“സർ, ഇതൊരു കുഴപ്പം പിടിച്ച കേസാണല്ലോ. തല പെരുക്കുന്നു. ചാനലുകാർ കൊലപാതകം എന്നു തീരുമാനിച്ചുകഴിഞ്ഞു. ഇനിയിപ്പം പ്രതിയെക്കൂടി അവന്മാര് പിടികൂടിത്തരട്ടെ. അല്ല, എല്ലാം അവമ്മാരല്ലേ ഇപ്പോൾ തീരുമാനിക്കുന്നത്…” ആൽവിൻ ജേക്കബ് എന്ന ആ പോലീസ് ഉദ്യോഗസ്ഥനു തന്റെ നിരാശയും അമർഷവും മേലുദ്യോഗസ്ഥനു മുന്നിൽ പ്രകടിപ്പിക്കാതിരിക്കാനായില്ല.
“ആൽവിൻ, താനൊന്നു സമാധാനപ്പെട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നമുക്ക് ഒന്നുകൂടി പരിശോധിക്കാം. ഏതായാലും ഇന്നിനി ഒന്നും വേണ്ട. പിന്നെ, അവരുടെ വീട്ടിൽ നിന്നും പുലർച്ചെ ഒരു ടൂവീലർ പുറത്തേക്കു പോയതായി രവി ഇപ്പോൾ വിളിച്ചറിയിച്ചിട്ടുണ്ട്. ഇത്രനേരം കിട്ടാതിരുന്ന ഒരു ഫുട്ടേജാണത്. പക്ഷേ, നമ്പർ അത്ര ക്ലിയറല്ല. വണ്ടി ആരുടേതാണ് എന്നു കണ്ടെത്തിയാൽ നമ്മൾ ഈ പ്രശ്നത്തിനുത്തരം കണ്ടെത്തി എന്നാണർത്ഥം. ഇതൊരു കുഴഞ്ഞുമറിഞ്ഞ കേസേ അല്ല. താൻ സമാധാനമായി പോയി ഉറങ്ങ്. നാളെ ശുഭ വാർത്തയാവും നമ്മളെത്തേടി എത്തുക.” സി ഐ പറഞ്ഞതുകേട്ട്, ആൽവിൻ ജേക്കബ് അന്നത്തെ ജോലിതീർത്ത് ആ രാത്രി പത്തുമണിക്ക് തന്റെ ഒറ്റമുറി ഫ്ലാറ്റിലേക്ക് പോകാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
നഗരത്തിലെ, ആ പ്രധാന നിരത്തിൽ നിന്നും കിഴക്കോട്ടുള്ള റോഡിന്റെ ഇരുപുറവുമായിക്കിടക്കുന്ന ഹൗസിങ്ങ് കോളനിയുടെ ഏറ്റവും വടക്കേയറ്റത്ത്, ഇടുങ്ങിയ ടാറിട്ട വഴിയുടെ കിഴക്കുഭാഗത്താണ് റിട്ടയേഡ് മലയാളം പ്രൊഫസർ ഭാസ്ക്കരൻസാറിൻ്റെ വീട്, ‘റോസ് വില്ല’ സ്ഥിതി ചെയ്യുന്നത്. ഭാര്യയും പ്രൊഫസർ തന്നെ ആയിരുന്നെങ്കിലും, അവർ ചരിത്രം പഠിപ്പിച്ചിരുന്നതുകൊണ്ടോ എന്തോ സാറിനെ തിരക്കി വിദ്യാർത്ഥികൾ വന്നിരുന്നതുപോലെ ടീച്ചറെത്തിരക്കി ആരുമങ്ങനെ റോസ് വില്ലയുടെ പടി കടന്ന് എത്തിയിരുന്നില്ല. ഇന്നിപ്പോൾ സാറില്ല, ലില്ലിട്ടീച്ചറും ഇല്ല. അതിപ്പോൾ അവരുടെ ഏകമകൾ അലീനയുടെ മാത്രം വീടാണ്. അവിടെനിന്നാണ് രാവിലെ ആറര മണിയോടെ, അടുക്കളയിൽ സഹായത്തിനെത്തുന്ന ജയയുടെ “ഇതെന്താ തുറക്കാത്തത്” എന്ന പരിഭ്രമം ഉയർന്നതും, പ്രഭാതനടത്തക്കാരായ ഒന്നു രണ്ടു റസിഡൻസ് അസോസിയേഷൻകാർ എന്തു കുരിശെന്നു് ചിന്തിച്ച് അവിടേക്ക് മടിച്ച് മടിച്ച് കയറിച്ചെന്നതും.
