” ഇപ്പോൾ എവിടെയാണ്?”
– എടോടീന്ന് റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ജംഗ്ഷനിൽ രവീന്ദ്രാ ഹോട്ടലിനപ്പുറത്ത് പുരുഷുവേട്ടന്‍റെ പീട്യേന്‍റെ മുമ്പില് ഒരു കെട്ടില്ലേ, ഞാനയിമലിരിക്ക്ന്ന്ണ്ട്.
(എ.ഡി.15-ാം ശതകത്തിൽ കുരുമുളക് പെറുക്കാൻ വന്ന പോർച്ചുഗീസുകാർ പൊള്ള് പാറ്റി ചാക്കിൽക്കെട്ടിത്തിരിച്ചത് ഈ കെട്ടിന്‍റെ മുകളിലിരുന്നായിരുന്നു. വാസ്‌കോഡഗാമയുടെ ചന്തിയേക്കാൾ വീതി അതിനുണ്ടായിരുന്നു. അവന് ആ അടയാളം മനസ്സിലാവാതിരിക്കില്ല)
” ഇതൊരു ജീവിതമാണോ?”
ഞാൻ മിണ്ടിയില്ല. ആണെന്നോ അല്ലെന്നോ ഒരുത്തരം അവൻ കണ്ടുവെച്ചിട്ടുണ്ടാവും. അവൻ എന്നേക്കാൾ ഭയങ്കരനാണ്.
1 x 2 = 2
2 x 2 = 4
3 x 2 = ?
ചോദ്യങ്ങളേക്കാൾ ചെറിയ ഉത്തരങ്ങൾ കാട്ടി വിശാലാക്ഷി ടീച്ചർ എന്നെ അന്ധാളിപ്പിച്ചു തുടങ്ങിയ കാലത്താണ്
1 ദിനാർ = 150 ഇന്ത്യൻരൂപ
1 റിയാൽ = 15 ഇന്ത്യൻ രൂപ തുടങ്ങിയ ചോദ്യങ്ങളേക്കാൾ വലിയ ഉത്തരങ്ങൾ പഠിച്ച് ശിഹാബുദ്ദീൻ വളർന്നത്.
”കുനീലെ ശിഹാബിനെ പോക്കർക്ക വേറെമാതിരി കണക്കാണല്ലോ ടീച്ചറേ പഠിപ്പിക്കുന്നത്?”
-അറിവ് സാന്ദ്രതയാണ്. അതിന് കുറുക്കുവഴികളില്ല. നല്ലോണം പഠിച്ചാലേ ഉള്ളുണ്ടാവൂ (വചനം: വിശാലാക്ഷി ടീച്ചർ (34) മാക്കൂൽ പീടിക അംശം, പുതിയാപ്പ് ദേശം)
ഉള്ളുണ്ടായാൽ പറക്കാൻ കഴിയില്ലെന്ന് ശിഹാബുദ്ദീൻ പഠിച്ചു. പാസ്‌പോർട്ടിൽ വയസ്സ് തിരുത്തി കുവൈത്തിൽ പോയ ആദ്യത്തെ വടകരക്കാരൻ അവനാണ്. പിഡിസിയുടെ പരീക്ഷാ പേപ്പറിൽ സാന്ദ്രതയില്ലാത്തതുകൊണ്ട് അന്തരീക്ഷോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തുവിനെ ഞാനുദാഹരിച്ചതും ശിഹാബുദ്ദീന്‍റെ നാമത്തിലായിരുന്നു. പണ്ടേ അവനായിരുന്നു സംഭവം.
”നിനക്ക് പണം വല്ലതും വേണോ?”
ഞാൻ പിന്നെയും പകച്ചു. കാമുകിയോടൊപ്പം വിനോദസഞ്ചാരം നടത്തുന്ന വസന്തകാലത്ത് നാട്ടിലെ പ്രാചീന സുഹൃത്തിന് സിങ്കപ്പൂർ ഡോളർ അയച്ചുകൊടുക്കുന്ന സുഹൃത്ത് ഇതാ അൽപം മുമ്പ്‌വരെ എനിക്ക് സിനിമാക്കഥയായിരുന്നു. ശിഹാബുദ്ദീൻ അങ്ങനെയെനിക്ക് കൺകണ്ട മോഹൻലാലായി.
”രക്ഷപ്പെടണോ, നീയിങ്ങുവാ”
ശിഹാബുദ്ദീൻ മാത്രമല്ല ഷാഹിർ, ആരിസ്, കുട്ടു, അങ്ങനെ കടൽ കടന്ന സുഹൃത്തുക്കളെല്ലാം എനിക്കു രാത്രിയായിരുന്ന അവരുടെ പകലുകളിൽ അതാവർത്തിച്ചു. അവരുടെ സ്‌നേഹപൂർണ്ണമായ നിർബന്ധങ്ങൾക്കും നമ്മൾ കാണാത്ത ലോകങ്ങൾ ആണ് ലോകങ്ങൾ എന്ന പൗർണ്ണമിയുടെ നൈറ്റ്ക്ലാസുകൾക്കും എന്നെ കീഴ്‌പെടുത്താൻ കഴിയാതെ പോയത് എല്ലാ ദിശകളിലേക്കും വലിക്കപ്പെടുന്ന വസ്തു എങ്ങോട്ടും നീങ്ങുകയില്ല എന്ന കുട്ടിക്കാലങ്ങളിലെ ചലന നിയമത്തിന് ഞാൻ കീഴ്‌പ്പെട്ടുപോയതുകൊണ്ടാണ്. അതുകൊണ്ടിപ്പോഴും പുരുഷുവേട്ടന്‍റെ ജൗളിക്കടക്കുമുമ്പിൽ അപരിചിതത്വം മറയ്ക്കാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്കിടയിൽ ഒരു രാജാവിനെപ്പോലെ ഞാനുണ്ട്.
