പൂമുഖം LITERATUREലേഖനം വ്യക്തിഹത്യയിലേക്ക് നീങ്ങുന്ന പരിസ്ഥിതിവാദം 

വ്യക്തിഹത്യയിലേക്ക് നീങ്ങുന്ന പരിസ്ഥിതിവാദം 

ഡോക്ടർ എം എസ് സ്വാമിനാഥൻ അന്തരിച്ചു! സാർത്ഥകമായൊരു ജീവിതം വലിയ വാർധക്യക്ലേശങ്ങൾ കൂടാതെ അവസാനിച്ച അവസരത്തിൽ ഒരുവിഭാഗം പുരോഗമന-പരിസ്ഥിതിവാദികളായ മലയാളികൾ  പ്രതികരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി അപമാനിച്ചുകൊണ്ടാണ്. ജാതിയും, അപവാദങ്ങളും കൂട്ടിച്ചേർത്ത സാമൂഹമാധ്യമ പോസ്റ്റുകൾ, കൂടാതെ പത്തിരുപത്തെട്ടു വർഷം മുമ്പ് ശ്രീ ക്ലോഡ് അല്‍വാരിസ് എഴുതിയ സ്വാമിനാഥൻ വിമർശനം “മരണം ആരെയും വിശുദ്ധരാക്കുന്നില്ല” എന്ന ആമുഖ പ്രസ്താവനയോടെ പുനഃപ്രസിദ്ധീകരിച്ചു, മലയാളത്തിലെ ഒരു പുരോഗമന സാമൂഹ്യ മാധ്യമം – ക്രിട്ടിക്. അത്തരം ആശയനിഷ്ഠമല്ലാത്ത തികച്ചും വ്യക്തി കേന്ദ്രീകൃതമായ, അതി-വൈകാരികത നിറഞ്ഞു അക്രമോത്സുകമായിപ്പോകുന്ന, പരിസ്ഥിതി-പുരോഗമന വാദം കണ്ടതുകൊണ്ടാണ് ഇതെഴുതുന്നത് (മലയാളനാട്ടിൽ നല്ലൊരു സ്വാമിനാഥൻ അനുസ്മരണം രമ കെ നായർ എഴുതിക്കഴിഞ്ഞു). ഇത്  സ്വാമിനാഥനെ കുറിച്ചല്ല പകരം ക്രിട്ടിക് പുനഃപ്രസിദ്ധീകരിച്ച 1986-ൽ ക്ലോഡ് അല്‍വാരിസ് എഴുതിയ സ്വാമിനാഥൻ വിമർശനത്തെ അധികരിച്ചുകൊണ്ട്, പരിസ്ഥിതിവാദത്തിന്റെ മറ്റൊരു വശത്തേക്ക് നോക്കാനാണ് ശ്രമിക്കുന്നത്. 

