പൂമുഖം LITERATUREകഥ രണ്ടാമത്തെ കാൽ

രണ്ടാമത്തെ കാൽ

ശൈവമഠത്തിലെ ചെമ്പട്ടുടുത്ത സ്വാമിമാർ അഞ്ജനമണി സ്തോത്രങ്ങൾ പാടി വരുന്ന വഴിയാണിത്.തീർച്ചയായും ഈ ദേശത്തുകാരല്ല.ആടിപൂജയ്ക്ക് വരുന്ന, സുജാതപുരത്തെ കൗണ്ടന്മാരെപ്പോലെയുണ്ട് കണ്ടാൽ..സന്ദർഭവശാൽ ഞങ്ങളുടെ ഈവ്നിങ്ങ് വാക്കും ഇന്ന് ഈ വഴിക്കു തന്നെ..

ആദ്യമായിട്ടാണ് ഞാൻ ഇതിലെ വരുന്നത്.കാലവർഷം കനക്കുമ്പോൾ പതിവു പോലെ പുഴ അമ്പലത്തെ വിഴുങ്ങും. ഏറ്റവും ഒടുവിൽ വെള്ളത്തിനടിയിലാവുക ദേവീവിഗ്രഹമാണ്.. ഗ്രാമവാസികൾക്ക് സ്ഥലം വിടാനുള്ള അവസാനത്തെ സിഗ്നൽ ആണത്.തൊട്ടടുത്ത ബനാന റിപ്പബ്ലിക്കിലാണ് ഈ പ്രദേശവും! ഫെറി ഡാൻ പ്രയോഗിച്ച് ഞണ്ടുകളെല്ലാം ചത്തു. അവയെത്തിന്ന കുറുക്കന്മാരും ചത്തു. അത് പന്നികൾ പെരുകാൻ കാരണമായി! ഒരു സുവോളജിസ്റ്റായ എന്റെ നിരീക്ഷണമാണിത്.

അധികം ആൾസഞ്ചാരമില്ലാത്ത മലമ്പ്രദേശത്തെ വഴിയാണിത്.സന്ധ്യയുടെ വരവ് പെട്ടെന്നാണ്.
പുഴയുടെ ശൈഥില്യങ്ങൾ കണ്ടുകൊണ്ട് നഷ്ടബോധത്തോടെ നടക്കാം.വീടുകളില്ല , വഴിപോക്കരില്ല. ആകെയുള്ളത് ആളെപ്പേടിപ്പിക്കുന്ന കാപ്പിത്തോട്ടങ്ങൾ മാത്രം. ഇഞ്ചക്കാടുകളിൽ നീർനായ്ക്കളുടെ കടിപിടിയൊച്ച ഒന്ന് തീർന്നാലേ അക്കരെ നിന്നുള്ള ഗ്രാമത്തിന്റെ ആരവങ്ങൾക്ക് ഇങ്ങോട്ടൊന്നു കടക്കാൻ പറ്റു…കണ്ണുകൾക്ക് തീരെ സമ്മർദ്ദമില്ല..ചെറിയ കയറ്റങ്ങൾ , അതിലും ചെറിയ ഇറക്കങ്ങൾ .കാട്ടുപന്നികളുടെ ചവിട്ടുവഴികൾ.


സാധാരണ ഗതിയിൽ ഇത്തരം കാഴ്ചകൾ എന്നെ സന്തോഷിപ്പിച്ചേനെ.പക്ഷെ ഇന്ന് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് നേരത്തേ പറഞ്ഞേക്കാം .
‘ഇതാ നോക്ക് ,ആരുടേയോ കാൽപ്പാടാണ് ഈ കാണുന്നത് ‘
ഞങ്ങൾ ഇതിനെ അനുഗമിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരു ഫർലോങ്ങ് കഴിഞ്ഞു!പോക്കുവെയിലിൽ അവ വെള്ളിരൂപകൾ പോലെ തിളങ്ങുകയാണ്! എനിക്ക് കുറേശ്ശെ പേടിയാവുന്നുണ്ട്. സത്യം പറഞ്ഞാൽ ഈ രഹസ്യം കണ്ടുപിടിക്കാൻ എങ്ങു നിന്നോ ഒരു നിർദ്ദേശമുണ്ടെന്നു വേണം കരുതാൻ.അതുകൊണ്ട് ഭയമോ ആശങ്കയോ ഒന്നും പ്രകടിപ്പിക്കാതെ ഞങ്ങൾ രണ്ടു പേരും നടക്കുക തന്നെയാണ്.


