സനിജ ഇരുന്നതിൻ്റെ എതിർവശം കുറെക്കൂടി വലത്തോട്ട് മാറിയുള്ള കസേരയിൽ അൻപത് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ ഇരിപ്പുണ്ട്. അവർ ഇരുന്നതിന് തൊട്ടടുത്തുള്ള കസേരയിൽ മറ്റൊരാൾ കൂടി വന്നിരുന്നതോടെ അവരുടെ സ്വസ്ഥത നഷ്ടമായത് പോലെ തോന്നിച്ചു. ഇത്രയൊക്കെ പേടി വേണോ..!
ഡോക്ടർ രാജശേഖരൻ എന്ന് നീലനിറമുളള ബോർഡിൽ വെള്ള അക്ഷരങ്ങൾ പതിച്ചതിന് താഴെ ഇടത് കൈമുട്ട് ചുമരിൽ കുത്തി നിന്നുകൊണ്ടുള്ള ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ സനിജയിരുന്ന അതേ മരബെഞ്ചിൽ അവളുടെ അച്ഛനും വന്നിരുന്നു. സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് അയാൾക്ക് അത്ര ബോധ്യം വന്നിട്ടില്ല. ഇന്നുവരെ സനിജയുടെ അമ്മയ്ക്ക് അത്തരമൊരു ക്ഷീണമോ പെട്ടെന്നുള്ള തലകറക്കമോ ഒന്നും തന്നെ ഉണ്ടായ ഓർമ്മയില്ല അയാൾക്ക്. ഇതിപ്പോൾ മറ്റു വല്ല അസുഖവുമായിരിക്കുമോ എന്ന പേടി അയാളെ സമ്മർദ്ദത്തിലാക്കി.
അവള് അച്ഛൻ്റെ മുഖത്തേക്ക് നോക്കാതെ തന്നെ ചോദിച്ചു.:
“അച്ഛന് പറയാമോ അവർ ഇത്ര ഞെട്ടിപ്പോവുന്നത് എന്ത് കൊണ്ടാണെന്ന്…” അവള് മുഖംകൊണ്ട് കാട്ടിക്കൊടുത്ത സ്ത്രീയെ നോക്കിയ ശേഷം അയാൾ പറഞ്ഞു: .
“അത് നമുക്കെല്ലാം ഉള്ളതല്ലേ,ഈ സമയത്ത് ഒരു…. അതിലെന്താണ് ഇത്ര..?”
“അതല്ലച്ചാ.എനിക്കുറപ്പുണ്ട്.”
അത്രയും പറഞ്ഞിട്ട് സനിജ പിറകിലേക്ക് ചാരിയിരുന്നു.
അയാള് അമ്പരന്നു.മകളുടെ മുഖത്തേക്ക് നോക്കി.
“എന്തുറപ്പുണ്ട്?”
പക്ഷേ കയ്യിലെ മൊബൈലിൽ വെറുതെ സ്ക്രോൾ ചെയ്ത് കൊണ്ട് അവൾ പറഞ്ഞത് ഇതാണ്:
“അത് വിട്ടുകള..അച്ഛാ.. എനിക്ക് ചിലപ്പോ ഓരോന്ന് തോന്നുന്നതാ.”
അല്ലെങ്കിലും അയാളും അതിനെ കുറിച്ച് അധികം ചർച്ച ചെയ്യാനുള്ള മാനസിക അവസ്ഥയിലൊന്നും ആയിരുന്നില്ലല്ലോ.
“അതെന്തെങ്കിലും ആവട്ട്. അമ്മയ്ക്ക് സത്യത്തിൽ എന്തുപറ്റിയെന്ന് പറഞ്ഞില്ലല്ലോ നീ. ഇവളെന്താ കൊച്ചു കുഞ്ഞാണോ,നിന്ന നില്പിൽ മറിഞ്ഞ് വീഴാൻ?”