ഹരിതവിപ്ലവം ഒരു മുതലാളിത്ത സൃഷ്ടിയാണ് എന്നതാണ് പരിസ്ഥിതി വാദികളായ ആളുകളുടെ വാദം. സത്യത്തിൽ അത് പാതി മാത്രമേ ശരിയുള്ളൂ. മറ്റൊരു തരത്തിൽ ഹരിതവിപ്ലവത്തിൽ മുതലാളിത്തത്തിനുള്ള സ്വാധീനം തികച്ചും സ്വാഭാവികവുമാണ്. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിങ്ങനെ മൂന്നു അടിസ്ഥാന ആവശ്യങ്ങളാണ് മനുഷ്യനുള്ളത്. അതിൽ ഏറ്റവും പ്രധാനം ഭക്ഷണം തന്നെ (ഭക്ഷ്യോത്പാദനം മാത്രമായിരുന്നു കൃഷിയുടെ ആദ്യകാല ലക്ഷ്യം – പിന്നീട് ഭക്ഷണത്തിനൊപ്പം നാണ്യവിളകളും, മരങ്ങളും, പരുത്തിപോലുള്ള ഉത്പന്നങ്ങളും കൃഷിയുടെ ഭാഗമായതും വിപണിയുടെ സ്വാധീനം കൊണ്ട് തന്നെ). നായാടി നടന്നിരുന്ന മനുഷ്യൻ സമ്പത്ത് ആർജ്ജിക്കാൻ തുടങ്ങിയതും, മനുഷ്യർക്കിടയിൽ തൊഴിൽ വിഭജനം ഉണ്ടാകുന്നതും, സമ്പത്തിന്റെയും കൈയ്യൂക്കിന്റെയും ബലത്തിൽ മുതലാളി-തൊഴിലാളി ബന്ധവും, ഫ്യുഡൽ സമ്പ്രദായവും ഒക്കെ കടന്നുവരുന്നതും ഈ കൃഷി കാരണമാണ്. പിന്നീട് മുതലാളിത്തത്തിലേക്ക് നയിച്ച ഈ സമ്പ്രദായത്തെ അരിസ്റ്റോട്ടിൽ തന്നെ പൊളിറ്റിക്‌സിൽ വ്യക്തമാക്കുന്നുണ്ട്. ചരക്കും – ചരക്കും വിനിമയം ചെയുന്ന ബാർട്ടർ സമ്പ്രദായത്തിൽ നിന്നും, ചരക്ക് വിറ്റു പണം ഉണ്ടാക്കി അതെ പണം ഉപയോഗിച്ച് മറ്റു ചരക്കുകൾ വാങ്ങുന്ന വിപണി സമ്പ്രദായത്തിൽ നിന്നും, ചരക്കിന്റെ വിപണത്തിൽ നിന്നും ലാഭമുണ്ടാക്കാൻ പണം ചരക്കാക്കുകയും പിന്നീട് പണമാക്കുകയും ചെയ്യുന്ന കച്ചവടത്തിലേക്കും, പിന്നീട് കച്ചവടത്തിന് പണമിറക്കി പണം കൊണ്ട് പണം കൊയ്യുന്ന മുതലാളിത്ത രീതികളിലേക്കും വിപണി വികസിച്ചതിന്റെ ആരംഭം പൊളിറ്റിക്‌സിൽ തന്നെയുണ്ട്. കേരളത്തിലെ പുഞ്ചപ്പാടങ്ങൾക്ക് ഇപ്പോഴും കർഷകർ അടക്കുന്ന ഭൂ നികുതി ബ്രിട്ടീഷ് കാലത്ത് അടച്ചിരുന്നതിൽ നിന്നും വളരെ കൂടുതലൊന്നുമല്ല. ഭക്ഷ്യോത്പാദനത്തിനു അത്ര കടുത്ത നികുതിയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ ചുമത്തിയിരുന്നത്. പറഞ്ഞു വന്നത്, കൃഷിയും കാർഷിക വിപണിയുമൊക്കെ ഒരുതരത്തിൽ അതിന്റെ പ്രാകൃത രീതിയിൽ പോലും മുതലാളിത്തവുമായി സഹോദരബന്ധമുള്ളതാണ്. 

