പൂമുഖം LITERATUREകഥ കുരള

കുരള

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ആകാശം കണ്ണീരു പോലെ തെളിമയുള്ള ഒന്നോ രണ്ടോ തുള്ളികൾ പൊഴിച്ചൊരു വൈകുന്നേരമാണ് കാക്കപ്പാറയുടെ ഉച്ചാം തലപ്പത്തിരുന്നുകൊണ്ട് രവി ആദ്യമായി ‘കള്ളവെടി’ പൊട്ടിക്കാൻ പോയ കഥ എന്നോട് പറയുന്നത്. ചിരിയുടെ ചിമ്മിനി വെട്ടമണഞ്ഞ രവിയുടെ മുഖത്ത് എൽ ഇ ഡി ബൾബുകൾ പോലെ അന്നേരം ഒരു കൊള്ളിയാൻ മിന്നി മാഞ്ഞു. സ്വന്തം ജീവിതാനുഭവത്തെ തുറന്ന പാഠപുസ്തകം പോലെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച് ആനന്ദിക്കുന്ന പുതിയ ടോപ്പിക്ക് രവി പറഞ്ഞു തുടങ്ങിയപ്പോഴേ വല്ലാത്ത കൗതുകം തോന്നി. സീൽക്കാരം പോലെ തൊണ്ടയിൽക്കൂടി വെപ്രാളം ഭോഗം കാണാൻ പുറപ്പെട്ടു. പക്ഷേ, സുഹാസിനിയുടെ വീട്ടിന്റെ തിണ്ണപ്പുറം അവനെ നോക്കി പരിഹസിച്ച നിമിഷം പറച്ചിലിന്റേയും കേൾവിയുടേയും മണസോപ്പ്‌ അലിഞ്ഞില്ലാതായി. സുഹാസിനിയുടെ ഭർത്താവ് മരിച്ചിട്ടിപ്പോൾ അഞ്ചാറ് കൊല്ലം കഴിഞ്ഞിട്ടുണ്ടാകുമെന്ന എന്റെ ഓർമ്മയുടെ തുരുമ്പിൽ തെറ്റുകളുണ്ടെന്ന് രവി ഓർമ്മിപ്പിച്ചു.

ചെറിയ നിലാവെട്ടമുണ്ട്. രവിയുടെ പതുങ്ങി പതുങ്ങിയുള്ള ചലനം കണ്ട പറമ്പിലെ മരക്കമ്പ് കോലുകളിൽ പരിഹാസച്ചിരിയുടെ മിന്നാമിനുങ്ങുകൾ മിന്നുന്നുണ്ടായിരുന്നു.

“തിണ്ണപ്പുറത്ത് ശരിക്കും നീ ആരെയാടാ കണ്ടത്?” ഞാൻ ആകാംക്ഷയുടെ ഉത്തരപർവ്വതം കയറിച്ചെന്നു.

“അയാളെ…സുഹാസിനിയുടെ ഭർത്താവിനെ”

“അഞ്ചാറു കൊല്ലം മുൻപ് പാറ പൊട്ടി ചത്ത കുമാരനേയോ?”

“ഉം”

വിശ്വസിക്കാൻ പ്രയാസമായിരുന്നെങ്കിലും രവിയുടെ പുളുവിലും കുരുക്കുന്ന പുളിയുടെ പുൽനാമ്പ് രുചി എനിക്കിഷ്ടമായിരുന്നു.

“കാക്കപ്പാറേൽ പാറ പൊട്ടിച്ച ചീള് കുമാരന്റെ നെഞ്ചേൽ തറച്ചെന്നായിരുന്നല്ലോ കേൾവി. അപ്പോപ്പിന്നെ ഇതെങ്ങനാ?”

അടിവശം ചിന്നിച്ചിതറിയ പാറക്കഷ്ണങ്ങൾ അതിന്റെ തെളിവാണ്. രവിയുടെ മോന്ത, വോൾട്ടേജ് പോയ ബൾബ് പോലെ മങ്ങിയ വെട്ടത്തിൽ പ്രകാശിച്ചു. കഥയിലില്ലാത്ത ചോദ്യം നേരിൽ കാണുന്ന ജീവിതത്തിലെന്തിനെന്നായി രവി.