സനിജയുടെ ഫോൺവിളി വന്നപ്പോൾ അയാൾ വില്പനനികുതിഓഫീസിലെ ഫയൽ കൂമ്പാരങ്ങൾക്ക് ഇടയിലായിരുന്നു.അവിടെനിന്ന് പുറത്തേക്ക് ഊളിയിട്ട് ഒരു ഓട്ടോ റിക്ഷയിൽ ചാടിക്കയറി അഞ്ചു മിനുട്ടിനുള്ളിൽ അശ്വനി ഹോസ്പിറ്റലിൻ്റെ അത്യാഹിതവിഭാഗത്തിനു മുന്നിൽ ചാടിഇറങ്ങുകയായിരുന്നു. ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന ഡ്രിപ്പ് കൂടി കഴിഞ്ഞാൽ വീട്ടിലേക്ക് പോവാമെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളതെങ്കിലും സമാധാനമായിട്ടില്ല, അയാൾക്ക്. ഒന്നാമത് രാവിലെ വരുമ്പോൾ യാതൊരു ക്ഷീണമോ അസുഖലക്ഷണമോ ഇല്ലാതിരുന്ന ആളാണ്, ഇപ്പോൾ നീട്ടിവച്ച കൈകളിൽ ഡ്രിപ്പ് നീഡിലുമായി കിടക്കുന്നത്. ഒന്നുകിൽ കാര്യമായ എന്തോ ഡിസ്ഓർഡർ ശരീരത്തിൽ ഉണ്ടാവാം.പ്രായം നാല്പത്തിയഞ്ചു തൊട്ടു കഴിഞ്ഞല്ലോ . അതല്ലെങ്കിൽ മനസ്സിന് വിഷമം സൃഷ്ടിക്കുന്ന എന്തോ സംഭവിച്ചു കാണണം. ഇതിൽ ഏതെങ്കിലും ഒന്നിൽ ഉറപ്പിക്കണമെങ്കിൽ അവള് എന്തെങ്കിലും മിണ്ടാനും പറയാനുമാവണം. അതിനാണെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും കാക്കണം. മുഖത്തെ മാസ്ക് ഒന്നുകൂടി മൂക്കിൻതുമ്പ് തൊട്ടിട്ടുണ്ട് എന്നുറപ്പിച്ചശേഷം അയാൾ മകൾക്ക് നേരെ തിരിഞ്ഞു
“മോളെ,സത്യത്തിൽ…..” എന്താണ് സംഭവിച്ചത് എന്ന് സ്വയം പൂർത്തിയാക്കിയശേഷം അവൾ പറഞ്ഞുതുടങ്ങി
“അതച്ചാ ..ഞാൻ പറയാം” സനിജ കയ്യിലുള്ള റെഡ്മി ഫോൺ സ്ക്രീനിൽ “S” എന്ന പാറ്റേൺ വിരല്കൊണ്ട് വരഞ്ഞു,ഫോൺ അൺലോക്ക് ചെയ്തു. അന്നത്തെ പത്രത്തിലാണ് സുന്ദരിയായ ഒരു പെൺകുട്ടി ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ ഭർത്താവിൻ്റെ വീട്ടിലെ ബാത്ത് റൂമിൽ ആത്മഹത്യ ചെയ്തുവെന്ന വാർത്ത വന്നത്. കൊലപാതകവും ആവാൻ ഇടയുണ്ടെന്ന രീതിയിലായിരുന്നു വാർത്തയുടെ വിശദാംശങ്ങൾ.
മലയാളത്തിലെ ഒരു പത്രത്തിൻ്റെ ഓൺ ലൈൻ വാർത്തയുടെ ലിങ്ക് മെല്ലെ വിരൽ തൊട്ട് ഓപ്പൺ ചെയ്ത് കൊണ്ട് അവൾ അച്ഛൻ്റെ മുന്നിലേക്ക് ഫോൺ നീട്ടി പിടിച്ചു.
“അമ്മ ഈ വാർത്ത വായിക്കുകയായിരുന്നു മാതൃഭൂമി പത്രത്തിൽ..”