അപ്പോൾ അകത്ത്, ഇടതുവശം ചെരിഞ്ഞ്, ഇടതുകാൽമുട്ട് അല്പം മടക്കി, രാത്രി ഉയർത്തിക്കെട്ടിവെച്ച മുടി അല്പം പോലും പാറിപ്പറക്കാതെ, കിടപ്പുമുറിയ്ക്കും ഹാളിനും മധ്യത്തിലുള്ള വാതിലിനിടയിൽ നിലത്ത്, ഒരു നീല സ്ലിറ്റഡ് ടോപ്പും, അയഞ്ഞ കറുത്ത ബോട്ടവും ധരിച്ച് അലീന കിടക്കുന്നുണ്ടായിരുന്നു. ആ കിടപ്പു കണ്ടാൽ അവൾ ഗാഢനിദ്രയിലല്ല എന്ന് ആരും പറയില്ല. തൊട്ടടുത്തുചെന്ന് കുനിഞ്ഞു നോക്കിയാൽ അവളുടെ കണ്ണുകൾക്ക് താഴെയുള്ള ചെറിയ തടിപ്പും, വലതു കവിളിലെ മറുകും അവർക്ക് എന്തെങ്കിലും സംഭവിച്ചതിൻ്റെ ഒരു സൂചനയും ബാക്കി വെച്ചിരുന്നുമില്ല. എന്നാൽ അവളുടെ ഹൃദയമപ്പോൾ പ്രവർത്തനരഹിതമായിട്ട് ഏതാണ്ട് അഞ്ചര മണിക്കൂർ പിന്നിട്ടിരുന്നു. ശരീരത്തിലെ ചൂട് വാർന്നുപോയിരുന്നു, തലച്ചോർ അതുവരെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ഓർമകളെ പ്രത്യേകം അറകളിൽ തുറക്കാനാകാത്ത വിധം അടച്ചു ഭദ്രമാക്കി തൻ്റെ കർത്തവ്യം കഴിഞ്ഞുവെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു!
അലീന മരിച്ചു.
മുപ്പത്തിനാലു വയസ്സുള്ള അവിവാഹിതയായ യുവതിയാണ് അലീനയെന്നും, അവൾ ഒരു ഐ ടി കമ്പനി ഉദ്യോഗസ്ഥയാണെന്നും, അവൾ ഒറ്റയ്ക്ക് നഗരത്തിലെ ഹൗസിങ്ങ് കോളനിയിലെ സ്വന്തം ഒറ്റനില വീട്ടിൽ താമസിക്കുകയാണെന്നും, അവളുടേത് ഒരു കൊലപാതകമാണോ എന്നു സംശയമുണ്ടെന്നും, പന്ത്രണ്ടുമണി വാർത്തയിലാണ് ദിനേശ് മണി വായിച്ചത്. ‘നഗരമധ്യത്തെ ഞെട്ടിച്ച് യുവതിയുടെ കൊലപാതകം’ എന്നൊരു സ്ക്രോൾ അപ്പോൾ ബ്രേക്കിങ്ങ് ന്യൂസ് ആയി കടന്നുപോകുന്നുമുണ്ടായിരുന്നു. അച്ഛനും അമ്മയും മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ട അലീന ഭാസ്ക്കരൻ എന്ന യുവതി ഒടുവിൽ ചില അകന്ന സ്വന്തക്കാരുടേയും, സഹപ്രവർത്തകരുടേയും, അച്ഛൻ്റെയും അമ്മയുടെയും ശിഷ്യരുടേയും സുഹൃത്തുക്കളുടേയും മുന്നിൽ ഫ്രീസറിനുള്ളിൽ നീണ്ടു നിവർന്ന് മരവിച്ചു കിടന്നു. ആ മരവിപ്പ് അധികം നീണ്ടുപോകാതെ ഒന്നുരണ്ടു വിതുമ്പലുകളുടെ അകമ്പടിയിൽ, മരിച്ച് മുപ്പതു മണിക്കൂറിനുള്ളിൽ നഗരശ്മശാനത്തിൽ അവളെ അഗ്നിക്കുനൽകി എല്ലാവരും പിരിഞ്ഞു പോയി.
റോസ് വില്ല, ഗേറ്റിനു മുന്നിലെ രണ്ട് അലങ്കാരവിളക്കുകൾ പൊഴിച്ച വെള്ള വെളിച്ചത്തിൽ തികച്ചും ഏകാന്തമായി കാണപ്പെട്ട ആ രാത്രിയിൽ, നഗരത്തിലെ ഒരു ഫ്ലാറ്റിൽ അവർ മൂന്നുപേർ ഒന്നിച്ചിരിക്കുകയായിരുന്നു. തലേന്നത്തെ, അലീന ഭാസ്ക്കറിൻ്റെ മരണം കൊലപാതകമോ എന്ന അന്തിച്ചർച്ചയുടെ അവതാരകൻ ദിനേശ് മണിയുടെ അടുക്കും ചിട്ടയും ഇല്ലാത്ത വസതിയിൽ ആയിരുന്നു ആ കൂടിച്ചേരൽ. ദിനേശ് മണി, ഒരു അവിവാഹിതനാണു താനെന്ന് പ്രഖ്യാപിക്കുംവിധം അലങ്കോലപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒരു ഇടമായിരുന്നു അത്. അവിടെ കൂടിയിരുന്ന മറ്റു