പൂമുഖം LITERATUREലേഖനം ചൈനയുടെ ഹൈ ടെക്ക് തിരുത്തലുകൾ

ചൈനയുടെ ഹൈ ടെക്ക് തിരുത്തലുകൾ

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ തിന്നാൽ പോരെ എന്ന് ആധുനിക ചൈനയുടെ ശില്പിയായായി അറിയപ്പെടുന്ന ഡെങ് സിയാഒപിങ് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. പ്രായോഗികതയായിരുന്നു ഡെങ്ങിന്റെ മുഖമുദ്ര. 1970-കളുടെ ഒടുവിൽ ചൈനയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് “സോഷ്യലിസ്റ്റ് മാർക്കറ്റ്” സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന 850 ദശലക്ഷം മനുഷ്യരാണ് അന്ന് ചൈനയിലുണ്ടായിരുന്നത്. അവരെ വറുതിയിൽനിന്ന് പുറത്തുകൊണ്ടുവരാൻ വലിയ സാമ്പത്തികമുന്നേറ്റം ഉണ്ടായാലേ പറ്റുമായിരുന്നുള്ളൂ. അതിനുള്ള എളുപ്പ മാർഗ്ഗം ചൈനയുടെ ആഗോള സമ്പദ്‌വ്യവസ്ഥയുമായുള്ള ഉദ്ഗ്രഥനമാണെന്ന് ഡെങ് കണ്ടു.

ഡെങ് സിയാഓപിങ് – ആധുനിക ചൈനയുടെ ശില്പി

അതൊരു പ്രായോഗിക സമീപനമായിരുന്നു. അക്കാലത്തെ കമ്മ്യൂണിസ്റ്റ്പാർട്ടികളുടെ നടപ്പു രീതികളിൽനിന്നുള്ള വഴിമാറ്റം. അത് പാശ്ചാത്യമുതലാളിത്തത്തെ ആഹ്ളാദഭരിതരാക്കി. അവർക്ക് മുന്നിൽ തുറന്നിടപ്പെട്ടത് ഒരു വലിയ വിപണിയായിരുന്നു. ലോകവിപണിക്കാവശ്യമായ ഉത്പന്നങ്ങൾ കുറഞ്ഞ കൂലിക്ക് ഉണ്ടാക്കാനൊക്കുന്ന ഒരു തൊഴിലിടവും. അതേസമയം, ചൈനയിലെ സാമൂഹ്യ സാമ്പത്തിക കാര്യങ്ങളുടെ മേൽ മാറ്റമില്ലാതെ തുടർന്നുപോന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി.പി.സി) അധീശ്വത്വം അവരെ അസ്വസ്ഥരാക്കിക്കൊണ്ടുമിരുന്നു. ചൈന സാമ്പത്തികരംഗത്തും ശാസ്ത്രസാങ്കേതികമേഖലകളിലും പാശ്ചാത്യ മുതലാളിത്തത്തെ വെല്ലുവിളിക്കാൻ പോന്ന ഒരു വൻശക്തിയായി വളർന്നുവരുന്നത് ഈ ആശങ്കകളെ ബലപ്പെടുത്തി.

ഷി ജിൻപിങ് ജോർജ്ജ് ബുഷിനോപ്പം 2008ൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൈനയിലെ ടെക്നോളജി കമ്പനികളുമായി ബന്ധപ്പെട്ട് കേൾക്കുന്ന വാർത്തകൾ ആ ആശങ്കകൾ തെറ്റായിരുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നവയാണ് . ഡിജിറ്റൽ ഇക്കണോമിയെ അടക്കിവാഴുന്ന വൻകിട കമ്പനികളെ നിയന്ത്രിക്കാൻ അവിടത്തെ ഭരണകൂടം നടത്തിവരുന്ന ശ്രമങ്ങൾക്ക് ഒരു അടിയന്തിരസ്വാഭാവം കൈവരുന്നു എന്ന് ആ വാർത്തകൾ സൂചിപ്പിക്കുന്നു.

