പൂമുഖം LITERATUREലേഖനം മറ്റൊരു ലോകത്തിന്‍റെ സാധ്യതകൾ

മറ്റൊരു ലോകത്തിന്‍റെ സാധ്യതകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

നിയോലിബറലിസം സാധ്യമാക്കുന്ന സാമ്പത്തികാഭിവൃദ്ധിയുടെ മികച്ച മാതൃകയായി അവതരിക്കപ്പെട്ടിരുന്ന ചിലി എങ്ങിനെയാണ് പൊടുന്നനെ ഇത്തരമൊരു വിപ്ലവകരമായ മാറ്റത്തിന്‍റെ വക്കിലെത്തിയത് ? ചിലിയിലെ ജനങ്ങളുടെ കണ്ണിൽ ജലത്തിന്‍റെയും അതുപോലുള്ള പൊതു പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥാവകാശവും പാരിസ്ഥിക പ്രശ്നങ്ങളും മറ്റ് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ള വിഷയമായി മാറിയത് എന്തുകൊണ്ടാണ്? ഇതിന് ഉത്തരം തിരയേണ്ടത് ആ രാജ്യത്തിന്റെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലും അതിന്‍റെ പ്രധാന അന്തർധാരയായി വർത്തിച്ച നിയോലിബറൽ ലോകവീക്ഷണത്തിലുമാണ്.

യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിനേക്കാൾ മിത്തുകളിൽ അഭിരമിക്കാനാണ് പൊതുബോധത്തിനിഷ്ടം. അങ്ങിനെയൊന്നാണ് ശാസ്ത്ര സാങ്കേതിക വിദ്യകൾക്ക് മനുഷ്യരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്ന വിശ്വാസം. അത്തരമൊരു ലോകത്തേക്ക് മനുഷ്യരാശി എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് കരുതുന്നവർ ഏറെയുണ്ട്. ചിലരതിനെ നാലാം വ്യവസായവിപ്ലവം എന്നാണ് വിളിക്കുന്നത്. സമൃദ്ധിയുടെ ഈ കഥനങ്ങളിൽ വറുതിയുടെ കഥകൾക്കിടം കിട്ടാതെ പോകുക സ്വാഭാവികമാണ്. ജീവന്റെ നിലനിൽപിന് ഒഴിച്ച് കൂടാനാകാത്ത വായുവും വെള്ളവും പോലും ഒരു വലിയ വിഭാഗം മനുഷ്യർക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുന്നു എന്ന് ഇവരോട് പറഞ്ഞു നോക്കുക. അത് സമ്മതിക്കാൻ മടി കാണിക്കും. ഇനി അംഗീകരിച്ചാൽ തന്നെ അവയ്ക്ക് സാങ്കേതികപരിഹാരങ്ങൾ ലഭ്യമാണ് എന്ന് സ്ഥാപിക്കാനായിരിക്കും തിടുക്കം. അപ്പോഴും ഈ സ്ഥിതിവിശേഷത്തിന് നിലനിൽക്കുന്ന സാമ്പത്തിക ക്രമത്തിന്റെ ഘടനപരമായ സവിശേഷതകൾ കൂടി കാരണമായിത്തീരുന്നുണ്ട് എന്ന വാസ്തവം മറച്ചു വെക്കാനുള്ള ശ്രമങ്ങളുണ്ടാകും.

ശുദ്ധജലലഭ്യതയുടെ കാര്യമെടുക്കുക. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോക ജനസംഖ്യയുടെ 58 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ജലക്ഷാമം നേരിടുന്നുവരാണ് എന്നാണ് ഒരു പഠനം പറയുന്നത്. അതിനൊരു കാരണം മുക്കാൽ ഭാഗത്തോളം വെള്ളത്താൽ മൂടപ്പെട്ട് കിടക്കുന്ന ഭൗമോപരിതലത്തിൽ മനുഷ്യന് ഉപയോഗയോഗ്യമായത് അതിൽ ഒരു ശതമാനം പോലുമില്ലെന്നതാണ്. പക്ഷെ, പ്രശ്നത്തിന്റെ ഒരു വശം മാത്രമാണത്. മറുവശം ജലസ്രോതസുകളുടെ നിയന്ത്രണത്തിലും ജലവിതരണത്തിലും സ്വകാര്യമൂലധന താല്പര്യങ്ങൾ കൂടുതലായി പിടി മുറുക്കുന്നു എന്നതാണ്.

ജലദൗർലഭ്യത്തിന്റെ രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും ആയ വിവക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകമുണ്ട്. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളായ മോദ് ബാർലോയും ടോണി ക്ലാർക്കും ചേർന്ന് ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ എഴുതിയ ‘ബ്ലൂ ഗോൾഡ്’ (Blue Gold). ജലസമ്പത്തിന്റെ കോർപ്പറേറ്റ് ചോരണം തടയാനുള്ള പോരാട്ടം എന്ന ഉപശീർഷകം കൂടിയുണ്ട് ആ പുസ്തകത്തിന്. കേരളത്തിന് അപരിചിതയല്ല ബാർലോ. 2004 ൽ പ്ലാച്ചിമടയിലെ കൊക്കൊകോല കമ്പനിയുടെ ജലചൂഷണത്തിനെതിരായി നടന്ന ജനകീയസമരത്തിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സജീവ സാനിധ്യമായിരുന്നു അവർ.