ഒരു വാർത്ത വായിച്ചതിനു എന്തിന് മറിഞ്ഞ് വീഴണം എന്ന ചോദ്യം കണ്ണിൽ കൊളുത്തി അയാൾ സനിജയെ നോക്കി.
“അതല്ലച്ഛാ.. ഈ വാർത്ത വായിച്ചശേഷം അമ്മയും ഞാനും പലതും സംസാരിച്ചിരുന്നു. എന്തൊരു മനുഷ്യരാണ് ഇവരൊക്കെ എന്നെല്ലാം പറഞ്ഞു തുടങ്ങിയിരുന്നു അമ്മ.”
കട്ടിഫ്രെയിം ഉള്ള കണ്ണടയ്ക്കുള്ളിൽ നിന്ന് ഒരു ചിരി പുറത്തേക്ക് തൂവുന്നുണ്ട്, സനിജയുടെ മുഖത്ത്. പിന്നെ അന്ന് നടന്ന കാര്യങ്ങൾ വിശദമായിത്തന്നെ അച്ഛനോട് പറഞ്ഞുതുടങ്ങി.
അവളുടെ അമ്മ പത്രം വായിക്കാൻ ഇരിക്കുന്നത് രാവിലെ ചായകുടിയോക്കെ കഴിഞ്ഞ ശേഷം ഒൻപത്- പത്ത് മണി നേരമാവുമ്പോഴാണ്. സത്യത്തിൽ വിസ്മയയുടെ മരണ വാർത്ത പത്രം കാണുംവരെ അവർ അറിഞ്ഞിട്ടുമുണ്ടായിരുന്നില്ല. സനിജയാണെങ്കിൽ അതിരാവിലെ തന്നെ സോഷ്യൽ മീഡിയയും ഓൺലൈൻ പത്രങ്ങളുംവഴി കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞിരുന്നു.
“ഇവരൊക്കെ എന്ത് മനുഷ്യരാണ്..പണത്തിന് വേണ്ടി സ്വന്തം…..”
ഭാര്യയെ കൊല്ലാൻ പോലും മടിയില്ലാത്ത നീചന്മാര് എന്നാണ് അമ്മ പൂർത്തിയാക്കാതെവിട്ട ഭാഗം എന്നത് അവൾ ഉള്ളിൽ സ്വയം കേട്ടു.
അപ്പോഴാണ് അവൾ അത് പറയുന്നത്.
“അമ്മേ.. എനിക്ക് നല്ലൊരു കത്തി വാങ്ങിക്കണം. നല്ല മൂർച്ചയുള്ള ഒന്ന്.”
വാർത്തയുടെ ഞെട്ടലിൽ നിന്ന് അമ്മ മകളുടെ മുഖത്തേക്ക് തെറിച്ചു വീണു.
“അതെന്തിനിപ്പോ നിനക്ക് ?”കത്തി എന്നവൾ സ്വയം ചോദ്യം പൂർത്തിയാക്കിയ ശേഷം മറുപടി പറഞ്ഞു.
“നല്ല മൂർച്ചയും തിളക്കവും ഉള്ളത് തന്നെ വേണം. ഓമനത്തമുള്ള ചെറിയ ഒന്ന്. ഒരൊറ്റ കുത്തിന് തീർന്നു പോകുന്ന…..”
സോഫയിൽ നിന്ന് ഒരു ശബ്ദവും ഉയർന്നില്ല. അവൾ അമ്മയെ നോക്കാതെ ലാപ് ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു.അവൾക്ക് നല്ല തമാശ തോന്നി. അമ്മയുടെ നിശബ്ദതയുടെ അർത്ഥം അവൾക്ക് അറിയാമല്ലോ.
“എൻ്റെയും നിശ്ചയമൊക്കെ കഴിഞ്ഞതല്ലെ അമ്മെ.ആർക്കറിയാം ആൾ എങ്ങനെയെന്ന്.”
