പൂമുഖം LITERATUREകഥ മഹാദേവൻ

ഒരുപാട് കാലം പ്രണയിച്ചു നടന്ന വഴികളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. വർഷങ്ങൾക്ക് ശേഷം അതേ വഴികളിലൂടെ വണ്ടിയോടിക്കുവാൻ ജി പി എസിന്റെ സഹായം വേണ്ടി വന്നിരിക്കുന്നു. വാച്ചും ടോർച്ചും മാത്രമല്ല പാതകൾ വരെ ഫോണിൽ തെളിയുന്നത് കൊണ്ട് വഴിയിലിറങ്ങി സ്ഥലം ചോദിക്കേണ്ടന്നൊരു ഗുണമുണ്ട്.

അമ്പൂരിയിൽ നിന്നും പന്തയിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോഴാണ് ഫോണിലേക്ക് അവളുടെ വിളിയെത്തിയത്, കാൾ വന്നതോടെ ജി പി എസ് സ്‌ക്രീൻ മറഞ്ഞതിനാൽ വണ്ടി വശത്തേക്ക് ഒതുക്കിയിട്ട് ഫോൺ കൈയിലെടുത്തപ്പോഴേക്കും കാൾ കട്ടായി. തിരികെ വിളിക്കുവാൻ ഫോണെടുത്തതും അവളുടെ കാൾ വീണ്ടുംവന്നു, കാൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെയ്ക്കുമ്പോഴേക്കും ആദ്യത്തെ ചോദ്യവുമെത്തി.

‘എത്തിയോ’?.

‘ഇല്ല, അമ്പൂരിയിൽ നിന്നും പന്തയിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ’.

‘അതെന്താ..അങ്ങനെ?..ആദ്യം നെയ്യാർഡാം, പിന്നെ പന്ത, അവിടന്നല്ലേ അമ്പൂരിയിലോട്ട് പോയിരുന്നത്’.

‘ഇന്നെല്ലാം തിരികെയാണ്. നടന്നെത്തിയ വഴികളിൽ നിന്നും തുടങ്ങാമെന്ന് കരുതി’.

‘എന്നിട്ടെന്തായി, കാലടയാളങ്ങൾ വല്ലതും കിട്ടിയോ’.

‘ഇല്ല, ശബ്ദങ്ങൾ തിരയുകയായിരുന്നു. നമ്മൾ പറഞ്ഞതെല്ലാം പ്രപഞ്ചത്തിൽ തങ്ങിനിൽക്കുമെന്നും എന്നെങ്കിലും അതെല്ലാം തിരികെയെടുക്കുവാനുള്ള ഉപകരണം കണ്ടെത്തുമെന്നും പറഞ്ഞതോർമ്മയില്ലേ? എന്തോരം പ്രണയമാണ് ചുറ്റുമിങ്ങനെ വിലയിച്ചു കിടക്കുന്നത്. ഒരുനാൾ അതെല്ലാം വീണ്ടും കേട്ടാൽ, നല്ല രസമാകും ല്ലേ’.

‘കൗമാരവും യൗവനവും ഘോഷിച്ചത് വാർദ്ധക്യത്തിന് താങ്ങുവാൻ പറ്റുമോ’?

‘അതറിയില്ല, നിന്റെ ശബ്ദത്തിൽ തുളുമ്പിനിറഞ്ഞിരുന്ന പ്രണയം അതെനിക്കെന്നും പ്രീയപ്പെട്ടതാണ് സെയ്‌റാ’.

‘അൻപതുകളിലെത്തിയ രണ്ടുപേർ ഇക്കണ്ടകാലത്തിനിപ്പുറം പ്രണയം തേടിയിറങ്ങുന്നതിൽ പുതുമയില്ലെങ്കിലും പൂർവ്വകാല പ്രണയസല്ലാപങ്ങൾ വീണ്ടെടുക്കുന്നതിൽ പുതുമയുണ്ട്. ഇനിയഥവാ ആരെങ്കിലും ശബ്ദങ്ങൾ തിരിച്ചെടുക്കുന്ന സൂത്രം കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ നമ്മുക്കാദ്യം സ്വന്തമാക്കണം. മഹാദേവൻ സെയ്‌റയോട് മൊഴിഞ്ഞതെല്ലാം നാട്ടുകാർ കേൾക്കട്ടെ’.

