അക്കിത്തം ജനിച്ചത് 1926 മാർച്ച് പതിനെട്ടാം തിയതി ആണ്. സാമൂഹ്യപ്രവർത്തകൻ, ഭാരതീയൻ എന്നിങ്ങനെ അറിയപ്പെട്ട അക്കിത്തം വളരെ ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതാൻ തുടങ്ങി. പത്താമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ കവിത ആദ്യമായി അച്ചടിച്ചു വന്നു. കുടമാളൂർ കെ കെ ഗോപാലപിള്ളയുടെ പത്രാധിപത്യത്തിൽ തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ച രാജശ്രീ എന്ന മാസികയിൽ 1936 ലാണ് അത് പ്രസിദ്ധീകരിച്ചത്. ബാല്യത്തിൽ അമ്പലത്തിൽ -പരിമംഗലം ക്ഷേത്രത്തിന്റെ ഭിത്തിയിൽ- കരിക്കട്ട കൊണ്ട് കവിതാശകലം എഴുതി. വർഷങ്ങൾക്ക് ശേഷം താൻ തർജ്ജമ ചെയ്ത ഭാഗവത സപ്താഹത്തിൽ ആ ക്ഷേത്രത്തിൽ വെച്ച് അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. “നീ രാഷ്ട്രീയത്തിൽ പരാജയമാണ് കവിതയിൽ വിജയിക്കും” എന്ന് തന്റെ അച്ഛൻ പറയുകയുണ്ടായി എന്ന് അക്കിത്തം അച്യുതൻ നമ്പൂതിരി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അക്കിത്തം ആത്മകഥ എഴുതിയിട്ടില്ല . താൻ എഴുതിയ കവിതകളും ലേഖനങ്ങളും ചേർത്താൽ ആത്മകഥയാവും എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.അക്കിത്തം തന്റെ കവിതകളിലും, അഭിമുഖങ്ങളിലും, പത്രങ്ങളിലും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടുകൂടി പഠിച്ചാൽ മാത്രമേ അദ്ദേഹത്തെപ്പറ്റിയും അദ്ദേഹത്തിന്റെ കവിതകളെയും ജീവിതദർശനങ്ങളെയും പറ്റിയും ഇന്നത്തെ തലമുറയ്ക്ക് അറിയാൻ കഴിയു. വളരെ സങ്കീർണമായ ഒരു കാലഘട്ടത്തിലാണ് കവി ജീവിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങൾ, ഇന്ത്യൻ ദേശീയപ്രസ്ഥാനം, സ്വാതന്ത്ര്യസമരപ്രസ്ഥാനം, കേരളസംസ്ഥാന രൂപീകരണം, ശീതസമരം, സോവിയറ്റ് യൂണിയന്റെ പതനം, ഏകധ്രുവ ലോകത്തിന്റെ ആവിർഭാവം എന്നിവ അരങ്ങേറിയ, സംഭവബഹുലമായ ഒരു കാലഘട്ടം ആയിരുന്നു അത്. അക്കാലത്തെ സ്വാതന്ത്ര്യസമര നേതാക്കളുമായും ലോകരാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിച്ച പ്രതിഭകളുമായും നിരന്തരം സമ്പർക്കം പുലർത്താൻ കവിക്ക് കഴിഞ്ഞു.