“ഞാൻ കണ്ടത് കുമാരനെ തന്നെ”

കാക്കപ്പാറ ഞാൻ കാണാൻ തുടങ്ങിയിട്ടിപ്പോൾ വർഷം പതിനഞ്ചു കഴിഞ്ഞു. കാക്കപ്പാറയുടെ മുകളീന്ന് കല്ലേറ് ദൂരത്തിലുള്ള സുഹാസിനിയുടെ വീട്ട് മുറ്റത്തേക്ക് കണ്ണ് ചെന്നെത്താത്ത ദിവസങ്ങളില്ല. ഞാൻ രവിയുടെ പതറിയ മുഖത്ത് നിന്ന് കണ്ണുകളെടുത്ത്‌ സുഹാസിനിയുടെ മുറ്റത്ത് നട്ടു.

മരക്കമ്പ്…തൊടി..ചേമ്പിൻ തടം…മുറ്റം…വരാന്ത…! വരാന്തയിൽ, പൊട്ടിത്തെറിക്കാൻ പാകത്തിലായ കതിന പോലെ എന്തോ ഒന്ന് നീറി പുകയുന്നുണ്ടായിരുന്നു. സൂക്ഷിച്ച് നോക്കി.

“എന്താണ്ട്രാത്?” രവി പിറകെ വന്നു.

“ആ…”

അമ്പിളി വെട്ടത്തിൽ, സുഹാസിനിയുടെ മുറ്റം മെടഞ്ഞിട്ട ഓലക്കീറ് പോലെ കിടന്നു. വരാന്തയിലിരുന്ന ഉണക്കപ്പായയിലെ കറുത്ത അട്ടകളെ രവി ഓലച്ചീള് കൊണ്ട് കുത്തിയിളക്കി.

“ഞാൻ പറേണത് വിശ്വാസം ഇല്ലേച്ചാൽ നീ ഈ പായ മണത്ത് നോക്ക്. അങ്ങേര് ഇതിലാണ് രാത്രി മൊരടനക്കി കെടന്നത്. ഇതീ കിടത്തി സുഹാസിനി അയാളെ പരിചരിക്കുന്നത് ഞാൻ എൻറെയീ രണ്ട് കണ്ണ് കൊണ്ട് കണ്ടു.” ഉമ്മറത്ത് കേറിയാൽ ചലം നാറും. അതുകൊണ്ടാണ് അവൾ കുമാരനെ പുറത്ത് കിടത്തുന്നത്.

ഞാൻ വരാന്തയിലിരുന്ന് കാക്കപ്പാറയിലേക്ക് നോക്കി. സുഷുപ്തിയിലാണ്ട നിശ്ശബ്ദത ഒരു മഞ്ഞു മല പോലെ പാറമുകളിലാകെ വീണു കിടക്കുന്നു. അവിടെയൊരു മത്സരം നടക്കുകയായിരുന്നു. സ്വപ്നത്തിലെന്ന പോലെ ഞാനത് കണ്ടിരുന്നു.

സുഗന്ധിയുടെ കഴുത്തിൽ വരണമാല്യമണിയിക്കാൻ മോഹിച്ച വീരന്മാർക്ക് മുന്നിൽ തെല്ലും കുലുങ്ങാതെ കാക്കമല തല ഉയർത്തി നിന്നു. അവസാന ഘട്ടത്തിൽ, കാക്കപ്പാറയിലെ ഗുഹാകവാടം തള്ളിമാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട വീരന്മാർ സുഗന്ധിയെന്ന വനപുഷ്പത്തെ കണ്ണീരോടെ നോക്കി നടന്നു നീങ്ങി. സുഗന്ധിക്ക് മുന്നിൽ നിന്നുകൊണ്ട് അനങ്ങാപ്പാറയെ ശപിച്ച കരുത്തന്മാർ എത്രയോ പേരുണ്ടാകും. ഉറച്ച പാറയുടെ പൊള്ളുന്ന പ്രതലം പോലെ സുഗന്ധിയുടെ നെഞ്ചിലെ ചൂടേറി വരുന്നത് പിതാവ് മാത്രം അറിഞ്ഞില്ല. മത്സരക്രമങ്ങളിൽ അയവില്ലെന്ന പിതാവിന്റെ വാശി കുന്തമുന പോലെ സുഗന്ധിയുടെ ഇടനെഞ്ചിൽ മുറിവുകൾ വീഴ്ത്തി. ഒരിക്കലും മകളെ പിരിഞ്ഞിരിക്കാനാവില്ലെന്ന പിതാവിന്റെ സ്നേഹം സൃഷ്ടിച്ച പ്രതിസന്ധി അഗാധമായ വെറുപ്പുളവാക്കി. ഭാര്യാസമേതനല്ലാത്ത പിതാവിന് തന്റെ ദുഃഖം മനസ്സിലാക്കാനുള്ള ത്രാണിയില്ലെന്ന് അവൾക്ക് തോന്നി.

