എന്നർത്ഥം. ആ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ലെന്നും, തങ്ങൾക്ക് മറ്റൊന്നുമില്ലെങ്കിൽ ‘തൊഴിലുറപ്പിന്’ പോകാനുള്ള അവസരം കൂടി നിഷേധിക്കപ്പെടുകയാണ് പുതിയ നിയമത്തിലൂടെ സംഭവിക്കുകയെന്നുമുള്ള ബോധ്യം തൊഴിലാളികൾക്കുണ്ട്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പു നൽകുന്ന 100 തൊഴിൽ ദിനങ്ങൾക്കു പകരം 125 തൊഴിൽ ദിനങ്ങളാണ് VB-GRAM G വാഗ്‌ദാനം ചെയ്യുന്നത്. തൊഴിൽ എന്നത് നിയമപരമായ ഒരു അവകാശമല്ലാതായി തീരുന്നു എന്ന പരാതിയെ അധിക തൊഴിൽ ദിനങ്ങളെന്ന പ്രതീക്ഷ കൊണ്ട് തീർക്കാമെന്ന് സർക്കാർ കരുതുന്നുണ്ടെന്ന് വേണം കരുതാൻ; ഈ ഒരു കാര്യത്തിലൂന്നിയുള്ള പ്രചാരണങ്ങൾ കാണുമ്പോൾ. കർണാടകയിൽ മാത്രമല്ല രാജ്യത്തെമ്പാടും പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരായുള്ള ഗ്രാമീണ തൊഴിലാളികളുടെ പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ട്. ഇപ്പോൾ നടന്നു വരുന്ന സമരപരിപാടികൾക്കൊപ്പം ഇത്തരം മഹാപഞ്ചായത്തുകൾ വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും നടത്താനാണ് തൊഴിലാളി സംഘടനകൾ തയ്യാറാകുന്നത്.

കേന്ദ്രസർക്കാർ ഈ പ്രതിഷേധങ്ങളുടെ ശക്തി തിരിച്ചറിയുന്നുണ്ട് എന്ന് തീർച്ചയാണ്. പത്രങ്ങളിലും ടിവിയിലുമൊക്കെ വലിയ പണം മുടക്കി പുതിയ നിയമത്തെ വിശദീകരിക്കാനായി നൽകുന്ന പരസ്യങ്ങൾ അതിനു തെളിവാണ്. സാധാരണ മനുഷ്യരുടെ നിത്യജീവിതത്തിലെ ആനുഭവിക യാഥാർഥ്യങ്ങൾ തീർത്തും വിപരീതമാണെങ്കിൽ വലിയ അവകാശവാദങ്ങളുടെ കെട്ടുകാഴ്‌ചകൾ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പോടെ സർക്കാരിന് ബോധ്യമായതാണ്. കർഷക സമരങ്ങൾ പോലുള്ള സാധാരണ മനുഷ്യർക്കിടയിൽ പുകയുന്ന അസംതൃപ്തികളുടെ ബഹിർസ്ഫുരണങ്ങൾ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനേൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല.

എന്തൊക്കെ കുറവുകളുണ്ടെങ്കിലും പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം ഏകപക്ഷീയമായ തീരുമാനങ്ങൾക്കും പൊള്ളയായ വാഗ്ദാനങ്ങൾക്കും പരിമിതികളുണ്ടെന്ന് ഭരണകൂടത്തെ ബോധ്യപ്പെടുത്താനായി എന്നതാണ് സമീപകാല കർഷക സമരങ്ങളുടെ പ്രസക്തി. 2018 ൽ നാസിക്കിൽ നിന്നും മുംബൈയിലേക്ക് നടന്ന കിസാൻ ലോംഗ് മാർച്ചിലായിരുന്നു അവയുടെ തുടക്കമെന്ന് പറയാം. ആ ദൂരമത്രയും നടന്നു തീർത്ത പ്രതിഷേധക്കാരുടെ വിണ്ടു കീറിയ കാലുകളുടെ ചിത്രം രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്ന കാർഷികപ്രതിസന്ധിയുടെ തീവ്രതയും തീക്ഷ്ണതയും വെളിവാക്കുന്ന ബിംബമായി മാറി.

