അവധി ദിവസമാണ്. ചില ലേഖനങ്ങൾ വായിച്ചു തീർക്കാനുണ്ട്. കുറിപ്പുകൾ തയ്യാറാക്കിയവ ഒന്നു കൂടെ ശരിപ്പെടുത്താനുമുണ്ട്. നിർബന്ധമായി ചെയ്യേണ്ടവയൊന്നുമല്ല. മറ്റ് പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് ഇതൊക്കെ തീർക്കണോ അതോ ചുമ്മാ കോലായിലങ്ങനെ ഇരിക്കണോ എന്നായി ആലോചന.
മുറ്റത്തെ ചെണ്ടുമല്ലിയിലും നന്ത്യാർവട്ടത്തിലും വന്നു ചുറ്റിത്തിരിയുന്ന പൂമ്പാറ്റകളെയും നോക്കി ഇരുന്നപ്പോൾ ദിവാസ്വപ്നത്തിൽ അങ്ങനെ ലയിച്ചിരിക്കണമോ എന്നോർത്തു.
തീരുമാനമെടുക്കാനാകാതെ രണ്ടുവീടപ്പുറം വരെ കേൾക്കുന്ന ശബ്ദത്തിൽ ‘ഹൂയ്’ എന്നുറക്കെ കോട്ടുവായയുമിട്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
കഴിഞ്ഞ രണ്ടാഴ്ചയായി നല്ല തിരക്കാണ്. ഔദ്യോഗികമായ മീറ്റിംങ്ങുകൾ, യാത്രകൾ. സാധാരണ അവധി ആണെങ്കിലും എന്തെങ്കിലും മറ്റു തിരക്കുകൾ കാണും. അതിൽ സമയം കൊല്ലുന്നത് വിവാഹങ്ങളാണ്. സ്നേഹത്തോടെയാണ് ക്ഷണിക്കപ്പെടുക. പോയാൽ പരമ മുഷിച്ചിലാണ്. ചുമ്മാ കൈലി മുണ്ടും തോർത്തുമുടുത്തങ്ങു പോയാൽ പോരല്ലോ!? അപ്പോഴും വേണം അതിനൊരു വേഷം. ഇസ്തിരിയിടൽ, കണ്ണാടി നോക്കൽ, വെളുത്ത മുടി കറുപ്പിക്കൽ തുടങ്ങി എല്ലാം കഴിഞ്ഞ്, ബ്ലോക്കായ ബ്ലോക്കൊക്കെ മറികടന്ന് വണ്ടിയുമോടിച്ച് കല്യാണ മണ്ഡപത്തിലെത്തി ഒരു പാർക്കിംങ്ങ് കണ്ടെത്തണം. പിന്നെ തിരിച്ചു വരുമ്പോഴും പോയ ദുരിതങ്ങളൊക്കെ വീണ്ടും അനുഭവിക്കണം. രണ്ടാൾക്കു രതിവേഴ്ച നടത്താൻ കുടുംബക്കാരും നാട്ടുകാരും ഒക്കെ കഷ്ടപ്പെടേണ്ടത് പരമഗതികേട് തന്നെ ! ഇതിനൊക്കെ പോകാതിരുന്നാലോ സ്നേഹത്തോടെ ക്ഷണിച്ചവർ ശത്രുപക്ഷം ചാടും.
ഭാഗ്യം! ഇന്ന് പരസ്യരതി പ്രഖ്യാപനങ്ങൾക്ക് ക്ഷണിക്കപ്പെട്ടിട്ടില്ല ! സുഹൃദ് സന്ദർശനശല്യങ്ങളുമില്ല ! അടിവസ്ത്രം വേണ്ട! മേൽമുണ്ടും വേണ്ട! കൈലി മുണ്ടിന്റെ ചെറിയ ഒരസ്വാതന്ത്യം മാത്രം സഹിച്ചാൽ മതി.
എന്തായാലും ഉമ്മറത്തങ്ങനെ ഇരിക്കാൻ തീരുമാനമായി. അടുത്ത പറമ്പിൽ കൊറ്റികളുടെ കൂടെ പേരറിയാത്ത ഏതാനും പക്ഷികളുമുണ്ട്. പുതിയതായി ട്രാക്ടർ വന്നുഴുതു മറിച്ചു പോയ മണ്ണ് ചിക്കിച്ചികയുകയാണ്. പുതിയവന്മാർ ദേശാടനക്കാരാണ്. ഭാഗ്യവാന്മാർ ! കാനേഷുമാരിയില്ല, ദേശങ്ങളില്ല, അതിരുകൾ കടക്കാൻ രേഖകളും വേണ്ട.