ജലത്തെ നീല സ്വർണ്ണം എന്ന് വിളിക്കുന്നത് പെട്രോളിയത്തെ കറുത്ത സ്വർണ്ണം എന്ന് വിളിക്കുന്നത് പോലെയാണ്. ഭൂമിയിലെ ജീവന്റെ ഉറവിടവും ആധാരവും ആണ് ജലം എന്നോർക്കുമ്പോൾ സ്വർണ്ണവുമായുള്ള സമീകരണം അസ്ഥാനത്താണ് എന്ന് തോന്നാം. എന്നിട്ടും പലരും ആ വിശേഷണം സ്വീകരിക്കുന്നത് പുതിയ കാലത്ത് ജലം വിലയേറിയ ഒരു ചരക്കായി മാറുന്നു എന്നതുകൊണ്ടായിരിക്കണം. ലോകമെമ്പാടും നടക്കുന്ന ജലസമ്പത്തിന്റെ സ്വകാര്യവൽക്കരണം; ലോകബാങ്കും ഐ.എം.എഫും ലോക വ്യാപാര സംഘടനയുമൊക്കെ അതിൽ വഹിക്കുന്ന പങ്ക്; പെരിയറും എവിയാനും കോക്കും പെപ്സിയും പോലുള്ള കമ്പനികൾ ശുദ്ധ ജല സ്രോതസുകൾ കുടിച്ച് വറ്റിക്കുന്ന കഥകൾ; അതിനെതിരായി ഉയർന്നു വരുന്ന പ്രതിരോധസമരങ്ങൾ: ഈ കാര്യങ്ങളൊക്കെ വിശദമായി പ്രതിപാദിക്കുന്നു ബാർലോയും ക്ലാർക്കും. പുതിയ നൂറ്റാണ്ട് ജലത്തെ ചൊല്ലിയുള്ള തർക്കങ്ങളുടെയും വലിയ സംഘർഷണങ്ങളുടേയും കാലമായിരിക്കും എന്ന ഓർമ്മപ്പെടുത്തലായിരുന്നു ആ വായന.

ജലസമരങ്ങൾ അക്രമാസക്തങ്ങളായ യുദ്ധങ്ങളും കലാപങ്ങളുമായി മാറുകയാണ് എന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലമുണ്ടായിരുന്നു ബ്ലൂ ഗോൾഡിന്. കൊളംബിയയിലെ തദ്ദേശീയ ജനവിഭാഗമായ എംബെറ കാറ്റോയുടെ നേതാവായിരുന്ന കിമി പെർണിയ ഡൊമിക്കോവിനാണ് ആ പുസ്തകം സമ്മർപ്പിച്ചിട്ടുള്ളത്. തങ്ങളുടെ പ്രദേശത്തെ ജലസ്രോതസുകൾക്ക് മേൽ അവർക്കുള്ള അവകാശം സ്ഥാപിച്ച് കിട്ടുന്നതിന് വേണ്ടിയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുകയായിരുന്ന ഡൊമിക്കോ 2001 ജൂൺ രണ്ടാം തീയതി അറസ്റ്റ് ചെയ്യപ്പെട്ടു. അതിന് ശേഷം അദ്ദേഹം തിരിച്ച് വന്നില്ല.

അതിനും ഒരു വർഷം മുൻപാണ് കൊച്ചബാംബ ജലയുദ്ധം (Cochabamba Water War) എന്ന് പിന്നീട് അറിയപ്പെട്ട ജനകീയ സമരം ബൊളീവിയയിൽ അരങ്ങേറുന്നത്. ലോകബാങ്കിൽ നിന്ന് ഒരു വായ്പ ലഭിക്കാനുള്ള വ്യവസ്ഥകൾക്ക് വിധേയമായി കൊച്ചബാംബ നഗരത്തിലെ ജലവിതരണം സ്വകാര്യവൽക്കരിക്കപ്പെട്ടു. വെള്ളത്തിന്റെ വില സാധാരണ മനുഷ്യർക്ക് താങ്ങാവുന്നതിനപ്പുറത്തേക്ക് കുതിച്ചുയർന്നു എന്നതായിരുന്നു അതിന്റെ അനന്തരഫലം. അതിനെതിരായി നഗരത്തിൽ ആളിപ്പടർന്ന പ്രതിഷേധസമരങ്ങൾ നേരിടാൻ അധികാരികൾക്ക് പട്ടാളനിയമം ഏർപ്പെടുത്തേണ്ടി വന്നു. സംഘർഷങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. വിക്ടർ ഹ്യൂഗോ ദാസ എന്ന പതിനേഴുകാരനായ വിദ്യാർത്ഥി വെടിവെപ്പിൽ കൊലചെയ്യപ്പെട്ടത് സമരത്തിലെ നിർണ്ണായകമായ വഴിത്തിരിവായി.. സർക്കാരിന് ആ സ്വകാര്യവൽക്കരണ കരാർ പിൻവലിക്കേണ്ടി വന്നു.