“അതിനിപ്പോ.? ” എന്തിന് ഒരു കത്തി ! നിന്നെയെന്താ അറവ് ശാലയിലേക്കാണോ കെട്ടിക്കൊണ്ട് പോകുന്നത്? അമ്മക്ക് രോഷം പുകഞ്ഞു തുടങ്ങിയത് അവൾ വാക്കിൽ കൂടി കേട്ടറിഞ്ഞു. അപ്പോഴാണ് അവൾ അമ്മയുടെ മുഖത്തേയ്ക്ക് നോക്കിയത്. അവരുടെ മുഖത്തെ ആന്തൽ കൂടി കണ്ടപ്പോൾ ശരിക്കും ചിരി വന്നുപോയി അവൾക്ക്.പണ്ട് മനോജിനെ അടിച്ചെന്ന് കേട്ടപ്പോൾ കണ്ട അതേ ഭാവം..
“അതില്ലേ അമ്മെ… ഇന്ന് രാവിലെ മുതൽ ഉള്ളിലുള്ളതാ ഇത്.കല്യാണമൊക്കെ കഴിഞ്ഞതിന് ശേഷം നല്ലൊരു കത്തി കൂടി എന്നെ പോലുള്ള പെൺകുട്ടികൾ തലയിണക്കീഴിൽ തന്നെ കരുതി വയ്ക്കണമെന്നൊരു….”
അവൾ പറഞ്ഞുവന്നത് മുഴുവൻ മനസ്സിലാവാതെ അമ്മ കല്ല്പോലെ ഇരുന്നു.
“എപ്പോഴാണ് ഇതൊക്കെ ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ, അമ്മെ..
സുരേഷ് നല്ലൊരു പയ്യനാണ്. സർക്കാർ സർവീസിൽ തന്നെ ജോലിയുള്ള പയ്യൻ വേണം മകൾക്ക് വരനായി വരേണ്ടത് എന്നത് അച്ഛനും അമ്മയും കൂടി തീരുമാനിച്ചു വച്ചത് മിക്കവാറും അവള് മുട്ടിട്ട് നടക്കുന്ന കാലത്താവും. ഈ ആലോചന വന്നപ്പോൾ അമ്മയ്ക്ക് ജോലിയെക്കാൾ ബോധിച്ചത് പയ്യൻ്റെ കുടുംബപ്പേരിലാണ്. കണ്ണൂർ ജില്ലയിൽതന്നെ പേരുകേട്ടൊരു കുടുംബം. മിലിട്ടറിയിൽ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർ അടക്കം സംസ്ഥാന അസംബ്ലിയിൽ വരെ ഒപ്പ് പതിപ്പിച്ച ഇനീഷ്യൽ. അച്ഛൻ കണക്കുകൂട്ടി നോക്കിയത് പയ്യൻ്റെ പ്രമോഷൻ സാധ്യതയും താവഴിക്ക് കിട്ടിയ തറവാട്ട് വിഹിതം എത്രവരും എന്നുമാണ്. പഴയ ജന്മി കുടുംബമായിരുന്നു. ഭൂനിയമം വന്നപ്പോൾ തറവാട്ടിലുള്ളവർക്ക് കയ്യിൽ ബാക്കിവന്നതിൽനിന്ന് ഇന്നെത്തി നിൽക്കുന്ന താവഴികൾക്കു കൈവിട്ട് കിട്ടിയ പറമ്പും കണ്ടവും ഏതാണ്ട് എത്ര സെൻ്റ് വരുമെന്നുപോലും അയാൾ ഉള്ളിലൂടെ അറിഞ്ഞുവെച്ചിരുന്നു.
തറവാട് വീടിനടുത്ത് പയ്യൻ തന്നെ കെട്ടിപ്പൊക്കിയ രണ്ടുനില വീട് പോലൊന്ന് അതിൻ്റെ പരിസരത്ത് വേറെ കാണില്ല. അങ്ങനെയൊക്കെയാണ് വിവാഹക്കാര്യം നിശ്ചയംവരെ എത്തി നിൽക്കുന്നത്.