ചൈനയിലെ യൂബർ എന്നറിയപ്പെടുന്ന ദിദി ചുക്സിംഗ് എന്ന ചൈനീസ് ഓൺലൈൻ ടാക്സി (ride hailing) സർവീസിനെതിരെയുണ്ടായ നടപടിയാണ് ഈ നാടകീയനീക്കങ്ങളുടെ ജൂലൈ പരമ്പരയിലെ ആദ്യസംഭവം. ജൂൺ 30 ന് ആയിരുന്നു ദിദി അമേരിക്കയിൽ നിന്ന് പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ) വഴി 4.4 ബില്യൺ ഡോളർ സമാഹരിച്ചത്. 2014-ൽ നടന്ന ഇ-കോമേഴ്‌സ് ഭീമനായ ആലിബാബയുടെ 24 ബില്യൺ ഡോളർ ഐ.പി.ഒവിന് ശേഷം ഒരു ചൈനീസ് കമ്പനി പ്രാഥമിക ഓഹരി വിൽപ്പന വഴി ഇത്രയും വലിയ മൂലധനസമാഹരണം നടത്തിയിട്ടില്ല. സ്വാഭാവികമായും ഓഹരി വിപണിയിലും ബിസിനസ് നിരീക്ഷകരിലും അത് വലിയ ആവേശമുണർത്തി.

പക്ഷെ, ആ ആവേശം വളരെ പെട്ടന്നു തന്നെ പരിഭ്രാന്തിക്ക് വഴി മാറി. ജൂലൈ രണ്ടിന് ദിദിക്കെതിരെ അന്വേഷണം ആരംഭിക്കുന്നതായി ചൈനയിലെ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ (CAC) പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനുള്ളിൽ എല്ലാ ചൈനീസ് ആപ്പ് സ്റ്റോറുകളോടും കമ്പനിയുടെ ആപ്പ് നീക്കം ചെയ്യാനുള്ള ഉത്തരവുണ്ടായി. ദിദി ദേശീയ സുരക്ഷ, ഡാറ്റ പ്രൈവസി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെ ലംഘിക്കുന്നുവെന്നായിരുന്നു ആരോപണം. അമേരിക്കൻ ഓഹരി വിപണിയിലെ ദിദിയുടെ ഭാഗ്യപരീക്ഷണം തകിടം മറിഞ്ഞു. അതിന്റെ ഓഹരിവില 25 ശതമാനത്തിലേറെ കുത്തനെ ഇടിഞ്ഞു.

അതിനുശേഷം ഒന്നിന് പിറകെ ഒന്നായി മറ്റു പല ടെക്നോളജി കമ്പനികൾക്കെതിരെയും ചൈനയിലെ അധികാരികളുടെ അപ്രതീക്ഷിതമായ നീക്കങ്ങളുണ്ടായി. വൻകിട കമ്പനികളുടെ കുത്തകവൽക്കരണം, അവ ഉപയോക്താക്കളുടെ ഡാറ്റയും സ്വകാര്യതയും കൈകാര്യം ചെയ്യുന്നതിലെ അപാകതകൾ, തൊഴിലിടങ്ങളിലെ ചൂഷണം ഇവയൊക്കെ സൂക്ഷ്മപരിശോധനക്ക് വിധേയമായി. ഈ നടപടികൾ കാരണം കഴിഞ്ഞ മാസം മാത്രം ചൈനീസ് കമ്പനികൾക്ക് $400 ബില്യൺ (ഏകദേശം 30 ലക്ഷം കോടി രൂപ) അമേരിക്കൻ ഓഹരി വിപണിയിൽ നഷ്ടമായിട്ടുണ്ട് എന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തത്.

ചൈനയിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്നായ ടെൻസെന്റിന് തങ്ങളുടെ മെസ്സേജിങ് പ്ലാറ്റ്‌ഫോം ആയ വീചാറ്റിൽ പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നത് നിർത്തി വേക്കേണ്ടി വന്നു. 1.2 ബില്യണിലധികം ഉപയോക്താക്കൾ മൊബൈൽ പേയ്‌മെന്റിനും മെസ്സേജിങ്ങിനും സമൂഹമാധ്യമമായും ഒക്കെ ഉപയോഗപ്പെടുത്തുന്ന ഒരു സൂപ്പർ ആപ്പാണ് വീചാറ്റ്. വിവര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു നടപടി. രണ്ടു സ്ട്രീമിംഗ് കമ്പനികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ടെൻസെന്റ്റിന് 500,000 യുവാൻ പിഴ ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം നടന്നത്.

