വർക്ക് ഫ്രം ഹോം എന്ന വീട്ടുതടങ്കൽ അവസാനിച്ച് ഓഫീസിലേക്കുള്ള ഒരു മണിക്കൂർ നീണ്ട യാത്രയിലേക്ക് മടങ്ങി വന്നിട്ടേയുള്ളൂ നികിതേഷ്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ആളൊഴിഞ്ഞ നിരത്തിലൂടെ നിയോൺ വെട്ടത്തിൽ വണ്ടി ഓടിക്കണം. അത് ആസ്വദിക്കാൻ വേണ്ടിമാത്രമാണ് നികിതേഷ് ആ മുഷിപ്പൻ പണി സ്വീകരിച്ചതു പോലും. ഒരു ഇരുപത്തെട്ടുകാരൻ എന്തുകൊണ്ടു മദ്യപിക്കുന്നില്ലെന്നും സ്റ്റഫ് ഉപയോഗിക്കുന്നില്ലെന്നും ഓർത്തില്ലെങ്കിലും അവനൊരു കാമുകി ഇല്ല എന്നു പറഞ്ഞാൽ അതത്ര വിശ്വസനീയമല്ല ഇക്കാലത്ത്, പ്രത്യേകിച്ചും ഒരു മെട്രോപൊളിറ്റൻ നഗരത്തിൽ. പക്ഷേ, അതു സത്യമായിരുന്നു. നികിതേഷ് ആരേയും പ്രണയിച്ചില്ല. ‘എന്നെ ആരും സ്പർശിക്കുന്നത് എനിക്കിഷ്ടമല്ല, ആണോ പെണ്ണോ എന്നല്ല, ആരും.’ നികിതേഷ് അങ്ങനെ ഉറപ്പിച്ചു പറഞ്ഞത് മഹേഷ് വാല്മീകിയോടായിരുന്നു. നികിതേഷിനോടുള്ള തൻ്റെ സുന്ദരപ്രണയം പറഞ്ഞ് അല്പസമയത്തിനുള്ളിൽത്തന്നെ അതൊരു അസുന്ദര സ്വപ്നം മാത്രമായി മാറുകയാണെണ് മഹേഷ് തിരിച്ചറിഞ്ഞുകഴിഞ്ഞു. എങ്കിലും ഒരിക്കൽക്കൂടി ചോദിച്ചു, ‘ഡാ, ഞാനൊരു ആണായതു കൊണ്ടാണോ?’
‘അല്ല, ഒരിക്കലും അല്ല. എനിക്ക് എന്നെ അല്ലാതെ മറ്റാരേയും സ്നേഹിക്കാനാകില്ല. പാതിരാവിൽ ഒറ്റക്ക് വണ്ടിയോടിച്ച്, വഴിയരികിൽ ഒറ്റയ്ക്കിരുന്ന് ഒരു ഗ്രീൻടീ കുടിച്ച് അങ്ങനെ, എൻ്റെ എല്ലാ സ്വപ്നങ്ങളിലും ഞാൻ മാത്രമേയുള്ളു, അതാണ്.’

പിന്നീടു വന്നത് അവന്തികയാണ്, ‘ഒരു ലിവിംഗ് ടുഗദർ അല്ല നികീ, നമുക്ക് വിവാഹിതരാകാം. ഞാൻ നിൻ്റെ നല്ല ഭാര്യയാകാം.’
അവന്തികയെ ഒഴിവാക്കാൻ അല്പം കൂടുതൽ പ്രയാസപ്പെടേണ്ടിവന്നു നികതേഷിന്. പിന്നീട് ആരുടേയും മുഖത്തുപോലും നോക്കാതിരിക്കാനായി അവൻ്റെ ശ്രമം. അവന്തിക മറ്റൊരാളുടെ ഭാര്യയായി ഉത്തരേന്ത്യയിലെ സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ മഹേഷ്, അവൻ ഇടക്ക് വളരെ അപൂർവ്വമായി മാത്രം നികതേഷിൻ്റെ നീണ്ടു വെളുത്തുമെലിഞ്ഞ വിരലുകളെ ചെറുതായി തൊട്ടുഴിഞ്ഞുകൊണ്ട്, തൻ്റെ സ്വപ്നത്തെക്കുറിച്ചു പറഞ്ഞിരുന്നു. നികി അപ്പാഴൊക്കെ തൻ്റെ വിരലുകൾ പിൻവലിക്കുകയു ചെയ്തിരുന്നു! ഒടുവിൽ ഒരു നാൾ മഹേഷ് പറഞ്ഞു, ‘നോക്ക് നീയിത് എത്രകാലം?’
അവൻ ചിരിച്ചു, ‘ജീവനുള്ള കാലം.’ അതു മഹേഷ് ഏറ്റുപറഞ്ഞു, ജീവനുള്ള കാലം വരെ…!
അവന്തിക ടെലിവിഷനിലെ സന്ധ്യവാർത്ത കാണുകയായിരുന്നു. ഇടക്ക് ഒരു വാർത്ത സ്ക്രോൾ ചെയ്തു, മുംബൈ കല്യാണിലെ കമ്പനിയിൽ നിന്നും നൈറ്റ്ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ യുവാവ് കൊല്ലപ്പെട്ടിരിക്കുന്നു. യുവാവിൻ്റെ ചിത്രം തെളിഞ്ഞു. അത് നികിതേഷ് ആണ്. തൊട്ടടുത്ത് കൊലപാതകിയുടെ പേര് തെളിഞ്ഞു മഹേഷ് വാല്മീകി!
അവന്തിക ഡയറിയെടുത്ത് ഇങ്ങനെയെഴുതി, ‘അവനവനെ മാത്രം സ്നേഹിച്ച ആൾ, അവൻ മാത്രമുള്ളിടത്തേക്ക് മടങ്ങിയിരിക്കുന്നു. അല്ല, മടക്കി അയച്ചിരിക്കുന്നു.’
തിരിഞ്ഞ് ടി വി ക്കരികിലേക്കു നടക്കുമ്പോൾ അവൾ പിറുപിറുത്തു, ‘ശവം, കുറച്ചുകാലംകൂടി ജീവിക്കേണ്ടവൻ ആയിരുന്നു, പക്ഷേ…!’
വര : പ്രസാദ് കാനത്തുങ്കൽ
കവർ : വിത്സൺ ശാരദാ ആനന്ദ്