ആ സമരകാലത്തുടനീളം ലോകബാങ്ക് ഡയറക്ടർ വോൽഫെൻസൺ (Wolfensohn) എടുത്ത നിലപാട് ദരിദ്ര ധനിക ഭേദമന്യേ എല്ലാവരും വെള്ളത്തിന് വിലകൊടുക്കാൻ ബാധ്യസ്ഥരാണ് എന്നായിരുന്നു. സൗജന്യമായി വെള്ളം ലഭിക്കുമ്പോൾ ദുർവ്യയം കൂടും. സബ്‌സിഡികൾ ഗുണം ചെയ്യില്ല. വെള്ളം ലഭ്യമല്ലാതാകുന്നത് ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന്റെ നിഷേധമാണെന്ന് മനസ്സിലാക്കാൻ കൂട്ടാക്കാത്ത സ്വതന്ത്ര വിപണിയുടെ യുക്തിയായിരുന്നു അത്. നിയോലിബറലിസത്തിന്റെ പാഠശാലകൾ പരിശീലിപ്പിച്ച ഗണിതബുദ്ധി.

പക്ഷെ സാധാരണമനുഷ്യരുടെ സാമാന്യബുദ്ധിക്ക് മനസിലാകുന്ന ഒന്നല്ല ഈ യുക്തി. വോൽഫെൻസനോടുള്ള പ്രതികരണമായി ഒരു മെക്കാനിക്കും സമരനേതാവുമായ ഓസ്കാർ ഒലിവേര പറഞ്ഞത് ബ്ലൂ ഗോൾഡിന്റെ ഗ്രന്ഥകർത്താക്കൾ ഉദ്ധരിക്കുന്നുണ്ട്: “എനിക്ക് വോൽഫെൻസനെ കണ്ട് ഈ സ്വകാര്യവൽക്കരണം എങ്ങിനെയാണ് ബൊളീവിയയിലെ ദരിദ്രജനങ്ങളുടെ മേലുള്ള നേരിട്ടുള്ള ആക്രമണമായി മാറുന്നതെന്ന് പഠിപ്പിച്ചു കൊടുക്കാനാഗ്രഹമുണ്ട്. നൂറു ഡോളറോളം മാസവരുമാനമുള്ള കുടുംബങ്ങൾക്കാണ് വെള്ളത്തിനായി ഇരുപത് ഡോളർ ഓരോ മാസവും അധികം കൊടുക്കേണ്ടി വരുന്നത് – ഭക്ഷണ ചിലവിനേക്കാൾ കൂടുതൽ. വോൽഫെൻസൻ കൊച്ചബാംബയിലേക്ക് വരണം. അപ്പോൾ വാഷിംഗ്‌ടൺ ഡി.സി യിലെ തന്റെ ഓഫീസിലിരുന്നാൽ കാണാനൊക്കാത്ത യാഥാർഥ്യങ്ങളെ മനസ്സിലാക്കാനൊക്കും”.

പുതിയ നൂറ്റാണ്ട് രണ്ടു ദശകങ്ങൾ പിന്നിടുമ്പോൾ നീല സ്വർണ്ണത്തിന്റെ വില കുറയുകയല്ല; കൂടുതൽ അമൂല്യമാകുകയാണ്. 2010 ൽ ജലത്തെ ഒരു അടിസ്ഥാന മനുഷ്യാവകാശമായി അംഗീകരിച്ചിട്ടുണ്ട് ഐക്യരാഷ്ട്ര പൊതുസഭ . പക്ഷെ, അധികാരവും സമ്പത്തുമില്ലാത്തവരുടെ ഭാഗത്തേക്ക് ഒഴുകാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് അത്. കുടിവെള്ളത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ; മനുഷ്യർ വരക്കുന്ന അതിരുകൾ മനസ്സിലാകാതെ ഒഴുകുന്ന നദികളിലെ ജലം പങ്കു വെക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷങ്ങൾ; പൊതുസ്വത്താകേണ്ട ജലസ്രോതസുകളും സംഭരണികളും സ്വകാര്യവൽക്കരിക്കപ്പെടുന്നതിന് എതിരെയുള്ള പ്രതിഷേധങ്ങൾ: കാലം ചെല്ലും തോറും ജല യുദ്ധങ്ങളുടെ തീക്ഷ്ണത ഏറുകയാണ്..