‘നമ്മളെഴുതിയ ഡയറികളെങ്കിലും സൂക്ഷിച്ചു വെയ്‌ക്കേണ്ടതായിരുന്നു സെയ്‌റാ. വടിവൊത്ത അക്ഷരങ്ങളിൽ എഴുതികൂട്ടിയിരുന്ന പ്രണയസൂത്രങ്ങൾ ആർക്കെങ്കിലും ഉപയോഗപ്പെട്ടേനെ’.

‘ദയ പറയാറുണ്ട് അമ്മ ഒട്ടും റൊമാന്റിക്കല്ല തനി ഈനാംപേച്ചിയുടെ സ്വഭാവമാണെന്ന്. ആ ഡയറികളുണ്ടായിരുന്നെങ്കിൽ അവൾക്കെങ്കിലും കാണിച്ചു കൊടുക്കാമായിരുന്നു’.

‘നിന്റെ കല്ല്യാണത്തിന്റെ മുന്നത്തെ ദിവസമാണ് പ്രണയാക്ഷരങ്ങൾ മുഴുവൻ കൂട്ടിയിട്ടു കത്തിച്ചത്, സത്യത്തിൽ ആ ചൂടും പുകയുമാണ് നിന്നെ അതിജീവിക്കുവാൻ കരുത്ത് നൽകിയത്’.

‘അന്നത് കത്തിക്കണ്ടായിരുന്നുവെന്ന് തോന്നുന്നില്ലേ, പലതും വേണ്ട സമയത്ത് തോന്നാത്തത് കൊണ്ടാ ദാ ഇപ്പോ അമ്പൂരിയിൽ നിന്നും പന്തയിലേക്ക് പ്രണയപ്പനി പിടിച്ചോടുന്നത്’.

‘സെയ്‌റാ, പ്രണയത്തിൽ നിന്നുമിറങ്ങിപ്പോയത് നീയായിരുന്നു, ഞാനല്ല’.

‘വിളിച്ചാൽ ഞാനിറങ്ങി വരുമായിരുന്നുവല്ലോ, ഏതവസ്ഥയിലും വരുമായിരുന്നു. ദാ ഇത്രയും വർഷത്തിനിപ്പുറം വിളിച്ചപ്പോഴും എന്തിനെന്ന് പോലും ചോദിക്കാതെ ഞാനിറങ്ങി വരുകയാണ്’.

‘നീ വരുമെന്ന് എനിക്കറിയില്ലായിരുന്നു സെയ്‌റാ.. പ്രണയം പെയ്തൊഴിഞ്ഞു പോയെന്ന് കരുതി ഓടിപ്പോകുവാൻ മാത്രമേ കഴിഞ്ഞുള്ളൂ, തിരികെ വരാനും നിന്നെ തിരയാനും കരുത്തില്ലായിരുന്നു. വലിച്ചെറിയപ്പെട്ടവന്റെ സങ്കടങ്ങളിൽ മുങ്ങിപ്പോയി, തകർച്ചയിൽ നിന്നും കരകയറിയപ്പോൾ നീ ഒരുപാട് അകലെയായിരുന്നു. ഭാര്യയായവളെ, അമ്മയായവളെ തിരികെ വിളിക്കുവാൻ മനസ്സ് അനുവദിച്ചില്ല’.

‘എന്നിട്ടിപ്പോ വിളിച്ചതോ’.