രണ്ടു പേർ, ജോസ് ഫിലിപ്പ് എന്ന അമ്പത്തിയാറുകാരനായ ഫാം ഹൗസ് ഉടമ, അസിസ്റ്റൻറ് ബാങ്ക് മാനേജർ ബിപിൻ ചന്ദ്രൻ എന്നിവരായിരുന്നു. അവരുടെ പ്രിയപ്പെട്ട സുഹൃത്താണ് പൊടുന്നനെ കടന്നുപോയിരിക്കുന്നത്. ആത്മഹത്യ ചെയ്യില്ല അവൾ എന്നത് അവർക്കു മൂന്നുപേർക്കും അത്രയ്ക്ക് ഉറപ്പായിരുന്നു. എന്നാൽ അപ്പോൾ അവർ ഭയപ്പെട്ടത്, അവരെ മൂന്നുപേരേയും ഏതു നിമിഷവും തേടിവന്നേക്കാവുന്ന പോലീസിൻ്റെ വിളിയാണ്. അവളെക്കണ്ടത് കഴിഞ്ഞ ശനിയാഴ്ചയാണ്. സത്യത്തിൽ ഇപ്പോഴവർ, അവളുടെ വീട്ടിലെ സ്വീകരണമുറിയിലെ വലിയ മേശപ്പുറത്ത് സംസമിലെ ഡ്രാഗൺ ചിക്കനും, പൊട്ടറ്റോ ഫ്രൈയും, ആലിബാബയിലെ സ്പെഷ്യൽ ബട്ടർനാനും നിരത്തിവെച്ച്, അലീന അനുവദിച്ചിരിക്കുന്ന കൃത്യം രണ്ടു പെഗ് ബ്ലാക്ക് ലേബൽ നുണഞ്ഞ്, ദിനേശിൻ്റെ പുതിയ തിരക്കഥയുടെ ക്ലൈമാക്സ് ചർച്ച ചെയ്ത് ഇരിക്കേണ്ടതാണ്. പക്ഷേ, വ്യാഴാഴ്ച അർദ്ധരാത്രിക്കുശേഷം അവൾ കൊല്ലപ്പെട്ടിരുന്നു. ഒറ്റനോട്ടത്തിൽ അവൾ ഉറങ്ങുകയാണെന്നേ ആരും കരുതുകയുള്ളൂ. പക്ഷേ, അവൾ മരിച്ചത് ശ്വാസം മുട്ടിയാണ്. അതും കഴുത്തുഞെരിക്കപ്പെട്ട്, ഒപ്പം, അടിവയറ്റിലേറ്റ കനത്ത ആഘാതത്തിൽ പ്ലീഹ തകർന്നിരുന്നു. അതിലേറെ അതിശയം മരണവെപ്രാളം അവളുടെ ശരീരത്തിൽ കാണപ്പെട്ടില്ല എന്നതും, അവളുടെ വീട് ചവിട്ടിത്തുറന്നാണ് പോലീസ് അകത്തു പ്രവേശിച്ചത് എന്നതുമാണ്.
അതെങ്ങനെ?
“അവൾ സ്വയം കഴുത്തുഞെരിച്ച്, പ്ലീഹ തകർത്ത്, ഒന്നുമറിയാത്തവളേപ്പോലെ മരിച്ചുവീണെന്നാണോ ദിനേശ് നീ പറയുന്നത്?” ജോസേട്ടൻ അടഞ്ഞ ശബ്ദത്തിലാണത് ചോദിച്ചത്.
“എനിക്കറിയില്ല… എനിക്കറിയില്ല….” ദിനേശ് തലയിൽ കൈവെച്ച് സോഫയിലേക്ക് ഇരുന്നു.
“നീയെന്താ ഒന്നും മിണ്ടാത്തത് ബിപിൻ? എന്തെങ്കിലും ഒന്നു പറ.” അതുവരേയും ഒന്നു മിണ്ടാതിരുന്ന ബിപിനോടായി ജോസേട്ടൻ്റെ ചോദ്യം.
“എന്താ ഞാൻ പറയേണ്ടത്? എനിക്കറിയില്ല. അമലു ഇപ്പഴും ആശുപത്രിയിൽ അഡ്മിറ്റാണ്. ബുധനാഴ്ച മുതൽ ഞാനും മേഘയും അവളുടെ അടുത്തുനിന്നും മാറാതെ രണ്ടു ദിവസം ഐ സി യുവിലായിരുന്നു, അമലുവിനെ വാർഡിലേക്കു മാറ്റുമ്പോഴാണ് ജോസേട്ടൻ വിളിക്കുന്നത്. മേഘയുടെ അച്ഛനെ വിളിച്ച് നിർത്തിയിട്ടാണ് അലീനയെ ഒന്ന് കാണാൻ ഞാൻ ഓടിവന്നത്. എനിക്കറിയില്ല. അവൾക്കിതെന്ത് പറ്റിയെന്ന്.”
“എന്തായാലും പോലീസ് അന്വേഷണം നമുക്കുനേരെ ഉണ്ടാകും, ഉറപ്പാണ്. കൊന്നവനെ കിട്ടാൻ വൈകും തോറും നമ്മൾ കൂടുതൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. അവളുടെ ആകെയുള്ള മൂന്നു കൂട്ടുകാർ നമ്മൾ മാത്രമാണ്. എനിക്കറിയില്ല, പോലീസ് പ്രാന്തന്മാരാണ്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കും. പിന്നെ ഞാനൊരു മീഡിയ പേഴ്സൺ ആണ്. ചോദ്യം ചെയ്യാൻ വിളിച്ചാൽ ആ വാർത്തയ്ക്കു സെൻസേഷൻ കൂടും.” ദിനേശ് കരഞ്ഞു തുടങ്ങി.
