പൂമുഖം OPINION കേരള സര്‍ക്കാര്‍ Vs കേരള സര്‍ക്കാര്‍ (ഒരു കേരളപ്പിറവി ചിന്ത)

കേരള സര്‍ക്കാര്‍ Vs കേരള സര്‍ക്കാര്‍ (ഒരു കേരളപ്പിറവി ചിന്ത)

 

കേരളപ്പിറവിദിനത്തില്‍ നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു കാര്യമാണ്, ഇന്‍ഡ്യയില്‍ പല കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചതും മാതൃകയായതും നമ്മുടെ കൊച്ചുകേരളമാണ് എന്ന വസ്തുത. ദാ, ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിനു തെരുവില്‍ ഇറങ്ങി നില്‍ക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുകരി ക്കാവുന്ന ഉത്തമ മാതൃക. സര്‍ക്കാര്‍ Vs സര്‍ക്കാര്‍. വട്ടം കറങ്ങുന്നത് ജനവും.
സര്‍ക്കാരിനെതിരെ സര്‍ക്കാര്‍ തെരുവിലിറങ്ങിയത് തെരുവുകളുടെ സംരക്ഷണത്തിന് വേണ്ടിയല്ല; തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനാണ്. ഭരണഘടന മനു ഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. പക്ഷേ, ആ അവകാശം ഭരണഘടന, തെരുവ് നായ്ക്കള്‍ക്ക് നല്‍കുന്നില്ല. എങ്കിലും അവ ഇവിടെ ഭരണഘടനയ്ക്കും മുകളില്‍ കയറിനിന്ന് ഓളി ഇടുന്നതാണ് നാം കേള്‍ക്കുന്നത്.
പട്ടി കടിച്ചയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ടായ കീഴ്കോടതി വിധിക്കെതിരെ പോര്‍ത്തശ്ശേരി ഗ്രാമപഞ്ചായത്ത്‌ സമര്‍പ്പിച്ച അപ്പീല്‍ തള്ളി, കഴിഞ്ഞ ആഗസ്റ്റ് ഒന്നാം തിയതി ഉണ്ടായ ഹൈക്കോടതി ഉത്തരവില്‍ Kerala Panchayath Raj Act, 1994, Animal Birth Control (dogs) Rules, 1998, Prevention of Cruelty to Animals Act,1960 തുടങ്ങിയ നിയമങ്ങളിലെ ബന്ധപ്പെട്ട വ്യവസ്ഥകളും മുന്‍ വിധിന്യായങ്ങളും പരിശോധിച്ച ഹൈക്കോടതി തെരുവ് നായ്ക്കളെ ഇല്ലാതാക്കി ജനത്തിനു സുരക്ഷിതത്വം നല്‍കുന്ന ചുമതലയില്‍ നിന്നും പഞ്ചായത്തിനു ഒഴിഞ്ഞു മാറുവാന്‍ ആവില്ലെന്നും ചുമതല നിര്‍വഹിക്കുന്നതില്‍ പഞ്ചായത്തിന് വീഴ്ച വന്നുവെന്നും കണ്ടതിനെത്തുടര്‍ന്ന് പട്ടികടി ഏറ്റ ആള്‍ക്ക് കീഴ് കോടതി വിധിച്ച നഷ്ടപരിഹാരം പലിശ സഹിതം നല്‍കാന്‍ വിധിക്കുകയുണ്ടായി. (…it is clear that the appellant Panchayath was duty bound to take measures to prevent the danger of stray dogs biting citizens from within its territory)
ഏറെ രസകര മായ കാര്യം പട്ടികടി ഏറ്റ ആള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ട് അനുവദി ക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത്‌ സര്‍ക്കാരിനു നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടു എന്നതാണ്. അപ്പോള്‍ പഞ്ചായത്തിന്‍റെ തനത് വരുമാനത്തില്‍ നിന്നുതന്നെ പണം നല്‍കേണ്ടതായി വരും. പ്രതിദിനമുള്ള വാര്‍ത്തകളില്‍ നിന്നും മനസ്സിലാവുന്നത്  ഹെല്‍മെറ്റ്‌ ധരിക്കാത്തത് മൂലം റോഡ്‌ അപകടത്തില്‍ ഗുരുതരമായ പരുക്ക് ഏല്‍ക്കുന്നവരേക്കാള്‍ എണ്ണത്തില്‍ വളരെ കൂടുതലാണ്  തെരുവില്‍ പട്ടികടി ഏറ്റതുമൂലം ചികിത്സ തേടിയെത്തുന്നവര്‍ . ഇവരെല്ലാവരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട്  നഷ്ടപരിഹാരം ആവശ്യപ്പെടുകയും അത് കൊടുക്കാന്‍ അവര്‍  നിര്‍ബന്ധിതരാകുകയും ചെയ്യുന്ന അവസ്ഥ വന്നാല്‍  തദേശ സ്വയം ഭരണ സ്ഥാപനങ്ങളു ടെ സാമ്പത്തികത്തകര്‍ച്ചയായിരിക്കും ഫലം . ഈ സ്ഥിതി മുന്നോട്ടുപോയാല്‍ ആക്സിഡന്‍റ്  ക്ലെയിംസ്  ട്രിബൂണലുകള്‍ പോലെ എല്ലായിടത്തും സ്ട്രീറ്റ് ഡോഗ് ബൈറ്റ് ക്ലെയിംസ് ട്രിബൂണലുകളും സ്ഥാപിക്കേണ്ടതായി വരും.