സൂക്ഷിച്ചു നോക്ക്,
ഒരു കാലിന്റെ അടയാളമേ പതിഞ്ഞിട്ടുള്ളു, കാഴ്ചയിൽ കരിക്കിൻ തൊണ്ടു പോലെ തോന്നും .വിരലുകൾ ഒട്ടു കാണാനുമില്ല..അപ്പോൾ മറ്റേ കാൽ എവിടെപ്പോയി?
ഈ കാല്പാടുകൾ എല്ലാം ഒരു നേർരേഖയിലാണ് വിന്യസിച്ചിരിക്കുന്നത്…ചെളി പറ്റിയ കാലാണെങ്കിൽ പത്തോ ഇരുപതോ ചുവട് നടക്കുന്നതോടെ അതങ്ങ് തീരും…എന്നാൽ ഇത്ര ദൂരം നടന്നിട്ടും ഇതിന് ഒരവസാനമില്ലല്ലോ!എന്നെ ആവാഹിച്ചു കൊണ്ടുപോവുന്ന ഈ കാല്പാടിന്റെ പൊരുൾ എന്താണ് ?
തമാശ പറഞ്ഞതല്ല, എന്നെങ്കിലും ഒരിക്കൽ ഞാനീ വഴിയിലൂടെ വരുമെന്ന് വിധിയുടെ ഒരു നിശ്ചയമുണ്ടെന്ന് തീർച്ചയാണ് , ആരോ ഒരിക്കൽ എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടുണ്ട്.


അവൾ ഇതൊന്നും അറിയരുത്. അതുകൊണ്ട് ഞാൻ കഴിയുന്നത്ര പ്രസന്നത ഭാവിക്കട്ടെ.ഒരു പക്ഷെ ചിലിയൻ മരുഭൂമിയിലെ പഴയ നാസ്ക ലൈനുകൾ പോലെ വല്ലതുമാണോ ഇത്? അന്യഗ്രഹ ജീവികളുടെ സൃഷ്ടിയാണതെന്ന് ഇൻകകൾ പറഞ്ഞിട്ടുണ്ട്.
ഡക്കാൻ പീഠഭൂമിയുടെ ഇങ്ങേയറ്റത്ത് വയനാടൻ സമതലങ്ങളിൽ അവർക്കൊരു താവളമുണ്ടാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല , അവൾ വാദിച്ചു.
ഒരു പക്ഷെ ഇതൊരു യതിയുടെ കാൽപ്പാടാണെങ്കിലോ, ഞാനും വിട്ടില്ല.
അങ്ങനെ ഈ പുതിയ അത്ഭുതം മൊബൈലിൽ പകർത്തിക്കൊണ്ട് ഞങ്ങൾ മുമ്പോട്ടു നടക്കുകയാണ്.


ഒരു രാക്ഷസന്റെ കാൽ ചുവടുകളാണ് പകർത്തുന്നത് ….
പെട്ടെന്ന് ഒരു കാവൽക്കാരൻ ഒച്ചയിട്ടു കൊണ്ട് വഴിയിലേയ്ക്ക് ഓടിക്കേറി വന്നു!അവൾ എന്റെ കയ്യിൽ മുറുകെപ്പിടിച്ചു!വേഷം കൊണ്ട് ഇവനൊരു കൂർഗിയാണെങ്കിലും വെറും പ്രാകൃതൻ!
ഞാനല്പം പരിചയം കാണിച്ചെങ്കിലും അവൻ പ്രസാദിക്കാൻ കൂട്ടാക്കിയില്ല. .