‘പ്രായമായിരിക്കുന്നു സെയ്‌റാ. ഈനാട് വിട്ടുപോകും മുൻപ് നിന്നെ മാത്രം കാണണമെന്ന് തോന്നി. എന്റെ പ്രണയത്തിനും, എനിക്കും കാവലിരുന്നവളെ കാണാതെ പോകുന്നതെങ്ങിനെ. സത്യത്തിൽ നിന്നിൽ മാത്രമാണ് ഞാൻ ജീവിച്ചിരുന്നത്’.

‘ഇത്രയും പറയുവാൻ ഇത്രയേറെ വർഷങ്ങളുടെ ദൂരം താണ്ടേണ്ടതുണ്ടായിരുന്നോ’.

‘ഞാൻ അകലെനിന്നും നിന്നെ കാണുകയായിരുന്നു. നീ ഭാര്യയായത്..അമ്മയായത്..മുത്തശ്ശിയായത്..ഇക്കണ്ടകാലമെല്ലാം നിന്റെ നിഴലിനൊപ്പം നടക്കുകയായിരുന്നു’.

‘എനിക്കൊപ്പം നടന്നപ്പോഴും എന്റെ നിഴലിനോടായിരുന്നല്ലോ പ്രണയം, അതിനിന്നും മാറ്റമില്ല’.

‘ഞാനൊരു ഭീരുവായിരുന്നു സെയ്‌റാ, ആളിക്കത്തുന്ന പ്രണയമെന്നെ എരിയിച്ചു കളയുമെന്ന് ഞാൻ ഭയന്നിരുന്നു. നിന്നെ സ്പർശിക്കാതെ, എൻ്റെ ശ്വാസം പോലും നിന്റെ മേൽ വീഴാതെ പേടിച്ചകന്നു നടക്കുകയായിരുന്നു. അക്ഷരങ്ങളിൽ മാത്രമായിരുന്നു പ്രണയം’.

‘മഹാദേവനിൽ പരിപൂർണ്ണമായി അനുരക്തയായ പെണ്ണായിരുന്നു ഞാൻ, എന്റെ കൈകൾ കോർത്തുപിടിച്ചു നടക്കാത്ത, എനിക്കൊപ്പം നടക്കാതെ മുന്നിലോടിപ്പോകുന്ന, ഒരേ സീറ്റിൽ ഒന്നിച്ചിരിക്കാൻ ധൈര്യമില്ലാത്ത, എന്റെ കണ്ണുകളിലേക്ക് നോക്കുവാൻ മടിച്ചിരുന്ന ഒരാളോടൊപ്പം എങ്ങനെ ഒരു ജന്മം ജീവിച്ചു തീർക്കും. നമ്മൾ പിരിഞ്ഞതായിരുന്നു ശരി, ഇല്ലെങ്കിൽ നമ്മളിന്ന് രണ്ട് ധ്രൂവങ്ങളായിപ്പോയേനെ’.

‘സെയ്‌റാ, ഞാൻ പന്തയിൽ എത്തി’.

‘ആണോ, ഞങ്ങൾ പന്തയിലേക്കുള്ള പാലം കയറി, കാട്ടുവഴികളെല്ലാം റോഡുകളായല്ലോ. അപ്പോ, പറഞ്ഞത് ശരിയാ..ല്ലെ. മഹാദേവനിലേക്കുള്ള ദൂരം വിസ്തൃതമായെന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല’.

‘സെയ്‌റാ, കൃത്യം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഞാനും ഇവിടെ വരുന്നത്. നമ്മൾ കോളേജിൽ നിന്നും ടൂർ വന്നതും, കാട്ടുവഴികൾ മുഴുവൻ നടന്നുതീർത്തതും, കാടും കാട്ടാറും നമ്മുടെ പ്രണയം കേട്ടറിഞ്ഞതുമെല്ലാം ഇന്നലത്തെപ്പോലെ തികട്ടിവരുന്നു. നിനക്കറിയോ, നീ നിന്റെ മകളെ ആദ്യമായി കണ്ട ദിവസമാണ് അവസാനമായി ഞാനിവിടെ വന്നത്. കാടുകയറി വരുമ്പോ നീയിവിടെ കാത്തിരിപ്പുണ്ടാകുമെന്ന് കരുതി. നമ്മുടെ നിഴലുകൾ വീണവഴികളിൽ കൂടിയെല്ലാം നടന്നു, ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് പറഞ്ഞിട്ടാണന്ന് മടങ്ങിയത്’.

