രാത്രി
അച്ഛൻറെ അടയാളം
ഒരു ടോർച്ചായിമാറും

ഇരിക്കുമ്പോൾ വലംകയ്യ്
നടക്കുമ്പോൾ മൂന്നാംകണ്ണ്
കിടക്കുമ്പോൾ വിശ്വാസം

കറൻറുണ്ടെങ്കിലും
ടോർച്ചിൻറെ ബലത്തിൽ
അച്ഛൻ കൂടുതൽ വെളിച്ചപ്പെടും

ആ വെളിച്ചത്തിൽ
ശ്ളോകച്ചെല്ലം തുറന്ന്
വാക്കടയ്ക്ക മൊരികളഞ്ഞ്
പാകത്തിൽ വെട്ടിനുറുക്കിയതും കൂട്ടി
തളിർവെറ്റില സ്നേഹം തേച്ചുതരും

വികെജിയും പ്രേംജിയും കെഎൻഡിയും
ഒപ്പം മുറുക്കാനിരിക്കും

ഗാന്ധിയും നെഹ്രുവും ഇഎംഎസും
തിരക്കിനിടയിലും
പറയാനുള്ളത് പറഞ്ഞുപോകും

വി ടി വിടർന്നുചിരിച്ച്
ഇരുട്ടിനെ ഭേദിക്കും

ഈച്ചരവാരിയർ
മകനെയും കൂട്ടിവരും

അവർ പറഞ്ഞതൊക്കെ
മനസ്സിലായതിനാലാവണം,
ഉറങ്ങുന്നതിനുമുൻപ്
അദ്ദേഹം ഒറ്റയ്ക്കിരുന്ന്
ഒന്നുകൂടി മുറുക്കും.

അന്ന്
ഒരു വേനൽക്കാലരാത്രി
പതിവുതെറ്റിച്ച്
അച്ഛൻ
ടോർച്ചെടുക്കാതെ പുറത്തിറങ്ങി.

+ posts

ഇടുക്കി സ്വദേശി, താമസം ബഹ്‌റൈനിൽ. നവ മാധ്യമങ്ങളിൽ സജീവം. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. സമകാലിക വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നു.