പൂമുഖം LITERATUREകഥ അതനുവിന്റെ പെണ്ണ്

അതനുവിന്റെ പെണ്ണ്

ഒറീസയിൽ ജോലിക്കെത്തിയ കാലത്ത് ആദ്യത്തെ വെല്ലുവിളി താമസസൗകര്യം കിട്ടുകയെന്നതായിരുന്നു. അവിവാഹിതർക്ക് മുറി കൊടുക്കാൻ പലരും തയ്യാറല്ലായിരുന്നു. താമസം ഹോട്ടലിൽ തുടരുന്നതിനിടയ്ക്കാണ് അതനു ഡേ എന്ന യുവഅദ്ധ്യാപകനെ പരിചയപ്പെടുന്നത്. ഒരു മുൻപരിചയവുമില്ലാതിരുന്നിട്ടും അയാളെന്നെ സ്വന്തം ഭവനത്തിലേക്ക് സ്വാഗതം ചെയ്തു. അവൻ്റെ വാടകവീട്ടിലെ വമ്പിച്ച പുസ്തകക്കെട്ടുകൾക്കിടയിൽ എനിയ്ക്ക് ഒരു മടക്കുകട്ടിൽ വയ്ക്കാനുള്ള ഇടം തന്നു. ഇനി ഇതു നമ്മുടെ വീടാണെന്ന് അവൻ പ്രഖ്യാപിച്ചു. മഹാനദിയിലേക്ക് ശ്രദ്ധയോടിറങ്ങിച്ചെല്ലുന്ന മുനിസിപ്പൽ നിരത്തിന്റെ അരികിലായിരുന്നു ആ വീട്. ഒരു കിടപ്പുമുറിയും വലിയൊരു ഹാളും തീരെച്ചെറിയൊരു കുശിനിയും മാത്രമാണ് വാടകവീടിൻ്റെ ഭാഗങ്ങൾ. ഹാളിൽ ഒരു മൂലയ്ക്ക് ഒരാൾക്ക് നിന്ന് കുളിയ്ക്കാനുള്ള പാകത്തിൽ കല്ലുപാകിയ, മോറിയെന്നു പേരുള്ള കുളിസ്ഥലം തിരിച്ചിട്ടുണ്ട്. ശുചിമുറി വെളിയിലാണ്. ആ വീടിൻ്റെ പേര് മാതൃഛായ എന്നായിരുന്നു. ഞങ്ങളതു മാറ്റി ദോസ്തി എന്നാക്കി.

പെട്ടെന്ന് ഇഴുകാൻ മടിയ്ക്കുന്ന എൻ്റെ മലയാളി മനസ്സിന് അവൻ്റെ സ്നേഹം ഒരത്ഭുതമായിരുന്നു.

മലയാളിസമൂഹം വളരെക്കുറവുള്ള ഒരിടത്ത് സഹവർത്തനത്തിൻ്റെ ശിഖരങ്ങൾ വീശാൻ എന്നെ സഹായിച്ചത് അതനുവാണ്. ഞാൻ ഹിന്ദി പഠിക്കാൻ വേണ്ടി എന്നോട് ഹിന്ദിയിൽ മാത്രം അവൻ സംസാരിച്ചു. തീയേറ്ററിലെ ഓരോ രംഗവും എനിക്ക് വേണ്ടി വിവർത്തനം ചെയ്തു തന്നു. അവൻ പഠിപ്പിക്കാൻ ശ്രമിച്ച പാചകം മാത്രം എനിക്ക് വഴങ്ങിയില്ല. ഞാൻ പരത്തിയ റൊട്ടി മാവ് ഷേപ്പിലെത്താതെ പലകയിൽ കലഹിച്ചു കിടന്നു. ദാലിലും ചട്നിയിലും അനുപാതങ്ങളൊക്കാതെ രുചി ഏങ്കോണിച്ചു മാറിനടന്നു. എന്നാലും ഒരു ബാച്ചിലർ ജീവിതത്തിൻ്റെ അനിവാര്യമായ കൗശലങ്ങൾ എന്നെ പഠിപ്പിച്ചത് അതനുവാണ്.

