അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍; ദുര്‍ന്നടപ്പുകാര്‍,കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു;എങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. (കൊരിന്ത്യര്‍ 1 6:9-11)
- സൃഷ്ടി
ദൈവഭയമില്ലാത്ത ഒരു ഉണ്ണാക്കനെയാണല്ലോ കര്‍ത്താവേ നീയെന്റെ തലേലോട്ട്കെട്ടിവച്ചത് എന്ന് മറിയാമ്മയുടെ പരാതി തീര്‍ക്കാനായിരുന്നു ജോസഫ് പുറംചട്ടയിലെ പൊടിതട്ടി ബൈബിള്‍ എടുത്തത്. അങ്ങനെ തുറന്നു കിട്ടിയ ബൈബിള്‍ ഭാഗം വായിച്ചപ്പോള്‍, ഒരിത്തിരി വാട്ടുകപ്പ തിന്നാന്‍ അയാള്‍ക്കു കൊതി പൊട്ടിപ്പുറപ്പെട്ടു. നാവിലൊരു രസരുചിയായി മാറിയ വാട്ടുകപ്പയുടെ ഉന്മാദത്തില്‍ അയാള്‍ ഭാര്യ മറിയാമ്മയെ വിളിച്ച് അതിനെക്കുറിച്ച് അന്വേഷിക്കുകയും അതിന് അശ്ലീല പദങ്ങളുടെ വലിയൊരു വരിയൊഴുക്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ ജോണിക്കുട്ടിയെന്ന ആത്മസുഹൃത്തിനെ വിളിച്ചു.
‘ജോണിക്കുട്ടിയെ, നിന്റെ അടുക്കളയില്‍ ഇത്തിരി വാട്ടുകപ്പയൊണ്ടോടാ ഉവേ?’
‘വാട്ടുകപ്പ തിന്ന കാലം മറന്നെടാ, എന്താടാ വാറ്റ് ശകലം കിട്ടിയ
ലക്ഷണമൊണ്ടല്ലോ?’ഒരു ചെറുചിരിയോടെ ജോണിക്കുട്ടിയുടെ ശബ്ദം ഫോണിന്റെ മറുതലയ്ക്കല്‍ മുഴങ്ങി.
‘നീ എവിടെയാണെന്റെ ജോണിക്കുട്ടി, എന്നാ പരിപാടി?’
‘ഞാനെന്റെ ഒറ്റാലൊന്നു ശരിയാക്കുവാണെന്റെ ജോസഫേ, ഇത്തിരി തോട്ടുമീന്‍ തിന്നണമെന്നു വല്ലാത്തൊരൂ പൂതി’
‘അതാണ് യോഗം എന്നു പറയുന്നത്, പച്ചത്തേങ്ങ അരച്ചുവച്ച
തോട്ടുമീന്‍പീരയ്‌ക്കൊപ്പം വാട്ടുകപ്പയും ചേര്‍ത്തൊരു പിടിപിടിച്ചാ, എന്റെ ജോണിക്കുട്ടി പത്ത് വാറ്റടിച്ചാ ആ സുഖം കിട്ടുവോ?’
‘ജോസഫേ, നീയൊരു കാര്യം ചെയ്യ്. സെബാന്റെ പറമ്പിലോട്ടു ചെല്ല്. അവിടെ വാട്ട്കപ്പ ഉണങ്ങാനിട്ടിണ്ടൊണ്ട്. കൊറച്ച് വാരിയെടുത്തോണ്ട് ഇങ്ങ് പോര്. ഞാന്‍ വല്ല കാരിയേയോ വരാലിനെയോ പെടുത്താമോന്നു നോക്കട്ടെ. തേങ്ങാ കണ്ടാല്‍ രണ്ടെണ്ണം കൂടി പെറക്കിക്കോ’
ജോണിക്കുട്ടിയുടെ സങ്കീര്‍ത്തനവഴിയില്‍ ജോസഫിന് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു. അയാള്‍ കാച്ചിയ തൂമ്പ കൊല്ലന്റെ ആലയില്‍ നിന്നും മേടിക്കാനാണെന്ന വ്യാജേന, അയയില്‍ തൂക്കിയിട്ടിരുന്ന അണ്ടര്‍വെയര്‍ വലിച്ചുകയറ്റിയിട്ട്, അതിന്റെ ആഴത്തിലുള്ള പോക്കറ്റിലേക്ക് മൊബൈല്‍
നിക്ഷേപിച്ച്, തോര്‍ത്തെടുത്തു തലയില്‍ ചുറ്റി,’കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്…’ എന്ന പാട്ട് ചൂളമടിച്ച് സെബാന്റെ പറമ്പിലേക്ക് കയറി.