പണ്ട്, ഇത്പോലുള്ള പ്രഭാതങ്ങളിൽ മനുഷ്യർ ചിറകടിച്ചുയരുന്ന പറവകളെ നോക്കിയിരുന്നിട്ടുണ്ടാകണം. അവർ ചിറകുകൾ പോലെ കൈകൾ വായുവിൽ ചലിപ്പിച്ചു ഉയർന്നു പൊങ്ങുവാനാകാതെ നിരാശപ്പെട്ടു കാണണം. അങ്ങനെ കൈക്കു പകരം അവർ കൃത്രിമച്ചിറകുകൾ വെച്ചു പിടിപ്പിച്ചു കാണും. അത്തരം നിരാശകൾക്കൊടുവിലാകും, പൂർവികർ തുടങ്ങി വെച്ച സ്വപ്നങ്ങളുടെ ചിറകുകൾ അമേരിക്കയിലെ നോർത്ത് കരോലിനയിലെ ‘പിശാചുകുന്ന’ന്നെർത്ഥം വരുന്ന ‘കിൽ ഡെവിൾ ഹില്ലി’ൽ വെച്ചു പറപ്പിച്ചത്.
ഒരു അന്താരാഷ്ട്ര വിമാനത്താവളം കണക്കെ പറവകൾ ചിലത് പറന്നിറങ്ങുന്നു. ചിലത് ഉയർന്നു പൊങ്ങുന്നു.
ട്രാക്ടർ പൂട്ടൽ ഈ അടുത്താണ് തുടങ്ങുന്നത്. ഓർമ്മവെച്ച കാലത്തൊക്കെ സ്ഥിരമായി പറമ്പ് കിളക്കാൻ വരുന്നത് അച്ചുവേട്ടനും വേലായുധേട്ടനുമൊക്കെ ആയിരുന്നു. ട്രാക്ടർ ഇറക്കാൻ തുടങ്ങിയ കാലത്ത് പാർട്ടി സമരം നടത്തുമ്പോൾ അവർ കമ്മ്യൂണിസ്റ്റുകാരായിരുന്നു. പലപ്പോഴും അവരുടെ വീടിന്റെ ഇറയത്തൊക്കെ ചുവന്ന കൊടി പാറി. നമ്പൂതിരി സഖാവ് പറഞ്ഞ ഗാട്ട് കരാറിനെതിരെയൊക്കെ ചായപ്പീടികയിലിരുന്ന് ഉച്ചത്തിൽ അലറി. ട്രാക്ടർ ഇറങ്ങി, മണ്ണുമാന്തി ഇറങ്ങി, മാഫിയകളുണ്ടായി. അവരൊക്കെ കൂട്ടത്തോടു കൂടി സഖാക്കളായി. കൈക്കോട്ട് തൊഴിലാളി യൂണിയനുകളെയെല്ലാം ജെ സി ബി യൂണിയനുകൾ ഏറ്റെടുത്തു. അങ്ങനെ വിപ്ലവം ആധുനികവത്കരിച്ചു.
ചായപ്പീടികയിൽ എല്ലാ ദിവസവും കള്ളുഷാപ്പിൽ വല്ലപ്പോഴും മാത്രവും പോയിരുന്നവർ പതിവു തിരുത്തി. വൈകുന്നേരം പുതിയതായി വന്ന ബാറിലേക്ക് സ്ഥിരമായി പോകാൻ തുടങ്ങി. ഒരു ദിവസം അടിച്ചു പൂസായി വന്നപ്പോഴാണ് പണ്ടെങ്ങോ ഇറയത്ത് കെട്ടിയ കൊടി കാറ്റിൽ തൂങ്ങിയാടുന്നത് അച്ചു കണ്ടത്. വർഷങ്ങളുടെ മഴ കൊണ്ട് കരിമ്പനടിച്ച കൊടിയുടെ അഭംഗി അപ്പോഴാണ് അയാൾ ശരിക്കും ശ്രദ്ധിച്ചത്. കൊടി അഴിച്ചു കെട്ടി അടുപ്പിൽ കൊണ്ട് വെച്ചു. അന്ന് അകാരണമായി മക്കളുമായി വഴക്കുണ്ടാക്കി ഒരു ചില്ലുഗ്ലാസും എറിഞ്ഞുടച്ചു. പിറ്റേന്ന് മുതൽ സഖാവ് അച്ചു മദ്യം മാറ്റി മതത്തിലേക്ക് ചേക്കേറി. മലക്ക് പോകാനായി മാലയിട്ടു. അങ്ങനെ കൈക്കോട്ടും കൊടിയും ഉപേക്ഷിച്ചു സ്വാമിയായി.
