പൂമുഖം നിരീക്ഷണം കുറുന്തോട്ടിക്ക് വാതമോ? CJ vs Judges

കുറുന്തോട്ടിക്ക് വാതമോ? CJ vs Judges

four-supreme-court-judges_650x400_51515932221

ൻഡ്യയിലെ പരമോന്നത നീതിപീ0ത്തിലെ ന്യായാധിപർ തമ്മിലുള്ള തർക്കവിതർക്കങ്ങൾക്ക് അടിസ്ഥാനമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ‘കഴ്സൺറോഡിന് സമീപമുളള ചുവന്ന കെട്ടിടം തകർന്നു വീഴും അല്ലെങ്കിൽ ജനങ്ങൾ അതു തകർക്കും’ എന്ന്‍ 37 വർഷങ്ങൾക്ക് മുമ്പ് ജസ്റ്റിസ് കൃഷ്ണ അയ്യർ പറഞ്ഞത് കെട്ടിടത്തിന്‍റെ ബലക്ഷയത്തെ കുറിച്ചല്ലെന്നും കോടതി നടപടികളിലെ കെടുകാര്യസ്ഥതയെ സംബസിച്ചാണെന്നൂം അറിയാത്തവർ ആരുണ്ട്? ലോകത്തിൽ വച്ച് ഏറ്റവും കുറച്ച് അഴിമതിക്ക് വിധേയമാവുന്ന വ്യവസ്ഥിതിയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. നാല് ജഡ്ജിമാർ പത്ര സമ്മേളനം നടത്തി ചിലത് തുറന്ന് പറഞ്ഞത് ശരിയോ തെറ്റോ എന്നതിനെക്കുറിച്ച് അധര വ്യായാമം ചെയ്യുന്നതിലുപരി അവർ ഉന്നയിച്ച വിഷയങ്ങൾക്കടിസ്ഥാനമായത് സ ഗൗരവം ചർച്ച ചെയ്യപ്പെടേണ്ടതല്ലേ.

2011 Oct 10ന് സുപ്രീം കോടതി ജഡ്ജിമാരായി അവരോധിക്കപ്പെട്ട ‘ജസ്തി ചെലമേശ്വരും ദീപക് മിശ്രയും തമ്മിലുള്ള സീനിയോറിറ്റി സംബന്ധിച്ച തർക്കവും അവരില്‍ ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയതും പ്രശ്നങ്ങൾക്ക്‌ വേഗതയേറ്റി. ബോംബെ, കൽക്കട്ട, മദ്രാസ് ഹൈക്കോടതികളുടെ ഉത്ഭവ ശേഷം മാത്രം രൂപം കൊണ്ട സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിന് ഉള്ളതായ പ്രാധാന്യം സീനിയർ അംഗങ്ങൾ ഉൾപ്പെടുന്ന ഭരണഘടനാ ബഞ്ചിനും ഉണ്ടെന്നുള്ളതു വസ്തുതയാണ് അങ്ങനെയിരിക്കെ, പലതിലും ചീഫ് മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന രീതി കെടുകാര്യസ്ഥതയ്ക്കും പക്ഷപാതത്തിനും കാരണമാകുന്നുവെന്ന് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ ആയത് തള്ളികളയാനാകില്ല.

ഹൈക്കോടതി സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം രീതി മാറ്റി പുതിയ രീതി പരീക്ഷിക്കണമെന്നും NJC നടപ്പിൽ വരുത്തണമെന്നുമുള്ള ഗവ: തീരുമാനങ്ങളുടെ ഉദ്ദേശ്യം മറ്റൊന്നാണ്. ജഡ്ജിമാരിൽ അഴിമതിക്കാരുണ്ടെന്ന് ഉറക്കെവിളിച്ച് പറഞ്ഞ ജഡ്ജിമാർ പലരും ഉണ്ടായിരുന്നുവെങ്കിലും അപ്രകാരം പറഞ്ഞതിന് ജയിലറകളിലെ സുഖചികിത്സ 6 മാസംഅനുഭവിച്ചറിഞ്ഞത്, പാവം ജസ്റ്റിസ് കർണ്ണൻ മാത്രം. കോടതിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ കോടതി അലക്ഷ്യം എന്ന അച്ചടക്കത്തിന്‍റെ വാളോങ്ങുന്നത് അസഹി്ഷ്ണതയുടെ പര്യായമല്ലാതെയെന്ത്..

dee

സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്സിന്‍റെ CBI വിചാരണ കോടതി ജഡ്ജി ബ്രിജ് ഗോപാൽ ഹർകിഷൻ ലോയ 2014 Dec ഒന്നാം തീയതി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കേസ്സിൽ സീനിയർ ജഡ്ജിമാരുടെ ബഞ്ചിൽ കേസ്സ് കേൾക്കാൻ പാടില്ലെന്ന് ചീഫ് ശഠിച്ചത് എന്തിന്? സൊഹ്റാബ് കേസ്സിൽ അമിത് ഷാ ഹാജരാകാൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു, കേസ്സിൽ അനുകൂല വിധി എഴുതാൻ ബോംബെ ഹൈക്കോടതി CJ മോഹിത് ഷാ 100 കോടി രൂപ ലോയയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നുവെന്ന ലോയയുടെ സഹോദരി അനുരാധ ബിയാനിയുടെ ആരോപണത്തിൽ കഴമ്പുണ്ടോയെന്ന് അറിയേണ്ടതല്ലേ? ലോയയുടെ കേസ്സ് സീനിയോറിറ്റിയിൽ പത്താം സ്ഥാനക്കാരനായ അരുൺ മിശ്രയുടെ കോടതിയിലേക്ക് എത്തിച്ചതിൽ നിഗൂഢതയുണ്ടോ?