ഓൺലൈൻ ട്യൂഷനാണ് ചൈനീസ് അധികാരികളുടെ രോഷത്തിന് വിധേയമായ മറ്റൊരു മേഖല. സാധാരണ മനുഷ്യർക്ക് ജീവിതവിജയത്തിന് ഉയർന്ന നിലയിലുള്ള വിദ്യാഭ്യാസ വിജയം ഏറ്റവും ആവശ്യമായ ഒരു ഘടകമായി മാറിയതോടെ ചൈനയിൽ ശക്തിപ്രാപിച്ചുവന്ന ഒരു ബിസിനസാണിത്. അതോടൊപ്പം വിദ്യാഭ്യാസ ചിലവും വിദ്യാർത്ഥികളുടെ പഠനഭാരവും താങ്ങാനാവത്തവണ്ണം കൂടി. ഈ പരാതികൾ പരിഹരിക്കാനായി മുന്നോട്ടുവെക്കപ്പെട്ട പരിഷ്‌ക്കാരങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നവയാണ്. ഓൺലൈൻ ട്യൂഷൻ സ്ഥാപനങ്ങൾ ലാഭം ലക്ഷ്യമാക്കുന്നവ ആയിക്കൂടാ എന്നതാണ് അതിലൊന്ന്. ബിസിനസ് മാസികയായ ബ്ലൂംബെർഗ് പറയുന്നത് ഈ പരിഷ്‌ക്കാരങ്ങൾ 100 ബില്യൺ ഡോളർ ഓൺലൈൻ വിദ്യാഭ്യാസ വ്യവസായത്തിന്റെ മരണമണിയാണ് എന്നാണ്.

ഈ പരിഷ്‌ക്കാരങ്ങളിലെ നിർദ്ദേശങ്ങളോടൊപ്പം വിദ്യാഭ്യാസ മന്ത്രാലയം ഉപയോഗിച്ച കമ്മ്യൂണിസ്റ്റ് ജാർഗണുകളും പരിഭ്രാന്തി കൂട്ടാനിടയാക്കി. മൂലധനതാല്പര്യങ്ങൾ ഈ മേഖലയെ ഹൈജാക്ക് ചെയ്തിരിക്കുന്നവെന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രസ്താവന.

ജൂലൈ അവസാന വാരത്തിൽ ഫുഡ് ഡെലിവറി കമ്പനികൾ തൊഴിലാളികൾക്ക് മിനിമം കൂലി, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും തൊഴിൽ ഭാരം കുറക്കണമെന്നും ആവശ്യപ്പെടുന്ന പുതിയ സർക്കാർ നിയന്ത്രണങ്ങൾ പുറത്തു വന്നു. അതും ഓഹരി വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ചൈനയിലെ പ്രധാന ഫുഡ് ഡെലിവറി കമ്പനികളിലൊന്നായ മൈറ്റുവാന്റെ (Meituan) ഓഹരിവില ഹോങ്കോംഗ് വിപണിയിൽ 14% ഇടിഞ്ഞു.

ഇങ്ങനെയുള്ള പരിഷ്‌ക്കാരങ്ങൾ മേല്പറഞ്ഞ മേഖലകളിൽ ഒതുങ്ങി നിൽക്കില്ലെന്നും ആരോഗ്യം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന് ഒരു കാരണം ഗാർഹിക ചിലവ് കുറക്കാനൊത്തില്ലെങ്കിൽ ഒരു കുടുംബത്തിന് മൂന്ന് കുട്ടികളാകാമെന്ന കുറച്ച് മാസങ്ങൾക്ക് മുൻപ് നിലവിൽവന്ന നിയമത്തിന് വലിയ സ്വീകാര്യത ഉണ്ടാകുകയില്ലെന്ന വിലയിരുത്തലാണ്. ഇത്രയും കാലമായി കർശനമായി തുടർന്നുവരുന്ന ജനസംഖ്യാനിയന്ത്രണം തൊഴിൽ സജ്ജരായ യുവാക്കളുടെ എണ്ണം കുറക്കുന്നു എന്നതായിരുന്നു ആ നിയമനിർമ്മാണത്തിന്റെ പ്രേരണ.