“അന്ന് വ്യാഴാഴ്ച രാത്രി രണ്ടു പേറായിരുന്നു ഫാമില്. രണ്ടും കോംപ്ലിക്കേറ്റഡ്. തള്ളേം പിള്ളേം രണ്ടായി, മറുപിള്ളയും വീണുകഴിഞ്ഞാണ് ഞാൻ തൊഴുത്തിൽ നിന്നും ഒന്നു വീട്ടിലേക്കു കേറിയത്. ഒന്നും രണ്ടുമല്ല, പശുക്കൾ നൂറാണ് ഫാമിൽ. ദിനേശ് വിളിച്ചു പറഞ്ഞാണ് ഞാൻ കാര്യം അറിഞ്ഞത്. അലീനക്കൊച്ച്… അവളായിരുന്നു എൻ്റെ ജീവിതത്തിലെ ഏക പ്രതീക്ഷ, ഏക വെളിച്ചം, നിന്നെയൊന്നും പോലെയല്ല… എനിക്ക് അവൾ വെറുമൊരു സുഹൃത്തായിരുന്നില്ല. വെറും രണ്ടു വർഷമേ ആയിട്ടുള്ളൂ അവൾ എൻ്റെ ജീവിതത്തിലേക്കു വന്നിട്ട്. പക്ഷേ, ഭാര്യയും മക്കളും വിട്ടു പോയി, ഇനി ആർക്കുവേണ്ടി എന്നു കരുതി ജീവിച്ച എന്നെ ഒരു ഫാം നടത്താൻ ഉന്തിത്തള്ളിവിട്ടതും, കൂടെനിന്നതും അവളാണ്. വലിയ ലാഭമൊന്നുമില്ല കൊച്ചേ എന്നു ഞാൻ പറയുമ്പോൾ അവൾ പറഞ്ഞിരുന്നു, ‘ജോസേട്ടാ ലാഭമല്ല നമ്മുടെ ലക്ഷ്യം, ഒന്ന് എൻഗേജെഡ് ആവുക എന്നാണ്. ചുരുങ്ങിയപക്ഷം മെർലിൻചേച്ചിയെപ്പോലെ നിങ്ങളെ സ്വൈര്യം കെടുത്തില്ല അവറ്റ. പിന്നെ എട്ടു പത്തുപേർക്ക് ജോലിയുമായില്ലേ? നേപ്പാളിലെ നാലഞ്ച് കുടുംബങ്ങൾ അടിച്ചു പൊളിച്ച് ജീവിക്കട്ടേന്നേ….’ എന്നാ അവളു പറഞ്ഞത്. എന്നിട്ടിപ്പം അവളില്ല എന്നു പറഞ്ഞാൽ? എനിക്കവള് എൻ്റെ പെങ്ങളൂട്ടി തന്നാ…”
“ജോസേട്ടാ, എനിക്കവളെ ഇഷ്ടമായിരുന്നു, ജോലി കിട്ടിയപ്പോൾ തുറന്നു പറഞ്ഞതാ. പക്ഷേ, അവളാ പറഞ്ഞത്, ഡാ എനിക്ക് ഇഷ്ടമല്ല കല്യാണം കളവാണം ഒന്നും. ഞാനിങ്ങനെ ജീവിക്കും. അതൊരു സുഖമാണ്. നീ അത് ഇല്ലാതാക്കരുത് എന്ന്. അവളുടെ ആ പറച്ചിൽ സത്യസന്ധമാണെന്നു കണ്ടപ്പോഴാണ് ഞാൻ മേഘയെ വിവാഹം കഴിച്ചത്. എന്നിട്ടും ആഴ്ചയിലൊരിക്കൽ അവൾ നമ്മളോടൊപ്പമിരുന്ന് മനസ്സ് തുറന്നിരുന്നതുകൊണ്ട്, അറിയില്ലേ, നമ്മൾ മാത്രമാണ് അവളുടെ ഫ്രണ്ട്സ് എന്ന്. പക്ഷേ, അവൾക്കെന്താണു പറ്റിയത്?”
സത്യം, ആ മൂന്നുപേരും മാത്രമാണ് അവളുടെ സുഹൃത്തുക്കൾ. അച്ഛനും പിന്നാലെ അമ്മയും പോയ ശേഷമാണ് അവരുടെ ആഴ്ചയിലെ മീറ്റിങ്ങ് റോസ് വില്ലയിലേക്കു മാറ്റിയത്. അതു വരെ അവർ ദിനേശിൻ്റെ ഫ്ലാറ്റിലോ, ജോസേട്ടൻ്റെ ഫാം ഹൗസിലോ കണ്ടുമുട്ടി. ഒരു പെണ്ണും മൂന്നു പുരുഷന്മാരും എന്നതിനേക്കാൾ നാല് ആണുങ്ങൾ ഒത്തുചേർന്നിരുന്ന് അല്പം മദ്യത്തിൻ്റെ മേമ്പൊടിയിൽ ലോക സിനിമയും, രാഷ്ട്രീയവും പരദൂഷണവും ചർച്ച ചെയ്ത്, ജീവിത പ്രശ്നങ്ങൾ പങ്കുവെച്ചു പിരിയുന്ന ആഴ്ചക്കൂട്ടങ്ങളായിരുന്നു അത്. അച്ഛനും അമ്മയും കൂടി പോയതോടെ അവൾ തന്നെയാണ് പറഞ്ഞത്,
“ജോസേട്ടാ, ഈ വീടിന് പുസ്തകങ്ങളുടെ പൊടിമണമാണ്. ആഴ്ചയിൽ ഒരിക്കൽ ഇവിടെ മനുഷ്യഗന്ധം നിറയട്ടെ. നിങ്ങൾ ഇനി മുതൽ ഇവിടേക്ക് വാ…” എന്ന്.