ഒരു ഞായറാഴ്ച വൈകീട്ടായിരുന്നു ആ കർഷകർ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ എത്തിച്ചേർന്നത്. നഗരത്തിൽ പിറ്റേന്ന് രാവിലെ നടക്കാനിരിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ബോർഡ് പരീക്ഷകൾ തടസ്സമുണ്ടാകാതിരിക്കാൻ അവർ രാത്രി മുഴുവൻ നടന്ന് പുലർച്ചെ 5:00 മണിക്ക് സമര സ്ഥലമായ നഗര മധ്യത്തിലുള്ള ആസാദ് മൈതാനിയിൽ എത്തി. മഹാനഗരത്തിലെ മധ്യവർഗം അവരുടെ സന്ദേഹങ്ങളെ കൈവെടിഞ്ഞ് സമരക്കാരെ പൂർണമനസ്സോടെ സ്വീകരിച്ചു. അസാധാരണമായ ഒരു ഐക്യദാർഢ്യത്തിന്റെ ദൃശ്യങ്ങൾക്കായിരുന്നു നഗരം സാക്ഷ്യം വഹിച്ചത്. നൂറു കണക്കിന് മുംബൈക്കാർ തെരുവുകളിൽ നിരന്ന് മാർച്ച് നടത്തുന്ന കർഷകർക്ക് വെള്ളവും ബിസ്‌ക്കറ്റും ചെരുപ്പും വിതരണം ചെയ്തു.

അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭം ഒറ്റപ്പെട്ട ഒരു സംഭവമായി ഒതുങ്ങിയില്ല. 2020 ൽ കേന്ദ്ര സർക്കാർ ചർച്ച കൂടാതെ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രധാനമായും പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കർഷകർ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ദില്ലിയുടെ അതിർത്തികളിൽ ഒരു വർഷത്തിലേറെ തമ്പടിച്ചു. 2021 അവസാനത്തോടെ സർക്കാർ ഈ നിയമങ്ങൾ റദ്ദാക്കുന്നത് വരേയും. 2024 ൽ പിന്നെയും നടന്നു കർഷകരുടെ “ഡൽഹി ചലോ” പ്രതിഷേധങ്ങൾ. സ്വാമിനാഥൻ കമ്മീഷൻ ഫോർമുല അടിസ്ഥാനമാക്കി എല്ലാ വിളകൾക്കും മിനിമം താങ്ങു വില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആ സമരം.

നരേഗ തൊഴിലാളികളുടെ പ്രതിഷേധങ്ങളെ കുറിച്ച് പറഞ്ഞു വന്നപ്പോൾ കർഷകസമരങ്ങളെ കുറിച്ചുള്ള ആലോചനകളിലേക്ക് വഴിമാറിയത് യാദൃശ്ചികമായിട്ടല്ല. ആ സമരങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്നുണ്ടായ അനുഭാവപൂർണമായ സമീപനം മുമ്പ് കാണാത്തതായിരുന്നു. ഭരണകൂടത്തിനും ഭരണീയർക്കും ഒരു പോലെ വിലപിടിച്ച പാഠങ്ങൾ നൽകി കർഷക സമരങ്ങൾ: നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ജനാധിപത്യ സംവിധാനത്തിനകത്ത് സാധാരണ മനുഷ്യരുടെ താൽപര്യങ്ങളെ പൂർണമായി അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകുക അസാധ്യമാണ് എന്ന് ഭരണകർത്താക്കളെ; പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തീർത്തും വിലയില്ലാ ചരക്കുകളായി മാറികഴിഞ്ഞിട്ടില്ലെന്ന് ജനങ്ങളേയും.