എടോടിയുടെ വഴിക്കാഴ്ചകളിലേക്ക് പുരുഷുവേട്ടൻ പലകപ്പോളകൾ നീക്കി കണ്ണുതുറന്ന് വെച്ചിട്ട് കാലമേറെയായി. മുഖാമുഖം വരുന്ന വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ പ്രയാസമുണ്ടായിരുന്ന പഴയ എടോടിയല്ല ഇന്ന്. വീതികൂടി, അകത്തേക്ക് മാത്രം കൊണ്ടുപോകുന്നൊരു വഴി വലത്തോട്ടും എപ്പോഴോ അകത്തുകയറിയതിനെ പുറത്തേക്ക് തള്ളിത്തരുന്നൊരു വഴി ഇടത്തോട്ടും തുറക്കപ്പെട്ടു. കൂട്ടബലാത്സംഗങ്ങൾ തടയാൻ കാവൽനിന്ന നരകയറിയ ഹോംഗാർഡുമാർ വൺവെ എന്ന ചെമന്ന പ്ലക്കാർഡുകാട്ടി കണ്ണുമിഴിച്ചു. ചുരുക്കത്തിൽ എടോടി ഇത്തിരി കഷ്ടപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും പോകാൻ കഴിഞ്ഞിരുന്ന നിരത്തിനെ ആനന്ദരഹിതമായ ആയാസത്തിലേക്ക് വഴിമാറ്റി. ഒരുപാടേറെ പെറ്റുകൂട്ടുന്ന പെണ്ണുങ്ങൾ എളുപ്പം വയസ്സികളായിത്തീരുമെന്നത് സത്യമായിരിക്കണം.
നിരത്തും യാത്രക്കാരുടെ വേഗതയും മൊത്തത്തിൽ മാറിയിട്ടും പുരുഷുവേട്ടനിപ്പോഴും, അങ്ങനെ പറഞ്ഞാലെന്താണ് എന്ന് പുതിയ കുഞ്ഞുങ്ങൾ അമ്മമാരോട് തിരക്കുന്ന ജൗളിക്കട എന്നു പേരുള്ള നിലവിലില്ലാത്ത ഒരു കടയുടമയുടെ ജീവിതം ധീരമായി നയിക്കുന്നു, സമ്മതിക്കണം. വിട്ടുവിട്ടു വരച്ച വെളുത്ത വരകളിലൂടെ അലസമായി സാരിചുറ്റി ഓഫീസിലേക്കൊഴുകുന്ന മദ്ധ്യധരണ്യാഴികളേയും നേരം വൈകിമാത്രം കോളേജിലെത്താൻ അന്നനട നടത്തുന്ന കുമാരികളേയും കാണാൻ പക്ഷേ പുരുഷുവേട്ടന്‍റെ കാലഹരണപ്പെട്ട ജൗളിക്കടതന്നെ ഇപ്പോഴുമാശ്രയം. അന്നേരങ്ങളിൽ എടോടിയുടെ സ്ഥാനംതെറ്റിയ പാതക്കിരുവശവും പുതുമഴയിൽ പുരുഷലിംഗങ്ങൾ തൊപ്പിക്കൂണുകൾ പോലെ മുളച്ചു പൊങ്ങും. മഴ തീരുമ്പോൾ അവ വാടിത്തുടങ്ങുകയും പ്രായം ചെന്ന വീട്ടുകാരികൾ അതു നുള്ളിയെടുത്ത് കറികളുണ്ടാക്കുകയും മൃഷ്ടാന്നമുണ്ട ആലസ്യത്തിൽ ഉറങ്ങാൻ തുടങ്ങുകയും ചെയ്യും.
കുട്ടി, മൊബൈൽ, അച്ഛൻ, അമ്മ തുടങ്ങി അസമയങ്ങളിൽ ചിലക്കുന്ന മരണമണികളുടെ കമ്പനങ്ങൾ കേട്ടാവും ഇത്തരം ശാന്തനിദ്രകൾവിട്ട് അവർ ഞെട്ടിയുണരുന്നത്. രതിപിടിച്ച രാത്രികളിൽ സ്വബോധത്തിലേക്ക് തിരിച്ചുവിടപ്പെടുന്ന ജീവികളുടെ പെരുമാറ്റം മുൻകൂട്ടി ഗണിക്കുന്ന ഉപകരണം ഉടനെങ്ങാനും കണ്ടുപിടിക്കപ്പെടുമോ എന്നന്വേഷിച്ച് ന്യൂജനറേഷൻ ശാസ്ത്രമേളകളിൽ വിജ്ഞാനദാഹിയുടെ കാമോദ്ദീപനയനങ്ങളുമായി ഞാനലഞ്ഞു തിരിഞ്ഞിട്ടുണ്ട്. ഇല്ലേയില്ല, രതിയുടെ രീതിശാസ്ത്രത്തിൽ കാമുകിയല്ല ഭാര്യ, കാമുകിയല്ല കാമുകി, ഭാര്യയല്ല ഭാര്യ. ഓരോ നേരങ്ങളിൽ ഓരോരുത്തരും ഇനിയും പരിചയപ്പെടാനിരിക്കുന്ന ശത്രുവും മിത്രവുമാണ്.
ഉദാ: പൗർണ്ണമി.