“എന്തിനു് തലയിണ കീഴിൽ?കയ്യിൽ തന്നെ എപ്പോഴും കരുതിക്കോ എന്നാ പിന്നെ …”
പത്രം മടക്കിക്കൊണ്ട് ബാക്കി കൂടി പറഞ്ഞു “കത്തിയാക്കേണ്ട.ഒരു കൊടുവാൾ തന്നെ ആയ്‌കൊട്ടെ…അതാ നല്ലത്.”
അമ്മയ്‌ക്ക് ഉള്ളിൽ തീ ആളിത്തുടങ്ങിയിട്ടുണ്ട്,
“എന്നിട്ട് എന്നെയും നിൻ്റച്ചനെയും തന്നെ ആദ്യം വെട്ടിനോക്ക്, മൂർച്ച പരിശോധിക്കാൻ, പൊന്നു മോള്…”
പത്രം ശബ്ദമുണ്ടാക്കി കൊണ്ട് സോഫയിലേക്ക് എറിഞ്ഞ ശേഷം അമ്മ അകത്തേക്ക് പോയപ്പോൾ അവളും പിറകെ ചെന്നു. അമ്മ എന്തോ പച്ചക്കറി എടുത്തത് അരിഞ്ഞു തുടങ്ങുമ്പോൾ അവള് അലമാരയിൽ നിന്ന് അല്പം ചിപ്സ് കയ്യിൽ തട്ടി ഒരോന്നെടുത്ത് കൊറിച്ച് തുടങ്ങി. എന്നിട്ട് അമ്മയുടെ അടുത്ത് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു:
“നോക്കമ്മെ.ഈ പാവം പെൺകുട്ടികളൊക്കെ ഇത്ര ചെറുപ്പന്നെ ഇങ്ങനെ മരിക്കേണ്ടി വരുന്നത് ആരുടെ കുറ്റാ? അറിയോ അമ്മക്ക് ?”
എൻ്റെ കുറ്റമാണോ എന്ന മട്ടിൽ അവർ മകളെ നോക്കി. ഇവള് ഇതൊക്കെ എന്നോട് എന്തിന്..?
“അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു പയ്യൻ എൻ്റെ ചന്തിക്ക് പെൻസിൽ കൊണ്ട് കുത്തിയത് ഓർമ്മയുണ്ടോ അമ്മക്ക്?”
അവള് ഇപ്പോൾ കിട്ടിയ കുത്ത് എന്നത് പോലെ അറിയാതെ പിറകുവശം തടവി പോയി.
പതിനാല് കൊല്ലം കഴിഞ്ഞിട്ടും അവൾക്ക് ഇപ്പോൾ കിട്ടിയ ഒരു കുത്ത് പോലെയാണത് ഓർമ്മയിൽ. അന്ന് കുത്ത് കിട്ടി തിരിഞ്ഞുനിന്ന അവൾ കണ്ടത് പല്ലിളിച്ചു ചിരിക്കുന്ന മനോജിനെയാണ്. കാഴ്ചയ്ക്ക് കോലുകണക്കെ ഉള്ളൊരു പയ്യൻ. വായിലെ പല്ലുകൾ മാത്രം ശരീരവലുപ്പത്തിനു് പാകമാകാത്തവിധം മുഴച്ചു നിൽക്കും. പക്ഷേ കയ്യിലിരിപ്പ് അധ്യാപകരിൽ നിന്നും സ്ഥിരം അടിവാങ്ങിച്ചു കൊടുക്കാൻമാത്രം ഉണ്ടായിരുന്നു അവന്. കുത്ത്കിട്ടി തിരിഞ്ഞു നിന്നപാടെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകകെട്ടും ഇൻസ്ട്രൂമെൻ്റ് ബോക്സും രണ്ടു കൈകൾ കൊണ്ടും കൂട്ടി പിടിച്ചാണ് അവൻ്റെ മുഖം അടച്ചു കൊടുത്തത്, സനിജ. അടപ്പ് തുറന്ന് പുറത്ത് ചാടിയ കോമ്പസ് കൊണ്ട് അന്നു കീറിവച്ച മുറിവ് ഒരു കറുത്ത കലയായി ഇന്നും വലത്ചെവിക്ക് തൊട്ട് നീളെ കിടപ്പുണ്ട് എന്നവൾക്ക് അറിയാം. കാണാറുണ്ട് അവനെ പലയിടത്തും.