അതികായനല്ലാത്ത, ദക്ഷതൻ എന്ന യുവാവ് അനങ്ങാപ്പാറയുടെ അടിത്തടം ഉന്തി നീക്കുമ്പോൾ സുഗന്ധിയുടെ നെഞ്ചിലെ കല്ലുരുകിയൊലിച്ചു. ഗുഹാകവാടം തെന്നി നീങ്ങിയപ്പോൾ അടിത്തട്ടിന്റെ ആഴങ്ങളിൽ നിന്നുയർന്ന അഭൂതമായ വെട്ടത്തിൽ അവൾ ദക്ഷതന്റെ ചുവന്ന് മഞ്ഞച്ച മുഖം കണ്ടു. ‘വിജയിച്ചു’വെന്ന ഏകസ്വരം കേട്ട് പിതാവ് നടുങ്ങി. എതിർപ്പുകളില്ലാതെ, ദക്ഷതൻ സുഗന്ധിയുടെ കരം ഗ്രഹിച്ച് മുന്നോട്ട് നടന്നു.

ആദ്യരാത്രി, ദക്ഷതന്റെ രോമങ്ങൾ പിണഞ്ഞ നെഞ്ചിലേക്ക് ഭോഗാലസ്യത്തോടെ പെയ്തിറങ്ങുന്നേരം സുഗന്ധി തന്നെ വരിക്കാനെത്തി, അനങ്ങാപ്പാറയിൽ തലതല്ലി വീണവരുടെ കഥകൾ പറഞ്ഞു. അനങ്ങാപ്പാറയുടെ അടിവശത്തെ ഗുഹക്കുള്ളിൽ വൻ നിധിശേഖരമുണ്ടെന്നും അക്കാര്യം പുറംലോകമറിയാതിരിക്കാനുള്ള അതിബുദ്ധിയാണ് ഭീമൻപാറപ്രതിഷ്ഠയെന്നും മറ്റൊരു വേഴ്ചയുടെ മുന്നൊരുക്കമെന്നോണം ദക്ഷതൻ പറഞ്ഞു. അതുകേട്ട് ഭ്രാന്തമായ ആവേശത്തോടെ അവൾ അയാളുടെ ചുമലിലേക്ക് ചാടിക്കയറി. പാതിരാത്രി, നഗ്നമായ രണ്ടുടലുകൾ അനങ്ങാപ്പാറയുടെ ഉച്ചാം തലപ്പിലേക്ക് നടന്നു. ചൂടാറിക്കിടന്ന പരുപരുത്ത പാറയുടെ പ്രതലങ്ങളിൽ ഇരുവരും ഇഴജന്തുക്കളെപ്പോലെ ഇഴഞ്ഞു. പാറമേൽ കാതമർത്തി കിടന്നപ്പോൾ കേട്ട ചിരപരിചിതമായ പക്ഷി ശബ്ദത്തിലേക്കായി പിന്നെ ശ്രദ്ധ. ‘കേട്ടോ …ജീവന്റെ ശബ്ദം ‘ ദക്ഷതന്റെ മുഖം തിളങ്ങി. അയാൾ താഴേക്ക് ഓടിയിറങ്ങി. ഗുഹാകവാടത്തിലെ ഭീമൻ പാളി തള്ളി നീക്കി. ജീർണ്ണിച്ച മൃതശരീരങ്ങളുടെ ഗന്ധം പുറത്തേക്കൊഴുകി. കൂടുതൽ വ്യക്തമായി ഉൾവശം കാണാൻ ശ്രമിക്കവേ, കാൽ വഴുതി അയാൾ ആ വിടവിലേക്ക് ഊർന്നു പോയി. ഭീമൻ പാളി തള്ളി നീക്കാനാകാതെ ഖണ്ഡിക്കപ്പെട്ട ദക്ഷതന്റെ പാതി ഉടൽ സുഗന്ധിയുടെ കാൽചുവട്ടിലേക്ക് തെറിച്ചു വീണു. ശവംതീനികാക്കകൾ വിടവിലൂടെ പുറത്തേക്ക് പറന്ന് ഇരുവരേയും കൊത്തിവലിച്ചു. പ്രാണനും ജീവനുമിടയിലെ നൂൽപ്പാലക്കിടക്കയിൽ ഒടുക്കം സുഗന്ധിയും നിശ്ചലയായി.