ഒരു വേനൽക്കാലത്ത് കൽക്കത്തയിലെ അവന്റെ വീട്ടിൽ ഞങ്ങൾ പോയിട്ടുണ്ട്. രബീന്ദ്രസരണിയിലെ തലയെടുപ്പുള്ള മാളികകളിലൊന്നായിരുന്നു അത്. അവന്റെ പിതാമഹനൊപ്പം ഗുരുദേവ് ടാഗോർ അവിടെ പലപ്പോഴും വരുമായിരുന്നത്രെ. പിതാമഹന്റെ കവിതയും വായനയുമാണ് അതനുവിനും കിട്ടിയതെന്ന് അവന്റെ അമ്മ പറഞ്ഞതോർക്കുന്നു. അതനുവിന്റെ അച്ഛൻ മിലിട്ടറിയിൽ ഒരു മേജറായിരുന്നു. 71 ലെ യുദ്ധത്തിനിടെ ചിറ്റഗോങ്ങിൽ അദ്ദേഹത്തെ കാണാതായതാണ്. അദ്ദേഹത്തിന്റെ ഛായാപടത്തിന് താഴെ സദാ എരിയുന്ന ഒരു ദീപമുണ്ടായിരുന്നു. അകാല വാർദ്ധക്യം പിടിപെട്ട അവന്റെ അമ്മ ഛായാചിത്രത്തിന്നരികിലെ ഒരു ചിമിഴിൽ നിന്ന് ഒരിറ്റു സിന്ദൂരം എടുത്ത് എന്നെ തൊടുവിച്ചു പറഞ്ഞു

“ദക്ഷിണേശ്വരത്തെയാണ്. അവിടെ വച്ചാണ് ഗദാധര ചാറ്റർജി രാമകൃഷ്ണ ദേവനായത് “

എന്നെപ്പോലെ കവിതാ വായനയുടെ വട്ട് അവനുമുണ്ടായിരുന്നു. ഒരിക്കൽ അവനെന്നോട് ചോദിച്ചു. എന്താണ് നീ വായിക്കുന്ന കവിതകളിലെ വിഷയങ്ങൾ ? ഞാൻ മറുപടി പറഞ്ഞു

വിരഹം! വിഷാദം! പ്രണയം!

അവനുറക്കെ ചിരിച്ചു. മനുഷ്യൻ്റെ പ്രധാനവിഷയം ഇതൊന്നുമല്ലിഷ്ടാ! വിശപ്പാണത്.ജഠരത്തിലെ കത്തലാണ് ജീവിതത്തിന്റെ മുഖ്യപ്രമേയം. അതു പറയുന്നേരം മനുഷ്യസ്നേഹത്തിന്റെ ലിപിരഹിതമായ ഒരു ഭാഷയിൽ അവൻ പ്രകാശം കൊള്ളുന്നുണ്ടായിരുന്നു.