ഇയാൾ ആളെ പേടിപ്പിച്ചു കളഞ്ഞല്ലോ , എന്തിനാ ഇങ്ങനെ കിടന്ന് കൂവുന്നത് , അവൾ അനിഷ്ടത്തോടെ ചോദിച്ചു!


ആ ചോദ്യം അവഗണിച്ചു കൊണ്ട് അയാൾ എന്റെ നെഞ്ചത്തേയ്ക്ക് വിരൽ ചൂണ്ടി ചോദിച്ചു:
ഇതാരുടെ കാൽപ്പാടാണെന്ന് നിനക്കറിയില്ല അല്ലേ !

അതെ.ആ നിമിഷം ഞാൻ അപകടം മണത്തു!
എങ്കിൽ അവനെ ഒന്നു വാട്ടാൻ ഞാനും തീരുമാനിച്ചു.
എടാ കന്നഡിയാ, ഞാൻ ചെയ്യുന്ന ജോലിയെക്കുറിച്ച് നിനക്ക് വല്ലതും അറിയാമോ ഞാൻ ചോദിച്ചു.


ഇന്നലെ രാത്രി മാളൂന്റെ വീട്ടിൽ മുട്ടി വിളിച്ചത് നീയല്ലെ, അവന്റെ ഒരു മര്യാദയുമില്ലാത്ത ചോദ്യം..
കേട്ടാൽ തോന്നും ഞാനൊരു കസനോവയാണെന്ന്!


ഇപ്പോ രാത്രി മുഴുവൻ ഞങ്ങൾ കാവലുണ്ട് ,
സൂക്ഷിച്ചോ.കുടകന്റെ താക്കീത്!
അത് നല്ലതു തന്നെ, ആ പെണ്ണും പിള്ളയ്ക്ക് പേടിക്കാതെ കിടന്നുറങ്ങാമല്ലോ,
നീ പോടാ …
ഇയാളെന്താ ഒരു സൈക്കോപാത്താണോ, അവൾ ചോദിച്ചു!


മതി , നമുക്ക് തിരിച്ചു പോകാം, ഈ നടപ്പ് പരിപാടി വേണ്ട, അവൾ കേറി ഉടക്കി..
നിൽക്ക് , കുറച്ചു കൂടി മുമ്പോട്ടു പോയിട്ട് നമുക്ക് മടങ്ങാം.


പിന്നിൽ നിന്നും സന്ധ്യ വന്ന് ഞങ്ങളെ വിഴുങ്ങി.
പടിഞ്ഞാറൻ മാനത്ത് വീനസ്സ് വെള്ളിയുരുക്കിയതു പോലെ ജ്വലിച്ചു തുടങ്ങി.വെറുതെ ഒന്ന് നടക്കാമെന്ന് വിചാരിച്ച താണ്.പക്ഷെ ഇപ്പോൾ നോക്ക് , കാര്യങ്ങളുടെ കിടപ്പു കണ്ടോ .
എന്റെ ഹൃദയം അല്പമൊന്ന് പിടച്ചു..
എന്നും ശത്രുപക്ഷത്ത് പേരെഴുതപ്പെട്ട ആളായതു കൊണ്ട് ഞാൻ സൂക്ഷിക്കണം!


ഒന്ന് നിൽക്ക് , എന്താ നിങ്ങളുടെ ഭാവം , അവൾ ബഹളമുണ്ടാക്കി !എനിക്കെന്തോ പേടിയാവുന്നുണ്ട്, അവൾ സത്യം പറഞ്ഞു,


ഇത് നമ്മുടെ വില്ലേജാണ്, നമ്മൾ അറിയുന്ന ആൾക്കാരാണിവിടെ, എന്നിട്ടും.
അവൾ എന്നെ പിറകോട്ടു പിടിച്ചു വലിച്ചു.