ആഡ്യത്തവും ജന്മിത്തവും ഉള്ള ഒരു വൈദികബ്രാഹ്മണകുടുംബത്തിൽ ജനനം. ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ വളർച്ച. അദ്ദേഹം യുവാക്കൾ ആയ സാംസ്കാരിക പ്രവർത്തകരും ആയി സമ്പർക്കം പുലർത്തി നേരിട്ട് സാമൂഹ്യപ്രവർത്തനത്തിന് ഇറങ്ങി. നമ്പൂതിരി സമുദായത്തെ ഉടച്ചുവാർത്ത ഒരു വിപ്ലവത്തിന്റെ ഭാഗമായി മാറി ഈ ഉണ്ണി നമ്പൂതിരി. 1946 മുതൽ 3 കൊല്ലം “ഉണ്ണിനമ്പൂതിരി”യുടെ പ്രസാധകനായി പത്രപ്രവർത്തനത്തിലേക്കിറങ്ങി. മംഗളോദയം, യോഗക്ഷേമം എന്നീ മാസികകളുടെ സഹപ്രവർത്തകനായി. അന്ന് വി. ടി. ഭട്ടതിരിപ്പാട് ആയിരുന്നു അക്കിത്തത്തിന്റെ ഗുരു. അക്കിത്തം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്: “വി. ടി. എന്റെ മനോഭാവത്തിൽ മാറ്റം വരുത്തി. നമ്പൂതിരി നവോത്ഥാന കാലത്താണ് വി. ടി.യുമായി ഇടപഴകിയത്. അന്ന് ഞാനൊരു ആക്ടിവിസ്റ്റ് ആയിരുന്നു സ്ത്രീകളുടെ വേദനകൾ കണ്ട് വീട്ടിൽ വേദനിച്ചിട്ടുണ്ട്. അന്തർജ്ജനങ്ങൾ മേലൂടിപ്പിടാൻ പാടില്ലെന്നത് വി. ടി.യെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. തങ്ങൾ ദുഃഖിതകളാണ്, അബലകളാണ്, നിസ്സഹായരാണ് എന്ന് അന്തർജ്ജനങ്ങൾക്ക് തന്നെ മനസ്സിലായിരുന്നില്ല. അത്തരം അറിവ് പകർന്നു അവരുടെ വേദന മാറ്റിയത് വി ടി ആയിരുന്നു. ആ ദുഃഖം എന്നിലേക്കും പകർന്നു”
യോഗക്ഷേമസഭയുടെ പ്രമുഖ നേതാക്കൾ ആയിരുന്ന വി. ടി, ഇ എം എസ്, ഒ. എം. സി. നാരായണൻ നമ്പൂതിരിപ്പാട് എന്നിവരുടെ അടുത്ത സഹപ്രവർത്തകനായിരുന്നു അക്കിത്തം. സാമുദായിക പ്രവർത്തനങ്ങളിലൂടെയും ദേശീയപ്രസ്ഥാനത്തിലൂടെയും മാനവികതയെ തന്റെ കവിതയുടെ കേന്ദ്രഭാവമായി ചേർത്തു. അതേസമയം പാരമ്പര്യമായി കിട്ടിയ ആത്മീയതയേയും വൈദിക ദർശനങ്ങളെയും മുറുകെ പിടിക്കുകയും ചെയ്തു. നാടുവാഴിത്തത്തിന്റെ പുറത്ത് കടക്കുകയായിരുന്നു അക്കിത്തം.
1908ൽ യോഗക്ഷേമസഭ സ്ഥാപിച്ച് സമുദായത്തിലെ അവശതകൾക്കും അനാചാരങ്ങൾക്കും എതിരെ നമ്പൂതിരിമാർ സമരം പ്രഖ്യാപിച്ചു. ഇന്ത്യയിൽ തൊഴിലാളികളും കർഷകരും അന്ന് ശക്തിയോ ബോധമോ ആർജിച്ചു കഴിഞ്ഞിരുന്നില്ല. അവർ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ സംഘടിക്കുന്നത് കുറേക്കാലം കഴിഞ്ഞിട്ടാണ്.1920ൽ “ഉണ്ണി നമ്പൂതിരി” എന്ന മാസിക പുറപ്പെട്ടു. വിധവാ വിവാഹം, മിശ്രവിവാഹം എന്നിവ നടന്നു. 1929ൽ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം മഹത്തായ ഒരു സംഭവമായി. സാഹിത്യം സാമൂഹ്യപുരോഗതിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ഒരു മുഖ്യ കൃതിയാണ് അത്. 1945 ൽ ഇഎംഎസിന്റെ അധ്യക്ഷതയിൽ നടന്ന യോഗക്ഷേമസമ്മേളനം നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള മുദ്രാവാക്യം മുഴക്കി. അപ്പോഴേക്കും ജാതിപരമായ പരിഷ്കരണമണ്ഡലത്തിൽ സമൂഹം ഉയർന്നു കഴിഞ്ഞിരുന്നു.
