പൂമുഖം LITERATUREകഥ ബോമോണ്ടിലെ അത്താഴവിരുന്ന്

ബോമോണ്ടിലെ അത്താഴവിരുന്ന്

ശനിയാഴ്ച വൈകിട്ട് കുറുപ്പങ്കിളിന്റെ വീട്ടിലെ ഡിന്നറിന് പോകാൻ കൂട്ടുവരാമോ എന്നു ലളിതയാന്റി ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചത് സത്യത്തിൽ സമയം ഉണ്ടായിട്ടല്ല. വീക്എൻഡിൽ കോഫീകൾച്ചറിലെ പണിയും കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം നന്നായി അദ്ധ്വാനിച്ചെങ്കിൽ മാത്രമേ തിങ്കളാഴ്ചയ്ക്ക് മുൻപ് അസൈൻമെന്റുകൾ തീരുകയുള്ളൂ. ഞാൻ യൂണിവേഴ്സിറ്റി ഓഫ് ആൽബെർടയിൽ പഠിക്കാൻ വന്നപ്പോൾ മുതൽ പല കാര്യങ്ങൾക്കും സഹായിക്കുന്നത് ആൻറിയാണ്. തിരക്കാണെന്നു പറഞ്ഞൊഴിയാനാവില്ല.

ആന്റിയുടെ ചെറിയ സുഹൃദ്സംഘത്തിൽ എല്ലാവരും തൊള്ളായിരത്തിഎഴുപതുകളിൽ കാനഡയിലേക്ക് കുടിയേറിയ കാലം മുതൽ നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്നവരാണ്. മക്കളൊക്കെ ചിറകുകൾ മുളച്ച് പറന്നു പോയശേഷം തങ്ങളുടെ ഒഴിഞ്ഞ കൂടുകളിൽ വാർദ്ധക്യം ആഘോഷമാക്കുന്ന ഏറെക്കുറെ സമ്പന്നരായ ഹൈക്ലാസ് വൃദ്ധർ. അവരുടെ കൂട്ടായ്മയ്ക്ക് അവർ വിളിക്കുന്ന പേരാണ് ‘തറവാട്’.

ഭർത്താവിന്റെ മരണശേഷം ലളിതയാന്റി തറവാടിന്റെ എല്ലാ കൂടിവരവുകൾക്കും പോകാറില്ല. എവിടേക്ക് എപ്പോൾ വേണമെങ്കിലും തനിച്ചു ഡ്രൈവ് ചെയ്തു പോകാൻ മടിയില്ലാത്ത ആന്റിക്ക് ഇക്കുറി എന്റെ കൂട്ടുവേണം. കുറുപ്പങ്കിളിന്റെ വീട് എഡ്മണ്ടനിൽ നിന്നും മുപ്പത് കിലോമീറ്റർ പുറത്തുള്ള ബോമോണ്ടിലാണ്. പോരെങ്കിൽ കടുത്ത വിന്റർ! ശനിയാഴ്ച വലിയൊരു സ്നോസ്റ്റോം ഉണ്ടെന്നാണ് വെതർ ഫോർകാസ്റ്റ്. മറ്റുള്ള ദമ്പതികൾ റൈഡ് കൊടുക്കാമെന്നു പറഞ്ഞാലും ആൻറി സ്വീകരിക്കില്ല . ഒരുതരം കോംപ്ലക്സ്!

ബോമോണ്ടിലേക്ക് തിരിച്ചപ്പോഴേക്കും മഞ്ഞുവീഴ്ച കനത്തു തുടങ്ങി. പൈൻമരങ്ങളുടെ ശാഖകളിൽ മഞ്ഞ് ആട്ടികളായി നിറഞ്ഞു നിൽക്കുന്നു. അവയുടെ ഭാരം കാരണം ചില മരങ്ങൾ കൂനിപ്പോയിട്ടുണ്ട്. എഡ്മൺറ്റൺ നഗരാതിർത്തി കഴിഞ്ഞാലുടൻ റോഡിന്റെ ഇരുവശവും കൃഷിയിടങ്ങളാണ്. മഞ്ഞിന്റെ വെള്ളപ്പാളിയ്ക്കടിയിൽ ആയിരക്കണക്കിനു ഏക്കറുകൾ വരുന്ന കൃഷിയിടങ്ങൾ നരച്ച വെള്ളനിറത്തിൽ നീണ്ടുകിടക്കുന്നു. സന്ധ്യാസമയം ആയതുകൊണ്ട് ആകാശത്തിനും അതേ നിറം. ഭൂമിയും ആകാശവും തമ്മിൽ മുട്ടുന്നത് എവിടെയെന്ന് തിരിച്ചറിയാനാവുന്നില്ല. റോഡിന്റെ കറുപ്പ് നിറമൊഴിച്ചാൽ ബാക്കിയെല്ലാം ദിഗ്ഭ്രമം ഉണ്ടാക്കുന്ന വെണ്മ മാത്രം . അങ്ങിങ്ങായി കർഷകഭവനങ്ങൾ ക്രിസ്മസ് ദീപങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു.