ഒരു കൊല്ലം കഴിഞ്ഞ് അവൻ സ്കൂൾ ജോലി വിട്ടിട്ട് നഗരപ്രാന്തത്തിലെ ഒരു തുണിമില്ലിൽ ചേർന്നു. എനിക്കത് അത്ഭുതകരമായാണ് തോന്നിയത്. അവന് അതിന് ന്യായീകരണമുണ്ടായിരുന്നു. തൊഴിലാളികൾക്കു വേണ്ടി ചിലത് ചെയ്യാൻ കഴിയുമല്ലോ! വീടു വിട്ടു പോയെങ്കിലും എല്ലാ വാരാന്ത്യത്തിലും അവൻ അവിടെ വന്നു താമസിയ്ക്കുമായിരുന്നു. പെട്ടെന്നൊരു നാൾ അവൻ വരാതായി. അവൻ നഗരം വിട്ടു പോയെന്ന് ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് പറഞ്ഞ് പിന്നീട് ഞാനറിഞ്ഞു. എനിക്കതിൽ തെല്ലു പരിഭവം തോന്നി. ഒരു വാക്കു പോലും അവൻ പറഞ്ഞില്ലല്ലോ. ആ സുഹൃത്ത് വേറൊരിക്കൽ എന്നോട് സൂചിപ്പിച്ചു. അതനുവിൻ്റെ പേരിൽ ഒരു കേസുണ്ട്. അക്രമകരമായ രീതിയിൽ സമരം നയിച്ചതിന്, ഉടമയെ തടഞ്ഞു വച്ചതിന്! എനിക്ക് ചിരിയാണ് വന്നത്. പട്ടു പോലെ മനസ്സുള്ള അവനെപ്പറ്റി എനിക്കറിയാം. ആറേഴു മാസം കഴിഞ്ഞ് അവൻ്റെ വിവാഹക്ഷണക്കത്ത് എനിയ്ക്ക് കിട്ടി. അതോടൊപ്പം നീലമഷിയിൽ വലത്തോട്ട് ചരിച്ചെഴുതിയ അവന്റെ നാലുവരികളും. മൈഥിലിയെന്നാണ് വധുവിന്റെ പേര്. അവന്റെ കുടുംബത്തിന്റെ തീരെ പാവപ്പെട്ട ആശ്രിതരിലൊരാളുടെ മകളാണ്. വിവാഹം കഴിഞ്ഞ് അവൻ നഗരപ്രാന്തത്തിൽ തന്നെ മടങ്ങിയെത്തിയിട്ടും എന്നെ കാണാൻ വന്നില്ല. KC ദാസിന്റെ രസഗുളയുടെ വലിയൊരു ടിൻ എനിക്കായി ഒരാൾ വശം അവൻ കൊടുത്തയച്ചു. അതിനോടൊപ്പം നീലത്തിരകളുള്ള ചെറിയൊരു കുറിപ്പും! ഒത്തിരി പറയാനുണ്ട് ഒരിക്കൽ ഞങ്ങൾ നിന്നെക്കാണാൻ വരുന്നുണ്ട്.

അധികം വൈകാതെ എനിക്ക് ഒറീസയിൽ നിന്ന് മാറ്റത്തിനുള്ള ഉത്തരവായി. ആ സമയത്താണ് അവൻ ഭാര്യയെയും കൂട്ടി ദോസ്തിയിലെത്തുന്നത്. അവനാകെ മാറിപ്പോയിരുന്നു. കരുണയുടെ സൂക്ഷ്മാന്തരങ്ങളറിയുന്ന കണ്ണുകൾ മാത്രം ജ്വലിച്ചു നിന്നു. കനത്ത ബോഡറുള്ള പരുത്തിസാരി ദേഹമാസകലം പൊതിഞ്ഞ ഒരു പൊക്കക്കാരി അവന്റെ നിഴൽ പോലെ ചേർന്നുനിന്നിരുന്നു. ചവിട്ടു റിക്ഷയിൽ നിന്ന് അവരൊന്നിച്ച് വലിയൊരു തുകൽപ്പെട്ടിയും തകരപ്പെട്ടിയും താങ്ങി ദോസ്തിയുടെ പടവുകൾക്കരികെയിറക്കി വച്ചു.