‘എന്നിട്ടിപ്പോ അതേ വഴികളിലൊന്നിൽ എന്നേയും കാത്തുനിൽക്കുന്നു’.

‘പന്ത ജുമാ മസ്ജിദിലേക്ക് തിരിയുന്ന വഴിയിൽ കൂടി ഉള്ളിലേക്ക് വന്നാൽ മതി, അവിടെയാണ് നെയ്യാർ ഹെറിറ്റേജ് ഹോംസ്റ്റേയുള്ളത്. ഇവിടത്തെ ജനാലയിലൂടെ നോക്കിയാൽ നമ്മൾ നടന്ന വഴികളിൽ പലതും കാണാം’.

‘അപ്പോൾ നടുറോഡിലല്ല കാത്തുനിൽക്കുന്നത്. ഞാൻ കരുതി ഞാൻ കൈവിട്ടുപോയ വഴിയിലെവിടെയോ മഹാദേവൻ കാത്തുനിൽക്കുന്നുണ്ടെന്നാണ്’.

‘സെയ്‌റ, നീ കൈവിട്ടുകളഞ്ഞ വഴിയിൽ കാത്തുനിൽക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം, കാഴ്ചവസ്തുയാകുമോയെന്ന് കരുതി കുറച്ചുകൂടി ഒഴിഞ്ഞയൊരിടം കണ്ടെത്തിയെന്ന് മാത്രം. ഇതിനിടയിൽ ചോദിക്കുവാൻ മറന്നു, സെയ്‌റ എങ്ങനെയാണ് വരുന്നത്’.

‘ഇപ്പോഴെങ്കിലും ചോദിച്ചല്ലോ. കാണണം, വരണം എന്നെല്ലാം നിർബന്ധിക്കുമ്പോൾ ഞാനെങ്ങനെ വന്നെത്തുമെന്ന് കരുതി’.

‘അതോർത്തില്ല സെയ്‌റ, അന്നെല്ലാം എത്ര ദൂരവും നീ തേടി വന്നിരുന്നു. ഒരിക്കൽപ്പോലും നീയെങ്ങിനെ വരുമെന്ന് ചിന്തിച്ചിട്ടില്ല, നീ വരുമെന്ന് ഉറപ്പുള്ളപ്പോൾ അങ്ങനെയൊരു ആലോചനയുടെ ആവശ്യമില്ലായിരുന്നു’.

‘അന്നത്തെ ഞാനാണോ ഇപ്പോൾ. ദയ ഒപ്പമുണ്ട്, അവളാണ് എന്നെയും കൊണ്ടുവരുന്നത്’.

‘അവളോട് പറഞ്ഞിട്ടാണോ സെയ്‌റ എന്നെക്കാണുവാൻ വരുന്നത്. അവളെന്ത് കരുതും, അമ്മ ആരെ കാണുവാനാണ് വരുന്നതെന്ന് അവൾക്കറിയുമോ?’

‘അവൾക്കെല്ലാം അറിയാം, ഈ യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ അവളാണ് കൂടുതൽ നിർബന്ധിച്ചത്, അവൾ തന്നെയാണ് എന്നെയിവിടെ കൊണ്ടാക്കാമെന്ന് പറഞ്ഞതും’.

‘ഞാൻ എങ്ങിനെയാണ് അവളെ അഭിമുഖീകരിക്കുക. അവളെന്തെങ്കിലും ചോദിച്ചാൽ ഞാൻ പതറിപ്പോകും, അവൾ അകത്തേക്ക് കയറിവരുമോ?’