പക്ഷികൾ പറമ്പിൽ കലപില കൂട്ടി തീറ്റ ആസ്വദിച്ചു കൊണ്ടിരുന്നു. സൂര്യന്റെ ചൂട് കൂടി. പ്രഭാതം അസ്തമിച്ചു. ഉച്ചയുദിച്ചു. അപ്പോഴേക്കും ദിനചര്യകളും പ്രാതലും കഴിഞ്ഞു ഞാൻ വായനയിൽ മുഴുകിയിരുന്നു. എങ്കിലും പുറത്തെ ചില കലപിലകൾ ഇടയ്ക്ക് ചെവിയിലേക്ക് വന്നുകൊണ്ടിരുന്നു. മുറ്റത്ത് ആരോ വന്നിട്ടുണ്ട്. ഒരു സ്ത്രീ ശബ്ദം കേൾക്കാം. ഇടയ്ക്ക് ഒരു കുട്ടിയുടെയും ശബ്ദം. ഉമ്മ എന്തോ എടുത്തു കൊടുത്തിട്ടുണ്ട്. വന്നതാരാണെന്നും എന്താണ് കൊടുത്താതെന്നും അറിയാതെ വായന ഒരിഞ്ച് മുന്നോട്ട് പോകില്ലെന്ന് വന്നപ്പോൾ എണീറ്റ് കോലായിൽ വന്നു.
“ആരാ വന്നത്,
എന്താ കൊടുത്തത്?”
“നായാടി പെണ്ണാണത്രെ. ഒരു ചെറിയ കുട്ടിയുമുണ്ട് ” ഉമ്മ പറഞ്ഞു.
പെട്ടെന്നാണ് മുറ്റത്തെ വേനലിന്റെ പരപ്പും ചൂടും ഞാനറിഞ്ഞത്.
“എന്നിട്ട് ഇങ്ങളെന്തു പണിയാ കാട്ടിയത്? അവർക്ക് തിന്നാനൊന്നും കൊടുത്തില്ലേ, കൂടെ ഒരു കുട്ടിയും ഉള്ളതല്ലേ ? ഇങ്ങടെ ഒരു അഞ്ചു രൂപാ തുട്ടുകൊണ്ടു അവർക്കെന്താവാനാ? “
ഞാൻ ഒച്ചയെടുത്തു.
നൂറു സിംഹാസനകളൊക്കെ വായിച്ചത് ഞാനാണല്ലോ,
അവർക്കെന്തു ഛേദം!?
എന്തായാലും എന്റെ ബഹളത്തിന് ഫലമുണ്ടായി
അടുത്ത വീട്ടിൽ പിരിക്കാൻ പോയ അവരെ ഇത്താത്ത തിരിച്ചു വിളിച്ചു.
പൊള്ളിപ്പടർന്ന വെയിൽ സത്യമാണ്. അവരൊന്നും കഴിച്ചിട്ടില്ല. കുട്ടിയുടെ കാലിൽ ചെരുപ്പില്ല. ഒരു മൂന്നര വയസ്സുകാരി. കിന്നരിപ്പല്ലുകൾ കാട്ടി ചിരിച്ചു ഉമ്മറത്തെ മന്ദാര മരത്തിന്റെ തണലിലേക്ക് നടന്നു. ഇലകളിൽ പിടിച്ചു വലിച്ചു.
സ്ത്രീ മെലിഞ്ഞിരിക്കുന്നു. മുടി ക്രോപ് ചെയ്തപോലെ വെട്ടിയിരിക്കുന്നു. കണ്ണുകൾക്ക് തിളക്കമുണ്ട്. ഒന്ന് കുളിച്ചു നല്ല വസ്ത്രമിട്ടാൽ ഒരു ഉത്തരാധുനികയായ വനിതാ വിമോചകയുടെ മുഖം പോലിരിക്കും.
പടിയിലിരുന്നു അവർ അവസാനത്തെ വിരലും നക്കി.