നമ്മളെന്തിന് പേടിക്കണം , എന്റെ കൂടെ വരാൻ ധൈര്യമുണ്ടെങ്കിൽ വാ, ഞാൻ അവളെ ധൈര്യപ്പെടുത്തി , ഇത് ഉഗാണ്ട യൊന്നുമല്ലല്ലോ…
എനിക്ക് പെട്ടെന്ന് ഓടാൻ തോന്നി.ഞാൻ ഓടാൻ തുടങ്ങി. അവൾ എങ്ങനെ എന്റെയൊപ്പം എത്താനാണ് !
ഒരു പക്ഷെ നടത്തം മതിയാക്കിക്കാണും!
തിരിച്ചു പോയോ? അറിഞ്ഞു കൂടാ.അവളുടെ കാലൊച്ചകൾ പിന്നീട് കേട്ടില്ല.എന്തു വന്നാലും ഈ നിഗൂഢതയുടെ രഹസ്യം അറിഞ്ഞിട്ടേ ഞാൻ മടങ്ങു .


അങ്ങനെ ഓടിക്കൊണ്ടിരിക്കവെ, ഞാൻ ഇയ്യിടെയായി കാണുന്ന വിചിത്രമായ ഒരു സ്വപ്നദൃശ്യം എന്റെ മുന്നിൽ വിരിഞ്ഞു.പശ്ചാത്തലമെല്ലാം ഇതു തന്നെ!
സ്വപ്നത്തിൽ ഞാൻ കണ്ട അതേ സ്ഥലമാണിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്!പുഴയോരവും കാപ്പി ച്ചെടികളും മരങ്ങളും കറുത്ത പാതയിലെ കാല്പാടുകളും ഒന്നിനും മാറ്റമില്ല!ഞാനിത് റിപ്പീറ്റ് മോഡിലിട്ട് കണ്ടു കൊണ്ടിരിക്കുകയാണ്.


അല്പമകലെ ഇരുളിന്റെ സാന്ദ്രത കുറഞ്ഞ ദിക്കിൽ വെള്ള വസ്ത്രങ്ങൾ ധരിച്ച് ചരിത്രത്തിൽ നിന്ന് ഇറങ്ങി വന്നതു പോലെ ഒരു മനുഷ്യൻ ദൃഷ്ടിയിൽ വരുന്നു.
സെക്കന്റ് സൂചിയുടെ ചലനം പോലെയായിരുന്നു അയാളുടെ നടപ്പ്! കൈകൾ വീശാതെ ശരീരവും തലയും ഇളക്കാതെ ഒരല്പം മുന്നോട്ടാഞ്ഞ് യാതൊന്നും സംസാരിക്കാതെ ഒരു ടാബ്ലോ പോലെ അത് നീങ്ങി നീങ്ങിപ്പോകന്നു.

ഇതായിരിക്കുമോ ഞാൻ പിന്തുടരുന്ന ആൾ?
അയാൾ അവശേഷിപ്പിച്ച കാൽപ്പാടുകൾ ആണോ ഇത് ? .
അവളെ അന്വേഷിച്ച് ഒരല്പം പിന്നിലേയ്ക്ക് പോയി നോക്കിയാലോ..ഇല്ല , അവൾ പോയിക്കാണും!
ഇതൊരു സ്വപ്നം മാത്രമായി ഞാൻ നിലനിർത്തേണ്ടിയിരിക്കുന്നു. ഭയപ്പെടേണ്ടെന്ന് ആരോ ഉപദേശിക്കുന്നു.. ഇപ്പോൾ ഞാൻ തനിച്ചാണ്!
ഈ കളി എനിക്ക് ജയിക്കേണ്ടതുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ വീണ്ടുവിചാരത്തേക്കാൾ സാഹസികതയ്ക്കാണോ പ്രസക്തി എന്ന് നിങ്ങൾ ചോദിച്ചേയ്ക്കാം ! സിൽവർ ഓക്കുകളുടെ അതിര് ഇവിടെ അവസാനിക്കുകയാണ്. വനമാലികകൾ വഴിയിലേയ്ക്ക് ഇറങ്ങി വന്നു..
ഇലച്ചാർത്തുകളിൽ മിന്നാമിനുങ്ങുകൾ!