കൃത്യം ആറുമണിക്ക് തന്നെ ഞങ്ങൾ കുറുപ്പ് അങ്കിളിന്റെ വീട്ടിലെത്തിയെങ്കിലും പാർക്കിങ് കിട്ടിയത് അല്പം ദൂരെയാണ്. മുന്പേ എത്തിയവർ വീടിനടുത്തുള്ള സ്ഥലങ്ങൾ കയ്യടക്കിയിരിക്കുന്നു. എല്ലാവരും വലിയ സമയനിഷ്ഠക്കാരാണ്. മഞ്ഞുവീണ് തെന്നിക്കിടക്കുന്ന വാക് വേയിലൂടെ ബാലൻസ് പിടിച്ച് നടന്ന് വീടിനകത്തെത്തിയപ്പോഴേക്കും ഡിന്നർ തുടങ്ങിയിരുന്നു.

സ്റ്റാർട്ടേഴ്സിനൊപ്പം പാനീയങ്ങൾ, മെയിൻ കോഴ്സുകൾക്കൊപ്പം വീണ്ടും പാനീയങ്ങൾ, ഡിസേർട്സ്, ഒടുവിൽ ബ്ലാക്ക് കോഫീ, ബ്രാണ്ടി – എന്നീ ക്രമത്തിലാണ് അത്താഴം . വെള്ളക്കാരുടെ രീതിപോലെ ഓരോ ഭാര്യാഭർത്താക്കന്മാരും അടുത്തടുത്ത് തന്നെ ചേർന്നിരുന്ന് ഒരുപോലെ സംഭാഷണങ്ങളിൽ പങ്ക് ചേരുന്നു. ലളിതയാന്റി ഒറ്റപ്പെട്ടു പോകാതെ ഞാനവരുടെ അടുത്ത് തന്നെ ഇരുന്നു. സാധാരണയായി ചെറുപ്പക്കാരായ മലയാളികൾ കൂടുന്നിടങ്ങളിൽ ഇപ്പോഴും നാട്ടിലെ പഴഞ്ചൻ രീതികൾ തന്നെയാണ്. ആണുങ്ങൾ വീട്ടിലെ സ്വീകരണമുറിയുയിൽ കൂടിയിരുന്നു മദ്യപിക്കുകയും മടുപ്പിക്കുന്ന തരത്തിൽ ഒച്ചയുണ്ടാക്കുകയും ചെയ്യുമ്പോൾ സ്ത്രീകൾ ഏതെങ്കിലും ഒരു മൂലയിൽ ഒതുങ്ങും. കുട്ടികൾ മറ്റിടങ്ങളിൽ ഒരു നിയന്ത്രണവും ഇല്ലാതെ കുത്തിമറിയുകയും വീട്ടുപകരണങ്ങൾ കേടു വരുത്തുകയും ചെയ്യുന്നുണ്ടാവും. മൂന്നു വ്യത്യസ്ത ലോകങ്ങൾ!

കുറുപ്പങ്കിൾ ഏറെക്കാലം ക്യുബെക് പ്രൊവിൻസിൽ ആയിരുന്നതുകൊണ്ട് എല്ലാം ഒരു ഫ്രെഞ്ച് മട്ടിലാണ്. ബോർഡോ, സുവിയോൺ ബ്ലാങ്ക്, ഷാർഡനി, ബർഗണ്ടി തുടങ്ങിയ മുന്തിയ ഫ്രെഞ്ച് വൈനുകളാണ് ഇപ്പോൾ സംസാരവിഷയം. ഓരോ കുപ്പികളുടെയും കോർക് ഊരി കഴിയുമ്പോൾ എനിക്ക് പേരറിയാത്ത ഒരങ്കിൾ മദ്യ ചഷകത്തിൽ അൽപ്പം മാത്രം ഒഴിച്ച് അതൊന്നു ചുഴറ്റി, സൂക്ഷ്മമായി നിരീക്ഷിച്ചു മൂക്കിനോടടുപ്പിച്ചു ഗന്ധം ആസ്വദിച്ചു നോക്കി സമ്മതവും തൃപ്തിയും ആതിഥേയനോട് തലകുലുക്കി അറിയിക്കുന്നുണ്ട്. ഞാനും അല്പം രുചിച്ചു നോക്കി.എന്റെ നാവിന് വൈനുകളുടെ രുചിഭേദങ്ങൾ തിരിച്ചറിയുവാൻ വേണ്ടത്ര തഴക്കം വന്നിട്ടില്ല.