നേരത്തെ സൂര്യനസ്തമിക്കുന്ന ഡിസംബറിന്റെ സായാഹ്നങ്ങളിലൊന്നായിരുന്നു അത്. ഒരു കമ്പിളിക്കുപ്പായം വേണ്ടുന്ന തണുപ്പ് അന്നേരം പുറത്തുണ്ട്. എന്നിട്ടും സാധാരണ വസ്ത്രങ്ങളല്ലാതെ ഒന്നും അവർ ധരിച്ചിരുന്നില്ല. അകത്തേക്ക് കടന്ന അതനു അവന്റെ ഭാര്യയെ എനിക്ക് പരിചയപ്പെടുത്തി. അന്നേരമാണ് ഞാനാ മുഖം ശ്രദ്ധിക്കുന്നത്. ആശാപൂർണാദേവിയുടെ നോവലുകൾക്ക് A.S നായർ മാതൃഭൂമിയിൽ വരയ്ക്കുമായിരുന്ന സുന്ദരികളിലൊരാൾ! വംഗസമുദ്രമത്രയും കോരിനിറച്ച വലിയ മിഴികൾ. അവളെന്നെ നോക്കി നനുക്കെച്ചിരിച്ചു. എന്റെ കൂട്ടുകാരന്റെ ഭാഗ്യത്തിൽ എനിയ്ക്കസൂയ തോന്നിയ ഒരു നിമിഷമായിരുന്നു അത്.

അവളെ മുറിയ്ക്കുള്ളിലാക്കിയതിനു ശേഷം അതനു എന്നെയും കൂട്ടി ഹാളിലെ ചൂരൽക്കസേരയിലിരുന്നു.

എന്നിട്ട് ഒരു യന്തിരനെപ്പോലെ എന്നോട് പറഞ്ഞു തുടങ്ങി.

“ഞാൻ പോലീസിൽ കീഴടങ്ങാൻ പോകുകയാണ്. എനിക്കെതിരെ ഒന്നിലേറെ കേസുകളുണ്ട്. തൊഴിലാളികളെ സംഘടിപ്പിച്ചതിന്, അവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടാക്കാൻ വാദിച്ചതിന്, സമരം നയിച്ചതിന് ……..”

അന്ത:ക്ഷോഭത്താൽ ഒരു വേള അവന് കരകൾ നഷ്ടപ്പെട്ടെന്ന് തോന്നി. അവന്റെ വാക്കുകൾ പൊട്ടിപ്പോയി. അല്പ നിശ്ശബ്ദതയ്ക്ക് ശേഷം എന്റെ കൈപ്പടങ്ങൾ ചേർത്ത് പിടിച്ച് അവൻ നേർത്ത ഒരീണത്തിൽ പറഞ്ഞു

“ഒരു ഗൃഹസ്ഥന്റെ അടിസ്ഥാന മൂശകളിലേക്ക് ഉരുകിവീഴാൻ ഞാൻ ശ്രമിച്ചതാണ്. കഴിയുന്നില്ല”
“ഇന്ന് ഒരു രാത്രി മൈഥിലിയെ ഇവിടെ തങ്ങാൻ അനുവദിക്കണം. നിന്നെപ്പോലെ വിശ്വസ്തരായി ഒരാളും ഈ നഗരത്തിലെനിക്കില്ല.”

“അവളുടെ അച്ഛൻ നാളെ ഉച്ചയോടെ ഇവിടെത്തിച്ചേരും. വിശദവിവരത്തിന് കമ്പിയടിച്ചിട്ടുണ്ട്!”

അവന്റെ ഉൾമഴകൾ തോർന്നെന്നു തോന്നി. പക്ഷെ ഞാൻ വല്ലാത്തൊരു വർഷപാതത്തിൽ പെട്ടു പോയി. ഒരു ലോകം മുഴുവൻ എന്നെ ഒളിഞ്ഞു നോക്കുന്നതായി എനിക്കു തോന്നി. വിരാമമില്ലാത്ത നിശ്ശബ്ദതയിൽ, അല്പനേരം ദോസ്തി കനത്തു കിടന്നു. ഒടുക്കം എങ്ങനെയോ കണ്ടെടുത്ത വാക്കുകൾ കൊണ്ട് ഞാനവനെ സമാധാനിപ്പിച്ചു.
“ഉറപ്പ്. ഇന്നു രാത്രി അവളുടെ കാവലാൾ ഞാനായിരിക്കും”
ആഴത്തിൽ നിന്ന് അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.
തുടർന്ന് അവൻ മൈഥിലിയുടെ അടുത്തു ചെന്നു. അവളുടെ നെറ്റിയിൽ തഴുകിക്കൊണ്ട് അല്പ നേരം നിന്നു. പിന്നെ യാത്രപോലും ചോദിക്കാതെ പടി കടന്നു പോയി.