ടെക്നോളജി കമ്പനികൾക്കെതിരായ ചൈനീസ് ഭരണകൂടത്തിന്റെ നീക്കങ്ങൾ ചടുലതയാർജ്ജിച്ചത് ഇപ്പോഴാണെങ്കിലും ഇത് കുറച്ചുകാലമായി തുടർന്നുവരുന്ന ഒന്നാണ്. കഴിഞ്ഞ വർഷം നവംബറിലാണ് ആലിബാബയുടെ സ്ഥാപകനായ ജാക്ക് മായുടെ ഓൺലൈൻ പേയ്മെന്റ് സ്ഥാപനമായ ആൻറ് ഗ്രൂപ്പ് തങ്ങളുടെ വിദേശ വിപണിയിലുള്ള ഐ.പി.ഒ നിർത്തി വെക്കാൻ നിർബന്ധിതരായത്. അത് നടന്നിരുന്നെങ്കിൽ ലോകത്തെ ഏറ്റവും വലിയ ഐ.പി.ഒ ആകുമായിരുന്നേനെ. ഏതാണ്ട് അതേ സമയത്തുതന്നെ മൂന്ന് മാസത്തോളം ജാക്ക് മാ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്തു. ഒരു പരിപാടിക്കിടെ ജാക്ക് മാ ചൈനയിലെ സർക്കാർ ഏജൻസികളെ നിശിതമായി വിമർശിക്കുകയും രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ “പണയ കടകളുമായി” താരതമ്യം ചെയ്യുകയും ചെയ്തതായിരുന്നു അധികാരികളെ ചൊടിപ്പിച്ചത്.

ജാക്ക് മാ

1999 ൽ ആണ് ജാക്ക് മാ ആലിബാബ സ്ഥാപിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അത് ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമും ലോകത്തെ തന്നെ ഏറ്റവും വിലപിടിച്ച ടെക്നോളജി കമ്പനികളിൽ ഒന്നും ആക്കി മാറ്റി. 2004 -ൽ ആലിബാബ അവതരിപ്പിച്ച അലിപേ എന്ന ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് പെട്ടന്നു തന്നെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയെടുത്തു. ഈ ബിസിനസിന്റെ വിപുലീകരണത്തിൽ ഭാഗമായി അലിപേയെ ആൻറ് ഗ്രൂപ്പ് എന്ന പേരിൽ വേറൊരു കമ്പനിയായി ലിസ്റ്റ് ചെയ്യാനുള്ള ശ്രമമായിരുന്നു അട്ടിമറിക്കപ്പെട്ടത്. ഈ സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുത്തകവൽക്കരണവും മൂലധനശക്തികളുടെ ക്രമരഹിതമായ വികാസവും തടയണമെന്നാവശ്യപ്പെടുന്ന ഒരു പ്രസ്താവന പാർട്ടി പോളിറ്റ് ബ്യൂറോ നടത്തിയത് ഈ നീക്കങ്ങൾക്ക് രാഷ്ട്രീയനേതൃത്വത്തിന്റെ പൂർണ്ണപിന്തുണയുണ്ടെന്നതിന്റെ തെളിവായിരുന്നു.

മറ്റ് പല രാജ്യങ്ങൾക്കുമുള്ള പോലെ കമ്പോളത്തിലെ കുത്തകവൽക്കരണം തടയുന്നതിനും ആരോഗ്യകരമായ മത്‌സരം ഉറപ്പാക്കുന്നതിനുമായി ചൈനയിലും നിയമങ്ങളുണ്ട്. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് മാർക്കറ്റ് റെഗുലേഷൻ (SAMR) എന്നാണ് അത് അറിയപ്പെടുന്നത്. ആൻറ് ഗ്രൂപ്പിന്റെ ഐ.പി.ഒ നിർത്തി വെച്ചതിന് പിന്നാലെ ഇന്റർനെറ്റ് പ്ലാറ്റുഫോമുകളെ നിയന്തിക്കാനുള്ള വ്യവസ്ഥകൾ കൂടി ഈ നിയമത്തിൽ ഉൾപ്പെടുത്തി. അതിന് ശേഷം വിവിധ കമ്പനികൾക്കുമേൽ SAMR-ന്റെ പിടി വീണിട്ടുണ്ട്. അതിൽ ഏറ്റവും വലുത് ഏപ്രിൽ 9-ന് അലിബാബക്ക് മേൽ ചുമത്തപ്പെട്ട 2.8 ബില്യൺ ഡോളറിന്റെ കനത്ത പിഴയായിരുന്നു. കമ്പനിയുടെ 2020-ലെ ലാഭത്തിന്റെ 12% വരും ഈ തുക.