സംസാരത്തിന്റെ വിഷയങ്ങൾ മാറിമാറിവന്നു. നല്ല നിലവാരമുള്ള ചർച്ചകൾ.സൽമാൻ റഷ്ദിയുടെ പുതിയ പുസ്തകമായ നൈഫ്, ഉടനെ സംഭവിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യം, സ്റ്റോക്ക് എക്സ്ചെയ്ഞ്ച് സൂചികകൾ, എന്നിവ കഴിഞ്ഞു ആഗോളകാലാവസ്ഥ വ്യതിയാനത്തിൽ കൂടി ഈ വർഷത്തെ കടുത്ത വിന്ററിലേക്ക് എത്തിയെങ്കിലും അവസാനം അത് ഏത് മലയാളിസംഗമങ്ങളുടെയും അനിവാര്യമായ പരിണാമം എന്നപോലെ കൂട്ടത്തിലെ ഗായകന്റെ ഗൃഹാതുര സംഗീതത്തിൽ എത്തി നിന്നു. ഫിലിപ്പങ്കിൾ അദ്ദേഹത്തിന്റെ ഇടവകയിലെ കൊയർമാസ്റ്റർ ആണ്. ഏതൊരു കൊയർമാസ്റ്റർമാരുടെയും സ്വഭാവമായ, ആരെങ്കിലും പിച്ച് തെറ്റിപ്പാടിയാലുള്ള ഈർഷ്യ അങ്ങേർക്കും നന്നായി ഉള്ളതിനാൽ ആവാം, ആലാപനം സോളോ ആയിരുന്നു. ” സന്ധ്യക്കെന്തിനു സിന്ദൂരം… “

ഇരുട്ടിൽ പൊഴിയുന്ന മഞ്ഞ് കൂടെ കൊണ്ടുവരുന്ന നരച്ച വെളിച്ചം കണ്ണാടിജാലകത്തിന് പുറത്ത്.

വയലാറും പീ ഭാസ്കരനും ദേവരാജനുമൊക്കെ വീണ്ടും ഒഴുകുമ്പോൾ, മറ്റുള്ളവർ തങ്ങളുടെ ഗ്ലാസുകളിൽ ബാക്കിയുള്ളത്, അതുവരെ തുടർന്നു വന്നിരുന്ന മന്ദസ്ഥായി വിട്ട് ദ്രുതതാളത്തിൽ ഉള്ളിലേക്കൊഴുക്കി. ഗ്ലാസുകളിലേക്ക് വീണ്ടും വീഞ്ഞൊഴുകിക്കൊണ്ടിരുന്നു

“സുമംഗലീ നീയോർമ്മിക്കുമോ”.. എനിക്കു ബോറടിച്ചു തുടങ്ങി. ഞാൻ ഒന്നു വാഷ്റൂമിൽ പോയി വരാൻ എഴുന്നേറ്റതാണ്.

“സ്റ്റോപ്പ് ഇറ്റ്!”

അത്യുച്ചത്തിലുള്ള ആക്രോശം കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ലളിതയാന്റി കോഫീടേബിൾ തൊഴിച്ച് തെറിപ്പിച്ചിരിക്കുന്നു! വീണുടഞ്ഞ മദ്യചഷകങ്ങളിൽ നിന്നും ഒഴുകിപരന്ന പിനോനൂർ കാർപെറ്റിൽ രക്തപുഷ്പങ്ങൾ വരയ്ക്കുന്നു! എല്ലാവരും നിശബ്ദരായി.

“വിരിഞ്ഞമാറിൽ ആദ്യനഖക്ഷതം ഏറ്റെങ്കിൽ അവൾ റേപ്പ് ചെയ്യപ്പെട്ടത് തന്നെയാണ്. എന്താ സംശയം? അവൾക്കത് മറയ്ക്കുവാനെ കഴിയൂ എന്നാണോ നിങ്ങളൊക്കെ ഇന്നും കരുതുന്നത്?”. ലളിതയാന്റി കലി തുള്ളുകയാണ്!

“അയാം ലീവിങ്.”

വന്യമായ ഒരു നിശബ്ദത മുറിയാകെ മുഴങ്ങവേ അവർ വേഗം ഡോർ തുറന്ന് പുറത്തെ മഞ്ഞ് വീഴ്ചയിലേക്ക് മറ്റൊരു കൊടുങ്കാറ്റായിറങ്ങി. യുഗങ്ങൾക്ക് മുന്പേ പ്രോഗ്രാം ചെയ്യപ്പെട്ട ഒരു റോബട്ടിനെ പോലെ ഞാനും വേഗം വിന്റർ ജാക്കറ്റും ബൂട്സും ഗ്ലൌസും തൊപ്പിയുമൊക്കെ എടുത്തണിഞ്ഞ് കൂടെയിറങ്ങി.

“മീ റ്റൂ, മീ റ്റൂ”

എനിക്കാവുന്നത്ര ഉറക്കെ വിളിച്ചു പറഞ്ഞ് ഞാനും ലളിതയാന്റിയുടെ കാറിനു നേരെ ഓടി.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like