“ഇനി വേണോ? ” ഇത്ത ചോദിച്ചു
അവർ കവിളും കണ്ണും കൂട്ടിച്ചുരുക്കി ‘വേണ്ടെ’ന്നു പറഞ്ഞു
“ഇടാൻ ഉടുപ്പില്ല”. അവർക്കു വേണ്ടത് കുപ്പായങ്ങളാണ്. അടുത്ത വീട്ടിൽ നിന്നുമൊക്കെയായി കുറെ കുപ്പായങ്ങളും റെഡി.
“ഇങ്ങടെ കുടുംബക്കാരനല്ലേ ഇപ്പൊ അധികാരി. ഇങ്ങക്കറിയൂല്ലേ ?”
അവർ ‘അതെ’ എന്നർത്ഥത്തിൽ തലയാട്ടി.
“എന്നാൽ പിന്നെ ഒന്ന് പോയി കണ്ടൂടെ? സർക്കാരിന്റെ സഹായമൊക്കെ കിട്ടും”.
“ഇതാണ് ഞങ്ങൾ നായാട്യേൾക്കു പറഞ്ഞത് “.
അങ്ങനെയായിരുന്നു മറുപടി.
ആ കുട്ടിയുടെ കണ്ണുകളിലേക്കു നോക്കി. ചെരുപ്പിടാത്ത ആ കുഞ്ഞിക്കാലുകളിലേക്കു വീണ്ടും നോക്കി. നായാട്യോൾക്കു പറഞ്ഞ നടത്തത്തിലേക്കു പാകപ്പെടേണ്ട കാലുകൾ. ഉമ്മറത്തെ തണലിന്റെ തെളിച്ചത്തിൽ നിന്നും വഴിയിലെ പതച്ച വെയിലിന്റെ ഇരുട്ടിലേക്കവർ നടന്നു നീങ്ങി
പറമ്പിലെ പക്ഷികൾ തീറ്റ മതിയാക്കി പറന്നു പോയിരുന്നു.
കുറെ ദിവസങ്ങൾ കഴിഞ്ഞു. ചെറുതായി ചാറിയ മഴ അച്ചുവിന്റെയും വേലായുധന്റെയും വിയർപ്പു തുള്ളികളെ തേടി മണ്ണിൽ അരിച്ചിറങ്ങി. പുതിയ പുൽ നാമ്പുകൾ പറമ്പിൽ മുള പൊട്ടി.
വീണ്ടും മീറ്റിംഗുകൾ. യാത്രകൾ. ഔദ്യോഗിക ജീവിതത്തിന്റെ ഇരുമ്പഴികൾ
പനി പിടിച്ചു കിടപ്പായതിനാലാണ് അന്ന് വീട്ടിലിരുന്നത്. മരുന്നിന്റെ ആലസ്യത്തിൽ നിന്നും ‘മ്പ്രാ, മ്പ്രാ’ ന്നുള്ള വിളി കേട്ടാണ് ഞെട്ടിയുണർന്നത്.
മുറിവിട്ടു പുറത്തേക്കു വന്നപ്പോൾ രണ്ടാണുങ്ങളുടെ കൂടെ അന്നു വന്ന പെണ്ണും കുട്ടിയും.
ഒരാൾ മധ്യവയസ്സിന്റെ അടുത്താണ്. ഒരാൾ ചെറുപ്പക്കാരനും. ഒരാളുടെ പ്ലാസ്റ്റിക് ചാക്കിൽ കുറച്ചു തേങ്ങകളുണ്ട്. മൂന്നാളുകൾക്കും വിയർപ്പിന്റെയും മദ്യത്തിന്റെയും മണം.
മൂന്നാൾക്കു കഴിക്കാനുള്ളതൊന്നും വീട്ടിലില്ല! കയ്യിലുണ്ടായിരുന്നതെടുത്ത് കുട്ടിക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാൻ പറഞ്ഞു. അവർക്ക് തേങ്ങ പൊളിക്കുന്ന യന്ത്രം വേണം. കൂടെ തെങ്ങിൽ നിന്നും വീണു കിടന്നിരുന്ന തേങ്ങയും. തേങ്ങ കണ്ടപ്പോൾ കുഞ്ഞതിനടുത്തേക്ക് ഓടി. ഏതൊക്കെയോ പറമ്പിൽ നിന്നെടുത്തു കൊണ്ടു വന്നവയാണ് ചാക്കിൽ കൊണ്ടുവന്ന തേങ്ങകൾ. മോഷണമുതൽ സംസ്കരിക്കാനാണ് തേങ്ങ പൊളിയന്ത്രം ചോദിച്ചത്. രണ്ടാണുങ്ങൾക്കും നല്ല ആരോഗ്യമുണ്ട്. അവർ തേങ്ങ തൊണ്ടടർത്തിത്തുടങ്ങി.