ജനിക്കും മുമ്പുതന്നെ ഞങ്ങൾ കാമുകീകാമുകരും കാമവിവശരുമായിരുന്നു. അഭിമാനഭാരം കൊണ്ട് തലയുയർത്തിപ്പിടിക്കാനാവാതെ പുഷ്പയുടെ വീതികുറഞ്ഞ വിടവിലൂടെ പട്ടാപ്പകൽ എ-പടം കണ്ടിറങ്ങി പിടിക്കപ്പെട്ടതിനു ശേഷമാണ് പുറത്തുപറയാൻ പറ്റാത്ത കാര്യങ്ങൾ കണ്ടതുകൊണ്ട് വിവാഹം കഴിപ്പിക്കുന്നു എന്ന ഘോരവിളംബരം നടത്തി വീട്ടുകാർ ഞങ്ങളെ ലിംഗബന്ധരാക്കിയത്. നീരുവറ്റിയ ഉടലുമായി എഫ് ചാനലിലെ ഉണക്കബ്യൂട്ടികളെ അസൂയപ്പെടുത്തി, നാട്ടിൻപുറത്തെ പെൺകാഴ്ചകളെ അസ്വസ്ഥപ്പെടുത്തി പിന്നെ പൗർണ്ണമി പറന്നുനടന്നു. റോഡരികിലെ പീടികവരാന്തകളിൽ ശാന്തരായുറങ്ങുന്ന നായ്ക്കൾക്കരികിൽ ചടഞ്ഞിരുന്ന് പാതിരയോളം സിൽക്ക് സ്മിതയേയും രമണിയേയും ഫോൺചെയ്ത് ഞാനും.
പൗഡർ തേച്ചുമിനുക്കി മിനുസപ്പെടുത്തിയ ബോർഡിൽ പെരുവിരലമർത്തിപ്പിടിച്ച് അകലെയുള്ള മാളങ്ങളിലേക്ക് കരുക്കൾ തള്ളിവിടുന്ന ബ്രദേഴ്‌സ് ക്ലബ്ബിന്‍റെ തട്ടിൻപുറത്തെ ലഹരി വിട്ട് ധഫ്രോയിഡിയൻ ആത്മരതി!!പവീട്ടുമുറികളിലേക്ക് ഞാനൊതുങ്ങിയത് രണ്ടുപെറ്റ് പൗർണ്ണമി പുരനിറഞ്ഞ ശേഷമാണ്. പൗർണ്ണമി എന്ന ഉദാഹരണത്തിലേക്ക് നമുക്ക് തിരിച്ച് വരാം. അവൾ ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു. വിശ്വാസം തലക്കുപിടിച്ചൊരു നട്ടുച്ചയ്ക്ക് ഓഫർവിലക്ക് ശിവലിംഗം വിൽക്കുന്ന പീടികക്കാരനോട് ബുദ്ധലിംഗം ചോദിച്ച് കലാപമുണ്ടാക്കിയ പൊള്ളുന്ന കൗമാരം പൗർണ്ണമിക്കുണ്ടായിരുന്നു.
”നിങ്ങൾക്കിഷ്ടമുള്ളത് നിങ്ങൾ വിൽക്കുകയും എനിക്കാവശ്യമുള്ളത് ഞാൻ വാങ്ങുകയും ചെയ്യും. സ്വീകരണമുറിയിലെ കണ്ണാടിയലമാരയിൽ ലിംഗം വെച്ചാരാധിക്കേണ്ട കുട്ടിക്കാലം കഴിഞ്ഞുപോയി. എനിക്ക് വയസ്സായി” ധപൗർണ്ണമി (16)പ
പൗർണ്ണമി ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു. പറഞ്ഞുവന്നത് അതാണ്. അവൾക്ക് സെക്‌സ് ദൈവവിളിയാണ്. പുണരുകയും കിതക്കുകയും മുരളുകയും അലറുകയും മോഹാലസ്യപ്പെടുകയും ചെയ്ത് അവളാൾദൈവമാകുന്ന നേരങ്ങളിൽ ഭക്തിസാന്ദ്രമായ കണ്ണുകളോടെ അവളിൽനിന്ന് പുറപ്പെടുന്ന വേദവാക്യങ്ങൾക്ക് കാതോർത്ത് ഞാനങ്ങനെ കിടക്കും. ധ്യാനനിമഗ്നമായ കാതുകളെ പ്രകമ്പനം കൊള്ളിച്ച് കയറിവരുന്ന അപശബ്ദങ്ങൾക്ക് ആൺസഹജമായ കൗതുകം കൊണ്ട് കീഴ്‌പെട്ടുപോകുമ്പഴേക്കും അവളിലെ ദൈവം പിൻവാങ്ങിക്കഴിഞ്ഞിരിക്കും. രതിപിടിച്ച രാത്രികളിൽ സ്വബോധത്തിലേക്ക് തിരിച്ചുവിടപ്പെടുന്ന ഇതര സഹജീവികളിൽ നിന്ന് പൗർണ്ണമി വ്യത്യസ്തയായിരുന്നില്ല.
പുതപ്പുകൊണ്ടുടൽ ചുറ്റിപ്പിടിച്ച് കിടക്കയിൽനിന്നെഴുന്നേറ്റ് പോകുമ്പോൾ പൗർണ്ണമി പുലമ്പി
”നിന്നെയാണ്, രാവുംപകലുമില്ലാത്തൊരു തെണ്ടി” അവൾ ശക്തിയായി വലിച്ചെറിഞ്ഞ മൊബൈൽ തൊട്ടുതൊട്ടില്ല എന്ന ഭാവത്തിൽ ചിലച്ചുകൊണ്ട് എന്‍റെയരികില്‍ വന്നുവീണു. ഞാനനങ്ങിയില്ല
”ദൈവം വിട്ടുപോകുന്നിടത്ത് ചെകുത്താൻ താമസം തുടങ്ങും” ധഅമ്മ- എനിക്ക് (9), അമ്മയ്ക്ക് (31)പ
കുളിമുറിയുടെ വാതിലടഞ്ഞതും ചാടിയെഴുന്നേറ്റ് ഫോണുമായി ഞാൻ പുറത്തുകടന്നു. ‘പ്രൈവറ്റ് നമ്പർ’, ദൈവമേ ഏതു ചെകുത്താനാണ് എന്നെ ഷെയ്ക്കാക്കാൻ വളിക്കുന്നത്.
