പൂമുഖം LITERATUREകവിത രണ്ടാം പാപ്പാൻ

രണ്ടാം പാപ്പാൻ

ഉത്സവപ്പിറ്റേന്ന് ആനയെ
തളച്ചിട്ടൊന്നാം പാപ്പാൻ
സ്ഥലം കാലിയാക്കി…..
അയാൾ… രണ്ടാം പാപ്പാൻ…
തീറ്റവെട്ടുകാരനെ
തിരഞ്ഞെങ്കിലും, അയാൾ മയക്കത്തിലാണ്,
തലേ രാത്രിയിലെ ആഘോഷം സിരകളിൽ പതഞ്ഞു തീർന്നില്ല…..
പനമ്പട്ട കൊണ്ട്
‘പാമ്പാടി കൃഷ്ണനെ’ മയപ്പെടുത്താമെന്നയാൾ….
അങ്ങനെയാണ് വസന്തം തഴുകാത്തൊരാ വനഭൂമിയിൽ ഒലട്ടിപ്പനയന്വേഷിച്ചിറങ്ങിയത്…..
സ്വന്തം കരളിന്റെ ശാഖയിൽ കൂടുവയ്ക്കാൻ കിളികളില്ലല്ലോയെന്ന് അയാൾ ഓർത്തു…..
അന്നും മഴമുത്തുകൾ പൊട്ടിച്ചിരിക്കാത്ത ഗ്രീഷ്മമായിരുന്നല്ലോ…
മൗനം ചുംബിച്ച മനസ്സുമായി
എല്ലാ ഉത്സവക്കാലത്തും
ഇതുപോലെ പനയന്വേഷിച്ച്‌ നടക്കുമായിരുന്നു…
പനമ്പട്ടയ്ക്ക് പറ്റിയ ഒരു ഗ്രീഷ്മശാഖിയതാ നെറുകയിലൊരു
പനങ്കുലയുമായി നിൽക്കുന്നു…..
പാതിമെയ്യായിരുന്നവൾ
ശ്യാമമേഘങ്ങൾ പെയ്തിറങ്ങി
തൊടിനിറഞ്ഞൊരു രാവതിലതിസാഹസപ്പെട്ട് പിണങ്ങി…
പിന്നെപ്പടിയിറങ്ങി നടന്നുപോയി….
അയാളുടെ കരളിൽ കനലെരിഞ്ഞു…. അത് തീപ്പൊരിയായ് കത്തിപ്പടർന്ന മീനമാസത്തിലെ തൈപൂയനാൾ കതകടച്ച്, കുടിലെരിച്ചു,
തല തല്ലിയൊന്ന് നിവർന്നിരുന്നു….
പിന്നെ നീണ്ട വഴിയിൽ ആനയുമയാളുമേകരായി…
കാരണം അയാളൊരനാഥനായിരുന്നല്ലോ…പിന്നെ അയാൾക്കാനയും ആനയ്ക്കയാളുമായിരുന്നു…അന്നും, ഇന്നും എന്നും….

കവർ ഡിസൈൻ : നിയ മേതിലാജ്

Comments
Print Friendly, PDF & Email

You may also like