ജലമെന്ന അമൂല്യ വസ്തുവിൽ ധനകാര്യവിപണിയിലെ ഊഹക്കച്ചവടക്കാരുടെയും കണ്ണെത്തിയിരിക്കുന്നു എന്ന് കാട്ടിത്തരുന്ന ഒരു സംഭവം 2020 ഡിസംബറിൽ ഉണ്ടായി. കാലിഫോർണിയയിൽ ചിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ച് ജലത്തിന്റെ ഊഹാധിഷിഠിത വ്യാപാരം സാധ്യമാക്കുന്ന ലോകത്തെ ആദ്യത്തെ “Water Futures” മാർക്കറ്റിന് തുടക്കം കുറിച്ചു. കാലിഫോർണിയയിലെ ജല വിപണിയിലെ വിലയെ പ്രതിനിധാനം ചെയ്യുന്ന Nasdaq Veles California Water Index (NQH2O) എന്ന സൂചികയെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. എണ്ണയും സ്വർണ്ണവും പോലെയുള്ള ചരക്കുകളെ പോലെ വെള്ളവും ഊഹക്കച്ചവടം നടക്കുന്ന ഒരു ചരക്കായി മാറി.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭാവിയിൽ ഒരു നിശ്ചിത സമയത്ത് മുൻകൂട്ടി നിശ്ചയിച്ച വിലയിൽ ഒരു പ്രത്യേക ചരക്കോ ഓഹരിയോ വാങ്ങാനോ വിൽക്കാനോ ഉള്ള അവസരമൊരുക്കുന്ന നിയമപരമായ കരാറാണ് ഫ്യൂച്ചേഴ്സ് കരാറുകൾ (Futures Contracts). അപ്രതീക്ഷിതമായി ചരക്കുകകളുടെ വിലയിലുണ്ടാകുന്ന വർദ്ധനവിനെ ചെറുക്കാൻ ഇത്തരം കരാറുകൾ ആവശ്യക്കാരെ സഹായിക്കും എന്ന ഒരു നല്ല വശം ഇവയ്ക്കുണ്ട്. പക്ഷെ, ഡെറിവേറ്റീവുകൾ (Derivatives) എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക ഉപകരണങ്ങളിൽ പെടുന്ന ഇത്തരം കരാറുകളുടെ ഒരു പ്രധാന സവിശേഷത ചരക്കുകളുടെ യാഥാർത്ഥത്തിലുള്ള കൈമാറ്റമില്ലാതെ ലാഭമെടുക്കാൻ ഊഹക്കച്ചവടക്കാർക്ക് അവസരമുണ്ടാക്കുന്നു എന്നതാണ്. അതായത് ഈ കരാറുകൾ ചരക്കുകളുടെയും ഓഹരികളുടെയും ഭാവിയിലെ മൂല്യത്തെ പറ്റി വാതുവെപ്പിൽ ഏർപ്പെടാൻ ഈ വിപണികൾ നിക്ഷേപകർക്ക് അവസരമൊരുക്കുന്നു. ആഗോള ഫിനാൻസ് മുതലാളിത്തത്തിന്റെ പ്രധാന ചാലകശക്തികളിൽ ഒന്നാണ് ഇക്കാലത്ത് ഡെറിവേറ്റീവുകൾ. ധനകാര്യ/ഓഹരി വിപണികളുടെയും ഗതിയും ചരക്കുകളുടെ വിലയും നിർണ്ണയിക്കുന്നതിൽ ഇവ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഒരു വർഷം പിന്നിടുമ്പോൾ NQH2O Water Futures – ന് വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വാസ്തവമാണ്. പക്ഷെ, അത് നൽകുന്ന സന്ദേശത്തെ അവഗണിക്കാനാകില്ല. ഉപയോഗമൂല്യമുള്ള എന്തും വിനിമയമൂല്യവും അതിനാൽ ലാഭസാധ്യതയും ഉള്ള ചരക്കുകളായി മാറുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നതാണത്. ജീവന്റെ നിലനിൽപിന് ഒഴിച്ചുകൂടാനാകാത്ത ജലത്തിന്റെയോ അതു പോലുള്ള മറ്റ് പ്രകൃതിവിഭവങ്ങളുടെയോ പോലും സമാഹരണവും വിതരണവും വിപണിയുടെ അദൃശ്യകരങ്ങൾക്കും ഊഹക്കച്ചവട ധന മൂലധനത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കും വിട്ടുകൊടുക്കുന്നതിൽ അപാകത കാണാത്ത നിയോലിബറൽ ആദർശങ്ങൾക്ക് അടിവരയിടുന്നു ആ സംഭവം.

ഇതിനർത്ഥം നിയോലിബറൽ ലോകക്രമം പ്രതിരോധങ്ങളെയെല്ലാം അതിജീവിച്ച് എന്നെന്നേക്കുമായി അതിന്റെ വെന്നിക്കൊടി പാറിച്ച് കഴിഞ്ഞിരിക്കുന്നു എന്നല്ല. വാസ്തവത്തിൽ, ഈ കാര്യങ്ങൾ ഓർക്കാനുണ്ടായ പ്രധാന കാരണം തന്നെ അങ്ങിനെയൊരു സമരത്തിന് അടുത്തകാലത്ത് ഉണ്ടായിട്ടുള്ള പ്രത്യാശാജനകമായ പരിണതിയാണ്. ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ നടക്കുന്ന ചരിത്രപരമായ മാറ്റങ്ങൾ. നാല്പതിലേറെ വർഷങ്ങളായി നിയോലിബറൽ നയങ്ങളാണ് ചിലിയിലെ സമ്പദ് വ്യവസ്ഥയുടെ ദിശ നിർണ്ണയിക്കുന്നത്. ഇത് സാമൂഹ്യ സാമ്പത്തികരംഗത്തും പരിസ്ഥിതിയിലും ഉണ്ടാക്കിയിട്ടുള്ള ആഘാതം തീവ്രവും ദൂരവ്യാപകവുമാണ്. ഈ നയങ്ങൾ തിരുത്താനായി ഭരണഘടനയെ പുതുക്കിയെഴുതാനുള്ള ശ്രമത്തിലാണ് ആ രാജ്യം. അതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് ജലമടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ യഥാർത്ഥ അവകാശികൾ ആര് എന്ന നിർണ്ണായകമായ ചോദ്യം ആ ശ്രമങ്ങളുടെ കേന്ദ്ര പ്രമേയമായി വരുന്നു എന്നതാണ്.