മനുഷ്യന്റെ സാമൂഹ്യ പരിണാമത്തിൽ യുദ്ധങ്ങൾക്ക് വലിയൊരു സ്ഥാനമുണ്ട്. വലിയ പ്രദേശങ്ങളിൽ യുദ്ധമുണ്ടാകുകയും, പുതിയ നേതൃത്വം ഉയിർത്തു വരുകയും ചെയ്യുന്നതിനും അടുത്ത യുദ്ധത്തിനും ഇടയിലാണ് നാം ഇന്ന് കാണുന്ന മനുഷ്യനിലേക്കുള്ള “വികസനം” ലോകത്ത് പടിപടിയായി സംഭവിച്ചിട്ടുള്ളത്. ഒരു ലോകമെന്ന നിലയിൽ, നാം എല്ലാ വൻകരകളും കണ്ടെത്തി ഇന്നത്തെ ലോകമാപ്പ് സൃഷ്ടിച്ചിട്ടു അധികം കാലമൊന്നും ആയിട്ടില്ല – കഷ്ടിച്ച് ആറ് നൂറ്റാണ്ട്. മനുഷ്യൻ കാർഷികവൃത്തി തുടങ്ങി ഇന്നത്തെ മനുഷ്യനിലേക്കുള്ള സാമൂഹ്യ പരിണാമത്തിന്റെ ഊർജ്ജിതമായ തുടക്കം (സാമൂഹ്യ പരിണാമം അവിടെ തുടങ്ങിയതല്ല പക്ഷെ അതിന്റെ വേഗം കൂട്ടിയത് കൃഷിയാണ് എന്നാണ് ഉദ്ദേശിച്ചത് ) നടത്തിയിട്ട് ഏകദേശം എട്ടായിരം വർഷങ്ങളായി എന്നോർക്കുമ്പോൾ ആ അറുന്നൂറിലധികം വർഷങ്ങൾ ഒരു വലിയ കാലയളവൊന്നും അല്ല. ആ അറുന്നൂറു വർഷങ്ങളുടെ പകുതി ആകുമ്പോഴേക്കും തന്നെ മുതലാളിത്തം അതിന്റെ ആദ്യത്തെ പൂർണ്ണ രൂപത്തിലേക്ക്  രൂപാന്തരണം സംഭവിച്ചിട്ടുമുണ്ട്. ഡിമാൻഡും (ആവശ്യകത), അതിന്റെ വലുപ്പവും  അനുസരിച്ചു ശക്തിപ്രാപിക്കുന്ന അത്തരമൊരു സാമൂഹ്യ ശക്തി ഭക്ഷണമെന്ന മനുഷ്യന്റെ ആത്യന്തികമായ, പരമ പ്രധാനമായ ആവശ്യത്തിൽ പിടിമുറുക്കുക എന്നത് തികച്ചും സ്വാഭാവികമാണ്. ചുരുക്കത്തിൽ മുതലാളിത്തം ഭക്ഷണത്തെയും ഭക്ഷ്യോത്പാദനത്തെയും എന്നും  നിയന്ത്രിച്ചിരുന്ന ഒന്നാണ് എന്ന് മാത്രമല്ല – ഭക്ഷ്യോത്പാദനം  അഥവാ കൃഷി അതിന്റെ വളർച്ചക്ക് കാര്യമായ പങ്കു വഹിച്ചിട്ടുമുണ്ട്.  മനുഷ്യർ കൃഷി തുടങ്ങിയത് മൂലധനത്തിന്റെ സമ്മർദ്ദം കാരണമല്ല.പക്ഷെസ്വാഭാവികമായും കൃഷി വഴി മനുഷ്യൻ ആർജ്ജിച്ച സമ്പത്താണ് മുതലാളിത്തത്തിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത്.

ഈയൊരു പിൻചിത്രത്തിൽ വേണം നാം ഹരിത വിപ്ലവത്തെ കാണാൻ. ആദ്യം എന്താണ് ഹരിത വിപ്ലവം എന്ന് പരിശോധിക്കാം. സാങ്കേതികവിദ്യയുടെ (യന്ത്രങ്ങൾ, അത്യുത്പാദന ശേഷിയുള്ള കൃത്രിമമായി ഉണ്ടാക്കുന്ന വിത്തിനങ്ങൾ, രാസ വളങ്ങൾ, മറ്റു രാസ വസ്തുക്കൾ ) സഹായത്തോടെ ഊർജ്ജിതമായി കാർഷിക ഉത്പാദനവും വിളവും വർദ്ധിപ്പിക്കുക എന്നതായിരുന്നു ഏറ്റവും ലളിതമായി ഹരിതവിപ്ലവം. രണ്ടു ലോക-മഹായുദ്ധങ്ങൾക്ക് ശേഷം ലോകത്ത് നിലവിൽ വന്ന താരതമ്യേന സമാധാനപരമായ ഒരു ലോകക്രമത്തിലാണ് വളർന്നു വരുന്ന മനുഷ്യരാശിക്കുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ഹരിതവിപ്ലവത്തിന്റെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ ശക്തമാവുന്നത്. പക്ഷെ അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. സ്വാഭാവികമായും മൂലധനം ഇവിടെ ഭരണകൂടങ്ങളുടെ സഹായത്തിനെത്തുകയായിരുന്നു. ശാസ്ത്രജ്ഞരെക്കാൾ അവിടെ രാഷ്ട്രീയ നയ രൂപീകരണങ്ങൾക്കാണ് പ്രാധാന്യം. 