വർഗബോധമുള്ള കർഷകരുടെ പോലെ പ്രഹരശേഷി കൈവരിക്കാൻ അസംഘടിതരായ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധങ്ങൾക്കാകില്ല എന്ന് സർക്കാരിന് നന്നായറിയാം. അതേസമയം ഇങ്ങനെയുള്ള പ്രതിഷേധങ്ങളുടെ സഞ്ചിതാനുഭവം മാറ്റത്തിന് വേണ്ടിയുള്ള ഒരു ഉത്പ്രേരകമായി തീരാനുള്ള സാധ്യതയുണ്ടെന്ന തിരിച്ചറിവും അതിനെ ഭയപ്പെടുത്തുന്നുമുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുകയല്ല, മാറിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതുക്കുകയാണെന്ന സർക്കാർ ഭാഷ്യം ഉണ്ടാകുന്നത് അങ്ങനെയാണ്. പക്ഷേ, ആ വാദത്തെ മുഖവിലയ്‌ക്കെടുക്കാൻ തൊഴിലാളികൾ തയ്യാറാകുന്നില്ല.

അങ്ങനെയാണെങ്കിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ ആശ്രയമായ ഒരു പദ്ധതിയെ ഇല്ലാതാക്കി ജനരോഷം ക്ഷണിച്ചു വരുത്താൻ സർക്കാർ തുനിയുന്നത് എന്തിനെന്ന ചോദ്യം പ്രസക്തമാണ്. സർക്കാരിനെ നയിക്കുന്ന സാമ്പത്തിക, വികസന യുക്തികളുടെ വലിയ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഇതിനെ കണ്ടാൽ ഉത്തരം വ്യക്തമാകും.

മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട നിയോലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്തെ ഒരു വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റിയിട്ടുണ്ട് എന്ന കാര്യം നിസ്തർക്കമാണ്. അതേസമയം സമ്പത്തിന്റെ താഴെത്തട്ടിലേക്കുള്ള കിനിഞ്ഞിറങ്ങൽ (trickle-down effect) കാരണം എല്ലാ ജനങ്ങൾക്കും കാലക്രമേണ സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ലഭ്യമായി തീരും എന്ന ഉദാരവൽക്കരണത്തിന്റെ സൈദ്ധാന്തികരുടെ വാദം തെറ്റായിരുന്നു എന്നതിന് പ്രത്യക്ഷ ഉദാഹരണങ്ങൾ തന്നെ ഏറെയുണ്ട്: പ്രതിശീർഷ വരുമാനത്തിന്റെയും മറ്റു മാനവ വികസന സൂചികകളുടെയുമൊക്കെ കാര്യത്തിൽ ബഹുദൂരം പിന്നിലാണ് ഇപ്പോഴും ഇന്ത്യ. അസംഘടിത മേഖലയിൽ തൊഴിൽ നിയമങ്ങളുടെ പരിരക്ഷണയില്ലാതെ അനൗപചാരികവും അസ്ഥിരവും ആയ ജോലികളിൽ ഏർപ്പെടുന്നവരാണ് തൊഴിലെടുക്കുന്നവരിൽ തൊണ്ണൂറ് ശതമാനം പേരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള നിയമപരമായ ശാക്തീകരണത്തിൽ ഊന്നുന്ന, അവകാശങ്ങളിൽ അധിഷ്ഠിതമായ (rights based) ക്ഷേമ പദ്ധതികളുണ്ടാകുന്നത് ഈ പ്രതിസന്ധിയെ ഒരു പരിധി വരെയെങ്കിലും മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു .

ഈ സമീപനം മാറുന്നതാണ് ബിജെപി ഭരണത്തിൽ നമ്മൾ കാണുന്നത്. ഭരണകൂടത്തിന്റെ വികസന പരിപ്രേക്ഷ്യത്തിലുണ്ടായ സൂക്ഷ്മമായ ചില മാറ്റങ്ങളുടെ പരിണിതഫലമായിരുന്നു അത്. വിപണിയിലും ബിസിനസിലും ഏറ്റവും കുറച്ചു മാത്രം ഇടപെടുന്ന സർക്കാരാണ് അഭിലഷണീയമെന്ന് കരുതുന്ന സാമ്പ്രദായിക നവലിബറൽ കാഴ്‌ചപ്പാടിന് മാറ്റം വന്നു. അതിന്റെ സ്ഥാനത്ത് അവയുടെ ദിശ നിർണയിക്കുവാനും നിയന്ത്രിക്കുവാനും കഴിവും ഇച്ഛാശക്തിയുമുള്ള ശക്തമായ ഭരണകൂടമെന്ന സങ്കൽപം നിലവിൽ വന്നു. ഇന്ത്യയെ ഒരു വലിയ സാമ്പത്തിക ശക്തിയായി പരിവർത്തിക്കാൻ ഭൗതികവും ഡിജിറ്റലുമായ തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് നേതൃത്വം നൽകുന്ന സുപ്രധാന ഏജൻസിയായി ഭരണകൂടം മാറി. ‘മേക്ക് ഇൻ ഇന്ത്യ’, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI), പി.എം. ഗതി ശക്തി, ഡിജിറ്റൽ ഇന്ത്യ സ്റ്റാക്ക് തുടങ്ങിയ നയസമീപനങ്ങളിലും വികസനത്തെ ദേശീയ സ്വത്വവുമായി കൂട്ടിയിണക്കുന്ന വികസിത് ഭാരതെന്ന പ്രത്യയശാസ്ത്ര സമീപനത്തിലുമൊക്കെ ശക്തമായ ഭരണകൂടമെന്ന ആശയത്തിന്റെ സാന്നിധ്യം തെളിഞ്ഞു കാണാം.

അതേസമയം സമൂഹത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉപാധികളില്ലാത്ത സാമ്പത്തിക വളർച്ചയും സ്വകാര്യ മൂലധന താൽപര്യങ്ങളുമാണെന്ന നവലിബറലിസത്തിന്റെ പ്രാഥമിക തത്വത്തിൽനിന്ന് വ്യതിചലിക്കുന്നില്ലെന്ന് ഈ ഭരണകൂടം ഉറപ്പു വരുത്തുന്നുണ്ട്. ഇത് ഈ സർക്കാരിനെ ഇന്ത്യൻ മുതലാളിത്തത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സഖ്യകക്ഷിയാക്കുന്നു. മാത്രമല്ല ആഗോളവൽക്കരണം പിന്തിരിയുന്ന പുതിയ ലോകക്രമത്തിൽ തങ്ങളുടെ സാമ്പത്തിക അധീശത്വം നിലനിർത്താൻ ശക്തമായ ഒരു ദേശീയ ഭരണകൂടത്തിന്റെ തണൽ ആവശ്യമാണെന്നും അവർ കരുതുന്നുണ്ടാകണം.

ഈ മാറ്റങ്ങളുടെ സ്വാഭാവികമായ തുടർച്ചയാണ് അവകാശങ്ങളിൽ അധിഷ്ഠിതമായ (rights based) ക്ഷേമ പദ്ധതികളിൽ നിന്നുള്ള പിന്മാറ്റം. സമൂഹത്തിന്റെ പൊതു നന്മയിലുള്ള ഊന്നലാണ് (public goods) ഇത്തരം പദ്ധതികളുടെ സവിശേഷത. മിക്കപ്പോഴും കൃത്യമായി അളന്നുതിട്ടപ്പെടുത്താൻ പറ്റുന്നതായിരിക്കില്ല ഇത്തരം പദ്ധതികളിലൂടെയുള്ള ദീർഘകാല നിക്ഷേപങ്ങളുടെ ഗുണഫലങ്ങൾ. അതുകൊണ്ട് ഈ നിക്ഷേപങ്ങളെ പാഴായി അവതരിപ്പിക്കുക എളുപ്പമാണ്. അവയ്ക്കു പകരം സ്വകാര്യ വ്യക്തികൾക്ക് നേരിട്ട് ലഭ്യമാക്കുന്ന ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനും പോലുള്ള കാര്യങ്ങളുടെ (private goods) കാര്യക്ഷമമായ വിതരണം ലക്ഷ്യമാക്കുകയും ചെയ്യുന്ന ഒരു നവ ക്ഷേമവാദം നിലവിൽ വന്നു. അവകാശങ്ങൾക്ക് പകരം ശക്തമായ ഭരണകൂടത്തിന്റെ അല്ലെങ്കിൽ ഭരണാധികാരിയുടെ പരിപാലനം എന്ന പ്രതീതിയായി ലക്ഷ്യം.