2019 ഒക്ടോബറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ സമരങ്ങളാണ് ഭരണഘടന തിരുത്താനുള്ള റെഫറണ്ടത്തിലേക്ക് ചിലിയെ നയിച്ചത് . തലസ്ഥാന നഗരിയായ സാന്തിയാഗോയിൽ മെട്രോ യാത്രാനിരക്കിലെ വർദ്ധനവിനെതിരെയുണ്ടായ പ്രതിഷേധ സമരത്തിലായിരുന്നു തുടക്കം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അത് അഭൂതപൂർവമായ ഒരു ജനകീയ പ്രതിരോധമായി മാറി. രാജ്യം മുഴുവൻ ഈ സമരാഗ്നി വ്യാപിച്ചു. കഴിഞ്ഞ കുറച്ച് ദശകങ്ങളായി വിവിധ കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ ഉണ്ടായിവന്നിട്ടുള്ള തീവ്രമായ അസംതൃപ്തിയും അമർഷവും അണപൊട്ടിയൊഴുകി. പ്രാദേശികമായ ഒരു വിഷയത്തിലുള്ള പ്രതിഷേധം നിയോലിബറലിസത്തിനെതിരായ രാജ്യവ്യാപക സമരമായി രൂപാന്തരം പ്രാപിച്ചു. സാന്തിയാഗോയിലെ നഗര ചത്വരങ്ങളൊന്നിൽ സമരക്കാർ എഴുതിവെച്ച മുദ്രാവാക്യങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു: ‘നിയോലിബറലിസം പിറന്ന ചിലിയിൽ തന്നെ അതിന്റെ അന്ത്യവും’ (“Neoliberalism was born and will die in Chile”).

പ്രതിഷേധങ്ങൾ ആക്രമാസക്തമായി. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ നിയന്ത്രണം വിട്ടു. മുപ്പതോളം പേര് കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേൽക്കുകയും ആയിരങ്ങൾ അറസ്റ്റിലാവുകയും ചെയ്തു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ചിലിയിലെ ജനങ്ങൾക്ക് ഒരു പുതിയ ഭരണഘടനയുടെ കരട് രൂപീകരണത്തിനുള്ള അവസരം നൽകുന്ന റഫറണ്ടം നടത്തുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു കരാറുണ്ടാകുന്നത്. ഈ റഫറണ്ടത്തിൽ 78 ശതമാനം പേർ പുതിയ ഭരണഘടനക്ക് അനുകൂലമായി വിധിയെഴുതി.

ഇതിന്റെ തുടർച്ചയായി കഴിഞ്ഞ വർഷം ഏപ്രിലിൽ കോൺസ്റ്റിട്യൂഷനൽ കൺവെൻഷനലിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ലിംഗ സമത്വവും തദ്ദേശീയ പ്രാതിനിധ്യവും ഉള്ള ഒരു സമിതിയെ തിരഞ്ഞെടുക്കാനായിരുന്നു ഈ തിരഞ്ഞെടുപ്പ്. അതിൽ ഭരണഘടനയിൽ സമൂലമായ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്ക് വലിയ ഭൂരിപക്ഷം ലഭിച്ചു. ശ്രദ്ധേയമായ ഒരു കാര്യം അവരിൽ വലിയൊരു പങ്ക് ജലത്തിന്റെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും സ്വകാര്യവൽക്കരണം, പെൻഷൻ പോലുള്ള ജീവിത സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നുള്ള സർക്കാരിന്റെ പിന്മാറ്റം, പരിസ്ഥിതി പ്രശ്നങ്ങൾ, യൂട്ടിലിറ്റി കമ്പനികളുടെ ചൂഷണം, അഴിമതി തുടങ്ങിയ ജനകീയ പ്രശ്നങ്ങളേറ്റെടുത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു എന്നതാണ്. 155 ൽ 37 സീറ്റുകൾ മാത്രമായിരുന്നു വലതുപക്ഷത്തിന് ലഭിച്ചത്.

പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ഈ സമിതിക്ക് 2022 ജൂലൈ 5 വരെ സമയമുണ്ട്. ഈയിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യമായ Apruebo Dignidad (“I Vote For Dignity”) – ൻറെ സ്ഥാനാർഥിയായ ഗബ്രിയേൽ ബോറിക്ക് നേടിയ വൻ വിജയം ഈ ശ്രമത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. നിയമനിർമ്മാണ സഭകളിൽ വലതുപക്ഷത്തിന് ഇപ്പോഴുമുള്ള മുൻതൂക്കം ഈ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ടെങ്കിലും. നിയോലിബറൽ മാതൃകയെ വെല്ലുവിളിക്കുന്ന ചിലിയിലെ പ്രതിഷേധ സമരങ്ങളുടെ തുടക്കമായ “പെൻഗ്വിൻ വിപ്ലവം” എന്ന് വിളിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ആളാണ് ബോറിക്.

ഗബ്രിയേൽ ബോറിക്
(By neuropata – Flickr)

നിയോലിബറലിസം സാധ്യമാക്കുന്ന സാമ്പത്തികാഭിവൃദ്ധിയുടെ മികച്ച മാതൃകയായി അവതരിക്കപ്പെട്ടിരുന്ന ചിലി എങ്ങിനെയാണ് പൊടുന്നനെ ഇത്തരമൊരു വിപ്ലവകരമായ മാറ്റത്തിന്റെ വക്കിലെത്തിയത് ? ചിലിയിലെ ജനങ്ങളുടെ കണ്ണിൽ ജലത്തിന്റെയും അതുപോലുള്ള പൊതു പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥാവകാശവും പാരിസ്ഥിക പ്രശ്നങ്ങളും മറ്റ് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ള വിഷയമായി മാറിയത് എന്തുകൊണ്ടാണ്? ഇതിന് ഉത്തരം തിരയേണ്ടത് ആ രാജ്യത്തിന്റെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലും അതിന്റെ പ്രധാന അന്തർധാരയായി വർത്തിച്ച നിയോലിബറൽ ലോകവീക്ഷണത്തിലുമാണ്.