പൊടുന്നനെ അലറിക്കൊണ്ട് ഒരു രൗദ്രമുഖം എന്റെ നേരെ തിരിയുന്നതു കണ്ടു..അടുത്ത നിമിഷം! അയാൾ കയ്യിലിരുന്ന ബാറ്റൺ കൊണ്ട് എന്നെയെറിഞ്ഞു!


പിടിക്കവനെ, അയാൾ അലറി!!
അതോടൊപ്പം പിന്നിൽ നിന്നും ആരോ എന്നെ കാൽ വെച്ചു വീഴ്ത്തി! തോൾ നിറയെ അധികാരത്തിന്റെ പിച്ചളച്ചിഹ്നങ്ങൾ ചുമക്കുന്ന ഒരുദ്യോഗസ്ഥൻ എന്റെ മുഖത്തേയ്ക്ക് ടോർച്ചടിച്ചു..


അതെ. ഇതവൻ തന്നെ! അവസാനം നമുക്കവനെ കിട്ടി . അയാൾ കൃതാർത്ഥതയോടെ പറഞ്ഞു.
ഇവനെ ശരിക്ക് പരിശോധിക്കണം.
അയാൾ ആജ്ഞാപിച്ചു,
എല്ലാരും വിട്ട് നില്ക്ക്.
ചൂട്ട് കത്തിച്ചു പിടിച്ച ബലിഷ്ഠനായ ഒരു സബോർഡിനേറ്റ് ഓഫീസർ കാഴ്ചക്കാരെ തള്ളി മാറ്റി മുമ്പോട്ടു വന്നു. തീപ്പൊരികൾ വീണ് എന്റെ മുഖമെല്ലാം പൊള്ളി.
ഒരു കല്ല് മറിച്ചിടുന്ന പോലെ അയാൾ എന്നെ ഒരു വശത്തേയ്ക്ക് ചവിട്ടി മറിച്ചിട്ടു!


യജമാനനെ , ഇതവൻ തന്നെ! സംശയമില്ല, അയാൾ ഉണർത്തിച്ചു..
സൂക്ഷിക്കണം, ഇത്തവണ ഇവൻ രക്ഷപ്പെടരുത്.
അവർ ഒരു തോർത്തുമുണ്ടു കൊണ്ട് എന്റെ കൈകൾ പിന്നിലേയ്ക്ക് പിണച്ചുകെട്ടി.


എന്താടാ നിന്റെ പേര്?
ചീഫ് എന്റെ നെഞ്ചിൽ കാലെടുത്തു വെച്ചു . വാരിയെല്ലുകൾ ഞെരുങ്ങി. ശ്വാസകോശം ഒരു മൂലയിലേയ്ക്ക് സങ്കോചിച്ചു.

എന്റെ പേര് ഈ നാട്ടിൽ എല്ലാവർക്കും അറിയാം , ഞാൻ പറഞ്ഞു.
പറയെടാ , അയാൾ ബൂട്ടിന്റെ ടോ പൊക്കിൾക്കുഴിയിലേയ്ക്ക് താഴ്ത്തി…..
ശാർങരൻ എന്നാണെന്റെ പേര്.. ഞാൻ പറഞ്ഞു!
അതോടൊപ്പം അടിവയറ്റിലൂടെ സംക്രമിച്ച ഒരാഘാതം ശ്വാസകോശം വരെ പോയി തിരിച്ചുവന്നു!

എന്റമ്മേ, ഞാൻ നിലവിളിച്ചു.
നിന്റെ വീട് ?
ആ ബനാന റിപ്പബ്ലിക്കിൽ …
എവിടെയാടാ ഈ റിപ്പബ്ലിക്? അയാൾ അലറി.

നിങ്ങൾക്ക് നാക്കുളുക്കുന്ന ഒരു പേരുകാരനാണ് അവിടുത്തെ മേയർ, വ്ലാഡി സ്ലോവ് സ്കൊഡോസ്കി, അയാളോട് ചോദിക്ക്.
നിർത്തെടാ നിന്റെ പരിഹാസം!