അവിടെ പനമ്പായയില്‍ ഇങ്ങനെ നെടുനീളത്തില്‍ വാട്ടുകപ്പ ചെമ്പില്‍ പുഴുങ്ങി വെയിലത്ത് ഉണക്കാനായി വിരിച്ചിട്ടിരിക്കുന്നു. 24 ക്യാരറ്റ് സ്വര്‍ണം പോലെ വെയിലേറ്റ് അത് വെട്ടിത്തിളങ്ങുന്നു. ഓമനിക്കാന്‍ തോന്നുന്ന ആകൃതിയില്‍ അതങ്ങനെ മാടിവിളിക്കുകയാണ്. കണ്ണെത്താദൂരത്തോളം വാട്ടുകപ്പ മലര്‍ന്നു കിടക്കുന്ന ദൃശ്യാനുഭവത്തില്‍, സ്ഥലകാലബോധം വൈകാതെ നഷ്ടപ്പെടുമെന്നു തോന്നവേ അയാളൊരു വിഹഗവീക്ഷണം നടത്തി.

കാക്കയെ, കുരച്ചു പേടിപ്പിച്ച് ഓടിക്കാനായി രണ്ടു കറുത്ത പട്ടികളെ തുടലില്‍ കെട്ടിയിട്ടിരിക്കുന്നു. അകമ്പടിക്കായി ചില വികൃതരൂപങ്ങളുണ്ടാക്കി കമ്പില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്നു. ജോസഫ് വേറെയൊന്നും നോക്കിയില്ല. തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ചെടുത്തു, അതിലേക്ക് വാട്ടുകപ്പ, പെട്ടെന്ന് വേവുന്നതെന്ന് അയാളുടെ യുക്തിബോധം സ്വീകരിച്ചതു നോക്കി തിരഞ്ഞ് വാരാന്‍ തുടങ്ങി. അനന്തരം, അയാളുടെ മനസ്സില്‍ അരപ്പ് കയറിയ വാട്ടുകപ്പയുടെ ആവിയില്‍ നിന്നുള്ള രൂചി അലയടിക്കുകയും അതയാളെ വീണ്ടും ഉന്മത്തനാക്കുകയും ചെയ്തു. ആ ഒറ്റനിമിഷത്തില്‍ അയാള്‍ സര്‍വ്വചരാചരങ്ങളെയും മറന്നു.
പോടാ പട്ടി, എന്ന് അയാള്‍ അവഗണിച്ച പട്ടിയേയും അതിന്റെ പ്രത്യേക താളത്തിലുള്ള കുരയെ അനുധാവനം ചെയ്‌തെത്തിയ സെബാനെയും അയാള്‍ കണ്ടില്ല. നല്ല മുളവടി വെച്ചുള്ള ഊക്കോടെയുള്ള ആഞ്ഞടിയില്‍, വാട്ടുകപ്പ മോട്ടിക്കാന്‍ വന്ന ഒരു കള്ളനും ഇനി കക്കാന്‍ സെബാന്റെ പറമ്പില്‍ മേലാ
കേറരുതെന്നേ അയാള്‍ വിചാരിച്ചുള്ളു. വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നില്ല. സെബാന്റെ അടി പുറത്തുകൊള്ളുന്നതിനു പകരം ‘മെഡുല ഒബ്ലംഗോട്ട’യില്‍ തന്നെ കൊള്ളുമെന്നു ജോസഫോ, സെബാനോ ഓര്‍ത്തില്ല. ആ ദുരന്തത്തെ അതിജീവിക്കാനാവാതെ കാക്കകള്‍ ഭയന്നു പറന്നു പോയി.
- സ്ഥിതി
കൃത്യമായ ബോധം തെളിയുമ്പോള്‍, കട്ടക്കയം പോലീസ് സ്‌റ്റേഷന്റെ അകംവരാന്തയില്‍ ജോസഫ് ചാരിയിരിക്കുകയായിരുന്നു. രാമങ്കരി പോലീസ് സ്‌റ്റേഷനില്‍ നിന്നു സ്ഥലം മാറി വന്ന എസ് ഐ സജിമോന്റെ മുറിയില്‍ നിന്നും അടിപേടിച്ച് കരഞ്ഞോണ്ട് മറുപടി പറയുന്ന ജോണിക്കുട്ടിയുടെ ചെതുമ്പിച്ച ശബ്ദം അയാള്‍ തിരിച്ചറിഞ്ഞു.
കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുകയാണ്, ജോസഫ്.
സെബാന്റെ അടികിട്ടിയപാടെ വെട്ടിയിട്ട വാഴ കണക്കെ, വെളുത്ത കുറിഞ്ഞികള്‍ വാരിവിതറിയതു പോലെ പൂത്തുനിന്ന വാട്ടുകപ്പ നിറഞ്ഞ പനമ്പായുടെ പുറത്തേക്ക് അയാള്‍ മറിഞ്ഞുവീഴുന്നു. മൊന്ത കണക്കിനു വെള്ളം മുഖത്തേക്ക് തളിക്കുന്നു. തുടര്‍ന്ന്, ജോസഫ് ഒരു സ്വപ്‌നം കാണുന്നു. നാലാം ക്ലാസില്‍ നിന്നും സ്‌കൂള്‍ വിട്ട് ഓടിയണച്ചു വരുമ്പോള്‍ പ്ലേറ്റ് നിറയെ അമ്മച്ചി വാട്ടുകപ്പ എടുത്തുവച്ചിട്ട്, ‘തിന്നടാ മക്കളേ, എന്നിട്ട് പോയി പോത്തിനെ അഴിച്ച് എരുത്തിലിലോട്ട് കെട്ട്’ എന്നു പറയും. വാട്ടുകപ്പക്ക് അകമ്പടിയായുള്ള ഊത്തമീന്‍ വാരിത്തിന്നുമ്പോള്‍, ലോകത്തിലേക്ക് ഏറ്റവും വലിയ സുഖം ഇതാണെന്നു ഓര്‍ക്കും. ജീവിതത്തില്‍ വാട്ടുകപ്പയും തോട്ടുമീനും തിന്നുകയെന്നാല്‍, അത് ഏതൊരു പ്രമാണിയ്ക്കും പറ്റിയെന്നു വരികേല, അതിനൊരു യോഗം വേണം. പത്തേക്കര്‍ സ്ഥലം മേടിച്ച്
അതിലൊരു മണിമാളികയൊണ്ടാക്കി പ്രഷറും ഷുഗറും വന്ന് ഹാര്‍ട്ടറ്റാക്ക് പ്രതീക്ഷിച്ചിരിക്കുന്നവന് അന്ത്യാഭിലാഷമായി പോലും ചെലപ്പം കിട്ടിയെന്നു വരികേലാ. അത്രയ്‌ക്കൊരു നിധിയാണത്. ആ നിധികുംഭമാണ് വായിലേക്ക് കമിഴ്ത്തുന്നത്.
മുഖത്തേക്ക് വീണ വെള്ളം പകുതിയിലേറെയും അയാള്‍ കുടിച്ചു. ബോധം വന്നപ്പോള്‍ അമ്മച്ചിയേയും വാട്ടുകപ്പയുടെ പിഞ്ഞാണവും പോത്തിന്‍ക്കൂട്ടത്തിന്റെ കരച്ചിലും ജോസഫ് കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല. പകരം സെബാന്റെ തെറിയും, ഓടിക്കൂടിയവരുടെ ‘ഇത് നമ്മടെ ജോസഫ് അല്ലിയോ’ എന്ന തിരിച്ചറിയലും മാത്രം അറിഞ്ഞു.
പിന്നെയും അടികിട്ടി. നീതിമാന്മാരായ ജനക്കൂട്ടമാണ് സെബാനെ ഹീറോ ആക്കാനായി, ഓട്ടോ വിളിച്ച് ജോസഫിനെ പോലീസ് സ്‌റ്റേഷനിലാക്കിയത്. അവര്‍ക്കൊപ്പം സെബാനും കൂടെ പോയി.അവിടെ പഞ്ചായത്ത് മെമ്പറും സഹപാഠിയുമായ എസ്തപ്പാന്‍ നില്‍പ്പുണ്ടായിരുന്നു. എസ്താപ്പാനെ തൊഴുതു കൊണ്ട് ജോസഫ് പോലീസ് സ്‌റ്റേഷന് ഉള്ളിലേക്ക് കയറി.