ഹരിത വിപ്ലവം ശക്തമാകുന്നത് 1960കളിലാണ്.  ആ കാലത്ത്, മുതലാളിത്തത്തിനെതിരെ ശക്തമായ നിലപാടുകൾ എടുത്തുകൊണ്ട് കമ്യുണിസ്റ്റ് രാജ്യങ്ങൾ നിലവിൽ വന്നിരുന്നു. സർവ്വോപരി രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, ശീത യുദ്ധവും ആരംഭിച്ചിരുന്നു. പരസ്പരം ഒളിമ്പിക്സ് പോലും ബഹിഷ്കരിച്ചിരുന്ന USSR നും അമേരിക്കക്കും ഇടയിൽ നിലനിന്നിരുന്ന ഒരേ ഒരു സജീവബന്ധം ഹരിത വിപ്ലവത്തിന്റെത് മാത്രമായിരുന്നു. 1955 -ൽ റഷ്യ അമേരിക്കയിലേക്ക് പന്ത്രണ്ടുപേരടങ്ങുന്ന ഒരു സംഘത്തെ വ്യാവസായിക-കൃഷി പഠിക്കാൻ അയക്കുകയും ഹരിത വിപ്ലവത്തിന്റെ ഭാഗമാവുകയും ചെയ്തു. ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാൻ തുനിഞ്ഞിറങ്ങിയ റഷ്യ ഒരു മുതലാളിത്ത രാജ്യത്തിൽ നിന്ന് ആകെ പഠിച്ചത് ഹരിതവിപ്ലവപാഠങ്ങളാണ് എന്നർത്ഥം. വിപ്ലവാനന്തര ക്യൂബയുടെ കൃഷി ആകെ പ്രതിസന്ധിയിലായത്, USSR തകരുകയും, ക്യൂബയിലേക്കുള്ള രാസവളകയറ്റുമതി നിലയ്ക്കുകയും ചെയ്തപ്പോഴാണ്. അതായത് ഹരിതവിപ്ലവം – അതിന്റെ അടിസ്ഥാന പാഠങ്ങൾ -ഒരു മുതലാളിത്ത സൃഷ്ടിയല്ല, പകരം കമ്യുണിസ്റ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങൾ വരെ നടപ്പാക്കിയ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു അവ.

പുരോഗമനവാദികളായ പരിസ്ഥിതി വാദികളിൽ ഒരു വിഭാഗത്തിന്റെ സ്ഥിരം ശൈലിയാണ് ഹരിതവിപ്ലവ സങ്കേതങ്ങൾക്ക് വേണ്ടി വാദിക്കുന്ന സകല മനുഷ്യരെയും ധനമോഹികളും, കാർഷിക-രാസപദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ പണം പറ്റുന്ന പിണിയാളുകളും ആയി ചിത്രീകരിക്കുക എന്നത്. ഈ വിലകുറഞ്ഞ ആയുധം അല്ലെങ്കിൽ വ്യക്തിഹത്യാപ്രയോഗം  ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് സ്വാമിനാഥൻ മുതൽ ഇങ്ങോട്ടു കാസർഗോഡ് എൻഡോസഫാൻ പ്രശ്നത്തിൽ പരിസ്ഥിതിവാദികൾക്ക് എതിർവാദം നിരത്തുന്ന ഡോക്ടർ കെ എം ശ്രീകുമാർ വരെയുള്ള ആളുകൾക്ക് നേരെ ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ സത്യത്തിൽ കേരളത്തിൽ ഈകാലത്ത് പരിസ്ഥിതി വാദികൾക്ക് നേരെ നടക്കുന്ന തെറിവിളിമുന്നേറ്റങ്ങൾക്ക് സമാനമാണ് – അപലപനീയമാണ് . 