– ഹലോ
”ഞാനാണ് ശിഹാബ്”
ശിഹാബുദ്ദീൻ, അവനൊരു ടോണിക്കാണ്. സ്വസ്ഥവും ഭദ്രവുമായി ജീവിക്കുന്നു എന്ന് സ്വയംബോധ്യം വരുന്ന സമയത്ത് എവിടെനിന്നെന്നില്ലാതെ അവന്‍റെ വിളിവരും. വിപണിയിലിറങ്ങിയ പുതിയ മൊബൈൽ, കാറ്, ഷർട്ടി, ഷഡ്ഡിവരെ ധലിംഗവിശപ്പ്! ലിംഗവിശപ്പ്!പ ഒക്കെയും മധുരമെന്നുതോന്നുന്ന ലാസ്യത്തോടെ തൊണ്ടതൊടാതെ വിഴുങ്ങിച്ച് ആമാശയത്തിനുള്ളിൽ പണിതുടങ്ങും.
” നീയെന്താണ് ഒന്നും മിണ്ടാത്തത്?”
-അത് ശിഹാബെ, എനിക്കിപ്പം വല്ല്യ പ്രശ്‌നങ്ങളൊന്നുമില്ല. കുമാരേട്ടന്‍റെ പീട്യേല് പറ്റില്ല, കറിക്കും ഉപ്പേരിക്കും വീട്ടിലുണ്ടാക്കും. കൊള്ളിക്കഷണം കത്തിക്കുന്ന പൊകവരുന്ന അടുപ്പില്ലേ, പിന്നെ ചമ്മന്തി പൊടിക്കുന്ന അമ്മി. മൊത്തത്തില് ഞാൻ ലാഭത്തിലാണ്. വാടകയ്ക്ക് ഒരുമുറിയേക്കാൾ ബെസ്റ്റ് കാഴ്ചബംഗ്ലാവാണെന്ന മ്മളെ ഉർവ്വശി തിയേറ്റേഴ്‌സിലെ മത്തായിച്ചേട്ടന്‍റെ പഴയ ഡയലോഗില്ലേ അത് സത്യാണ് ശിഹാബേ. പിന്നെ ചൈനേന്‍റെ മൊബൈലും തിരൂർ പൊന്നും ഒക്കെക്കൂടിയായി നാട് ജഗപൊഗയാണ്. ആളോളെപ്പറ്റിക്കുന്ന് ആനന്ദംകൊണ്ട് ഏറോപ്ലെയിനോടിക്കാനുള്ള എനർജീണ്ട് ഞരമ്പില്. സത്യത്തില് ഞാനൊക്കെ നിന്‍റെ ഷെയ്ക്കാണ്. പിന്നെ പണിയെടുത്താൽ തലവെട്ടുന്ന നിന്‍റെ കോടതിയില്ലേ അതൊന്നും ഇവിടെ വന്നിട്ടില്ല. ഒന്നരുറുപ്പ്യേന്‍റെ മയക്കുഗുളികമതി രമണീന്‍റെ പൊരേലെ നായിനെ മയക്കിക്കിടത്താൻ. ഓള ഭർത്താവ് സിക്‌സ്പാക്കുണ്ടാക്കാൻ ജിമ്മ്ക്കിടന്ന് കഷ്ടപ്പെടുമ്പോൾ എന്‍റെ തൂങ്ങിയ നെഞ്ചില്ക്കിടന്ന് ഓളൊറങ്ങുന്നൊരൊറക്ക്ണ്ടല്ലോ ഞ്ഞി അതൊന്ന് കാണണം. ശിഹാബെ, ആണുങ്ങള് വെട്ടിപ്പിടിക്കുന്ന സൗഭാഗ്യങ്ങളിലൊന്ന്വല്ല മ്മളെ പെണ്ണ്ങ്ങള മനസ്സ്. അയിന്‍റൊക്കൊരു സൈക്കോളജി വേറെയാ. ജീവിക്കണോ, ഞ്ഞിങ്ങ് പോരിമോനേ.
” അതല്ല”
-പിന്നെ ഏതാണ്
” ഞാൻ വിളിച്ചത് അതിനല്ല. വാപ്പക്കെന്തോ വയ്യാണ്ട്ണ്ട്. എന്നെ രണ്ടുമൂന്നു വട്ടം വിളിച്ചു. ഞ്ഞ്യൊന്ന് പോവ്വോ ഇപ്പത്തന്നെ?”
