പൂമുഖം LITERATUREകവിത ഇരുട്ടു വിഘടിച്ചു വീണ്ടും ഇരുട്ടാകുന്ന വിധം

ഇരുട്ടു വിഘടിച്ചു വീണ്ടും ഇരുട്ടാകുന്ന വിധം

 

രുട്ടിനെ
ചങ്ങലയ്‌ക്കു ഇട്ട 
മരച്ചുവട്ടിൽ –
അഗാധമായ ഒരു
മാളത്തിലേയ്ക്കു ,
പാതി ഉടൽ കടത്തി
ഇര പിടിക്കുന്ന
പാമ്പിനെ നോക്കി
മൂങ്ങ അക്ഷമ കൊണ്ടു.

രാത്രിയുടെ
രണ്ടാം യാമത്തിൽ
അതു വഴി കടന്നു പോയ
ഒരു കൈനോട്ടക്കാരന്റെ
ഭാണ്ഡത്തിൽ നിന്നും
എവിടെ നിന്നോ മോഷ്ടിച്ച
ഒരു ചെമ്പു പാത്രം,
നിലത്തു വീണു കിടന്നു.

മൂന്നാം യാമത്തിൽ
അവിടെ വന്ന
രണ്ടു കള്ളന്മാർ,
ഇരുട്ട് നിറച്ചു വച്ച
ആ ചെമ്പു പാത്രത്തിൽ
വീണു അപ്രത്യക്ഷരായി.

ഇരുട്ട് വീണ്ടും
ഘനം വച്ചു വന്നു എങ്കിലും,
മൂങ്ങ അതിന്റെ
കൂർത്ത നഖങ്ങൾ ആഴ്ത്തി
ഇരുട്ടിനെ
കൊത്തി തിന്നുവാൻ തുടങ്ങിയിരുന്നു.

ഘനം വയ്ക്കുംതോറും
മൂങ്ങ ഇരുട്ടിനെ
ആർത്തിയോടെ
ഭക്ഷിച്ചു കൊണ്ടിരുന്നു.

ഒരു ഘട്ടത്തിൽ
ഭക്ഷിക്കാവുന്നതിലും
കൂടുതൽ അളവിൽ
ഇരുട്ട് –
മൂങ്ങയെ വലയം ചെയ്തപ്പോൾ
അവൻ,
മറ്റൊരു മരം ലക്ഷ്യമാക്കി
പറന്നു പോയി.
കൂടെ ഇരുട്ടും.

Comments

You may also like