ഇനി സ്വാമിനാഥന് നേരെ മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായ, മലയാളിയുടെ പുരോഗമന മുഖം ഇപ്പോൾ കുഴിച്ചെടുത്ത വിമർശനത്തിലെ പ്രധാന ആരോപണങ്ങളിലേക്ക് വരാം (എഴുത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ പ്രധാന വിമർശനങ്ങൾ മാത്രമേ പരാമർശിക്കുന്നുള്ളൂ).  ആദ്യത്തെ ആരോപണം ഉന്നതമായ അധികാര സ്ഥാനങ്ങൾ ഉപേക്ഷിച്ച് സ്വാമിനാഥൻ IRRI യുടെ നേതൃസ്ഥാനത്തേക്ക് പോയി;  അവിടെ ശാസ്ത്ര ഗവേഷണമില്ല, ഏകോപനം മാത്രമേ ഉളൂ എന്നതാണ്. ഇതൊരു വലിയ അപരാധമായി കാണാനുള്ള അൽവാരിസിന്റെ കാരണം, സത്യത്തിൽ ഗവേഷണത്തെ പറ്റിയും, ശാസ്ത്രത്തെ ജനനന്മക്കായി ഉപയോഗിക്കുന്ന പ്രവർത്തനങ്ങളെ പറ്റിയുമുള്ള അദ്ദേഹത്തിന്റെ അറിവില്ലായ്മ ആണ്. ആഗോള തലത്തിൽ അനേകം രാജ്യങ്ങളുമായി ചേർന്ന്, അവിടത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള ഒരവസരം ആണ് സ്വാമിനാഥൻ ഉപയോഗിച്ചത്. ഒരു ശാസ്ത്രജ്ഞൻ എന്ന രീതിയിലുള്ള വ്യക്തിപരമായ തിരഞ്ഞെടുക്കലിനെ പണക്കൊതിയായി തരം താഴ്ത്താൻ അൽവാരിസിന് ഒരു മടിയുമുണ്ടായിരുന്നില്ല. എൺപതുകളിൽ അങ്ങിനെ പലരും പറഞ്ഞത് കേട്ടും സ്വന്തം യുക്തികൊണ്ട് അനുമാനിച്ചും അദ്ദേഹം എഴുതിയ നിലവാരമില്ലാത്ത വ്യക്തി വിമർശനം പുനഃപ്രസിദ്ധീകരിക്കാൻ ഇന്നും നമുക്ക് മടിയില്ല എന്നതാണ് അതിലും പ്രാധാന്യമുള്ള കാര്യം!