ദൈവമേ പോക്കർക്കക്കെന്താണ്. പുറങ്കര കടപ്പുറത്ത് കടലിലേക്കിറങ്ങിയാണ് പോക്കർക്കയുടെ വീട്. വീടെന്നൊന്നും പറഞ്ഞുകൂട, മാളിക-കൊട്ടാരം അങ്ങിനെയൊക്കെ പറയണം മനസിലാകാൻ. അതൊന്നും ശിഹാബോ, അസ്‌നേന്‍റെ പുയ്യാപ്ലയോ ഉണ്ടാക്കിയതല്ല. പോക്കർക്കയുടെ ഭാഷയിൽ എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയതാണ്. ഒരിക്കൽ എല്ലു മുറിഞ്ഞിട്ടുമുണ്ട്. അത് പത്തൊമ്പതാം വയസ്സിൽ തോട്ടവെച്ച് പാറപൊട്ടിക്കുമ്പൊഴാണ്. പിന്നെ പാറപ്പണി നിർത്തി അഴീക്കൽ കടപ്പുറത്തെ കറുത്ത പൂഴിക്ക് ബിനാമിയായി. അത് കേറ്റിക്കേറ്റി ഇന്‍റർനാഷണൽ മാർക്കറ്റ് വരെയെത്തി. പുറങ്കര മലയാളം തർജ്ജമ ചെയ്യാൻ ദ്വിഭാഷിയായ കേളുക്കുറുപ്പിനേയും കൂട്ടി സായിപ്പന്മാർമാർ പോക്കർഹാജിയെത്തേടി വന്നു. ന്യൂഇന്ത്യ ഹോട്ടലിന്‍റെ അരികിൽ ഡോളറുമാറ്റാൻ നിക്കുന്ന കച്ചോടക്കാർ പോക്കർഹാജിയെക്കാണാൻ പുറങ്കരക്കടപ്പുറത്തെത്തി. അസ്‌നേന്‍റെ പുയ്യാപ്ല ഓളെ മൊഴിചൊല്ലുന്നതുംകാത്ത് കണ്ണിലെണ്ണയൊഴിച്ചിരുന്നിട്ടുണ്ട് പോക്കർക്ക. അസ്‌ന ശിഹാബിന്‍റെ മൂത്തതാണ്. പതിനഞ്ചാം വയസ്സിൽ അസ്‌നയെ കെട്ടിക്കുമ്പം പോക്കർഹാജി പ്രസ്ഥാനമായി കഴിഞ്ഞിരുന്നില്ല. അങ്ങനെ ആയതിന് ശേഷമാണ് അസ്‌നയെ വ്യവസായ മന്ത്രിക്ക് നിക്കാഹ്കഴിച്ച് കൊടുക്കുന്ന കച്ചോടം പോക്കർക്ക മനസ്സിൽ കണ്ടത്. ബീരാനാകട്ടെ പോക്കർക്ക പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും അസ്‌നയെ മൊഴിചൊല്ലിയില്ല.
മണ്ണും മലയും കടലുംവിറ്റ് പോക്കർക്ക വളർന്നു. അതൊരു വളർച്ചതന്നെയായിരുന്നു. വടകരേന്ന് പേരാമ്പ്രവഴി പെരുവണ്ണാമൂഴിക്ക് തിരിയുന്ന സ്റ്റേറ്റ് ഹൈവേ പുറങ്കര കടപ്പുറംവരെ നീട്ടണം എന്ന്‌വരെ ആലോചനയുണ്ടായി. കോളേജ്, സ്‌കൂൾ, ആശുപത്രി പൊന്നുവിളയുന്ന വകകളെല്ലാം പോക്കർഹാജി വിലക്കുവാങ്ങി. ശിഹാബുദ്ദീനെ ബർമിംഗ്ഹാമിൽ വിട്ട് ബിസിനസ് പഠിപ്പിച്ചു. പക്ഷെ കടൽതുരന്ന് മണലെടുത്ത ബാപ്പയായിരുന്നു ശിഹാബിന്‍റെ മാഷ്. ബാപ്പ തുരന്ന് നിർത്തിയേടത്ത്‌നിന്ന് ശിഹാബുദ്ദീൻ തുടങ്ങി. കണ്ണെത്താത്ത ദൂരത്തോളം എണ്ണപ്പാടങ്ങൾ. ഒരിക്കലും പുറങ്കരക്കടപ്പുറം നേരിട്ട് കാണാത്ത യു.എ.ഇ എക്‌സ്‌ചേഞ്ചിലെ മാസശമ്പളക്കാർവരെ പോക്കർക്കയെത്തേടിവന്നു. വടകരക്ക് പുറത്തായിരുന്നു പോക്കർക്കയുടെ കളി. വല്ലപ്പോഴും ടൗണിലെത്തിയതാകട്ടെ മാർക്കറ്റിന്‍റെ മുമ്പിൽ സർബത്ത് കച്ചോടം നടത്തുന്ന സുധീറിന്‍റെ പീടികയിൽ നിന്ന് ഉറുപ്യക്ക് മൂന്നെണ്ണം വിൽക്കുന്ന ഹോർളിക്‌സ് കുപ്പിയിൽ സൂക്ഷിച്ച കോണ്ടങ്ങൾ ഹോൾസെയിൽ വാങ്ങാൻ മാത്രമാണ്. അത് കണ്ട്പകച്ച സർക്കാർ, എ.ടി.എം.കൗണ്ടറുകൾ തുറന്നപോലെ നാട്ടിലെമ്പാടും കോണ്ടംബൂത്തുകൾ ആരംഭിച്ചു. മെഷീനിൽ കോണ്ടം നിറക്കാൻ സ്യൂട്‌കേസുമായി വരാറുള്ള പയ്യന്മാർ പോക്കർക്കയുടെ മാളികയിൽനിന്ന് ദംബിരിയാണി കഴിച്ച് ഏമ്പക്കംവിട്ട് മടങ്ങി. അങ്ങനെ പോക്കർഹാജി എന്ന വി.ഐ.പി. കടപ്പുറങ്ങളായ കടപ്പുറങ്ങളുടെയെല്ലാം കിരീടം വെക്കാത്ത രാജാവായി. നീയല്ല, നിന്‍റപ്പന്‍ വിചാരിച്ചാലും പോക്കറാജിയെപ്പോലാവാനാവില്ലെന്ന പ്രയോഗം നാട്ടിൽ സർവത്ര വ്യാപിച്ച കാലത്താണ് ഞാൻ കോളേജ് പഠിത്തം തുടങ്ങിയത്. നീയാരാണ് എന്ന് ചോദിച്ചാൽ പോക്കർഹാജി എനറെ വാപ്പയാണ് എന്ന് മറുപടിപറഞ്ഞ് ശിഹാബ് ഹീറോ ആയകാലമാണ്. അസൂയയോ കുശുമ്പോ പണ്ടുമുതലേ എന്‍റെ രക്തത്തിൽ ഇല്ലാത്തതുകൊണ്ട് ഞാൻ സഹനടനും തഞ്ചംകിട്ടിയാൽ ക്യാരക്ടർ റോൾ ചെയ്യുന്നവനുമായി ഒതുങ്ങി. ഞങ്ങളുടെ നോട്ടുബുക്കിന്‍റെ ചട്ടയിൽ ഫോൺനമ്പർ എഴുതിവെച്ച് ശിഹാബ് രാജാവിന്‍റെ മകനായി വിലസി. വടകരയിലെ ആദ്യത്തെ മൊബൈൽ ഉപഭോക്താവ് എന്ന സ്ഥാനപ്പേരോടെ ശിഹാബ് അക്ഷരവിജയേട്ടൻ പത്ത്‌രൂപയ്ക്ക് വിറ്റ പി.എസ്.സി പുസ്തകത്തിലും കയറി. ബാപ്പയായിരുന്നു അവന്‍റെ വഴി, അവന്‍റെ മോഡൽറോൾ. ശിഹാബുദ്ദീൻ കരഞ്ഞു.