അവകാശാധിഷ്ഠിത ക്ഷേമ പദ്ധതികളിൽ നിന്നുള്ള ചുവടുമാറ്റത്തിന്റെ ഇരയാണ് നരേഗ. അതോടൊപ്പം സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടാനുള്ള പ്രായോഗിക പരിഗണനകളും തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുന്നതിനുള്ള കാരണമായിട്ടുണ്ടാകണം.

ത്വരിതഗതിയിലുള്ള വളർച്ചയുടെ കാലത്ത് തൊഴിലെടുക്കാൻ സന്നദ്ധരായവരുടെ ഒരു കരുതൽ സേന (reserve army of labour) മുതലാളിത്തത്തിന്‍റെ സുഗമമായ മുന്നോട്ട് പോക്കിന് ആവശ്യമാണെന്ന് മൂലധനത്തിൽ മാർക്സ് ചൂണ്ടികാട്ടുന്നുണ്ട്. “The main purpose of the bourgeois in relation to the worker is, of course, to have the commodity labour as cheaply as possible, which is only possible when the supply of this commodity is as large as possible in relation to the demand for it, i.e., when the overpopulation is the greatest.” (Capital Vol 1).

സാമ്പത്തിക വളർച്ചയുടെ ഈ സവിശേഷ ഘട്ടത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും അസംഘടിത തൊഴിലാളികളുടേതായ ഒരു വലിയ കരുതൽ സേന ആവശ്യമാണ്. ജോലി കിട്ടാനിടയുള്ള ഏതിടങ്ങളിലേക്കും പലായന സന്നദ്ധരായി നിൽക്കുന്ന, വിലപേശൽ ശേഷിയില്ലാത്ത അസംഘടിത തൊഴിലാളികളുടെ ഒരു സേന. ഇങ്ങനെയൊരു കരുതൽ തൊഴിൽസേനയുടെ കാര്യക്ഷമമായ രൂപീകരണത്തിന് നരേഗ പോലുള്ള തൊഴിലുറപ്പ് പദ്ധതികൾ തടസ്സമാകുന്നുണ്ട് എന്ന് സർക്കാർ ചിന്തിച്ചിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതത്തിനാവകാശമില്ല.

ചാമരാജനഗറിൽ നിന്നെത്തിയ രേണുക എന്ന ദളിത് സ്ത്രീ തൊഴിലുറപ്പ് തൊഴിലാളികളുടെ മഹാപഞ്ചായത്തിൽ സംസാരിച്ചത് വേറെ എവിടേക്കെങ്കിലും പലായനം ചെയ്യാതെ സ്വന്തം ഗ്രാമത്തിൽ തന്നെ ജോലി ചെയ്ത് ജീവിക്കാൻ നരേഗ എങ്ങനെ ഉപയോഗപ്പെട്ടു എന്നായിരുന്നു. അനേകർക്ക് ആ അവസരം നഷ്ടപ്പെടുത്തുന്നു തൊഴിലുറപ്പില്ലാതാകുന്ന പുതിയ കാലം.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.