1947-ൽ ഓസ്ട്രിയൻ രാഷ്ട്രീയ തത്ത്വചിന്തകനായ ഫ്രെഡറിക് വോൺ ഹയെക്കിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മോണ്ട് പെലറിൻ സൊസൈറ്റിയിലാണ് നിയോലിബറൽ തത്വചിന്തയുടെ വേരുകൾ. സാമ്പത്തിക ശാസ്ത്രജ്ഞരായ ലുഡ്വിഗ് വോൺ മിസെസും മിൽട്ടൺ ഫ്രീഡ്മാനും ആയിരുന്നു ആ സൊസൈറ്റിയിലെ മറ്റ് രണ്ടു പ്രമുഖർ. ലിബറലിസത്തെ പോലെ അതിന്റെ ഈ പുതിയ പതിപ്പും ഉയർത്തി കാട്ടുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യം, അന്തസ്, മനുഷ്യാവകാശങ്ങൾ തുടങ്ങിയ മൂല്യങ്ങളെയാണ്. ആർക്കും നിഷേധിക്കാനൊക്കാത്ത മാനവിക മൂല്യങ്ങൾ. പക്ഷെ തുടക്കം തൊട്ടേ നിയോലിബറലിസം യഥാർത്ഥത്തിൽ ലക്ഷ്യമാക്കിയത് ഈ ആദർശങ്ങളുടെ മറപിടിച്ച് വിപണിയെയും സ്വകാര്യമൂലധനത്തെയും ഭരണകൂടത്തിന്റയും പൊതുസമൂഹത്തിന്റെയും നിയന്ത്രണങ്ങളിൽ നിന്ന് വിമുക്തമാക്കുകയാണ്. അതുകൊണ്ടുതന്നെ അത് ശത്രുസ്ഥാനത്ത് നിർത്തിയിട്ടുള്ള പ്രവണതകൾ ഏതെന്നത് വളരെ വ്യക്തമായിരുന്നു. സാമ്പത്തികാഭിവൃദ്ധിയും സമത്വവും കൈവരിക്കുന്നതിനായി ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ആസൂത്രണം വിഭാവനം ചെയ്യുന്ന മാർക്സിസമടക്കമുള്ള സോഷ്യലിസ്റ്റ് ആദർശങ്ങൾ; മാന്ദ്യത്തിൽ നിന്ന് കരകയറാൻ സ്റ്റേറ്റ് ഇടപെടലുകൾ നിർദ്ദേശിക്കുന്ന കെയ്‌നീഷ്യനിസം. ഇവയെ എതിർക്കാനുള്ള സൈദ്ധാന്തിക അടിത്തറ പ്രദാനം ചെയ്യുകയായിരുന്നു നിയോലിബറൽ പ്രത്യയശാസ്ത്രം. അത്യന്തം ആപൽക്കരമായ ഒരു ലഘൂകരണമായിരുന്നു അത് മുന്നോട്ട് വെച്ചത്: ‘വ്യക്തികളുടെ സ്വാതന്ത്ര്യം + അവകാശങ്ങൾ സമം സാമൂഹ്യനിയന്ത്രണമില്ലാത്ത സ്വകാര്യമൂലധനം + വിപണി’ എന്ന കുടില യുക്തി.

അതേസമയം ഫലത്തിൽ ആദർശ മുതലാളിത്തത്തിന്റെ സൈദ്ധാന്തിക രൂപരേഖ മാത്രമായി ചുരുങ്ങി നിന്നില്ല നിയോലിബറലിസം. ഡേവിഡ് ഹാർവേ ചൂണ്ടി കാട്ടിയിട്ടുള്ളത് പോലെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മുതലാളിത്തത്തിന്റെ സ്വച്ഛമായ വികാസത്തിന് തടസമായി ഉയർന്നു വന്ന പ്രവണതകളെ ഇല്ലായ്മ ചെയ്യാനും അതിലെ അധീശവർഗ താല്പര്യങ്ങളുടെ പുനഃസ്ഥാപനത്തിനും ഉള്ള രാഷ്ട്രീയ പദ്ധതി കൂടിയായി അത് മാറി.

സൈനിക സ്വേച്ഛാധിപതിയായ പിനോഷെയുടെ ചിലിയായിരുന്നു നിയോലിബറലിസത്തിന്റെ ആദ്യത്തെ പരീക്ഷണശാല. 1970 ൽ ജനാധിപത്യപരമായി അധികാരത്തിൽ വന്ന സോഷ്യലിസ്റ്റ് പ്രസിഡന്റ് ആയ സാൽവദോർ അലെൻഡെയുടെ ഭരണത്തെ അമേരിക്കയുടെയും ചിലിയിലെ മുതലാളിത്ത ശക്തികളുടെയും സഹായത്തോടെ അട്ടിമറിച്ചായിരുന്നു പിനോഷെ അധികാരത്തിലെത്തുന്നത്. ആ സ്വേച്ഛാധിപതിയുടെ നൃശംസതകളും അധികാര ദുർവിനിയോഗവുമൊന്നും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രത്യയശാസ്ത്രമെന്ന് മേനി നടിക്കുന്ന നിയോലിബറലിസത്തിന്റെ വക്താക്കൾക്ക് തടസമായിരുന്നില്ല. ഒന്നോർത്താൽ അതിൽ അത്ഭുതവുമില്ല. അത് അടിസ്ഥാനപരമായും ലക്ഷ്യമാക്കുന്നത് മുതലാളിത്ത അധീശവർഗ്ഗ താല്പര്യങ്ങളുടെ പുനഃസ്ഥാപനം മാത്രമായിരുന്നല്ലോ.