എത്രയോ കാലമായി നാം കേൾക്കുന്ന മറ്റൊരു സ്വാമിനാഥൻ വിമർശനമാണ് അദ്ദേഹം ഇന്ത്യൻ വയലുകളിൽ നിന്നും നെല്ലിന്റെ ജനിതക ശേഖരം മോഷ്ടിക്കാൻ കൂട്ടുനിന്നു എന്നത്. സത്യത്തിൽ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രസ്താവനയാണ് ഇത് എന്നത് അൽവാരിസിന്റെ എഴുത്തിൽ നിന്ന് തന്നെ മനസ്സിലാവും. IRRI നിലവിൽ വരുന്നതിനും മുമ്പ് തന്നെ ജപ്പാനിൽ നിന്നുള്ള നെൽവിത്തുകളുടെ ജനിതകവും ഇന്ത്യൻ നെൽവിത്തുകളും തമ്മിൽ സംയോജിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തായ്‌വാനിൽ നിന്നുള്ള വിത്തുകളും ഇന്ത്യയിലെ ഗവേഷകർ ഉപയോഗിക്കുന്നുണ്ടായിരുന്നു. IRRI ചെയ്ത പ്രവൃത്തികൾ എല്ലാം തന്നെ അപ്പോൾ ഇന്ത്യയിൽ പോലും സാധാരണമായി നടക്കുന്നുണ്ടായിരുന്നു എന്നർത്ഥം. 1992 നു മുമ്പ് ലോകത്തെമ്പാടും സൗജന്യമായി, നിയന്ത്രണങ്ങൾ ഇല്ലാതെ സസ്യ, ജന്തു ജനിതകങ്ങളുടെ വിനിമയം നടന്നിരുന്നു, അല്ലെങ്കിൽ അത് സാധാരണമായിരുന്നു. ഇന്ത്യപോലും ജപ്പാനിലെ വിത്തുകൊണ്ടു സ്വന്തം വയലുകളെ പ്രത്യുത്പാദനശേഷിയുള്ളതാക്കാൻ ശ്രമിച്ചു എന്നിരിക്കെ ആഗോള തലത്തിൽ അങ്ങനൊരു ശ്രമം IRRI നടത്തിയതിനെ സ്വാമിനാഥൻ പിന്തുണച്ചു എന്നത് എങ്ങിനെ അക്ഷന്തവ്യമായ തെറ്റാകും? ഇനി 1992 നു ശേഷവും ഇന്ത്യ അടക്കമുള്ള തെക്കൻ ഏഷ്യൻ രാജ്യങ്ങൾ ‘അതിർത്തികൾക്കതീതമായ വിത്തുകൾ പദ്ധതി’യിൽ (Seeds Without Borders Initiative) ഒപ്പുവച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾ അതി തീവ്രമായി ബാധിക്കുന്ന ഈ സമയത്ത് കൂടുതൽ രാജ്യങ്ങൾ ഈ പദ്ധതിയിൽ ഒപ്പുവച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ സ്വാമിനാഥന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ കാലാവസ്ഥാ മാററങ്ങളോടുള്ള പ്രതിരോധത്തിലേക്ക് പോലും നീണ്ടിരിക്കുന്നു. 

അത്യുദ്പാദന ശേഷിയുള്ള  വിത്തിനങ്ങൾ ഇന്ത്യയിൽ CRRI വഴിയും സജ്ജമാവുന്നുണ്ടായിരുന്ന ആ കാലത്ത് IRRI യുടെ വിത്തായ IR8 നു മറ്റു CRRI ഇനങ്ങളെക്കാൾ ഉപരി പ്രാമുഖ്യം നൽകാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത് 1965-66 ലെ കൊയ്ത്തും കൂടിയാണെന്ന് അൽവാരിസിന്റെ ലേഖനത്തിൽ തന്നെ പരാമർശമുണ്ട്. അതായത് തുടക്കത്തിൽ IR8 മറ്റെല്ലാ വിത്തിനങ്ങളെയും അതിന്റെ പ്രകടനത്തിൽ കവച്ചു വച്ചിരുന്നു. താൻ തന്നെ മുൻകൈയെടുത്ത് ലോകത്തിന്റെ പല ഭാഗത്തും പ്രചരിപ്പിച്ച IR വിത്തിനങ്ങൾ കീടബാധയെ നേരിടുന്നതിൽ കാലാന്തരത്തിൽ  പരാജയപ്പെട്ടു എന്ന് പിന്നീട് ശാസ്ത്രീയമായി തന്നെ കണ്ടെത്തി എഴുതി പ്രസിദ്ധീകരിച്ച സ്വാമിനാഥന്റെ ആർജ്ജവത്തെ, ശാസ്ത്ര സങ്കേതങ്ങളിൽ അധിഷ്ഠിതമായ സത്യനിഷ്ഠയെ ഒക്കെ “ഉളുപ്പില്ലായ്മ” എന്ന് വിശേഷിപ്പിക്കുന്ന ഒരു പഴയ എഴുത്തു പുനഃപ്രസിദ്ധീകരിക്കുക വഴി കേരളത്തിലെ പുരോഗമന വാദികളിൽ ചിലരുടെ ശാസ്ത്രബോധം തന്നെ ചോദ്യംചെയ്യപെടുകയാണ് ചെയ്യുന്നത്. 