കാലം മാറിയത് അറിയാത്ത ഒരു ഉണ്ണി നമ്പൂതിരി മനുഷ്യന്റെ അതിജീവനത്തിന് അടിസ്ഥാനഘടകം എന്ന നിലയിൽ ഉപ്പു കല്ലിനും ഉരിയരിചോറിനും വേണ്ടി നടത്തുന്ന സാഹസങ്ങളാണ് അക്കിത്തത്തിന്റെ “പണ്ടത്തെ മേശാന്തി” എന്ന കവിതയിലെ പ്രമേയം. ഫ്യൂഡൽ വ്യവസ്ഥയിൽ വേല ചെയ്യാതെ വിലസിയ കേരളത്തിലെ നമ്പൂതിരി… നാടുവാഴിത്തത്തിന്റെ പ്രതിനിധിയായ ആ ഉണ്ണി നമ്പൂതിരി രണ്ടുമൂന്ന് ആനകൾ, വില്ലീസണിഞ്ഞ കാളവണ്ടികൾ, പുത്തൻ കഥകളി കോപ്പുകൾ, തട്ടിൽ നിന്നാടിക്കളിക്കുന്ന ഗുളോപ്പുകൾ, പട്ടുമേലാപ്പോടുകൂടിയ കടഞ്ഞ കട്ടിലുകൾ, മാന്തലകൾ അലങ്കരിക്കുന്ന ചുമരുകൾ, ശരറാന്തലുകൾ, ആനക്കൊമ്പ് കൊണ്ട് കെട്ടിച്ച കണ്ണാടികൾ, രത്നാംഗുലീയങ്ങൾ, സ്വർണ്ണരുദ്രാക്ഷങ്ങൾ, ഇല്ലം നിറയെ വാലിയക്കാർ എന്നിവ ചേർന്ന ഒരു ഗതകാലപ്രൗഢിയുടെ വികൃതമായ ഒരു തിരുശേഷിപ്പാണ് ഇന്ന്. കർക്കിടക മാസത്തിൽ ഉണ്ണാൻ അരിയില്ല എന്ന മട്ടിൽ ആ പ്രൗഢി ക്ഷയിച്ചു.
ഉണ്ണി നമ്പൂതിരി ഉണ്ണാൻ ഇരിക്കുമ്പോഴാണ് അമ്മ പറയുന്നത് കർക്കടകം കഴിയുന്നതുവരെ ഇനി കഞ്ഞി ആയിരിക്കും എന്ന്. ഊണ് കഴിഞ്ഞ് രണ്ട് പഴം കൂടി വീഴ്ത്താൻ കുന്നിൻപുറത്തെ പകിടകളി കമ്പനിയിലേക്ക് പിന്നെ ഉണ്ണി നമ്പൂതിരി പോയില്ല. ഒരു ശാന്തിപ്പണി തേടി അയാൾ ഇടിഞ്ഞു പൊളിഞ്ഞ ലോകത്തിലേക്ക് ഇറങ്ങി. ആനപ്പുറത്ത് തിടമ്പേറ്റി മേശാന്തിയായി ഇരിക്കുന്ന ഉണ്ണി നമ്പൂതിരിയോട് കുട്ടികൾ ‘എന്നെയും ആനപ്പുറത്ത് കയറ്റണം എന്നെയും എന്നെയും എന്നെയും ‘എന്ന് പറഞ്ഞപ്പോൾ ആ മേശാന്തി പറഞ്ഞു:
“എന്റെയന്റെല്ലയീ കൊമ്പനാനകൾ
എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ”
മനുഷ്യന്റെ നിസ്സഹായതയുടെ മഹാദൃശ്യമാണ് ‘പണ്ടത്തെ മേശാന്തി’ എന്ന കവിത. പാരമ്പര്യവും നിലവിലുള്ള സാഹചര്യവും തമ്മിലുള്ള ഏറ്റുമുട്ടൽ അത് ചിത്രീകരിക്കുന്നു.