ഗോവിന്ദൻ മാഷുടെ മുന്നിൽ തൻ്റെ ഭാഗം ന്യായീകരിക്കാൻ പാവാട പൊക്കി കാണിക്കാൻ പോലും തുനിഞ്ഞ അവളെ സരോജിനി ടീച്ചറാണ് പെട്ടെന്ന് ചാടി തടുത്തത്. എന്നിട്ട് അവളെ മെല്ലെ ഓഫീസ്മുറിയിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
“നമ്മള് പെണ്ണുങ്ങൾ അല്ലേ കുട്ടീ. ആൺകുട്ടികൾ ചെയ്യും പോലെ നമ്മൾ ചെയ്യാൻ പാടുണ്ടോ..അല്പം അടക്കവും ഒതുക്കവും…”
“അടക്കവും ഒതുക്കവും ചെക്കന്മാർക്കും വേണ്ടെ ടീച്ചറെ?എന്നെ ചെയ്താൽ ഞാൻ ഇനിയും അവനെ തല്ലും ടീച്ചറെ” എന്ന് പറഞ്ഞോണ്ട് സരോജിനി ടീച്ചറുടെ കൈ വിടുവിച്ച് ഓടി പോയതാണ് അവളന്ന്.
പിന്നീട് മൂന്നു കൊല്ലങ്ങൾക്ക്ശേഷം പെൺ കുട്ടികൾക്ക് കരാട്ടെ പരിശീലനം സ്കൂളിൽ തുടങ്ങിയ സമയം ആണിനെ തച്ചവൾ എന്ന ഒരൊറ്റ കാരണംകൊണ്ട് അമ്മ തന്നെയാണ് അവളെ തടഞ്ഞുവച്ചത്. ‘നീ അത് കൂടി പഠിച്ചാൽ നാട്ടിൽ ആൺപിള്ളേർക്ക് വഴിനടക്കാൻ പറ്റാണ്ടാവും’എന്നാണ് അമ്മയതിന് കാരണം പറഞ്ഞത്.
“ഞാൻ ഏതായാലും കത്തി വാങ്ങും മുന്നേ കരാട്ടെ ക്ലാസിനു കൂടി പോവുമമ്മെ.തീർച്ച. എന്നിട്ട് വേണം അവനിട്ട് ഒന്നുങ്കൂടി പൂശാൻ..”
അവള് എന്നിട്ട് അമ്മയോട് സ്വകാര്യം പോലെ പറഞ്ഞു.
“അമ്മ പേടിക്കേണ്ട. അവനെ ഞാൻ കത്തി കൊണ്ട് കുത്താൻ ഒന്നും പോവുന്നില്ല. പക്ഷേ റോഡിൽ ഇട്ടു ഞാൻ അവസരം കിട്ടിയാൽ രണ്ടെണ്ണം കൂടി കൊടുക്കും. കരാട്ടെ പഠിച്ച ശേഷം.”
മകളുടെ ശബ്ദത്തിലെ മൂർച്ച കേട്ട് അമ്മ ഞെട്ടി .
“ആർക്ക് കൊടുക്കാൻ..!ആരെയാണ് നിനക്ക് തല്ലാൻ …” പൂതി എന്ന് സ്വയം പൂരിപ്പിച്ചിട്ട് അവൾ പറഞ്ഞു :
“അവനെത്തന്നെ. എന്നെ പിറകിൽ കുത്തിയ ആ പഴയ മനോജിനെ … എനിക്കിത്ര കൊല്ലം കഴിഞ്ഞിട്ടും പഴയ കുത്തിൻ്റെ വേദന പോയിട്ടില്ലമ്മെ.അവനു ഞാൻ വച്ചിട്ടുണ്ട്.”