വാസ്തവത്തിൽ, സുഗന്ധിയുടെ പിതാവ് നിശ്ചയിച്ച മത്സരക്രമങ്ങളിൽ മുൻപും കരുത്തന്മാർ പലരും വിജയിച്ചിരുന്നു. സുഗന്ധിയുടെ സൗന്ദര്യം മാത്രം നോക്കി നിന്നവർ അതറിഞ്ഞിരുന്നില്ല. പരാജിതരെ പ്രഖ്യാപിച്ച ഓരോ നിമിഷങ്ങളിലും മകളുടെ മുഖത്ത് തെളിഞ്ഞ നിരാശകളുടെ നിഴലാട്ടങ്ങൾ. വെറുപ്പിന്റെ സീൽക്കാര ശബ്ദങ്ങൾ. തിളച്ച ചോരയുടെ സ്ത്രൈണഗന്ധങ്ങൾ അല്പം വൈകിയെങ്കിലും പിതാവ് അറിയുകയായിരുന്നു. തന്റെ വാത്സല്യവായ്പിനേക്കാൾ മകൾക്ക് വേണ്ടുന്നതെന്തെന്ന് മനസ്സിലാക്കി അദ്ദേഹം വിട്ടുവീഴ്ചയുടെ ശാന്തസമുദ്രത്തിലിറങ്ങുകയായിരുന്നു.

ചെറിയൊരു ഇടി വെട്ടി. സുഹാസിനിയുടെ തിണ്ണപ്പുറത്ത് കാക്കപ്പാറയുടെ കഥയോർത്തിരുന്ന ഞാൻ ഞെട്ടിയുണർന്ന് രവിയെ നോക്കി.

“നീ എന്താണ്ട്രാ ആലോചിക്കണത്?” കാക്കപ്പാറേനടീലെ നിധിയാലോചിച്ചിരുന്ന് ചന്തി തേഞ്ഞവർ അനേകം പേരുണ്ടെന്ന് രവി പറഞ്ഞു. കുമാരന്റെ തിണ്ണപ്പുറത്തിരുന്ന് കാക്കപ്പാറയിലേക്ക് നോക്കിയാൽ തോന്നാത്തത് തോന്നും. അങ്ങനെയൊരു തോന്നലിന്റെ അവസാനത്തെ ഇരയാണ് കുമാരൻ.

രവി വയറിംഗ് ജോലിക്ക് പോയ ദിവസം ഏകനായി രാത്രി കാക്കപ്പാറക്ക് മുകളിൽ ഇരുന്നപ്പോഴാണ് ഉറങ്ങിക്കിടന്ന ധൈര്യം പുറത്ത് ചാടിയത്. ദൂരെയെവിടെയോ കുറുനരികളുടെ ഓരിയിട്ടു. കാക്കപ്പാറ ദക്ഷതന്റേയും സുഗന്ധിയുടെയും ഉടലാട്ടത്തിൽ ചലിക്കുന്നതായി തോന്നി. ഭയം കൂട്ടു വന്നു. മിന്നാമിന്നികൾ തുള്ളിക്കളിക്കുന്ന സുഹാസിനിയുടെ മുറ്റം. ഉണക്കപ്പായ മണത്ത്, കാൽ പൊക്കി മുള്ളിയ നായ താഴെ കിണറ്റിൻ കരയിലേക്ക് നടന്നു. മരക്കമ്പുകൾ പുഴുത് വീഴുന്ന ശബ്ദം കേട്ടു. വരാന്തയിലിരുന്ന് ചേമ്പിലക്കൂട്ടങ്ങളോട് അടക്കം പറയുന്ന കാക്കപ്പാറ സുഗന്ധി…അല്ലാ, സുഹാസിനി. മുടിയഴിച്ചിട്ട യക്ഷിയെപ്പോലെ അവൾ നിലാവ് പെയ്യുന്ന മുറ്റത്തിലൂടെ നടന്നു. ശോഷിച്ച ധൈര്യം വിയർപ്പുമണികൾ ഉറ്റിച്ച് കടന്നു കളഞ്ഞു. ഇടത് കൈത്തണ്ടയിലെ ഏലസിൽ പിടിമുറുക്കി ഞാൻ വരിക്കപ്ലാവിന് മൂട്ടിൽ മറഞ്ഞു നിന്നു.