ടെക്നോളജി രംഗത്തെ കുത്തകകൾക്കെതിരെ ലോകത്ത് പലയിടത്തും ധാരാളം പരാതികളും സർക്കാരുകളുടെ ഇടപെടലുകളും നടന്നുവരുന്ന ഒരു കാലമാണിത്. ചൈനയിലെ സംഭവവികാസങ്ങളെ ഒരു തലത്തിൽ ഈ പ്രവണതയുടെ തുടർച്ചയായി കണക്കാക്കാം. ഒരു സ്വേച്ഛാധിപത്യസർക്കാരിന് മാത്രം പറ്റുന്ന രീതിയിൽ നിർണ്ണായകതീരുമാനങ്ങൾ അതിവേഗം എടുക്കാനും നടപ്പിലാക്കാനും ചൈനക്കാകുന്നു എന്ന വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും. അതേസമയം അവിടെ നടക്കുന്ന കാര്യങ്ങൾക്ക് വേറൊരു തലം കൂടിയുണ്ട്. അതു മനസിലാക്കാൻ ആ രാജ്യത്തെ സോഷ്യലിസ്റ്റ് മാർക്കറ്റ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന ചില വലിയ വെല്ലുവിളികളും അതിൽ ടെക്നോളജി കമ്പനികൾ വഹിക്കുന്ന പങ്കും പരിശോധിക്കേണ്ടതുണ്ട്.

വർഷങ്ങൾക്ക് മുൻപ് ഡെങ് സിയാഒപിങ് തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ ചൈനയിൽ ഉണ്ടാക്കിയതു താരതമ്യങ്ങളില്ലാത്ത മാറ്റങ്ങളാണ്. ഇന്ന് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ചൈന. ലോകബാങ്കിന്റെ കണക്കുകളനുസരിച്ച് അവിടെ ഇപ്പോൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവർ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ഉപഭോഗം തുടങ്ങിയ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാലും ജനങ്ങളുടെ ജീവിതനിലവാരത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ ആ രാജ്യത്തിനായിട്ടുണ്ട്.

ഇടതും വലതും നിലയുറപ്പിച്ചിട്ടുള്ള നിരീക്ഷകരെ ആശയക്കുഴപ്പത്തിൽ വീഴ്‌ത്തുന്ന ഒന്നാണ് ചൈനയുടെ സമ്പദ്‌വ്യവസ്ഥ. അത് മാർക്സിസ്റ്റ് നിലപാട് പിന്തുടരുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കർശനമായ നിയന്ത്രണത്തിലായിരിക്കുമ്പോൾ തന്നെ ആഗോളമുതലാളിത്തത്തിന്റെ ഉദ്പാദനവിതരണ ശൃംഖലകളുടെ അവിഭാജ്യഭാഗമാണ്. ആഗോള വ്യാപാരവും വിദേശമൂലധനവും ചൈനയുടെ സാമ്പത്തികവളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഒരേ സമയം ലോകസമ്പദ്‌വ്യവസ്ഥക്കാവശ്യമായ ഉത്പന്നങ്ങൾ കുറഞ്ഞ വേതനനിരക്കിൽ ഉണ്ടാക്കുന്ന തൊഴിലിടവും ആ ഉത്പന്നങ്ങളുടെ വലിയ വിപണിയുമാണ് ചൈന. 2007-08 ലെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആഗോളമുതലാളിത്തത്തിന് സാധിച്ചതിൽ ചൈന വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു. അക്കാലത്ത് ചൈനയിൽ സർക്കാർ മുൻകൈ എടുത്ത് കടമായി ധനസഹായം ലഭ്യമാക്കി നടപ്പിലാക്കിയ വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നഗരവൽക്കരണവും ചൈനയിലെ ആഭ്യന്തര ഉപഭോഗം വർദ്ധിക്കാൻ മാത്രമല്ല ആഗോള വിതരണ ശൃംഖലകളുടെ പുനരുജ്ജീവനത്തിനും സഹായിച്ചിട്ടുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ഒരു ശീതസമരമായി പരിണമിച്ചിട്ടുള്ള ചൈനയും പാശ്ചാത്യമുതലാളിത്തവും തമ്മിലുള്ള രാഗദ്വേഷബന്ധത്തിന്റെ അടിസ്ഥാനം ഈ പരസ്പരാശ്രിതത്വമാണ്.