ചിക്കാഗോ സർവകലാശാലയിൽ നിന്ന് മിൽട്ടൺ ഫ്രീഡ്‌മാൻ, അർനോൾഡ് ഹാർബർഗർ തുടങ്ങിയ നിയോലിബറലിസത്തിന്റെ പ്രണേതാക്കളുടെ കീഴിൽ പഠിച്ചിറങ്ങിയ കുറച്ച് സാമ്പത്തിക ശാസ്ത്രജ്ഞർക്കായിരുന്നു ഈ പ്രക്രിയയുടെ കാർമ്മികത്വം. ‘ചിക്കാഗോ ബോയ്‌സ്’ എന്നറിയപ്പെടുന്ന ഈ ധനതന്ത്രജ്ഞരുടെ സഹായത്തോടെ പിനോഷെ ചിലിയുടെ സമ്പദ്ഘടന പുതുക്കി പണിതു. വെങ്കലമൊഴിച്ചുള്ള ധാതുക്കളുടെ ഖനനം, മത്സ്യ ബന്ധനം, വന വിഭവങ്ങൾ, ആരോഗ്യ മേഖല, വിദ്യാഭ്യാസം, പെൻഷൻ ഫണ്ടുകൾ തുടങ്ങിയവയെല്ലാം സ്വകാര്യവൽക്കരിക്കപ്പെട്ടു. വിദേശ മൂലധനത്തിനുള്ള നിയന്ത്രണങ്ങൾ ഇല്ലാതായി. ചങ്ങാത്ത മുതലാളിത്തത്തിന്റെയും അഴിമതിയുടേയും പറുദീസയായി പിനോഷെയുടെ ചിലി. സമ്പന്നർ കൂടുതൽ സമ്പന്നരായപ്പോൾ സാധാരണ മനുഷ്യർക്ക് നിയോലിബറൽ സ്റ്റേറ്റിന്റെ ഈറ്റില്ലം കാത്തുവെച്ചത് തൊഴിലില്ലായ്മയുടെയും താങ്ങാനാകാത്ത വിലക്കയറ്റത്തിന്റെയും കറുത്ത നാളുകളായിരുന്നു.

1980 ൽ ആ സ്വേച്ഛാധിപത്യത്തിനും നിയോലിബറൽ സാമ്പത്തിക ക്രമത്തിനും സാധുത നൽകുന്ന ഒരു ഭരണഘടന നിലവിൽ വന്നു. അതാണ് ഇപ്പോൾ മാറ്റിയെഴുത്തിന് വിധേയമാകുന്നത്. ജലസ്രോതസുകൾ സ്വകാര്യസ്വത്തായി മാറുന്നത് അക്കാലത്താണ്. ഒരു ദശകത്തിനു ശേഷം പിനോഷെയുടെ സൈനിക ഭരണം പാർലിമെന്ററി ജനാധിപത്യത്തിന് വഴിമാറി കൊടുത്തെങ്കിലും നിയോലിബറലിസം ചിലിയുടെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനധാരയായി നിലകൊണ്ടു. ജനാധിപത്യത്തിലേക്കുള്ള പരിവർത്തന കാലത്തുണ്ടായ സാമ്പത്തിക വളർച്ചയുടെ ഫലമായി സാധാരണ മനുഷ്യരുടെ ജീവിതനിലവാരം താരതമ്യേന ഉയർന്നത് ചിലി ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന പ്രതീതിയുണ്ടാക്കി.

പക്ഷെ, ആ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. പെൻഷൻ ഫണ്ടുകളുടെ സ്വകാര്യവൽക്കരണം സാധാരണ മനുഷ്യരുടെ സാമൂഹ്യ സുരക്ഷക്ക് ഭീഷണിയായി. ശുദ്ധജലത്തിന് പുറമെ സാനിറ്റേഷനും സ്വകാര്യവൽക്കരണത്തിന് വിധേയമായി. ബഹുരാഷ്ട്ര കോർപറേഷനുകൾ ജല വിതരണത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്ന ചിലി ലാറ്റിനമേരിക്കയിൽ കുടിവെള്ളത്തിന് ഏറ്റവും വിലകൊടുക്കേണ്ടി വരുന്ന രാജ്യമായി മാറി. സ്വകാര്യസ്ഥാപനങ്ങളുടെ യാതൊരു നിയന്ത്രണമില്ലാത്ത ഖനനവും പ്രകൃതി വിഭവങ്ങളുടെ ചൂഷണവും ജലചോരണവും പലയിടങ്ങളിലും തദ്ദേശവാസികളുടെ നിലനിൽപിന് തന്നെ ഭീഷണിയായി. നിയന്ത്രണമില്ലാതെ വർദ്ധിച്ചു വന്ന സാമ്പത്തിക അസമത്വം നല്ല വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, പാർപ്പിടം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ സമ്പന്നർക്ക് മാത്രം പ്രാപ്യമായ കാര്യങ്ങളാക്കി.

