പൂമുഖം LITERATUREകവിത കട്ടൻ – കടുപ്പം കൂടി, കുറഞ്ഞത്

കട്ടൻ – കടുപ്പം കൂടി, കുറഞ്ഞത്

നമുക്കിടയിൽ വെള്ളം
തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു

നിൻ്റെ നെറ്റിയിലെ തിരമാലച്ചുളിവുകളിൽ
നീരാവി പെയ്തിറങ്ങുന്നു,

നേർത്ത കാപ്പിപ്പൊടി നിറമുള്ള
നിൻ കൃഷ്ണമണികൾക്ക്
പൂപ്പൽ വന്നിരിക്കുന്നു,

നിനക്കും എനിക്കും
കടുപ്പം കുറഞ്ഞിരിക്കുന്നു,

പഞ്ചസാര-
പ്പാത്രത്തിലെയുറുമ്പിനെ
നീ വെറുതേ വിട്ടിരിക്കുന്നു!

എത്രയരിച്ചെടുത്താലും ,
ബാക്കിയാവുന്ന
തരികളുണ്ടായിരുന്നു
നമുക്കിടയിൽ

പണ്ട്,ആകാശമൊരു നേർത്ത
കട്ടൻ നിറമാകുമ്പോൾ,
നമ്മളെത്ര തിളച്ചിരിക്കുന്നു!
പുലരുംവരെയിരുന്നു
തണുത്താറിയിരിക്കുന്നു,
ഇറക്കാനാവാതെ-
യൊഴിച്ചുകളഞ്ഞിരിക്കുന്നു..

ചുവന്ന പൂക്കൾ ഡിസൈനുള്ള
രണ്ടു പഴയ ചില്ലുഗ്ലാസുകളിൽ,
കട്ടൻ നിറം പറ്റിയിരിക്കുന്നു
കടുപ്പത്തിൽ!

സ്മാരകം പോലെ
നീയതെടുത്തു
വെച്ചിരിക്കുന്നു,
തുടയ്ക്കാതെ, ശ്രദ്ധകൊടുക്കാതെ

നമുക്കിടയിൽ വെള്ളം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു..
എനിക്കും നിനക്കും കടുപ്പം കുറഞ്ഞിരിക്കുന്നു .

കവര്‍: സി. പി. ജോണ്‍സണ്‍

Comments
Print Friendly, PDF & Email

You may also like