കവിത – ഡബ്‌ള്യൂ. എച്ഛ്. ഓഡേൻ
മൊഴിമാറ്റം – രാമൻ മുണ്ടനാട്
നിശ്ചലമാക്കുക സമസ്തഘടികാരങ്ങളും.
വിച്ഛേദിയ്ക്കുക ദൂരഭാഷിണീയന്ത്രം.
വിലക്കുക എല്ലിൻരസം നുണഞ്ഞ്
കുരച്ചു ലഹളകൂട്ടുന്ന നായയെ.
നിശ്ശബ്ദമാക്കുക പിയാനോ.
ചെണ്ടയുടെ മുഴക്കത്തോടൊപ്പം
ശവപേടകം കൊണ്ടുവരപ്പെടട്ടെ.
വിലാപസംഘം അനുഗമിക്കട്ടെ.
അവൻ മരിച്ചുപോയെന്ന വിലാപം
ആകാശത്തിൽ ആലേഖനം ചെയ്ത്
തലക്കുമുകളിൽ വിമാനങ്ങൾ
ചുറ്റിപ്പറന്നുകൊണ്ടിരിക്കട്ടെ.
നാട്ടുപ്രാവുകളുടെ വെളുത്ത കഴുത്തിൽ
ദുഖസൂചകമായൊരു തുണി ചുറ്റിക്കെട്ടുക.
ട്രാഫിക്‌പോലീസുകാർ കൈകളിൽ
കറുത്ത കയ്യുറകൾ ധരിക്കട്ടെ.
അവനായിരുന്നു എന്റെ വടക്ക്, തെക്ക്,
പിന്നെ കിഴക്കു പടിഞ്ഞാറും.
അവനായിരുന്നു എന്റെ പ്രവൃത്തിദിനം,
എന്റെ ഞായറാഴ്ചവിശ്രമം,
അവൻ തന്നെയായിരുന്നു എന്റെയുച്ചകൾ,
എന്റെ നട്ടപ്പാതിരാവുകൾ,
എന്റെ സംഭാഷണങ്ങൾ, എന്റെ പാട്ടുകൾ.
ഞാൻ കരുതിയിരുന്നത്
പ്രണയം അനശ്വരമാണെന്നായിരുന്നു.
അത് തെറ്റായിരുന്നെന്ന് ഇപ്പോളറിയുന്നു.
നക്ഷത്രങ്ങളിനിയെനിയ്ക്കാവശ്യമില്ല,
എല്ലാം ഓരോന്നായി കെടുത്തിയേയ്ക്കുക.
ചന്ദ്രനെ പൊതിഞ്ഞുകെട്ടുക.
സൂര്യനെ പൊളിച്ചടുക്കുക.
സമുദ്രം ഒഴിത്തുകളഞ്ഞേക്കുക.
കാടിനെ തൂത്തുവാരിക്കളയുക.
ഇനിയെനിയ്‌ക്കൊരിക്കലും
ഇവയൊന്നും സ്വാന്തനമാകുകയില്ല.