അവൾ ചിലതു കണക്കുകൂട്ടിയിരുന്നു. കമ്പനി മാറണം, ചിതലുപിടിച്ച ചിന്തകൾ അടിഞ്ഞിരിക്കുന്ന ബുക്ക് ഷെൽഫുകൾ പുസ്തകങ്ങൾ അടക്കം ഏതെങ്കിലും വായനശാലയ്ക്ക് കൊടുത്ത് ഒഴിവാക്കണം. പിന്നെ, വീടും സ്ഥലവും വിൽക്കണം. ആ പണത്തിൻ്റെ പാതി മതിയാകും ബാംഗ്ലൂരിൽ ഒരു അപ്പാർട്ട്മെൻ്റ് എടുക്കാൻ. ഇനിയുള്ള ജീവിതം അവിടെ. ആ കണക്കുകൂട്ടൽ പക്ഷേ, ഒരാളും അറിഞ്ഞില്ല. കണക്കു കൂട്ടിയതിലും അധികം കിട്ടിയ കാശ്, അപ്പോൾ തന്നെ ബാംഗ്ലൂരിലെ അപ്പാർട്ട്മെൻ്റ് ആക്കി മാറ്റി, ബാക്കി സുരക്ഷിതമാക്കിയശേഷം അവൾ ആ ആഴ്ച ഒരു സർപ്രൈസ് പാർട്ടിക്ക് ഒരുങ്ങിയിരുന്നു എന്നതും ഇനി ഒരാളും അറിയില്ല. അവളോടൊപ്പം ആ ആഗ്രഹവും എരിഞ്ഞടങ്ങി.
പോലീസ് അന്വേഷണത്തെ ഭയന്ന്, അവളുടെ മൂന്നു കൂട്ടുകാരും വിധിയെ പഴിച്ചും, അവളുടെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും പുറത്തു കടക്കാൻ സാധിക്കാതെ സ്വയം എരിഞ്ഞും മദ്യത്തിനെ കൂടുതൽ ആശ്രയിച്ചു.
ഇതേ സമയം, അലീന കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ആൽവിൻ ജേക്കബ് തൻ്റെ ബൈക്കിൽ മടങ്ങുകയായിരുന്നു. അയാളും ചിന്തകളുടെ കടുംകെട്ടിൽ മുറുകി പിടയുകയായിരുന്നു.
ആൽവിൻ ഓർത്തു, അവൾക്ക് ഇരുണ്ട നിറമായിരുന്നു, അവളുടെ അച്ഛൻ്റെ തനി പകർപ്പ്. നല്ല തേൻ നിറം. അല്പം വണ്ണമുള്ള പ്രകൃതം. സത്യത്തിൽ അവളുടെ കണങ്കാലിന് എന്തൊരു ഭംഗിയായിരുന്നു! രതിമൂർച്ഛയിൽ അവളുടെ കാൽവിരലുകൾ വലിഞ്ഞുമുറുകുന്നതും കണങ്കാലുകളാൽ തന്നെ ബന്ധിക്കുന്നതും മാത്രമാണ് പല രാത്രികളിലും താൻ സ്വപ്നം കണ്ടിരുന്നത്. രണ്ടു മടക്കുണ്ട് അവളുടെ വയറിന് എന്നത് സ്വയം നിരൂപിച്ചതാണ്. അല്പം വണ്ണം കൂടിയ അവളുടെ കൈത്തണ്ടകൾ ഒരിക്കലും സ്വർണ വളകളിട്ട് കണ്ടിട്ടില്ല. അവളെ ആദ്യം കാണുമ്പോൾ അവൾ പ്ലസ് ടുവിനും താൻ ഗവൺമെൻ്റ് കോളേജിൽ ഡിഗ്രിക്കും പഠിക്കുകയായിരുന്നു. അവളുടെ അച്ഛനായിരുന്നു അന്ന് കോളേജ് പ്രിൻസിപ്പാൾ. ആദ്യമായി ആ വീട്ടിൽ ചെല്ലുമ്പോൾ അവളാണ് വാതിൽ തുറന്നത്. കോളേജ് മാഗസിൻ എഡിറ്റർ എന്ന നിലയിൽ ഒരു ചെറിയ ആവശ്യത്തിനായിട്ടാണ് അന്നവിടെ ചെന്നതെങ്കിലും പിന്നീട് അവളെക്കാണാൻ മാത്രമായി സാഹിത്യവുമായി ബന്ധം സ്ഥാപിച്ചു. ഒന്നു കണ്ടാൽ മതി. അത്രയേ സാധിക്കുമായിരുന്നുള്ളു. സബ് ഇൻസ്പെക്ടർ ടെസ്റ്റ് എഴുതിയതുപോലും ഒരു സർക്കാർ ജോലി മുന്നിൽക്കണ്ടാണ്. അതിനുമുൻപ് അവളെ വിവാഹം കഴിപ്പിക്കുമോ എന്നായിരുന്നു ഭയം. എന്നാൽ മറ്റാരുമില്ലാത്ത ഒരു ദിവസം അദ്ദേഹം തന്നെയാണ്, മകൾ വിവാഹിതയാകില്ല, അവൾക്കതിനു