“ചേട്ടനോട് ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ”?
അവൾ എന്നോട് ഒരടുപ്പക്കാരിയുടെ മട്ടിൽ ചോദിച്ചു.
“എന്താ കാര്യം പറ”.
“ചേട്ടന് നാരീ ശാപമുണ്ട്. ഏതൊക്കെയോ പെണ്ണുങ്ങൾ ചേർന്ന് മാരണം ചെയ്തിട്ടുണ്ട്. എന്തു ചെയ്താലും ഗതി പിടിക്കില്ല!”
ഏതൊക്കെ നാരികളാകാം.
ഓഫീസിലെ അടുത്ത ടേബിളിൽ ഇരിക്കുന്ന റീത്തയോട് ദേഷ്യപ്പെടാറുണ്ട്. അവളാകുമോ ? അല്ലെങ്കിൽ ഞാൻ കാരണം പ്രമോഷൻ നഷ്ടപ്പെട്ട നീന നായർ ! അല്ലെങ്കിലും എന്തിന് ഒന്നോ രണ്ടോ വരുന്ന നാരികൾ. തലമുറകളായി നാരികൾ മൊത്തം പുരുഷൻമാരെ ശപിക്കുകയല്ലേ!
“ഒരു വഴിപാട് നടത്തണം ” അവൾ പറഞ്ഞു.
ഞാൻ കഠിന ഹൃദയനായ യുക്തി വാദിയാണെന്ന് അവൾക്ക് മനസ്സിലായിക്കാണില്ല.
“വഴിപാടൊന്നും നടക്കൂല്ല ! എനിക്കതിലൊന്നും വിശ്വാസമില്ല !”
“നായാടികളുടെ വാക്ക് ഫലിക്കും ചേട്ടാ ! ദോഷം പറയാതെ.”
പറഞ്ഞത് തേങ്ങ പൊളിച്ചു കൊണ്ടിരുന്ന താടിക്കാരനാണ്. വീട്ടിൽ വന്നു കയറിയവരല്ലേ?അധികാര ഭാവം വയലൈൻസല്ലേ എന്നൊക്കെ ഓർത്ത് പരമാവധി സൗമ്യഭാവത്തിൽ വിശ്വാസത്തിന്റെ നിരർത്ഥകതയെപ്പറ്റിയൊക്കെ പറഞ്ഞു നോക്കി.
രക്ഷയില്ല! അവർ കൂട്ടത്തോടെ ആക്രമിക്കുകയാണ്. കുറഞ്ഞു കിടന്ന പനി വീണ്ടും കൂടി . പിടിച്ചു നിൽക്കാൻ വയ്യാതായി. എന്റെ പിരിയിളകി.
“നിങ്ങളോടല്ലേ പറഞ്ഞത് ഒരു വഴിപാടും വേണ്ടെ’ന്നും പറഞ്ഞ് ഞാൻ നിന്നലറി മുറിയിൽ പോയി കിടന്നു. ഉമ്മ എന്റെ ഉദ്യോഗപേര് പറഞ്ഞപ്പോൾ കൂടുതലൊന്നും പറയാതെ അവർ പോയി.
എന്തായാലും അസംഖ്യം നാരിമാരുടെ ശാപത്തിന്റെ കൂട്ടത്തിൽ ഒരു വഴിപാട് ശാപവുമായി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉമ്മയാണത് പറഞ്ഞത്. അടുത്ത വീട്ടിൽ നിന്ന് അയൽവാസികൾ ചെയ്ത മാരണമൊഴിവാക്കാൻ വഴിപാടിനായി അവർ പണം വാങ്ങിയിരുന്നു.
കഷ്ടനഷ്ടങ്ങളൊഴിവാക്കാൻ അവർക്ക് ചിലവായത് അറുനൂറ് രൂപായാണ്.
അപ്പോളാണ് എനിക്ക് കാര്യം കത്തിയത്.
ഒരു കുപ്പി ജവാൻ ബ്രാണ്ടിയുടെ വില !
കവർ : വിത്സൺ ശാരദാ ആനന്ദ്