അതും പറഞ്ഞ് സ്വന്തം മുറിയിലേക്ക് നടക്കാൻ തുടങ്ങിയ അവളുടെ പിറകിൽ മെല്ലെ നിലത്തേക്ക് ഇരിക്കും പോലെയാണ് അമ്മ വീണത്..
“എൻ്റീശ്വരാ…. എന്ന നിലവിളി പോലുള്ള ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ അമ്മ ഒരു കൈ നീട്ടി മറ്റെ കൈ കൊണ്ട് തറയിൽ കുത്തി കിടക്കുകയാണ്…
അവിടുന്ന് അവൾ ഒറ്റയ്ക്കാണ് ആശുപത്രിയില് എത്തിച്ചതും അതിനു ശേഷം അച്ഛനെ വിളിച്ചതും.
ഒട്ടും പരിഭ്രമം കാണിക്കാതെ തന്നെ അവൾ നടന്നതൊക്കെ അശ്വനി ഹോസ്പിറ്റലിലെ ഡോക്ടറോട് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
ആശുപത്രി വരാന്തയിൽ പരസ്പരം പേടിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഒഴിഞ്ഞുമാറി പോവുന്ന മനുഷ്യരെ നോക്കി കൊണ്ട് അവളുടെ അച്ഛൻ മെല്ലെ ചോദിച്ചു
“നീ സത്യത്തിൽ അവനെകിട്ടിയാൽ ഇനിയും തല്ലുമൊ? മോളെ..”
സനിജ ചിരിച്ചു.
“അച്ഛൻ ഒന്ന് ഓർത്തു നോക്കൂ. ഒരു കാര്യവും ഇല്ലാതെ എന്നെ ദ്രോഹിച്ചതല്ലെ അവൻ. അവനിപ്പോ അവൻ്റെ ഭാര്യയെ എങ്ങനെയാവും…” കൈകാര്യം ചെയ്യുന്നുണ്ടാവുക എന്നത് അയാൾ മനസ്സിൽ കണക്ക് കൂട്ടി തുടങ്ങിയപ്പോഴാണ് ഒരു സിസ്റ്റർ ചില കടലാസുകൾ നീട്ടിക്കൊണ്ട് ബില്ലടച്ച് വന്നോളൂ എന്ന് അയാളോട് പറഞ്ഞത്.
വീട്ടിൽ എത്തുംവരെ ഭാര്യയോടു അയാളൊന്നും ചോദിച്ചില്ല.അവരൊന്നും പറഞ്ഞുമില്ല.സനിജയാണെങ്കിൽ ഇടയ്ക്ക് അമ്മയെ വീണ്ടും ശുണ്ഠി പിടിപ്പിക്കാൻ ശ്രമിക്കാതെ ഇരുന്നില്ല. അവൾക്കറിയാം, താൻ ഇനി എന്ത് പറഞ്ഞാലും അമ്മ തലകറങ്ങി വീഴാനൊന്നും പോവുന്നില്ലെന്ന്..!
പുറത്ത് ഓടിമറയുന്ന മരങ്ങളും കെട്ടിടങ്ങളും സൂക്ഷ്മമായി നോക്കുന്നത് പോലെ പുറത്തേക്ക് നോക്കിയിരുന്നു.അവളുടെ അമ്മ. അത്ര തന്നെ..
അന്ന് വൈകിട്ട് മൂന്ന് പേരും കൂടി ചായ കുടിച്ചുകൊണ്ട് വരാന്തയിൽ ഇരിക്കുകയായിരുന്നു.
അപ്പോഴാണ് അവൾ മെല്ലെ വീണ്ടും വിഷയം എടുത്തിട്ടത്…
“അച്ഛാ.കല്യാണത്തിന് മുൻപ് എനിക്കൊരു ചെറിയ കത്തി എന്തായാലും വേണം….”
വീണ്ടും ഇതുതന്നെ പറയുന്നത് കേൾക്കുമ്പോൾ അച്ഛൻ അമ്മയെപ്പോലെ ഞെട്ടും എന്നാണ് അവൾ വിചാരിച്ചത്. അതുണ്ടായില്ല!