‘മഹാദേവൻ ഇപ്പോഴും ഭീരുവാണെന്ന് ഞാൻ അവളോട് പറയണോ. അങ്ങനെയായാൽ എന്ത് ധൈര്യത്തിലാകും അവൾ എന്നെ നിങ്ങളുടെയൊപ്പം വിട്ടിട്ടു പോവുക’.

കൂടുതലൊന്നും പറയാതെയാണ് ഫോൺ കട്ടുചെയ്തത്. ശരീരം വിയർക്കുകയും തൊണ്ട വരളുകയും ചെയ്യുന്നുണ്ട്, കട്ടിലിലും സോഫയിലും മാറിമാറിയിരുന്നു. ഇരിപ്പുറയ്ക്കാതെയാണ് മുറിക്കുള്ളിലെ വാതിൽ തുറന്നു ബാൽക്കണിയിലേക്കിറങ്ങിയത്. മലയിടുക്കകളിൽ നെയ്യാർ നീണ്ടുനിവർന്നു കിടക്കുന്നത് നോക്കിനിൽക്കെ പരവേശം കുറേശ്ശേയായി കെട്ടടങ്ങി. തിരികെ നടന്നു നെടുങ്കൻ വരാന്തയുടെ അറ്റത്തേക്കെത്തിയ നിമിഷം ഒരു കാർ മതിലിനുള്ളിലേക്ക് കയറി പുൽത്തകിടിയിലൂടെ അകത്തേക്ക് വന്നുനിന്നു.

അതവളുടെ വണ്ടി തന്നെയാകണം, മുന്നിൽ ആരോ ഇരിക്കുന്നുണ്ട്. സെയ്‌റ ഇറങ്ങിവരുന്നത് വരെ കാക്കാം. അവളിനി ഇറങ്ങി വരാതെ പോയാലെന്ത് ചെയ്യും, പേടിച്ചരണ്ട ഒരു മനുഷ്യനൊപ്പം സ്വന്തം അമ്മയെ വിട്ടിട്ടുപോകുവാൻ സെയ്‌റയുടെ മകൾ തയ്യാറായില്ലെങ്കിലോ. ആശങ്കകൾ തിക്കിത്തിരക്കുവാൻ തുടങ്ങിയതോടെ വെപ്രാളമാവേശിച്ചു തുടങ്ങി. ഇനിയും സെയ്‌റയെ നഷ്ടപ്പെടുമെന്ന ചിന്തയുണ്ടായതോടെ നിൽപ്പുറയ്ക്കാതെ ഇരുമ്പുഗോവണി വഴി താഴേക്കിറങ്ങിച്ചെന്നു. ഇപ്പോഴെങ്കിലും അവളിലേക്കിറങ്ങി ചെന്നില്ലെങ്കിൽ ഇനിയൊരിക്കലും അവളെ കാണുവാൻ കഴിഞ്ഞെന്ന് വരില്ല.

ചുട്ടുപൊള്ളിക്കിടക്കുന്ന തറയോടുകളിൽ ചവിട്ടി മുന്നിലേക്ക് നടക്കുന്തോറും കാലുകളുടെ വേഗത കുറഞ്ഞുവന്നു. കൈയകലത്തിൽ സെയ്‌റയുണ്ട്, ഇനിയൊരിക്കൽ കൂടി അവൾ പോയാൽ ഇനിയൊരു കാണലുണ്ടാകില്ല.ആ ചിന്തയുടെ ധൈര്യത്തിൽ കാലുകൾ വലിച്ചുവെച്ചു മുന്നിലേക്ക് നടന്നു.

കാറിന്റെ വാതിൽ തുറന്നിറങ്ങിയ സെയ്‌റയുടെ മകളെ കണ്ടതും പാദങ്ങൾ നിശ്ചലമായി. അവൾ തൊട്ടരുകിലെത്തി മുഖത്തേക്ക് തന്നെ നോക്കിനിൽക്കുന്നു. ഒരിഞ്ചുപോലും ചലിക്കാൻ കഴിയുന്നില്ല, എവിടെയെങ്കിലുമൊന്ന് പിടിച്ചുനിൽക്കുവാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ച നിമിഷം അവൾ വലതുകൈയിൽ എത്തിപ്പിടിച്ചു.