”വാപ്പയ്ക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. നീയിപ്പത്തന്നെ പോണം.”
ദൈവമേ പോക്കർക്കക്കെന്തുപറ്റി. ബൈക്കിന്റെ കീയെടുത്ത് ചാടിപ്പുറപ്പെടുമ്പോൾ പൗർണ്ണമിയാണ് പറഞ്ഞത്
”അവിടെയെത്താൻ വൈകിയാലോ? ഒന്നു വിളിച്ച്പറ”
-ഹേയ് ഞാനിപ്പത്തന്നെയെത്തും.
”സുഖയില്ലാത്താളേടുത്തല്ലേ ചെല്ലണ്ടത്?”
ശരിയാണ് എന്റെ ഇപ്പം എത്രചെറുതായിരുന്നാലും ഒരു രോഗിയെ സംബന്ധിച്ചിടത്തോളം അത് വലുതാണ്.
-യൂ ആർ റൈറ്റ്.
ശിഹാബിന്റെ ലാന്റ്‌ലൈൻ നമ്പറിൽ വിളിച്ചു. ‘ഡിസ്‌കണക്ടഡ്’. പിന്നെ രണ്ടും കൽപിച്ച് പോക്കർക്കയുടെ നമ്പറിൽത്തന്നെ വിളിച്ചു.
”ഹലോ”
-പോക്കർക്കയല്ലേ?
”അതെ, പോക്കറാണ്”
-ഇപ്പം എങ്ങനെയുണ്ട്?
” ഇപ്പൊ അവർ അടിയിൽ കുഴിച്ച് തുടങ്ങി. വാർപ്പിന്റെ മേലെ ഒരുകൂട്ടർ ഇടിതുടങ്ങീട്ടുണ്ട്. മുകളിലെ ജാലകത്തിന്റെ ചില്ല് തച്ച്‌പൊട്ടിച്ചു. അതിലൂടെ അകത്തേക്ക് ഡീസലോ പെട്രോളോന്നറിയില്ല ഒയിക്ക്ന്നുണ്ട്.”
-ആര്? പോക്കർക്ക എന്തൊക്കെയാണ് പറയുന്നത് ?
”മോനേ, നാട്ടിൻപുറം നഗരത്തെ വളയുന്നു. വിപ്ലവം, വിപ്ലവം വര്വാണ്. എന്താ ചെയ്യാ?”
ഞാൻ മറുപടിയൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു.
”എന്തുപറ്റി” പൗർണ്ണമി ചോദിച്ചു.
-നൊസ്സാണ്. ഒരിക്കലും സംഭവിക്കാത്തതൊക്കെ സംഭവിക്കുന്നു എന്ന് പറയുന്നു.
”എന്താത്?”
-വിപ്ലവം
പൗർണ്ണമി ചിരിച്ചു. ശിഹാബിനോടെങ്ങനെ പറയും ബാപ്പയ്ക്ക് വട്ടായെന്ന്. വേണ്ട, ഒന്നും പറയേണ്ട. ഞാൻ ഫോൺ ഓഫ് ചെയ്ത് അകത്ത് കയറി.
പൗർണ്ണമി ചോദിച്ചു. ” പോകുന്നില്ലേ?”
-വേണ്ട. ഈ രാത്രി എന്തുചെയ്യാനാണ്. നേരം വെളുക്കട്ടെ.
നേരം വെളുത്തതും ഞാനിറങ്ങി. ഫോൺ ഓൺചെയ്തപ്പോൾ മിസ്ഡ്‌കോൾ അലർട്ടുകളുടെ വരവായിരുന്നു. പാവം, നേരം വെളുക്കുംവരെ അവൻ വിളിച്ചുകാണും. അല്ല, ശിഹാബ് മാത്രമല്ല, വിനയയും വിളിച്ചിട്ടുണ്ട് ആറേഴുവട്ടം. അതൊക്കെ അല്പം മുമ്പാണ്.
– ഹലോ വിനയാ,
”ഹലോ”
-ഞാൻ ഓഫായിരുന്നു.
”നീയിപ്പോ എവിടെയാണ്? ഒന്നർജന്റായി ഹോസ്പിറ്റൽവരെ വരണം.”
വിനയ എന്റെ പ്രിയപ്പെട്ട സുഹൃത്തും താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുന്ന പ്രഗത്ഭയായ ഡോക്ടറുമാണ്.