“അച്ഛൻ വാങ്ങിത്തരുമോ അതോ ഞാൻ തന്നെ വാങ്ങിക്കണമോ?”
ഒരു പേനക്കത്തി വാങ്ങിക്കാൻ വീട്ടിൽനിന്നും രണ്ടു ബസുകൾ മാറിക്കയറി 40 കിലോമീറ്ററുകൾ ദൂരെയുള്ള കോളേജിൽ പഠിക്കുന്ന അവൾക്ക് തൻ്റെ സഹായം ആവശ്യമില്ലെന്ന് അയാൾക്ക് നല്ല ഉറപ്പുണ്ട്. എന്നിട്ടും അവൾ തന്നെക്കൊണ്ട് അത് വാങ്ങിപ്പിക്കാൻ നോക്കുന്നു. അയാൾ മകളെ നോക്കി. മകൾ അച്ഛനെയും നോക്കി.
തൻ്റെ ഓഫീസിന് പുറത്ത് ഉണക്കം പിടിച്ച ആൽമരച്ചുവട്ടിൽ പലമാതിരി കത്തികൾ വിൽക്കാറുള്ള തമിഴൻ്റെ കാര്യം ഓർത്തു അയാൾ. ഒരു പുല്പായയിൽ കൂടുതലും നിരത്തിവച്ചിട്ടുള്ളത് അലങ്കാരക്കത്തികൾ ആണല്ലോ എന്നത് ഇപ്പോഴാണ് അയാളിലേക്ക് ഒരു കൗതുകമായി മുനകൂർപ്പിച്ചു വന്നത്. എന്തെങ്കിലുമൊക്കെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു,അവ ഓരോന്നിനും.അറക്കവാളിന്റെ കഷണങ്ങൾ കൊണ്ട് പണിതീർത്ത കത്തികളായിരുന്നു കൂടുതലും. പച്ചിരുമ്പിൽ ഉള്ളതും ഇടയ്ക്ക് കാണാം.വില കുറവായിരിക്കും അവയ്ക്ക്. അത്രയേ ഗുണവും കാണൂ.എളുപ്പത്തിൽ മൂർച്ച പോവുന്നവയാണ് പച്ചിരുമ്പിൽ പണിതീർത്തവ. ജോലികഴിഞ്ഞ് പോവുന്ന സഹപ്രവർത്തകരിൽ ചിലർ പലപ്പോഴും നല്ലതൊന്ന് തിരഞ്ഞുകൊണ്ട് ആലിൻ ചുവട്ടിൽ സമയം കളയുന്നത് കാണാം.വെറും കൗതുകത്തിന് വാങ്ങിക്കാൻ തോന്നിക്കുന്ന തരം ചെറിയതും കാണാൻ ഭംഗിയുള്ളതുമായ ഒന്ന് ഒരിക്കൽ അയാൾ കണ്ടിട്ടുണ്ട്. പക്ഷേ വെറും കൗതുകത്തിന് വാങ്ങിക്കാൻ പറ്റുന്ന ഒന്നാണ് കത്തികൾ എന്നത് അയാൾ ഒരിക്കലും ആലോചിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ മറ്റാരോ വാങ്ങും വരെ ചെറിയ കത്തി തമിഴന് മുന്നിലെ ഷീറ്റിൽ തന്നെ കിടന്നു.
അത് വിറ്റുപോയിക്കാണുമോ? അത് പോലുള്ളത് അയാളുടെ പക്കൽ വേറെയും കാണുമായിരിക്കും.
അയാൾ പിറകിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു.
“നാളെ വരുമ്പോൾ…..”
അവള് പൂരിപ്പിച്ചു: “അച്ഛൻ സനിജയക്ക് നല്ലൊരു കത്തി വാങ്ങിച്ച് വരും…”
അവളുടെ അമ്മയപ്പോൾ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. ഇരുൾവീണു തുടങ്ങിയല്ലോ എന്നോർത്തുകൊണ്ട്…
കവർ: ജ്യോതിസ് പരവൂർ