അതോടെ അവൾ തകർന്നു പോകുമെന്ന് ഞാൻ കരുതി. പക്ഷെ ഒന്നുമുണ്ടായില്ല. ആലംബമറ്റു പോകുന്നേരം ചില മനുഷ്യർക്ക് വല്ലാത്തൊരു സിദ്ധി കൈവരാറുണ്ട്. നേർത്ത കൈകൾ കൊണ്ട് അവൾ ഒറ്റയ്ക്ക് ആ തകരപ്പെട്ടി താങ്ങി കുശിനിയിലെത്തിച്ചു. തുകൽപ്പെട്ടി ഹാളിലെ കോണിൽ ഒതുക്കി വച്ചു.

എന്നോട് ചോദിച്ചു

” വിശക്കുന്നില്ലേ”

യഥാർത്ഥത്തിൽ പൈദാഹങ്ങൾ മറന്നു പോയ ഒരു പാവയായിരുന്നു ഞാനപ്പോൾ. ഭക്ഷണം ഹോട്ടലിൽ നിന്നാകയാൽ ദോസ്തിയിലെ ഫ്രിഡ്ജിൽ കുടിവെള്ളമൊഴികെ വേറൊന്നുമില്ലായിരുന്നു. എനിക്ക് സ്ഥലകാലങ്ങളെ പറ്റി ചിന്ത വന്നു. എന്റെ അതിഥിയ്ക്ക് എന്താണ് കൊടുക്കേണ്ടത്.

എന്റെ ചിന്ത വായിച്ചറിഞ്ഞ അവൾ പറഞ്ഞു. നമുക്ക് അത്താഴമുണ്ടാക്കാം. മറ്റു ചില ഭാഷകളുടെ കലർപ്പിനാൽ നിഗൂഢത കൈവന്ന ഹിന്ദിയായിരുന്നു അവളുടേത്. അവളുടെ തകരപ്പെട്ടിയിൽ അനേകം ഡപ്പികളും സഞ്ചികളും ഉണ്ടായിരുന്നു. അവളതു തുറന്നു.

ദോസ്തിയിലെ അടക്കമില്ലാതെ കിടന്ന കുശിനി പെട്ടെന്ന് മൈഥിലിയ്ക്കു വശപ്പെട്ട് വഴങ്ങി നിന്നു. തീനാളങ്ങൾ അവളുടെ ചൊല്പടിക്കു മെരുങ്ങിയമർന്നു. റൊട്ടിപ്പലകയിൽ മാവിന്റെ ഒത്തവൃത്തങ്ങൾ പരന്നുവിരിഞ്ഞു. മുക്കാൽ മണിക്കൂറിനുള്ളിൽ രുചിയുടെ സൂക്ഷ്മഗന്ധം കൊണ്ട് അടുക്കള നിറഞ്ഞു തൂവി. അപരിചിതത്വത്തിന്റെ മഞ്ഞുമലകൾ അലിയിച്ചു കളഞ്ഞ് ഞങ്ങൾ ഒന്നിച്ചിരുന്ന് അത്താഴം കഴിച്ചു.

അന്നേരം അവൾ ഹൂഗ്ലി നദിക്കരയിലെ അവളുടെ വീടിനെപ്പറ്റിയും നദിയിലെ ഹിൽസാ മത്സ്യങ്ങളെക്കുറിച്ചുമൊക്കെ ഉത്സാഹത്തോടെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.