താൽപര്യമില്ലെന്നും അവളുടെ തീരുമാനമതാണെന്നും അറിയിച്ചത്. സത്യത്തിൽ അന്ന് സമാധാനമായി ഉറങ്ങി. അവളെ മറ്റാരും കൊണ്ടുപോകില്ല. പിന്നെ സാറും ഭാര്യയും വലിയ ഇടവേളയില്ലാതെ മരണമടഞ്ഞപ്പോൾ ആ വീടിൻ്റെ സുരക്ഷ തൻ്റെ കൺവെട്ടത്താക്കി. അപ്പോഴാണ് അവളുടെ ആ മൂന്ന് സുഹൃത്തുക്കൾ അവിടെ എല്ലാ ആഴ്ചയും വന്നുതുടങ്ങുന്നത്. ഒരാൾ അവളുടെ അച്ഛൻ്റെ പരിചയക്കാരനാണ്, അടിവാരത്ത് അയാൾക്ക് ഫാം ഹൗസ് ഉണ്ട്. ശനിയാഴ്ച കൂടൽ കഴിഞ്ഞാൽ അയാളാണ് ആദ്യം മടങ്ങുക. അയാൾക്ക് കുറേ ദൂരം പോകണം. പിന്നെ ഒരു മാധ്യമ പ്രവർത്തകൻ, അവൻ കുഴപ്പക്കാരനല്ല, ഒരു സ്വപ്നജീവി. അടുത്തത് അവളുടെ ക്ലാസ് മേറ്റ് ബാങ്ക് മാനേജർ, അവന് ഏറ്റവും പേടി സ്വന്തം ഭാര്യയെ. മൂന്നുപേരും കുഴപ്പക്കാരല്ല എന്ന് ഉറപ്പു വരുത്തിയത് അവൾക്കു വേണ്ടിയല്ല തനിക്കു വേണ്ടിയാണ്. പക്ഷേ അതൊന്നുമല്ലല്ലോ കാര്യം. ആ, വ്യാഴാഴ്ച രാത്രി പതിനൊന്നുമണിക്ക് താനവിടെ ചെന്നതിന് മറ്റൊരു കാരണമുണ്ടായിരുന്നു. മറ്റാർക്കും അറിയാത്ത ഒന്ന്. അവൾ ഇവിടം വിട്ട് ബാംഗ്ലൂരേക്കു പോകാൻ തയ്യാറാകുകയാണ് എന്ന കാര്യം അറിയുമ്പോൾ ഏറെ വൈകി. അവൾ ആ വീട് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. രെജിസ്‌ട്രേഷൻ കഴിഞ്ഞ അന്നാണ് ഞാൻ അവിടെ എത്തിയത്. ഒരു മാസത്തിനുള്ളിൽ അവൾ ബാംഗ്ലൂരിൽ വാങ്ങിയ ഫ്ലാറ്റിലേക്കു മാറും. അന്ന് ഞാൻ അവിടെ എത്തി. ഒരു തീരുമാനമെടുക്കണം. അതിലേറെ കാത്തിരിക്കാൻ സാധിക്കില്ലല്ലോ. വയസ്സ് മുപ്പത്തിയേഴ് കടക്കുന്നു. ഇനിയും അർത്ഥമില്ലാത്ത കാത്തിരിപ്പ് വയ്യ.
രാത്രി പതിനൊന്നുമണിക്കുചെന്ന് കോളിങ് ബെല്ലടിക്കുമ്പോൾ സംശയമുണ്ടായിരുന്നു വാതിൽ തുറക്കുമോ എന്ന കാര്യത്തിൽ. പക്ഷേ, അവൾ വാതിൽ തുറന്നു. ‘ചേട്ടനോ, വരൂ എന്താണ് ഈ നേരത്ത്’ എന്നുചോദിച്ചാണ് അകത്തേക്ക് ക്ഷണിച്ചത്. ഭക്ഷണം കഴിച്ചോ എന്നു ചോദിച്ചപ്പോൾ ഇല്ല എന്നു മറുപടി പറഞ്ഞു. അവൾ തന്നെയാണ് കേസ് അന്വേഷിച്ച് ക്ഷീണിച്ചതല്ലേ, ദോശ ചുട്ടുതരാം എന്നു പറഞ്ഞത്. നല്ല ചൂടു ദോശയും, ഉള്ളിച്ചമ്മന്തിയും ഒരു കട്ടൻകാപ്പിയും കുടിച്ചു കഴിഞ്ഞാണ് ഞാനവളോട് ഒരു കാര്യം പറയാനുണ്ടെന്ന് സൂചിപ്പിച്ചത്. ആദ്യം, ആ വീട് വിൽക്കുന്നതിനെക്കുറിച്ചു ചോദിച്ചു. സത്യമാണ്, അത് രെജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുന്നു. ബാംഗ്ലൂരിൽ അവൾ ഒരു അപ്പാർട്ട്മെൻറും വാങ്ങിക്കഴിഞ്ഞു. അതിൻ്റെ ഫർണിഷിങ്ങ് തീർന്നുകഴിഞ്ഞു. ഇനി രണ്ടാഴ്ചക്കാലം ഇവിടെ. പിന്നെ കേരളത്തിലേക്കില്ല.