തെരുവ്നായ്ക്കളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗക്ഷേമ ബോര്‍ഡ് സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പോലിസ് മേധാവി എല്ലാ ജില്ലാമേധാവികള്‍ക്കും നിര്‍ദേശം നല്‍കുകയുണ്ടായി. അതായത് ജയിലില്‍ പോകാന്‍ തയ്യാറായി വേണം തദേശ സ്വയം ഭരണാധികാരികള്‍ തെരുവ് നായയെ പിടിക്കാന്‍ ഇറങ്ങാന്‍  എന്നു ചുരുക്കം. തെരുവ് നായയെ പിടിച്ചാല്‍ അകത്തു പോകും; പിടിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യമാകുകയും തെരുവ്നായയുടെ കടി കൊണ്ടവര്‍ക്ക് നഷ്ടപരിഹാരം കൊടുത്ത് പഞ്ചായത്തും നഗര സഭകളും മുടിയുകയും ചെയ്യും. വന്ധ്യംകരണം ചെയ്ത നായ്ക്കള്‍ക്ക് ശൌര്യം കൂടും എന്ന പഠനം ശരിയാണെങ്കില്‍ വന്ധ്യംകരണം ചെയ്ത് തെരുവില്‍ വിടുന്ന നായ്ക്കള്‍ കൂടുതല്‍ അക്രമാസക്തരാകാനാണ് സാധ്യത. തെരുവ് നായ്ക്കള്‍ തെരുവില്‍ തന്നെ തുടരുന്നു എന്നതാണ് വന്ധ്യംകരണത്തിന്‍റെ അനന്തര ഫലം. തദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയാണ് അപ്പോഴും ഉണ്ടാവുക. പട്ടി കടി കൊണ്ടവന് വേദനയും ചികിത്സയും പേ ഭയവും ബാക്കിയാവും. നികുതി പണം കൊടുത്ത് പട്ടികടി കൊള്ളുന്നവന് അതേ നികുതിപ്പണം നഷ്ട പരിഹാരമായി നല്‍കുക. നാട്ടുകാരില്‍ നിന്നും പണം പിരിച്ച് പട്ടികടി കൊള്ളുന്നവര്‍ക്ക്‌ വീതിച്ചു കൊടുക്കുന്ന ഏജന്‍സിയായി വൈകാതെ പഞ്ചായത്തുകളും നഗരസഭകളും മാറും. ഇവിടെ, വാദിയും പ്രതിയും സര്‍ക്കാര്‍ തന്നെയാണ്. “പറഞ്ഞാല്‍ ബാപ്പ ഉമ്മയെ കൊല്ലും; പറഞ്ഞില്ലെങ്കില്‍ ബാപ്പ പട്ടിയിറച്ചി തിന്നും” എന്നു പറഞ്ഞ സ്ഥിതിയിലായി നമ്മുടെ തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ !!!!
പഞ്ചായത്തുകള്‍ തെരുവ് നായ്ക്കളെ പിടിക്കുമ്പോള്‍ അവരെ തടയുന്ന പോലിസ് നടപടി കോടതിയലക്ഷ്യമല്ലേ ? നഷ്ട പരിഹാരം കൊടുക്കാന്‍ പഞ്ചായത്തുകളും നഗരസഭകളും ബാധ്യസ്ഥരാകുമ്പോള്‍ പട്ടി പിടിക്കാന്‍ ഇറങ്ങിയ അവരെ തടയുന്ന പോലിസ്, മൃഗക്ഷേമ ബോര്‍ഡ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നഷ്ടപരിഹാരം ആ വശ്യപ്പെട്ട് തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചാല്‍ അതും സര്‍ക്കാര്‍ തന്നെയല്ലേ കൊടുക്കേണ്ടി വരിക ?
സര്‍ക്കാരിന്‍റെ തദേശസ്വയം ഭരണ വകുപ്പ് നിയമ വിധേയമായി തെരുവ് നായ്ക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക; തുടര്‍ന്ന്‍, അങ്ങനെ  ചെയ്തവരെ സര്‍ക്കാരിന്‍റെ മൃഗക്ഷേമ ബോര്‍ഡു൦ പോലീസും ചേര്‍ന്നു ജയിലില്‍ അടക്കുക. കേരള സര്‍ക്കാര്‍ Vs കേരള സര്‍ക്കാര്‍ !! ആര്‍ക്കു വേണ്ടിയാണ് ഈ പൊറാട്ട് നാടകം അരങ്ങേറുന്നത് ?

Comments
Print Friendly, PDF & Email

You may also like