തീരെ ആശാവഹമല്ലാത്ത ഒരു ജീവിതത്തിരിവിൽ ഒരുവൾ ഇത്രയേറെ സന്തോഷിക്കുന്നത് എന്നിൽ പല സംശയങ്ങളുമുണ്ടാക്കി. അന്നു രാത്രി അവൾ ആത്മഹത്യ ചെയ്തേക്കും എന്ന് ഞാൻ ഭയന്നു.

കിടപ്പുമുറിയിൽ നിന്ന് എന്തെങ്കിലും അസാധാരണമായ ഒച്ചയോ കൊളുത്തിൽ തുണി മുറുകുന്നതിന്റെ പിടച്ചിലോ മറ്റോ കേൾക്കുന്നുണ്ടോയെന്ന് ചെവിയോർത്ത് കിടന്ന്, പുലർച്ചയെത്തിയപ്പോഴാണ് ഞാൻ ഉറങ്ങിയത്.

ഒരു പേക്കിനാവിൽ നിന്ന് ഞെട്ടറ്റു വീഴുമ്പോലെയാണ് ഞാൻ രാവിലെ ഉറക്കം വിട്ടെഴുന്നേറ്റത്. ഭാഗ്യത്തിന് അരികത്തെവിടെയോ ആൾപ്പെരുമാറ്റം കേൾക്കാം. അതെനിക്ക് വല്ലാത്തൊരു ആശ്വാസക്കുളിർ മനസ്സിൽ പടർത്തി. സോഫക്കരികിലെ ടീപോയിയിൽ ചൂടുള്ള കട്ടൻചായയും ഒരു ചെറുനാരങ്ങാ കഷണവും വച്ചിരുന്നു. ജീവിതത്തിൽ ആദ്യമായാണ് എനിക്ക് കിടക്കച്ചായ കിട്ടുന്നത്. നാരങ്ങാ പിഴിഞ്ഞ് കരിഞ്ചായ കുടിക്കുന്നതിനെ പറ്റി ഞാൻ മുമ്പ് കേട്ടിട്ടുപോലുമില്ല. കിടക്കയിൽ ചരിഞ്ഞിരുന്ന് നാരങ്ങച്ചായ നുണയുമ്പോൾ മൈഥിലി ഓടിവന്നു. ചായ നന്നായോ എന്ന് ചോദിച്ചു. ദാർജിലിങ്ങിലെ ഉയരങ്ങളിൽ തളിർത്ത ചായയാണതെന്ന് അവൾ പറഞ്ഞു.

അവൾ അതിരാവിലെ ഉറക്കമുണർന്ന ലക്ഷണമുണ്ട്. കാലങ്ങളായി മുറ്റത്ത് അടിഞ്ഞുകൂടി കിടന്ന ഇലകളും കരിഞ്ഞ പൂക്കളും ഇപ്പോൾ കാണാനില്ല. അലക്ഷ്യമായി പടർന്നുകിടന്ന കുമ്പളവള്ളിയ്ക്ക് മതിലിലേക്ക് വഴി കാട്ടിയിട്ടുണ്ട്. മാതളനാരകത്തിന്റെ ഒടിഞ്ഞ കൊമ്പിനെ താങ്ങി നിർത്തിയിട്ടുമുണ്ട്. ഒരു പെണ്ണിന്റെ കരലാളനത്തിൽ പെട്ട് ദോസ്തിയും പരിസരവും വല്ലാതെ മാറിമറിയുകയാണ്.