ഞാൻ ചോദിച്ചു, ‘സാറും ടീച്ചറും ഉറങ്ങുന്ന ഈ മണ്ണ്…?’ അവളതിന് മറുപടി പറഞ്ഞില്ല.
പകരം പറഞ്ഞു, ”ചേട്ടാ, ഞാൻ ഒറ്റയ്ക്കാണ്. എനിക്ക് നല്ലത് ബാംഗ്ലൂരാണ്.”
“ഒരു വിവാഹം?”
“അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. അല്ല, വിവാഹം, അതുണ്ടാവില്ല… അതിപ്പം ചേട്ടനു പറഞ്ഞാൽ മനസിലാകുമല്ലോ… അതല്ലേ ചേട്ടനും വിവാഹം കഴിക്കാത്തത്?” അവൾ പറഞ്ഞപ്പോൾ എനിക്ക് കൃത്യമായ മറുപടി പറയേണ്ടതുണ്ടായിരുന്നു.
“അലീന, ഞാൻ വിവാഹം കഴിക്കാത്തതല്ല. ഒരാളെ കാത്തിരിക്കുകയാണ്.”
“ആരെ?” അവൾ ആകാംക്ഷയോടെ ചോദിച്ചു.
“നിന്നെ. ഇത്ര വർഷമായി ഞാൻ നിൻ്റെ മനസ്സു മാറാൻ കാത്തിരിക്കുകയായിരുന്നു.”
അവൾ ഞെട്ടി എഴുന്നേറ്റു.
“ചേട്ടാ നേരം വൈകി… “
“ഞാൻ പോകാം അലീന, പക്ഷേ, എനിക്കറിയണം നിൻ്റെ തീരുമാനം, പറയ്, നിനക്ക് എന്നൊടൊപ്പം ജീവിച്ചുകൂടേ?”
“ചേട്ടാ, വിവാഹം എന്നത് ഒരു ചോയിസ് ആണ്. അതു മനസിലാക്കൂ. എനിക്കൊരു പങ്കാളിയെ വേണ്ട. എൻ്റെ ലോകം മറ്റൊന്നാണ്. പ്ലീസ്..”
അലീനയുടെ കണ്ണ് നിറഞ്ഞു.
ഞാൻ അവളെ സമാധാനിപ്പിക്കാനായി കൈ നീട്ടി. അവൾ അതു തട്ടിമാറ്റി സ്വീകരണമുറിയിൽ ചെന്നിരുന്നു. കൈ കഴുകി, കഴിച്ച പാത്രവും കഴുകി കമഴ്ത്തിവെച്ചിട്ടാണ് ഞാൻ അവളുടെ അടുത്തേക്കു ചെന്നത്. അവളുടെ എതിർഭാഗത്തായി ഞാനിരുന്നു. ഞാൻ പറയുന്നതു കേൾക്കാൻ അവൾ തീരെ കൂട്ടാക്കിയില്ല.
ഇനി പറയൂ, ഞാനെന്താണു വേണ്ടത്? എനിക്കവളെ വേദനിപ്പിക്കാനാവില്ല. നിലത്ത് അവളുടെ കാൽക്കൽ ഞാൻ മുട്ടുകുത്തിയിരുന്നു കെഞ്ചി. അവൾ മറുപടി പറഞ്ഞില്ല. ഒന്നോർക്കണം, ആ രാത്രി, അവൾ എന്നെ തീരെ ഭയക്കുന്നുണ്ടായിരുന്നില്ല. അവളുടെ മുഖം ഒരിക്കൽപ്പോലും ഭയന്നു വിളറിയില്ല, അവൾ എനിക്കു പേടിയാകുന്നു നിങ്ങൾ പോകു എന്നും പറഞ്ഞില്ല, ഞാൻ കെഞ്ചുന്തോറും അവൾ കരിങ്കല്ലു പോലെ നിർവികാരയായി… അതെനിക്ക് തങ്ങാനായില്ല. ഒന്ന് കരഞ്ഞു കൂടേ അവൾക്ക്?
ഒരു ക്രിമിനലിനെ സെല്ലിനുള്ളിൽ കിട്ടുമ്പോൾ, നിർവികാരമായി നിൽക്കുന്ന ചില മറ്റേ മോൻമാരില്ലേ? അവൻ്റെയൊക്കെ അടിവയർ നോക്കി ഒറ്റ ചവിട്ടാണ് കൊടുക്കുക. അവൾ എഴുന്നേറ്റ് നിന്ന വാക്കിന് അതാണ് ആദ്യം സംഭവിച്ചത്. അതിലവൾ ബോധംകെട്ടുവീണത് എൻ്റെ കൈയിലേക്കു തന്നെ. അപ്പോഴും അവളുടെ മുഖത്ത് അതേ ധൈര്യം. അത്, അതെന്നെ ഭ്രാന്തനാക്കി. നായിന്റെമോൾ… എന്ന് ഉറക്കെ പറഞ്ഞു കൊണ്ടാണ് കഴുത്തിലെ മർമ്മത്തിൽ ഞെക്കിപ്പിടിച്ചത്. വെറും പത്തു നിമിഷം, ഒരു പ്രാവിനെപ്പോലെ അവളുടെ ജീവൻ എൻ്റെ കൈകൾക്കുള്ളിൽ പിടഞ്ഞു. ഹൃദയം നിലച്ചു. മെല്ലെ വലിച്ചുകൊണ്ടുവന്നു നിലത്തു കിടത്തി. പിന്നെ നഗ്നമായ അവളുടെ കണങ്കാലിൽ ഒന്നു മുത്തി. ചൂട് ഇറങ്ങാത്ത ശരീരം. അത്രയെങ്കിലും വേണ്ടേ ഈ കാത്തിരിപ്പിന്?