‘ഞാൻ എന്താണ് വിളിക്കേണ്ടത്, മഹാദേവൻ എന്ന് വിളിച്ചാൽ കുഴപ്പമുണ്ടോ’?

കൈയിൽ മുറുകെപ്പിടിച്ചുകൊണ്ട് കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കുവാനല്ലാതെ ഒന്നും പറയുവാൻ കഴിയുന്നില്ല.

കൈയിൽ പിടിച്ചു കൊണ്ടുതന്നെ അവൾ തിരിഞ്ഞു നടന്നു. ഒരു കുഞ്ഞിനെ കൈപിടിച്ചു നടത്തുന്ന ലാഘവത്തോടെയാണ് അവളെന്നെ കാറിന്റെ അരുകിലെത്തിച്ചത്. അടുത്തകൈകൊണ്ട് കാറിന്റെ വാതിൽ തുറന്നവൾ സെയ്‌റയ്ക്ക് പുറത്തേക്കിറങ്ങാൻ വഴിയൊരുക്കി.

‘താങ്കൾ ഈ കാടിനുള്ളിൽ നിന്നും എന്റെ അമ്മയുടെ ശബ്ദം വീണ്ടെടുക്കുകയാണെങ്കിൽ അതിൽനിന്നും കുറച്ചെനിക്ക് തരണം. അമ്മയുടെ ഇമ്പമുള്ള ശബ്ദം ഞാനൊരിക്കലും കേട്ടിട്ടില്ല’.

‘മോളെ..അത്..ഞാൻ’.

വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിശ്ശബ്ദനായ എന്നെ നോക്കി അവൾ വീണ്ടും ചിരിച്ചുകൊണ്ട് സംസാരിച്ചു.

‘അതെനിക്ക് തരുമെന്ന് വാക്ക് തന്നാലേ ഞാനെന്റെ അമ്മയെ താങ്കൾക്കൊപ്പം വിട്ടിട്ടു പോവുകയുള്ളൂ. മഹാദേവനിൽ കുടിയിരിക്കുന്ന അമ്മയെ എനിക്കറിയാം. എന്റമ്മ തിരികെ വരുമ്പോൾ മഹാദേവന്റെ സെയ്‌റ അമ്മയിലുണ്ടാകണം’.

പിന്നൊന്നും പറയാതെ പൊട്ടിച്ചിരിച്ചുകൊണ്ടവൾ സെയ്‌റയെ ചേർത്തുപിടിച്ചു.

‘അമ്മയുടെ മഹാദേവന് ഒരു മാറ്റവുമില്ല, അമ്മ ധൈര്യമായിട്ട് കൂടെപ്പൊയ്ക്കോ. അമ്മ ഒളിച്ചോടാമെന്ന് പറഞ്ഞാലും പുള്ളിയെക്കൊണ്ടത് പറ്റൂല’.

സെയ്‌റയെ മുന്നിലേക്ക് നീക്കിനിറുത്തിയ അവൾ മറുപടികൾ കാക്കാതെ കാറിൽക്കയറി പുറത്തേക്ക് ഓടിച്ചുപോയി. കാർ കണ്ണിൽനിന്നും മറഞ്ഞപ്പോഴാണ് കൈയിലാരോ മുറുകെപ്പിടിച്ചിരിക്കുന്നതറിഞ്ഞത്.

സെയ്‌റയുടെ കൈകൾ ബലമായി തന്നെ പിടിച്ചിട്ടുണ്ട്, ഇനിയൊരുവേള ഞാൻ ഓടിപ്പോയാലോ എന്നവൾ കരുതുന്നുണ്ടാകും.