ഈ മാറ്റങ്ങൾക്കൊപ്പം, അവ തുറന്നു കൊടുത്ത അവസരങ്ങളെ ഉപയോഗപ്പെടുത്തി വളർന്നുവന്ന ഒന്നാണ് ചൈനയിലെ ഡിജിറ്റൽ ഇക്കോണമി. ചൈന അക്കാദമി ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഡിജിറ്റൽ ഇക്കോണമിയുടെ പങ്ക് ജിഡിപിയുടെ 38.6% ആയിരുന്നു. ചൈനയിലെ ഭൂരിപക്ഷം പൗരന്മാരും ഷോപ്പിംഗ്, പേയ്മെൻറ്, ഫിനാൻസ്, വിനോദം, ആശയവിനിമയം തുടങ്ങിയ നിത്യജീവിത വ്യവഹാരങ്ങൾക്കായി ആശ്രയിക്കുന്നത് ബൈദുവും ആലിബാബയും ടെൻസെന്റും പോലുള്ള സ്ഥാപനങ്ങളെയാണ്. അതിവേഗം നഗരവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ചൈനീസ് സമൂഹത്തിലെ പ്രധാന തൊഴിൽദാതാക്കൾ കൂടിയാണ് ഈ കമ്പനികൾ.

ഒരു ഷെൻസെൻ സ്‌പെഷൽ എക്കോണമിക് സോൺ ദൃശ്യം

അതേസമയം ചൈനയുടെ ഈ വിജയഗാഥക്ക് പ്രശ്നഭരിതമായ ഒരു മറുവശവുമുണ്ട്. അതിശീഘ്ര വളർച്ചക്ക് ചൈന കൊടുത്ത വില വൻതോതിലുള്ള അസമത്വവും കടബാധ്യതയുമാണ്. പ്രശസ്ത ധനശാസ്ത്രജ്ഞനും Capital in the Twenty-First Century എന്ന കൃതിയുടെ കർത്താവുമായ തോമസ് പിക്കറ്റിയും ചില സഹപ്രവർത്തകരും ചൈനയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ച് 2019 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്ന ഈ കണക്കുകൾ നോക്കുക: ഏറ്റവും സമ്പന്നരായ 10% ആൾക്കാരുടെ വരുമാനത്തിന്റെ പങ്ക് 1978 ൽ 27% ആയിരുന്നത് 2015 ൽ 41% ആയി ഉയർന്നു. താഴത്തെ പകുതിയിലുള്ളവരുടെ പങ്കാകട്ടെ 27% ൽ നിന്ന് 15% ആയി കുറയുകയാണുണ്ടായത്. ഈ വർഷം ഏപ്രിലിൽ ഫോർബ്‌സ് വാരിക പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 626 ശതകോടീശ്വരന്മാരാണ് ചൈനയിൽ നിന്നുള്ളത്. കഴിഞ്ഞ വർഷം ഇങ്ങനെയുള്ള അതിസമ്പന്നർ 388 പേരായിരുന്നു. സാങ്കേതികവിദ്യ, മാധ്യമം, ടെലികോം മേഖലകളിൽ നിന്നാണ് ഭൂരിപക്ഷം അതിസമ്പന്നരും വന്നിട്ടുള്ളത്.

അതുപോലെ തന്നെ ഗുരുതരമായ മറ്റൊരു വിഷയമാണ് 2007-08 ലെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കുതിച്ചു കയറാൻ തുടങ്ങിയ കടബാധ്യത. 2020 ൽ ചൈനയുടെ മൊത്തം കടബാധ്യത ജിഡിപിയുടെ 270% ആയിരുന്നു. പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുടെ ബാധ്യത $3.97 ട്രിലിയൻ വരും. ഇത് സാമ്പത്തിക സുരക്ഷക്ക് വലിയ ഭീഷണിയായിരിക്കുന്നു. അതുതന്നെയാണ് ഗാർഹിക കടത്തിലുള്ള കാര്യവും. കഴിഞ്ഞ വർഷം ചൈനയുടെ മൊത്തം ഗാര്ഹികകടം വ്യക്തികളുടെ കൈവശമുള്ള ചിലവഴിക്കാനായുള്ള വരുമാനത്തിന്റെ (disposable income) 131% ആയി ഉയർന്നു.