ഉണക്കപ്പായ മണത്ത് തിരികെ വന്ന നായയെ സുഹാസിനി ചരൽ വാരിയെറിഞ്ഞു. ചേമ്പിലക്കൂട്ടങ്ങൾക്ക് മുകളിലെ മണ്ണിന്റെ മഴക്കുടകൾ അവളെ എത്തി നോക്കി പിറുപിറുത്തു. ചേമ്പിലകൾ വകഞ്ഞ് മാറ്റി, താടിയും മുടിയും നീട്ടി വളർത്തിയ രൂപം തിണ്ണപ്പുറം കയറി.

ജീവിതത്തിലുണ്ടായ ആകസ്മികങ്ങളായ ഇടിച്ചിലുകളോർത്ത് പൊട്ടിക്കരഞ്ഞപ്പോഴാണ് അതാണ് കുമാരനെന്ന് ഞാനുറപ്പിച്ചത്. കടം കയറി ജീവനൊടുക്കിയ നാരായണിയുടെ മകളുടെ ജീവിതം കുമാരനേറ്റെടുത്തിട്ടും നന്നായില്ല. കടം ക്യാൻസർ പോലെ കുമാരനേയും പിടികൂടി. നിൽക്കകള്ളിയില്ലാതെ നാടുവിടേണ്ടുന്ന അവസ്ഥ അയാളെ ചിന്തകളുടെ തിണ്ണപ്പുറത്തിരുത്തി. തിണ്ണപ്പുറത്തെ രാത്രിയാലോചന കാക്കപ്പാറയിലെ നിധിയന്വേഷിച്ച് ചെല്ലുന്ന ദിവസമാണ് ആ ദുരന്തം സംഭവിച്ചത്. അമിട്ട് പൊട്ടിച്ച് പാറ തകർക്കാനുള്ള ശ്രമം പരാജയമായി. ഉടലിൽ തുളച്ച് കയറിയ പാറച്ചീളുമായി അലറി വിളിക്കാൻ പോലും കഴിയാതെ കുമാരൻ വീട് വരെ ഇഴഞ്ഞു. പിന്നെ സുഹാസിനിയുടെ കഴുത്തിലവശേഷിച്ച താലിയുമായി നാടു വിട്ടു. അതോടെ കാക്കപ്പാറയിലെ ദുരന്തകഥയിലെ പുതിയ നായകനായി. രാത്രിയുടെ മറവിൽ പല വേഷങ്ങളണിഞ്ഞ് കുമാരൻ ഭാര്യയെ കാണാനെത്താൻ തുടങ്ങിയതോടെ സുഹാസിനി മോശം സ്ത്രീയാണെന്ന കുരളക്കാരുടെ കതിനക്കുറ്റികളിൽ ഇഷ്ടികയും മരുന്നും നിറഞ്ഞു. എല്ലാം ഒരു വിങ്ങലോടെ അവരിപ്പോഴും ഓർക്കുന്നു.

ചേമ്പിലപ്പിഞ്ഞാണത്തിൽ സുഹാസിനി അയാൾക്ക് ചോറ് വിളമ്പി. മുറിവുകളിൽ പച്ചിലക്കുഴമ്പ് പുരട്ടി. ഇരുട്ടത്ത് വിടർന്ന പുഷ്പങ്ങളെ നോക്കി അവർ എറെ നേരം സംസാരിച്ചിരുന്നു. ഘന ഗംഭീരമായൊരു വെള്ളിടി കാക്കപ്പാറയുടെ നെറുകയിൽ പതിച്ചു. ഞാൻ വീട്ടിലേക്ക് നടന്നു. ആകാശക്കൂര കീറി വെള്ളിമണികൾ ചിതറി. മഴ, അവർക്ക് ചുറ്റും മണിപ്പന്തൽ തീർത്തു. മഴയുടെ ഗന്ധം മദഗന്ധത്തിലലിഞ്ഞു.


കുരള-അപവാദം

വര : പ്രസാദ് കാണത്തുങ്കൽ

കവർ : ആദിത്യ സായിഷ്

Comments
Print Friendly, PDF & Email

You may also like