അയാൾ ബാറ്റൺ കൊണ്ട് എന്റെ മൂർദ്ധാവിൽ ആഞ്ഞടിച്ചു! അതേത്തുടർന്ന് മസ്തിഷ്ക്ക നെർവുകളുടെ വലിയൊരു ഭാഗം പണിമുടക്കി…
കഴിഞ്ഞ കാലവും ബോധവും ഇഷ്ടപ്പെട്ട ഓർമ്മകളും ആ നിമിഷം കണ്ണടച്ചു.എന്നെ സ്നേഹിച്ചവരും ഞാൻ സ്നേഹിച്ചവരും എല്ലാം അപ്രത്യക്ഷരായി.
ചെങ്കീരികളുടെ അശ്ലീലച്ചിരി അവിടമാകെ പ്രസരിച്ചു..
തല കുലുക്കികളായ രണ്ടനുയായികൾ എന്റെ കൈകളും കാലുകളും കൂട്ടിക്കെട്ടി! കയ്യുടേയും കാലിന്റേയും ഇടയിലൂടെ ഒരു പച്ച മുള തിക്കിക്കടത്തി
അതിന്റെ രണ്ടറ്റവും പിടിച്ച് അവർ എന്നെ പൊക്കിയെടുത്തു.
വേദന സഹിക്കാതെ ഞാൻ നിലവിളിച്ചു.
അവ താഴ്വരകളിൽ തല്ലിയലച്ച് എന്റെ ചെവിയിലേയ്ക്ക് തന്നെ വന്നു.
ജീവന്റെ തരികൾ ഓരോ സുഷിരത്തിലൂടെയും പുറത്തുകടക്കാൻ വെമ്പി ..


പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്തതുപോലെ സകല വേദനയും അപ്രത്യക്ഷമായി! അപ്പോൾ മാത്രമാണ് ഇനി എനിക്ക് വേദനിക്കില്ലെന്ന് ഞാൻ മനസ്സിലാക്കിയത്.
തല പിന്നോക്കം തൂങ്ങി ഒരു കുരുതി മൃഗത്തപ്പോലെ വായ് നീരൊലിപ്പിച്ചു ഞാൻ തൂങ്ങിക്കിടന്നു.
എന്റെ മോചനത്തിലേയ്ക്കുള്ളയാത്ര യഥാർത്ഥത്തിൽ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
അല്പം മുമ്പ് ഞാൻ കടന്നുപോന്ന അതേ വഴിയിലൂടെ കരിക്കിൻ തൊണ്ടിന്റെ പഴയ കാല്പാടുകളിൽ ചവിട്ടി, അവരെന്നെ ഓഫീസിന്റെ മുറ്റത്ത് വെറും മണ്ണിൽ കൊണ്ടുവന്ന് കിടത്തി.രണ്ടുപേർ ചേർന്ന് മുളന്തണ്ട് ഊരി മാറ്റി.


മെലിഞ്ഞു നീണ്ട ഒരാൾ വന്ന് കതക് തുറന്നു.
എവിടം വരെ പോയി, അയാൾ ചോദിച്ചു.
ഇതാ ഇവിടം വരെ, അവർ പറഞ്ഞു.
കാല്പാടുകൾ ആരുടേതായിരുന്നു?
ഇതാ ഇവന്റേതു തന്നെ.
അല്ലാതാരുടെ!

ഓഹോ, അതെങ്ങനെ ശരിയാകും , ഇയാൾക്ക് രണ്ടു കാലുകൾ ഉണ്ടല്ലോ , അയാൾക്ക് തൃപ്തിയാവാത്തതു പോലെ.
അതൊക്കെ ആരന്വേഷിക്കുന്നു!
നമ്മുടെ തെറ്റുകൾക്കും അബദ്ധങ്ങൾക്കും പഴിചാരാൻ ഒരുത്തരവാദിയെ കണ്ടെത്താതെ പറ്റില്ലല്ലോ സാബ്
രണ്ടാമത്തെ കാലൊക്കെ അന്വേഷണത്തിൽ തെളിയട്ടെ.
അപ്പോൾ നോക്കാം.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like