ഈ സാമ്പത്തിക വിഷമതകളോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നാണ് ഡിജിറ്റൽ ഇക്കോണമി ഉണ്ടാക്കിയെടുത്തിട്ടുള്ള തൊഴിൽസംസ്ക്കാരത്തെകുറിച്ചുള്ള പരാതികൾ. ഈ സ്ഥാപനങ്ങളിൽ പലതും രാവിലെ 9 മണി തൊട്ട് രാത്രി 9 മണി വരെ ആഴ്ച്ചയിൽ 6 ദിവസവും പണിയെടുക്കാൻ തൊഴിലാളികളെ നിർബന്ധിക്കുന്നത് ‘996 തൊഴിൽ സമയം’ എന്ന പേരിൽ വലിയ വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഗിഗ് ഇക്കോണമി തൊഴിലുകളിൽ പൊതുവേയുള്ള അരക്ഷിതാവസ്ഥയും കുറഞ്ഞ വേതനവും കൂടിയ തൊഴിൽസമയവുമൊക്കെ സാധാരണ ജനങ്ങൾക്കിടയിൽ വലിയ അസംതൃപ്തിയാണ് ഉണ്ടാക്കുന്നത്.

ഈ പ്രതിസന്ധികളും അസംതൃപ്തികളും ഡിജിറ്റൽ ഇക്കോണമി കമ്പനികളുടെ വളർച്ചക്ക് കടിഞ്ഞാണിടുന്നതിന് തുടക്കം കുറിക്കാൻ ചൈനീസ് സർക്കാരിന് പ്രേരണയായിട്ടുണ്ട് എന്ന് തീർച്ചയാണ്. സാധാരണക്കാരുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളുടെ ഫിനാൻഷ്യലൈസേഷൻ നിയന്ത്രണവിധേയമാക്കുക എന്നതും ഒരു ലക്ഷ്യമായിരിക്കാം.

ബാഹ്യശക്തികളുടെ ഇടപെടലുകൾ പോലെതന്നെ ആപൽക്കരമായിത്തീരാം സമൂഹത്തിലെ ആന്തരികവൈരുദ്ധ്യങ്ങൾ ഉണ്ടാക്കുന്ന സംഘർഷങ്ങൾ എന്ന് സി.പി.സിക്ക് നന്നായറിയാം. സോവിയറ്റ് യൂണിയനും ടിയാന്മെൻ ടിയാൻമെൻ സ്ക്വയറും പഠിപ്പിച്ച വലിയ പാഠങ്ങളിലൊന്നാണത്. 2017 ലെ പാർട്ടി കോൺഗ്രസിൽ, ചൈനയിൽ ഇന്ന് നിലനിൽക്കുന്ന മുഖ്യവൈരുധ്യം അസന്തുലിതവും അപര്യാപ്തവും ആയ വികസനവും കൂടുതൽ നല്ല ജീവിതത്തിന് വേണ്ടിയുള്ള ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും തമ്മിലുള്ളതാണ് എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എടുത്ത് പറഞ്ഞതിന് കാരണം അതാണ്. ടെക്നോളജി കമ്പനികളുടെ കുത്തകവൽക്കരണം, അതിരുവിട്ട മുതലാളിത്തരീതികൾ, ഊഹാധിഷ്ഠിത ഫിനാൻസ് മൂലധത്തിന്റെ ക്രമാതീതമായ വളർച്ച തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ വിശകലനത്തെ മാർക്സിസ്റ്റ് പദാവലികളിൽ പൊതിഞ്ഞ വെറും ഒരു റെട്ടറിക് ആയല്ല കാണുന്നത് എന്ന് തെളിയിക്കുന്നു.

ഡിജിറ്റൽ ഇക്കോണമി കമ്പനികളെ നിയന്ത്രണത്തിന് വിധേയമാക്കാനുള്ള മറ്റൊരു കാരണം അവരുടെ കൈവശമുള്ള കൂറ്റൻ വിവരശേഖരങ്ങളാണ് (big data). വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും അടക്കം അവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈക്കലാക്കുകയും അത് പരസ്യങ്ങളടക്കമുള്ള ധനാഗമമാർഗ്ഗങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്താണ് ഈ കമ്പനികൾ വളർന്നിട്ടുള്ളത്. ലോകത്തെമ്പാടുമുള്ള ഇന്റർനെറ്റ് കമ്പനികളുടെ പ്രധാനസ്വത്ത് ഡാറ്റയും അവയെ വിശകലനം ചെയ്യാനുള്ള അതി സങ്കീർണമായ അൽഗോരിതങ്ങളും ആണ്. ആധുനിക സമ്പദ്‌വ്യവസ്ഥയിൽ ഡാറ്റ ഒരു സുപ്രധാന ഉദ്പാദന ശക്തിയായി മാറിയിരിക്കുന്നു എന്ന് സി.പി.സിക്ക് അറിയാം. കഴിഞ്ഞ വർഷം ഏപ്രിലിൽ പാർട്ടി കേന്ദ്രകമ്മിറ്റിയുടെ ഒരു പ്രധാന നയ രേഖ ഭൂമി, തൊഴിൽ, മൂലധനം, സാങ്കേതികവിദ്യ എന്നിവയ്ക്കൊപ്പം ഉൽപാദനത്തിന്റെ അഞ്ച് അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ഡാറ്റ എന്ന് എടുത്തു പറഞ്ഞിരുന്നു.