മെഡിക്കൽ കോഴ കേസിൽ ഉൾപ്പെട്ട ലഖ്നൌവിലെ പ്രശാന്ത് എഡുക്കേഷൻ ട്രസ്റ്റിന്‍റെ സുപ്രിം കോടതിയിലെ കേസ്സിൽ ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ആരോപണങ്ങൾ സീനിയർ ബഞ്ച് കേൾക്കണമെന്ന വിധി എഴുതിയ ചെലമേശ്വർ തെറ്റുകാരനാണോ? ആരോപണ വിധേയനായ ചീഫ് തന്നെ നിശ്ചയിച്ച കോടതിയിൽ അത് കേൾക്കുന്നതില്‍ അനൌചിത്യമില്ലേ? ഒഡീഷ ഹൈക്കോടതി ജഡ്ജിയായ ഐ.എം.ഖുദുസിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത ടി കേസ്സിൽ ഒഡീഷക്കാരനായ ചീഫിനെതിരെ അഴിമതി ആരോപണം ഉയർന്ന് വന്നുവെങ്കിൽ കേസിന്‍റെ വിചാരണയിലും തീർപ്പിലും ഇടപെടാതെ, സുതാര്യവും വിശ്വാസ പ്രദവുമായ നിലപാട് സ്വീകരിക്കുകയല്ലേ അദ്ദേഹം ചെയ്യേണ്ടത്? അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന കലിഖോ പൂൾ തന്‍റെ ആത്മഹത്യ കുറിപ്പിൽ ദീപക് മിശ്രയുടെ ബന്ധു ആദിത്യ മിശ്രയും ജസ്റ്റിസ് കേഹറിന്‍റെ ബന്ധു വീരേന്ദ്ര കേഹറും കോടികൾ കൈക്കൂലി ആവശ്യപ്പെട്ട് പൂളിനെ ബ്ലാക്ക് മെയിൽ ചെയ്ത വാർത്തകളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതില്ലേ.

 സാമ്പത്തിക സ്വാധീനങ്ങൾക്ക് വഴിപ്പെട്ടും കൊടിയുടെ നിറം നോക്കി വിധി എഴുതിയും ദല്ലാളൻമാരുടെ അന്ത:പുരങ്ങളിലെ മുന്തിയ ലഹരിയില്‍പ്പെട്ട് രാജ്യത്തിനും ജനതയ്ക്കും എതിരെ എത്രയെത്ര വിധികൾ പടച്ചിറക്കി എന്ന് ഒരു നിമിഷം അവർ ഓരോരുത്തരും ചിന്തിക്കുന്നത് നന്ന്. സാധാരണ ജനതയുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന നീതിപീഠങ്ങളേ, ഞങ്ങളുടെ വിശ്വാസങ്ങളെ നിങ്ങൾ ചൂഷണം ചെയ്യുകയില്ലെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ചതാണോ തെറ്റ്? ഇൻഡ്യൻ ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകളിൽ ശക്തവും പ്രഥമവുമായ നീതിന്യായ വ്യവസ്ഥയെന്ന തൂണിൽ വലിഞ്ഞ് കയറി പണാധിപത്യത്തിന്‍റെ കൈപ്പിടിയിൽ ഒതുക്കാനും രാഷ്ടീയത്തിന്‍റെ നിറം കൊടുക്കാനും ആരെങ്കിലും ശ്രമിച്ചാൽ നാലല്ല, ദുർനടപ്പില്ലാത്തതും ദു:സ്വാധീനങ്ങൾക്ക് വഴിപ്പെട്ട് പോകാത്തവരുമായ മുഴുവൻ ന്യായാധിപരും ഇൻഡ്യൻ ജനത ഒന്നടങ്കവും പ്രതികരണത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും കൊടുങ്കാറ്റ് അഴിച്ച് വിടും, അതിനെ പ്രതിരോധിക്കാനാകാതെ തകർന്നടിഞ്ഞ് നിഷ്പ്രഭമായി പോകും ദു:ശക്തികളും അവരുടെ പിൻതലമുറക്കാരും. സംശുദ്ധിയുടെയും സത്യസന്ധതയുടെയും സുതാര്യതയുടെയും സ്ഫടിക ഗോപുരമായി അന്തസ്സോടെ അഭിമാനത്തോടെ ശിരസ്സ് ഉയർത്തി നിൽക്കും എന്‍റെ രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥ, ജനാധിപത്യത്തിന്‍റെ കാവലാളായി..

Comments
Print Friendly, PDF & Email

You may also like