-ഞാനില്ലേ, ഞാൻ മറ്റൊരുവഴിക്ക് ഇറങ്ങിയതാണ്. അത്യാവശ്യമാണോ?
” അർജന്റാണ്, നമ്മുടെ ശിഹാബിന്റെ ബാപ്പയില്ലേ, അലിഞ്ഞ് ദ്രവിച്ച് മുഖോക്കെ പോയിട്ടുണ്ട്. പക്ഷെ, എനിക്കുറപ്പുണ്ട് അത് പോക്കർഹാജിയാണ്. ഇപ്പോ എന്റെ ടേബിളിലുണ്ട്.”
-വിനയാ, നീ ഒന്നുംകൂടെ നോക്ക് . അലിഞ്ഞ് ദ്രവിച്ച്, ഹേയ് അത് പോക്കർക്കയല്ല. ഇന്നലെ രാത്രിക്കൂടെ ഞങ്ങൾ ഫോണിൽ സംസാരിച്ചതാണ്.
വിനയ തർക്കിച്ചു ” അത് പോക്കർഹാജിയാണ്.”
വിനയ അങ്ങനെ വാദിക്കാൻ ഒരു കാരണമുണ്ട്. ഹോൾസെയിൽ വിലക്ക് വാങ്ങിയ കോണ്ടം പാക്കറ്റുകളുമായി പോക്കർഹാജി വിനോദ സഞ്ചാരത്തിനിറങ്ങുന്ന ചില ഋതുക്കളുണ്ട്. അത്തരം സീസണുകളിൽ പോക്കർഹാജിയെ വരുത്തന്മാർ വെട്ടുപോക്കർ എന്ന് പേർവിളിച്ചു പോന്നു. എൺപതുകളുടെ മദ്ധ്യത്തിലാണ്, അന്ന് വിനയ പിഡിസി കഴിഞ്ഞ് എം.ബി.ബി.എസിന് ചേരുന്ന കാലം. വിലമതിക്കാനാവാത്ത ഉടൽപ്പെരുപ്പം കൊണ്ട് ഡൊണേഷൻ കെട്ടിയ പാതിരക്ക് മുരണ്ടും കിതച്ചും അവളെക്കടിച്ചുകീറിക്കടന്നുപോയ മനുഷ്യന് ഇരുട്ടിനെക്കാൾ കറുപ്പുണ്ടായിരുന്നെങ്കിലും അയാളെ വിനയ ഓർത്തുവെച്ചു. വിനയ മാത്രമല്ല സംഭോഗത്തിനിടയിൽ പോക്കർഹാജിയെ ഉടുതുണിയില്ലാതെ കണ്ടവരാരും അയാളെ മറന്നില്ല. പി.എസ്.സി.ഒരു സദാചാര പരീക്ഷയായതുകൊണ്ട് ഏറ്റവും കൂടുതൽ സ്ത്രീകൾ ഓർത്തുവെച്ച ആൺലിംഗം എന്ന ചോദ്യം പത്തുരൂപയുടെ പുസ്തകത്തിൽ കയറിയില്ല.
കടപ്പാട്: ഒസ്സൻ അസ്സൈനാർ (Late.)
അസ്സൈനാർക്ക് മാർക്കം ചെയ്യാൻ കത്രികപോലും വേണ്ടെന്ന് പ്രചരിച്ച കാലം. പുറങ്കര കടപ്പുറം കാണാൻ വന്ന വിദേശികൾവരെ അസ്സൈനാർക്ക് ദക്ഷിണവെച്ചു. എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചാണ് പോക്കറിന്റെ ജനനം. ഇബ്രാഹിം സേട്ടിന്റെയും കുഞ്ഞീബിയുടേയും എട്ടുമക്കളിൽ ഇളയവനായാണ് പോക്കർ ഭൂജാതനായത്. പോക്കറിന്റെ ജനന സമയത്ത് കടൽ കറുത്തിരുണ്ടുവെന്നും ഭൂമി ഒന്നു കുലുങ്ങി എന്നുമൊക്കെ പിൽക്കാലത്ത് കഥകളുണ്ടായിട്ടുണ്ട്. അതെന്തെങ്കിലുമാവട്ടെ ഒസ്സൻ അസ്സൈനാർ അവസാനം മാർക്കം ചെയ്തത് പോക്കറിനെയാണ്. അതൊരാഘോഷം തന്നെയായിരുന്നു. ഇബ്രാഹിം സേട്ടിന്റെ ഓലപ്പുരയുടെ വിടവുകൾവിട്ട് ബിരിയാണി മണം കടപ്പുറം മൊത്തം പരന്നു. ഏഴു സഹോദരങ്ങളുംകൂടെ കുരുത്തോലയും വർണ്ണക്കടലാസും തൂക്കി കടപ്പുറം അലങ്കരിച്ചു. അബ്ദുറഹ്മാൻ ഓടിച്ച ജീപ്പിൽ അസ്സൈനാർ വന്നു.
” അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ” ഫാത്തിഹ ഓതി അസ്സൈനാർ അകത്തു കയറി. പോക്കറിനെ വെള്ളമുണ്ടുടുപ്പിച്ച് നിർത്തിയിട്ടുണ്ട്. പാത്തും പതുങ്ങിയും നോക്കിയവരെ പോക്കർ മുണ്ടുപൊക്കിക്കാണിച്ചു. കുട്ടികളോടി. അസ്സൈനാരുടെ ധ്യാനനിമഗ്നമായ ചുണ്ടുകൾ പതുക്കെ ഉരുവിട്ടു. ”ബിസ്മില്ലാഹി റഹ്മാനിറഹീം”
‘റബ്ബേ, ചോര’ കണ്ടുനിന്നവർ പേടിച്ചുപോയി. ഒസ്സൻ അസ്സൈനാറുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും അബദ്ധം. അസ്സൈനാർ തലകുനിച്ചു മടങ്ങി. അബ്ദുറഹ്മാന്റെ ജീപ്പിൽ പോക്കറിനെയും വാരിയെടുത്ത് ഇബ്രാഹിം സേട്ടും കണ്ണിൽ കണ്ടവരും ഒക്കെ വടകര താലൂക്കാശുപത്രിയിലേക്ക് കുതിച്ചു. മുക്കാപ്പക്കിപ്പോക്കറെന്ന് കൂട്ടുകാർ കളിയാക്കിയപ്പോഴൊക്കെ പോക്കറിന് അസ്സൈനാറെ കൊല്ലാനുള്ള കലിയുണ്ടായിരുന്നു.
”അയാളെവിടെ വാപ്പാ?”
-അറിയില്ല.
ഇബ്രാഹിംസേട്ട് മാത്രമല്ല എല്ലാവരും അതുതന്നെ പറഞ്ഞു. പോക്കർ കുട്ടിക്കാലത്തേ പാതകം ചെയ്യുമെന്ന പേടികൊണ്ടല്ല, സത്യത്തിൽ പിന്നെയാരും പുറങ്കരക്കടപ്പുറത്ത് അസ്സൈനാരെ കണ്ടിട്ടില്ല.
ജനതാ – സീയെമ്മിനടുത്ത് മമ്മിഡോക്ടറുടെ ആസ്പത്രി നോക്കി പുറങ്കരക്കാർ പിന്നെ വടകരയ്ക്ക് വന്നു.
”മമ്മി ഡോക്ടർ ഒരു പൂമ്പാറ്റയെക്കൊല്ലുന്ന ലാഘവത്തോടെ സംഗതി കഴിക്കും” പറഞ്ഞുപറഞ്ഞ് മമ്മിഡോക്ടറുടെ പേര് പരന്നു. കാലം ഒസ്സൻ അസ്സൈനാറെ മറന്നു. മുക്കാപ്പക്കിപ്പോക്കർ പോക്കർഹാജി മുതലാളിയായി.
വിനയ പറഞ്ഞു. ”മുഖമളിഞ്ഞുപോയിട്ടുണ്ട്. പക്ഷേ എനിക്കുറപ്പാണ് എന്റെ ടേബിളിൽ കിടക്കുന്നത് പോക്കർഹാജിയാണ്.”
എനിക്ക് വിശ്വാസം തോന്നിയില്ല. അങ്ങനെയെളുപ്പം മരിച്ചുപോവേണ്ട ആളല്ല പോക്കർക്ക. വീട് കടലെടുക്കുമെന്ന് പറഞ്ഞ് പേടിത്തൊണ്ടിയായ അയൽക്കാരി രാജഭവനത്തിനുമുമ്പിൽ സമരം ചെയ്യാൻ പോയപ്പോൾ കടപ്പുറത്ത് മൂന്നുവട്ടം ആഞ്ഞുതുപ്പി സ്വന്തം അടുക്കളപ്പടിയിലിരുന്ന് മണൽവാരി വിറ്റ് ധീരതകാട്ടിയ ആളാണ് പോക്കർക്ക. എനിക്ക് വിശ്വാസം വന്നില്ല. ഞാൻ ധൃതിയിൽ വണ്ടിയോടിച്ച് പുറങ്കരയ്ക്ക് കുതിച്ചു. പോകുന്ന വഴിയിൽ അവിടെയും ഇവിടെയും ആളുകൾ കൂട്ടംകൂടി നിൽക്കുന്നു. എന്തോ കുഴപ്പമുണ്ട്. അത് തീർച്ചയാണ്. പോക്കർക്കയുടെ വീടെത്തിയില്ല. റോഡ്‌നിറയെ ജനം. അവർക്കിടയിലൂടെ തിക്കിത്തിരക്കി നടന്നു. വീടെവിടെ?
പേരറിയാത്തൊരു പ്രദേശവാസിയാണ് പറഞ്ഞത് ” രാത്രി വൈകിയായിരിക്കണം. എങ്ങനെയാണ് സംഭവിച്ചതെന്ന് ഒരെത്തുംപിടിയുമില്ല. എന്തായാലും കടലാണ്, അതൊറപ്പാ”
അസ്സൈനാറുടെ കൊട്ടാരം മറ്റാരെയും അറിയിക്കാതെ കടൽ അങ്ങുകൊണ്ടുപോയി. ജാലകച്ചില്ല് കുത്തിത്തുറന്ന് ഡീസലും പെട്രോളുമൊഴുക്കിയ പോരാളികളെ എനിക്ക് പിടികിട്ടി. വിപ്ലവം വന്നാൽ എന്തുചെയ്യും എന്ന പോക്കർക്കയുടെ നേരംകെട്ട ചോദ്യം നേരമായി ഓർമ്മയിലേക്ക് തിരിച്ചുവന്നു. എവിടെനിന്നോ കേഡർമാർ വരുന്നുണ്ട്. അവരുടെ റൂട്ട് മാർച്ച് എനിക്കു കേൾക്കാം. വിപ്ലവത്തിന്റെ മൂലധനം ചൂഷണമാണെന്ന് പ്രവചിച്ചതാരാണ്? ശിഹാബെ, നീ തിരിച്ചു വരരുത്. നാട്ടിൻപുറം നഗരത്തെ വളയാൻ തുടങ്ങിയിരിക്കുന്നു. സർവ്വശക്തനായ മാർക്‌സേ അങ്ങെവിടെയാണ്?
എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. കോഴിക്കോട്, വടകര സ്വദേശി.