ഇത് മാത്രമല്ല ഡാറ്റയുടെ പ്രാധാന്യം. ഇക്കാലത്ത് അത് അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും ഒരു പ്രധാന ഉപാധി കൂടിയാണ്. പൗരന്മാരെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിൽ ബിഗ് ഡാറ്റയ്ക്കും അൽഗോരിതങ്ങൾക്കും ഉള്ള നിർണ്ണായകമായ പങ്കിനെ കുറിച്ച് ചൈനയിലെ ഭരണകൂടത്തിന് നന്നായറിയാം. പൗരന്മാരെ കുറിച്ചുള്ള ഡാറ്റയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഏതാനും ഒലിഗാർക്കികൾക്ക് വിട്ടുകൊടുക്കുന്നത് തങ്ങൾ വിഭാവനം ചെയ്യുന്ന ചൈനീസ് സോഷ്യലിസത്തിന് അനുഗുണമാകില്ല എന്ന് അവർ തിരുമാനിച്ചാൽ അത്ഭുതത്തിനവകാശമില്ല.

എന്തായാലും ഒന്ന് തീർച്ചയാണ്. ചരിത്രത്തിൽ നിന്ന് പഠിക്കാനും പുതിയ സാഹചര്യങ്ങൾക്കനുസൃതമായി അതിവേഗം പുതിയ നയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്താനുമുള്ള അസാമാന്യമായ വഴക്കം സി.പി.സിയെ മറ്റെല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. കുറഞ്ഞ വേതനത്തിലധിഷ്ഠിതമായ ലോകത്തിന്റെ പണിപ്പുര എന്ന നിലയിൽ നിന്ന് ആഗോളസമ്പദ്‌വ്യവസ്ഥയുടെ ഗതിവിഗതികളെ നിർണ്ണയിക്കാനൊക്കുന്ന ഒരു സാമ്പത്തിക ശക്തിയായി മാറാതെ ‘ചൈനീസ് സോഷ്യലിസത്തിന്’ മുന്നോട്ട് പോകാനാകില്ലെന്ന് അവർക്കറിയാം. ഏതാനും ഇന്റർനെറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല ചിപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ പുതിയ കാലത്തെ ശാസ്ത്രസാങ്കേതികവിദ്യകളിൽ മേൽകൈ നേടുന്നതിലാണ് കാര്യമെന്നും.

ഇതിനർത്ഥം അധികാരതുടർച്ച നിലനിർത്താനാവശ്യമായ കാര്യങ്ങൾക്കപ്പുറം സ്വാതന്ത്ര്യം, ജനാധിപത്യം, വ്യക്‌തിയുടെയും സമൂഹത്തിന്റെയും സമഗ്രവികാസം തുടങ്ങിയ യഥാർത്ഥ സോഷ്യലിസത്തിന്റെ നൈതിക ബാധ്യതകളെ ഏറ്റെടുക്കാൻ സി.പി.സി തയ്യാറാകുമെന്നാണോ? ആണെന്നും അല്ലെന്നും ഉറപ്പിച്ച് പറയാൻ സഹായിക്കുന്ന പാഠങ്ങളൊന്നും ഇതുവരെയുള്ള ചരിത്രം നൽകുന്നില്ല. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ തിന്നാൽ പോരെ എന്ന ഡെങ് വചനത്തിന്റെ യുക്തിയും പ്രായോഗികമതിത്വവും തന്നെയാണ് അവരെ ഇപ്പോഴും നയിക്കുന്നത്. ഏത് പൂച്ച ഏത് എലിയെ എങ്ങിനെ തിന്നണമെന്ന് കാഴ്ച്ചക്കാർ ശഠിക്കുന്നതിൽ പക്ഷെ കാര്യമില്ലല്ലോ.

Comments

You may also like