‘ആ പുരാതന ശബ്ദമൊന്നും എനിക്ക് തിരികെ വേണ്ട, ഞാനിറങ്ങി പോയിടത്ത് തന്നെ തിരികെയെത്തിയിട്ടുണ്ട്. എന്നെ ചേർത്തുപിടിക്കാനല്ലേ ധൈര്യമില്ലാത്തത്, എനിക്ക് ചേർത്തുപിടിക്കുവാൻ ധൈര്യമുണ്ട്’.

‘സെയ്‌റാ, ഞാൻ ഇവിടം വിട്ടുപോകുവാൻ..’

‘എവിടം വിട്ടുപോകുവാൻ, പോയാലും എത്ര നാൾ’.

‘അതെനിക്കറിയില്ല സെയ്‌റാ, എന്നാലും പോകണം’.

‘ഇനിയെങ്ങോട്ടും പോകുന്നില്ല, ഇതുവരെ പോകുവാൻ കഴിയാത്ത ഇടങ്ങളൊന്നും മഹാദേവനെ കാത്തിരിക്കുന്നുമില്ല. മഹാദേവൻ ഒരിക്കലും സഞ്ചരിച്ചിട്ടില്ലാത്തത് എന്നിലേക്കാണ്, ഇനിയത് മതി’.

‘അത്..നിന്റെ കുടുംബം, മകൾ, വീട്ടുകാർ’.

‘രണ്ട് മുറികളിൽ രണ്ട് ജീവിതം ജീവിച്ചെനിക്ക് മടുത്തു. ആ ജീവിതത്തിൽ നിന്നും മകളെന്നെ ഇറക്കിവിട്ടു, ഇനി തിരികെ പോകാനെനിക്ക് ആ ഇടമില്ല. താഴെ നെയ്യാർഡാമിന്റെ വശത്തെ പൂന്തോട്ടത്തിൽ അവൾ കാത്തിരിക്കുന്നുണ്ട്, ഒറ്റയ്ക്കായാലും ഒന്നിച്ചായാലും അവൾ സ്വീകരിക്കും. പക്ഷെ ഞാനൊറ്റയ്ക്ക് പോകില്ല, എനിക്കെന്റെ നിഴൽ തിരികെ വേണം’.

‘സെയ്‌റാ, ഞാനൊറ്റയ്ക്ക്’..

‘അതെ മഹാദേവനിന്നും ഒറ്റയ്ക്കാണ്. അതാ വിളിക്കുന്നത്, വാ സെയ്റയുടെ നിഴലായിക്കോ’.

മറുത്തൊന്നും പറയുവാൻ കഴിഞ്ഞില്ല, ഇറുകെപ്പിടിച്ചിരിക്കുന്ന ആ കൈക്കുള്ളിൽ ഒതുങ്ങിയിരുന്ന വിരലുകൾക്ക് ജീവൻ വെയ്ക്കുകയും അവളുടെ വിരലുകളെ ചുറ്റിപ്പിടിക്കുകയും ചെയ്തിരിക്കുന്നു. സെയ്‌റക്കൊപ്പം തിരികെ നടക്കുമ്പോഴാണ് പുറകിലായി വീണുകിടന്നിരുന്ന നിഴലുകൾ വശങ്ങളിലൂടെ മുന്നിലേക്ക് കയറി നെടുകെ വളർന്നുവലുതാകുവാൻ തുടങ്ങിയത്. പൂന്തോട്ടം കടന്നു നടവഴിയിലൂടെ റോഡിലേക്കിറങ്ങുമ്പോഴേക്കും ഞങ്ങളുടെ നിഴലുകളൊന്നായി കഴിഞ്ഞിരുന്നു, അകലെ പൂന്തോട്ടത്തിൽ കാത്തിരിക്കുന്നവളുടെ കാതുകളിലേക്ക് സെയ്‌റയുടെ ശബ്ദമൊഴുകിയെത്തുവാൻ ഇനിയധികം ദൂരമില്ല.

Comments
Print Friendly, PDF & Email

You may also like