തോട്ടുമീന്‍ പിടിക്കാന്‍ പോയ ജോണിക്കുട്ടി എങ്ങനെ പോലീസ് സ്‌റ്റേഷനിലായി എന്ന ജോസഫിന്റെ സംശയം തീര്‍ത്തത് റൈട്ടര്‍ തോമായാണ്. ‘പ്രജനന സമയങ്ങളില്‍ സഞ്ചാര പഥങ്ങളില്‍ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും, അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകള്‍ച്ചര്‍ ആന്‍ഡ് ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങള്‍ അധ്യായം 4, ക്ലോസ് 6, സബ്‌ക്ലോസ് 3, 4, 5 പ്രകാരം നിരോധിച്ചിരിക്കുന്നു. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ജോണിക്കുട്ടിക്ക് 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കും. മനസിലായോടാ,മരത്തലയാ?’ ജോസഫിന്റെ തുടയിലേക്ക്, ഫുട്‌ബോള്‍ മൈതാനിയിലെ ഗ്യാലറിയിലെ കാണികളെ ത്രസിപ്പിക്കാനായി കോര്‍ണര്‍കിക്ക് എടുക്കുന്നത് പോലെ ഒരു തൊഴി ഊക്കിനു കൊടുത്തു കൊണ്ട് റൈട്ടര്‍ തോമ പറഞ്ഞു.
ജോസഫിന്റെ അടിനാഭിയില്‍ നിന്നും മൂത്രം തെറിച്ചു. അയ്യോ എന്ന അയാളുടെ നിലവിളിയില്‍ കട്ടക്കയം പോലീസ് സ്‌റ്റേഷന്റെ അകംഭിത്തികള്‍ പ്രകമ്പനം കൊണ്ടു. സജിമോന്‍ എസ്‌ഐയുടെ മുറിയില്‍ നിന്നും മെമ്പർ എസ്താപ്പന്‍ പുറത്തേക്ക് തലയിട്ട് സഹപാഠി ജോസഫിനെ ദയനീയമായി നോക്കി.
ജോസഫിന്റെ നിലവിളിയില്‍, രാമങ്കരിയില്‍ നിന്നും തന്നെ ഇങ്ങോട്ട് അകാരണമായി ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ ചൊരുക്ക് ആരോടൊക്കെയോ തീര്‍ക്കാനെന്ന വിധം ജോണിക്കുട്ടിയുടെ അരയില്‍ കുത്തിപ്പിടിച്ചിരുന്ന പിടി സജിമോന്‍ എസ് ഐയും അയച്ചു. എന്നിട്ട്, എസ്താപ്പാനോട് പറഞ്ഞു, ‘സുഹൃത്തേ, ഊത്തപിടുത്തം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യേണ്ടത്, അത് കണ്ടു നില്‍ക്കുകയല്ല. മാത്രമല്ല അത് പോലീസില്‍ അറിയിക്കുക. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികള്‍ ഓരോന്നായി നിര്‍ത്തുകയാണ് നാം അറിവുള്ള മനുഷ്യര്‍ ചെയ്യേണ്ടത്. ഓരോ വര്‍ഷവും നാം ഇത് ചെയ്തിട്ടുകൂടി വീണ്ടും മല്‍സ്യങ്ങള്‍ ഉണ്ടാവുന്നുണ്ടല്ലോ എന്നാണ് പറയാനുള്ളതെങ്കില്‍ അറിയൂ, പ്രകൃതി വീണ്ടും നമ്മളെ കരുതുകയാണ്.’
സജിമോന്‍ എസ്‌ഐ വാചാലനായി.

‘ഞങ്ങള്‍ തൊഴിലാളിവര്‍ഗ്ഗമാണ്, സര്‍!’
എസ്തപ്പാന്‍ പഠിച്ചുവെച്ചതു പുറത്തെടുത്തു.
‘തൊഴിലാളിവര്‍ഗ്ഗമെന്നാല്‍ എന്താണ്?’ സജിമോന്‍ എസ്‌ഐ ചോദിച്ചു.
