തുമ്പയും മുക്കുറ്റിയും ഇക്കുറി
പൂക്കാൻ മറന്നതല്ല
മടിച്ചതാണത്രേ !
പൂക്കാൻ മറന്നതല്ല
മടിച്ചതാണത്രേ !
കുയിലിന്റെ പാട്ട് ഇന്നലെ
ഇടറിയതല്ല, സ്വയം
ഈണം തെറ്റിച്ചതാണത്രേ !
പാടവരമ്പിലെ പോക്കാച്ചി തവളയെ
കോലുനാരായണൻ വിഴുങ്ങിയതല്ല.
തിന്നാൻ സ്വയം യാചിച്ചതാണത്രേ !
കാടും പുഴയും മരവും കുളിരും
ആരും വിറ്റതല്ല.
സ്വയം വിൽപ്പനക്കു
വച്ചതാണത്രേ !
കാഴ്ചക്കാരില്ലാത്ത ലോകത്ത്
ജീവിക്കേണ്ടന്ന്
ഭൂമിയുടെ ആത്മഹത്യ കുറിപ്പിലുണ്ടത്രേ !
ചുറ്റും ആരോ മുറവിളി കൂട്ടുന്നു.
കാഴ്ച മരിച്ചു തുടങ്ങിയത്രേ…
ഇരു കണ്ണും മുറുകെയടച്ച്
കാഴ്ചബംഗ്ലാവുകളിൽ
മുഖ പുസ്തകത്തിൽ
വൃദ്ധാലയങ്ങളിൽ
കോൺക്രീറ്റു കാടുകളിൽ
കാഴ്ചയുടെ പുതുവസന്തം
തേടി ഞാൻ നടന്നു തുടങ്ങി…
Comments