ഇനി എനിക്കും രക്ഷപ്പെടണ്ടേ? ഏതൊരു കൊലയാളിയേയും പോലെ, നിറയെ പിഴവു വരുത്തി ഞാൻ അതു പ്ലാൻ ചെയ്തു. കൊലപാതകികൾ പിഴവു വരുത്തുന്നതല്ല, അത് വന്നു പോകുന്നതാണ്.
ആ വീടിനെക്കുറിച്ച് ആർക്കും അറിയാത്ത പലതും എനിക്കറിയാം. ആ വീട് പുറത്തുനിന്ന് പെട്ടെന്ന് ആർക്കും തുറക്കാനാവില്ല, സാറിൻ്റെ കാലം മുതൽ അത് കേടാണ്. ഒരു പ്രത്യേക രീതിയിലാണ് തുറന്ന് അകത്തു കയറേണ്ടത്. അത് തനിക്കറിയാം. അതാണ്, അവളുടെ മരണശേഷം ഞാൻ ആദ്യം ചിന്തിച്ചത്. അവളെ, കുഴഞ്ഞു വീണതുപോലെ രണ്ടു മുറികൾക്കിടയിൽ കിടത്തി. തുറന്ന കണ്ണുകൾ തിരുമ്മി അടച്ചു. ആദ്യമായും അവസാനമായും അപ്പോഴാണ് ഞാനവളുടെ കണ്ണുകളിൽ തൊട്ടത്. പിന്നെ, എല്ലാം ഭദ്രമാക്കിയശേഷം ഞാനവൾക്ക് കാവലിരുന്നു, അവളെ ആദ്യമായിക്കണ്ടതു മുതൽ ഒടുവിൽ അവളുടെ ശ്വാസം എൻ്റെ ഉള്ളംകൈയിൽ പിടഞ്ഞതു വരെ ഞാൻ ഓർത്തു.
ഏതാണ്ട് നാലുമണിക്കു മുൻപായി, വാതിൽ പുറത്തുനിന്നും ചേർത്തടച്ച്, ചവിട്ടിത്തുറക്കാതെ ആർക്കും അകത്തു കടക്കാനാവില്ല എന്നുറപ്പിച്ച് ഞാൻ അവിടെനിന്നും വീട്ടിലേക്കു പോയി. പിന്നെ കാത്തിരിക്കുകയായിരുന്നു, അതിൻ്റെ അന്വേഷണച്ചുമതലയും വന്നെത്തിക്കഴിഞ്ഞു. ഇനി,
എല്ലാംകഴിഞ്ഞു, പിഴവുകൾ പിടിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. സത്യത്തിൽ കൊല്ലാനല്ലല്ലോ, അവൾ സമ്മതം പറയുമെന്നും, ആ രാത്രി അവളെ ബൈക്കിനു പിന്നിലിരുത്തി കടൽത്തീരത്തു ചെല്ലുമെന്നും, അവിടെ വെച്ച് പാതിരാവിൽ ആദ്യത്തെ ചുംബനം നൽകുമെന്നും….
ആ ബൈക്കിൻ്റെ നമ്പർ ഇപ്പോൾ കിട്ടിക്കാണണം. അതു ഞാനാണെന്ന് അറിയാൻ എന്താണ് പ്രയാസം? ഇപ്പോൾ പോലീസ് കണ്ണടച്ചാൽ പോലും കുറ്റം തെളിയാതിരിക്കില്ല.
‘നഗരത്തെ ഞെട്ടിച്ച യുവതിയുടെ കൊലപാതകത്തിൽ നിർണായക തെളിവ്. പ്രതി ഉടൻ പിടിയിലാകുമെന്നു സൂചന’ എന്ന വാർത്ത കേട്ടാണ് ജോസേട്ടൻ കണ്ണു തുറന്നത്. അയാളെ നോക്കി ദിനേശ് പുഞ്ചിരിച്ചു. സ്വന്തം വീട്ടിൽ ടിവിയുടെ മുന്നിലിരുന്ന് വാട്സ്ആപ്പിൽ ബിപിൻ ഹാവു എന്ന് സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ, മറ്റൊരു വാർത്ത മൂവരും ശ്രദ്ധിക്കാതെ സ്ക്രോൾ ചെയ്തു പോയി.
“അലീന കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞ് മടങ്ങും വഴി എതിരേ വന്ന കണ്ടെയിനർ ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ആത്മഹത്യയാണെന്നു സംശയിക്കുന്നു.”
കവർ: വിൽസൺ ശാരദ ആനന്ദ്