‘സമൂഹത്തിലെ ഏത് വര്‍ഗ്ഗമാണോ ഏതെങ്കിലും മൂലധനത്തില്‍ നിന്നു കിട്ടുന്ന ലാഭം കൊണ്ടല്ലാതെ പൂര്‍ണ്ണമായും സ്വന്തം അദ്ധ്വാനം വില്‍ക്കുന്നതുവഴി മാത്രം ഉപജീവനമാര്‍ഗ്ഗം സമ്പാദിക്കുന്നത്, അവരാണ് തൊഴിലാളി വര്‍ഗ്ഗം. അതിന്റെ സുഖവും ദുഖഃവും, ജീവിതവും മരണവും, അതിന്റെ നിലനില്പാകെ തന്നെ ആശ്രയിച്ചിരിക്കുന്നത് അദ്ധ്വാനത്തിനുള്ള ആവശ്യകതയേയാണ്. ഞങ്ങള്‍ പ്രോലെറ്റേറിയേറ്റ്, അഥവാ പ്രോലെറ്റേറിയന്മാരുടെ വര്‍ഗ്ഗം, ഒറ്റ വാക്കില്‍ പറഞ്ഞാല്‍, പണിയാളവര്‍ഗ്ഗം. അതു കൊണ്ട് ഇവര്‍ കുറ്റക്കാരല്ല സര്‍’
എസ്താപ്പന്റെ വിജ്ഞാനത്തില്‍ സജിമോന്‍ എസ് ഐ ആശ്ചര്യം പൂണ്ടു. അയാള്‍ താല്പര്യത്തോടെ, എസ്താപ്പാന്റെ കണ്ണുകളിലേക്ക് നോക്കി. അതോടെ, വര്‍ദ്ധിച്ച വീര്യത്തോടെ, തന്റെ മുന്നില്‍ വലിയൊരു ജനാവലിയുണ്ടെന്നും, താന്‍ അവര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും വിചാരിച്ച്, മുരടനക്കി ശബ്ദം ഒരു പ്രത്യേകതരത്തിലാക്കി, മൈക്കിന്റെ അഭാവം തനിക്ക് ഒരു അപാകതയാകരുതേയെന്നു
പ്രാര്‍ത്ഥിച്ചു കൊണ്ടു അയാള്‍ സംസാരിച്ചു തുടങ്ങി
‘സമൂഹത്തിന്റെ വ്യത്യസ്ത വികാസഘട്ടങ്ങളനുസരിച്ച് പണിയാളവര്‍ഗ്ഗങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുകയും സ്വത്തുടമവര്‍ഗ്ഗങ്ങളും ഭരണാധികാരി വര്‍ഗ്ഗങ്ങളുമായി വ്യത്യസ്ത ബന്ധങ്ങള്‍ വച്ചു പുലര്‍ത്തുകയും ചെയ്തുവന്നു. പ്രാചീനകാലത്ത് പണിയാളര്‍ തങ്ങളുടെ ഉടമകളുടെ അടിമകളായിരുന്നു. ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരു വഴിക്ക് അടിയാളന്‍ മോചനം നേടുമ്പോള്‍ തൊഴിലാളി
ഇന്നും അടിമത്വത്തിലാണ്. മല്‍സരവും സ്വകാര്യസ്വത്തും എല്ലാ വര്‍ഗ്ഗവൈജാത്യങ്ങളും അവസാനിപ്പിച്ചു കൊണ്ടാണ് തൊഴിലാളി മോചനം നേടുന്നത്. അതു കൊണ്ട് ജോണിക്കുട്ടിയും ജോസഫും മോചനം ആഗ്രഹിക്കുന്നു. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.’ എസ്താപ്പാന്‍ പറഞ്ഞു നിര്‍ത്തി.
- സംഹാരം
സ്റ്റേഷന്റെ ഉദ്യാനത്തില്‍ ഉലാത്തുകയായിരുന്ന സെബാനെ സജിമോന്‍ എസ് ഐ അകത്തേക്ക് വിളിപ്പിച്ച് ഒരു കെട്ട് ബീഡി അടിയന്തരമായി എസ്താപ്പാനു വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞയച്ചു. അനന്തരം റൈട്ടര്‍ തോമയോട് കല്‍പ്പിച്ചു.
‘ഒരുപത്തു ദിവസം അകത്തുകിടക്കാവുന്ന വിധത്തില്‍ ആ നാറി, സെബാനെയങ്ങ് പൂട്ടിയേക്ക്. 516 നോട് പറയ്, വേഗം മെമ്പർക്ക് ഒരു ചായ വാങ്ങി കൊടുക്കാന്‍’
തുടര്‍ന്ന്, സ്റ്റേഷന്റെ ഉദ്യാനത്തില്‍ ഉലാത്തുവാന്‍ വെമ്പിയ ജോസഫ്,
‘എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
എന്റെ പാദമിടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയ ചൊരിയേണമേ’
എന്ന പാട്ടു ചൂളമടിക്കാന്‍ തയ്യാറെടുത്തു.
ചിത്രങ്ങൾ : പ്രസാദ് കാനത്തുങ്കൽ
കവർ : വിത്സൺ ശാരദാ ആനന്ദ്