പല മാനങ്ങളുള്ള പ്രതിസന്ധിയിലേക്കാണ് നാല്പതുവർഷക്കാലത്തെ നിയോലിബറൽ പരീക്ഷണങ്ങൾ ചിലിയെ കൊണ്ടു ചെന്നെത്തിച്ചിട്ടുള്ളത്. ഇത് വിവിധ വിഭാഗം ജനങ്ങളിലുണ്ടാക്കിയ അസംതൃപ്തിയുടെയും അമർഷത്തിന്റെയും ബഹിർസ്ഫുരണമായിരുന്നു 2019 തൊട്ടുണ്ടായ പ്രക്ഷോഭസമരങ്ങൾ. ഇവിടെ നിന്ന് എങ്ങോട്ടേക്കായിരിക്കും ചിലി നീങ്ങുക? ശുഭ പ്രതീക്ഷകൾ നൽകുന്നുണ്ട് സമീപകാല ചരിത്രം. പക്ഷെ, എളുപ്പമായിരിക്കില്ല ആ വഴി. ഇന്ന് ഒരു രാജ്യവും സമ്പദ് വ്യവസ്ഥയും ഒറ്റപ്പെട്ട തുരുത്തുകളല്ല. അതി സങ്കീർണ്ണമായി കെട്ടുപിണഞ്ഞു കിടക്കുന്ന ആഗോള സാമ്പത്തിക ക്രമത്തിലെ വലക്കണ്ണികളാണ് അവ ഓരോന്നും.അതിലെ നിർണ്ണായകമായ സ്വാധീനമുള്ള അധീശവർഗ്ഗ താല്പര്യങ്ങളെ മറികടന്ന് ബദലുകൾ സൃഷ്ടിക്കുക അനായാസമായിരിക്കില്ലല്ലോ!

ചിലി പ്രക്ഷോഭം

ഭാവി കാത്തുവെച്ചിരിക്കുന്നത് എന്തായാലും, ചിലിയുടെ പതനവും പ്രതിരോധവും മറ്റൊരു ലോകക്രമത്തിന്റെ സാധ്യതകൾ തേടുന്നവർക്ക് ഒട്ടേറെ പാഠങ്ങൾ നൽകുന്നുണ്ട്. ഈ നൂറ്റാണ്ടിലെ ജലയുദ്ധങ്ങളെ കുറിച്ച് തുടങ്ങിയ ആലോചനകൾ ചിലി കടന്നു പോകുന്ന സംഘർഷഭരിതമായ ചരിത്രത്തിന്റെ വിലയിരുത്തലിലേക്ക് നയിച്ചത് ആകസ്മികമല്ല. ലോകത്തെമ്പാടുമുള്ള സാധാരണ മനുഷ്യരുടെ അതിജീവന സമരങ്ങളുടെ ഒരു microcosm ആണ് വർത്തമാനകാല ചിലിയുടെ ചരിത്രം. സർവ്വകലാശാലകളിലെ ക്ലാസ്സ്മുറികളിലിരുന്ന് ഉരുവിട്ട് പഠിച്ച സിദ്ധാന്തങ്ങളല്ല പുറത്തെ ജീവിതത്തിന്റെ ചൂരും ചൂടുമാണ് ഈ സമരങ്ങളെ മുന്നോട്ട് നയിക്കുന്നത്. ബൊളീവിയയിലെ ജലസമരത്തിന്റെ നേതാവ് ഓസ്കാർ ഒലിവേര ലോകബാങ്ക് മേധാവിയോട് പറഞ്ഞത് തന്നെയാണ് ചിലിയിലെ മനുഷ്യർ നിയോലിബറലിസത്തിന്റെ വക്താക്കളോട് പറയുന്നത്. അത് തെരുവുകളിലെ ജീവിതം കാണാനുള്ള ക്ഷണമാണ്.

സാമ്പത്തിക സാങ്കേതിക വിദഗ്ദ്ധരുടെ സോഷ്യൽ എഞ്ചിനീയറിംഗ് വ്യാമോഹങ്ങളുടെ പരീക്ഷണശാലയായിരുന്നു ഇക്കാലമത്രയും ചിലി. പരാജയപ്പെട്ട പരീക്ഷങ്ങളുടെ ഈ നാട് ഇപ്പോൾ ഒറ്റമൂലികളൊന്നും നിർദ്ദേശിക്കുന്നില്ല. പകരം അവിടെ കാണുന്നത് പ്രതിഷേധങ്ങളുടെയും സമീപനങ്ങളുടെയും ബഹുസ്വരതയാണ്. എന്നാൽ അതേ സമയം തിരസ്ക്കരിക്കേണ്ടതെന്ത് എന്നതിനെ കുറിച്ചുള്ള സമാനബോധ്യങ്ങൾ അവയെ ചേർത്തു നിർത്തുന്നുമുണ്ട്. ഈ പ്രതിഷേധങ്ങളിൽ പ്രകടമായ പ്രത്യയശാസ്ത്ര വിശുദ്ധിയുടെ ഉലയിൽ ഊതിക്കാച്ചിയെടുത്ത ഒരൊറ്റ വിപ്ലവപരിപാടിയുടെ അഭാവം അലോസരപ്പെടുത്തുന്നവരുണ്ടാകാം. പക്ഷെ, ഒന്ന് തീർച്ചയാണ്. മനുഷ്യസമൂഹം ഇന്ന് നേരിടുന്ന സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികൾക്ക് ഒറ്റ അച്ചിൽ വാർത്ത പരിഹാരങ്ങളില്ല. അതിനർത്ഥം മറ്റൊരു ലോകം സാധ്യമല്ല എന്നല്ല.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like

അഭിപ്രായം എഴുതുക.