അൽവാരിസിന്റെ എൺപതുകളിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത് CRRI തകർന്നു എന്നാണു. പക്ഷെ ഇന്നും കട്ടക്കിൽ NRRI എന്നപേരിൽ ആ സ്ഥാപനം IRRI യുമായി പലപ്പോഴും സഹകരിച്ചും മത്സരിച്ചും നിലനിൽക്കുന്നു. ഇന്നും അവർ പുതിയ അത്യുദ്പാദന ശേഷിയുള്ള, കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കുന്ന വിത്തിനങ്ങൾ ഉത്പാദിപ്പിക്കുന്നു, നെല്ല് ഗവേഷണം തുടരുന്നു. അതായത് ചുരുങ്ങിയത് IRRI യുടെ ഭാവിയെക്കുറിച്ചെങ്കിലും ഉള്ള അൽവാരിസിന്റെ നിരീക്ഷണം തെറ്റാണ് എന്ന് കാലം തെളിയിച്ചത് പോലും മനസ്സിലാക്കാതെയാണ് ലേഖനം അപ്പടി പ്രസിദ്ധീകരിക്കുന്നത് – സ്വാമിനാഥനെന്ന വ്യക്തിയെ വിമർശിക്കാൻ മാത്രം. 

കുറച്ചു വർഷങ്ങൾക്കു മുമ്പ്, ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ജൈവവൈവിധ്യബോർഡിന്റെ ഉയർന്ന സ്ഥാനത്ത് ഇരുന്നിരുന്ന ഒരാൾ എന്നോട് നേരിട്ട് പറഞ്ഞത് IRRI അവരുടെ കൈയ്യിലുള്ള നെല്ലിന്റെ ജെം പ്ലാസം (വിത്തുകൾ) മുഴുവൻ അത് ശേഖരിച്ച സംസ്ഥാനങ്ങളുമായി വിനിമയം ചെയ്യാൻ തയ്യാറാണ് എന്നാണ്. ഒരു നിബന്ധനയെ ഉള്ളൂ, അത് പ്രജനനം ചെയ്തു അതെ വർഗ്ഗശുദ്ധിയോടെ തിരിച്ചു കൊടുക്കണം. അത്തരമൊരു പദ്ധതിക്ക് വലിയ രീതിയിൽ മുതൽ മുടക്കാൻ ഒരു സർക്കാരിനും ഇന്നും താല്പര്യമില്ല എന്നത്,ഹരിതവിപ്ലവം ഒരു സാങ്കേതിക സൃഷ്ടി മാത്രമല്ല, പകരം ഇന്നും നിലനിൽക്കുന്ന ഒരു രാഷ്ട്രീയ പദ്ധതി കൂടിയാണ് എന്നതിന്റെ തെളിവാണ്. അതിനു പല കാരണങ്ങളുണ്ട്. അതിൽ സ്വാമിനാഥൻ മാത്രം അടർത്തി എടുത്തു വ്യക്തിഹത്യ നടത്തുന്നത് കുറഞ്ഞത് കൊതിക്കെറുവെങ്കിലുമാണ്. 

ഏതൊരു വിഷയത്തെയും അതിന്റെ സൂക്ഷ്മവും, സ്ഥൂലവുമായ തലങ്ങളിൽ അടുത്തറിയുകയും, തുറന്ന മനസ്സോടെ ആ അറിവുകളെ വിശകലനം ചെയ്യുകയും ചെയ്യുക എന്ന രണ്ടു നിദാനങ്ങൾ ഇല്ലാത്ത ചിന്തകൾ വളരെ സങ്കുചിതമായിപ്പോകും. സ്വാമിനാഥന്റെ കാര്യത്തിൽ ഇവർക്കൊക്കെ സംഭവിച്ചതും അതാണ്.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like