പത്രമാസികകളും പുസ്തകങ്ങളുമെല്ലാം ഭംഗിയായി അടുക്കി വച്ചത് കണ്ടപ്പോൾ എനിക്ക് നേരിയൊരു ഞെട്ടൽ വരാതിരുന്നില്ല. കാരണം ചില മാസികകളുടെ സെന്റർ സ്പ്രെഡിലെ ഉടുപുടവ കുറഞ്ഞ ചിത്രങ്ങൾ അവൾ കണ്ടുകാണുമോ എന്ന് ഞാൻ സംശയിച്ചു. മലയാള കവിതപ്പുസ്തകങ്ങൾ അതിശയകരമായ ഒരു തിരിച്ചറിവോടെ പ്രത്യേകം മാറ്റിവച്ചിരിക്കുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഭിത്തിയലമാരയിൽ എന്റെ വസ്ത്രങ്ങൾ മടക്കിയടുക്കിവച്ചിട്ടുണ്ട്. പുറത്തെ അഴയിൽ എന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി വിരിച്ച കാഴ്ച എനിക്ക് വല്ലാത്തൊരു കുറച്ചിലുണ്ടാക്കി! അന്നോളമറിയാത്തൊരു വിധേയത്വത്തിലേക്ക് ഞാൻ ഒതുങ്ങിപ്പോകുന്നെന്ന് തോന്നി.
രാവിലത്തെ ആഹാരത്തിന് പകരം പത്തുമണിയോടെ പ്രാതൽ റെഡിയാക്കാമെന്ന അഭിപ്രായം മൈഥിലിയാണ് പറഞ്ഞത്. ഞാനൊരു മൂഢനെപ്പോലെ ചിരിക്കുക മാത്രം ചെയ്തു. പ്രാതലിനു വേണ്ട അനുസാരികളുടെ ലിസ്റ്റ് അവൾ തന്നെ ഉണ്ടാക്കി. സാധനങ്ങൾ വാങ്ങാൻ എന്നെ ബസാറിലേക്ക് പറഞ്ഞുവിട്ടു.

സാധനങ്ങളുമായി ഞാൻ മടങ്ങിയെത്തുമ്പോൾ ദോസ്തിയിൽ എന്തൊക്കെയോ മാറ്റങ്ങൾ നടന്ന മട്ടുണ്ടായിരുന്നു. ഉത്സാഹത്തിന്റെ കൊടിയിറക്കം നടന്ന ഒരിടം പോലെ! ഗേറ്റിനു വെളിയിൽ ഒരു റിക്ഷാ കിടപ്പുണ്ട്. ഹാളിൽ രണ്ട് അപരിചിതർ ഇരിപ്പുണ്ടായിരുന്നു. അതിൽ വെള്ളത്തലപ്പാവു വച്ച ക്ഷീണിതനായ വൃദ്ധൻ എഴുന്നേറ്റ് എന്റെ കരം കവർന്നു. ഒരു വിലാപ സ്വരത്തിൽ അയാളെന്തൊക്കെയോ പറയുന്നുണ്ട്. ചിരികളൊഴിഞ്ഞ മുഖവുമായി മൈഥിലി അവിടെ കുമ്പിട്ടിരിക്കുന്നുണ്ടായിരുന്നു. അവളെന്നെ ശ്രദ്ധിച്ചതേയില്ല. റിക്ഷയിൽ അവളുടെ പെട്ടികൾ താങ്ങിക്കയറ്റാൻ ഞാനും ഒപ്പം കൂടി.

ഒടുക്കം അവരെയും കൊണ്ട് ചവിട്ടുറിക്ഷ മെല്ലെ നീങ്ങുമ്പോൾ സാരിയുടെ മുഖമറയുയർത്തി അവളെന്നെ നോക്കി. ആ നോട്ടത്തിന്റെ വൻ തിരക്കോളിൽപ്പെട്ട് ഞാനും ദോസ്തിയുമുൾപ്പെട്ട ആ നഗരം മുങ്ങിമറഞ്ഞു പോയി.

വര: പ്രസാദ് കാനാത്തുങ്കൽ
Comments
Print Friendly, PDF & Email

ആറന്മുള സ്വദേശിയാണ്. സമൂഹമാദ്ധ്യമങ്ങളിൽ എഴുതുന്നു.
പ്രവാസിയാണ്.

You may also like