അയാൾ കുടുമ മുറിച്ചും മേൽമീശ വളർത്തിയും പൂണൂൽ ഊരിക്കളഞ്ഞു. പൂജയ്ക്ക് ചൊല്ലുന്ന മന്ത്രങ്ങൾ മറന്നു. ഉപ്പിനും ചോറിനും വേണ്ടി പട്ടണത്തിലെ ഒരു ഫാക്ടറിയിലാണ് എത്തിച്ചേർന്നത്.
ബാല്യത്തിൽ ആരംഭിച്ച കവിതാ കമ്പത്തിന് ഇടശ്ശേരി ഗോവിന്ദൻ നായരും കുട്ടികൃഷ്ണമാരാരും അടങ്ങുന്ന പൊന്നാനി കളരിയുടെ മുഴുവൻ പിന്തുണയും ഉണ്ടായിരുന്നു.
കവിതയിൽ തന്റെ ഗുരു ഇടശ്ശേരിയാണെന്ന് അക്കിത്തം പറഞ്ഞിട്ടുണ്ട്. ഇടശ്ശേരിയുടെ നേതൃത്വത്തിൽ സാഹിത്യസല്ലാപങ്ങളും സംവാദങ്ങളും ധാരാളമായി അക്കാലത്ത് പൊന്നാനിയിൽ നടന്നു. കുട്ടികൃഷ്ണമാരാർ, ഉറൂബ്, അക്കിത്തം വി. ടി. ഭട്ടതിരിപ്പാട് തുടങ്ങിയ പ്രമുഖർ അവയിൽ സജീവമായി പങ്കെടുത്തിരുന്നു പൊന്നാനിയിലെ കൃഷ്ണപ്പണിക്കർ വായനശാല,എ. വി. ഹൈസ്കൂളിലെ മാവിൻ ചുവട്, കുറ്റിക്കാട്, കടവ് എന്നീ സ്ഥലങ്ങൾ സാഹിത്യചർച്ചയ്ക്ക് വേദിയായി. എ. വി. ഹൈസ്കൂളിലെ കുട്ടികൾ ഇപ്പോഴും ആ മാവിനെ ഇടശ്ശേരി മാവ് എന്ന് സ്നേഹപ്പേരിട്ടു വിളിക്കുന്നു.
ഭൂതദയ, കാരുണ്യം, കണ്ണീരിന്റെ അന്വേഷണം, മൂല്യബോധം എന്നിവയാവണം കവിതയുടെ ലക്ഷ്യമെന്ന് പഠിപ്പിച്ചത് ഇടശ്ശേരിയാണ്. കാവ്യകലയുടെ ഒന്നാം പാഠം കവിതയെഴുതാൻ ഇരിക്കുമ്പോഴെല്ലാം ഓർമ്മിക്കാറുണ്ട് എന്ന് അക്കിത്തം പറയുന്നു.
“അദ്ദേഹത്തിൻ
ഗുരുചരണത്തിൽ നമിച്ചി-
ട്ടൊരുമട്ടെന്നശ്രു ഞാൻ മറയ്ക്കട്ടെ
അദ്ദേഹത്തിന്റെ സ്നേഹം പ്രസരിച്ചുകൊണ്ടിരുന്ന ലോകത്തിൽ
ഏതൊരു കണ്ണീരാറ്റിൻ കടവത്തും ഞാനധീരനായില്ല”
(അക്കിത്തം – പത്മപാദൻ ).
ഇടശ്ശേരി സ്വാതന്ത്ര്യസമരത്തിൽ പൊന്നാനിയുടെ ശബ്ദമായിരുന്നു.
(തുടരും)