കഥപറച്ചിലും സീക്രട്ട് ഗാർഡനും
മ്യൂസിയത്തിൻ്റെ പുറത്തേയ്ക്കിറങ്ങുന്നത് ഒരു മൈതാനത്തേക്കാണ്. ചുററും പഴയ മട്ടിലുള്ള കുറേ കടകളുള്ള മൈതാനത്തിന്റെ ഒരറ്റത്ത് പൗരാണികാവശിഷ്ടങ്ങൾ മതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. അതിനകത്താണ് പ്രസിദ്ധമായ അൽ- മൊറാവിദ് കുംഭഗോപുരം! അൽ മൊറാവിദ് രാജവംശത്തിലെ അലി ഇബിൻ യൂസുഫ് 1125ൽ നിർമ്മിച്ചതാണിത്. മരാക്കെഷിലുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ അവശേഷിപ്പുകളിൽ ഒന്നാണിത്. ബെൻയൂസുഫ് പള്ളിയിൽ വന്നിരുന്നവർ പ്രാർത്ഥനയ്ക്ക് മുൻപ് ഒളു(അംഗശുദ്ധിവരുത്തൽ) എടുക്കുന്നതിനുള്ള ഇടമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
ദീർഘചതുരാകൃതിയിലുള്ള ഈ ഗോപുരത്തിന് താഴെ വെള്ളം നിറക്കാനായി ഉപയോഗിച്ചിരുന്ന ഒരു സിമൻ്റ് തൊട്ടി കാണാം. താഴികക്കുടത്തിൻ്റെ ഉൾഭാഗവും തുണുകളും പലതരത്തിലുള്ള ചെടികളുടെയും പൂക്കളുടെയും കക്കയുടെയും ആകൃതിയിലുള്ള കൊത്തുപണികളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചതാണ്. താക്കോൽദ്വാരത്തിൻ്റെ ആകൃതിയിലാണ് ഇവിടെ കാണുന്ന ജനാലകൾ. ഇത് ഇപ്പോൾ മൊറോക്കോയുടെ സാംസ്കാരിക വകുപ്പിൻ്റെ കീഴിൽ സംരക്ഷിച്ചിരിക്കുന്നു.
പിന്നീട് ഞങ്ങൾ മരാക്കെഷിലെ ഫോട്ടോഗ്രാഫി മ്യൂസിയത്തിലേക്കാണ് പോയത്. 2009ൽ സ്ഥാപിക്കപ്പെട്ട മ്യൂസിയത്തിൽ ഫോട്ടോഗ്രാഫർമാരായ ഹമീദ് മെർഗാനിയുടെയും പാടിക്ക് മെനാഷിൻ്റെയും 1870 മുതൽ 1950 വരെയുള്ള ശേഖരങ്ങൾ കാണാം. എന്തും ഏതും ഇൻ്റർനെറ്റിൽ ലഭ്യമായ ഇക്കാലത്ത് ഫോട്ടോഗ്രാഫി മ്യൂസിയത്തിന്ന് വലിയ സാംഗത്യം ഇല്ല എന്ന് തോന്നിയിരുന്നെങ്കിലും വഴിയിൽ കണ്ടപ്പോൾ ഒരു കൗതുകം കൊണ്ട് കയറിയതാണ്. അത് നന്നായി എന്ന് പിന്നീട് തോന്നി. പഴയ ശൈലിയിൽ ഫൗണ്ടനോട് കൂടിയ നടുമുറ്റവും വരാന്തകളും ഉള്ള ഒരു പഴയ മന്ദിരത്തിലാണ് ഈ മ്യൂസിയം പ്രവർത്തിക്കുന്നത്. ഈ നാടിൻ്റെ വൈവിദ്ധ്യമാർന്ന പൗരാണികചരിത്രവും സംസ്കാരവും ജോഗ്രഫിയും രേഖപ്പെടുത്തി വച്ച ധാരാളം ചിത്രങ്ങൾ ഇവിടെ കണ്ടു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മൊറോക്കോയുടെ ഏറ്റവും വടക്ക് ഭാഗത്തുള്ള നഗരമായ ടാൻജീയർ ഒരു വലിയ അന്താരാഷ്ട്രനഗരം പോലെ ആയിരുന്നുവത്രേ. അക്കാലത്ത് ഇവിടം യൂറോപ്പും ആഫ്രിക്കയും തമ്മിലുള്ള പാലമായി പ്രവർത്തിച്ചു. കച്ചവടകേന്ദ്രമായും നയതന്ത്ര ബന്ധങ്ങൾക്കുള്ള വേദിയായും വർത്തിച്ച അക്കാലത്തെ ടാൻജിയറിൻ്റെ നേർച്ചിത്രങ്ങൾ പലതും ഇവിടെ കാണാം.
നല്ല ചൂടുള്ള ദിവസമായിരുന്നു. പുറത്തിറങ്ങുമ്പോഴേക്കും തണുത്തതെന്തെങ്കിലും കഴിക്കാതെ വയ്യെന്നായി. അടുത്ത് തന്നെ കണ്ട് ചെറിയ കടയിൽ കയറി. വളരെ വ്യത്യസ്തമായ ഒരു ‘വേൾഡ് സ്റ്റോറി ടെല്ലിങ് കഫെ ‘ ആയിരുന്നു അത്. പൊതുവിടങ്ങളിൽ ഐതിഹ്യങ്ങൾ, പുരാണങ്ങൾ, പല നാടുകളിൽ നിന്നുള്ള നാടോടി കഥകൾ തുടങ്ങിയവ പറയുന്ന, ആയിരം വർഷങ്ങളോളം പഴക്കമുള്ള ഒരു രീതി ഈ നാട്ടിലുണ്ട്. സാധാരണക്കാർക്ക് പുസ്തകങ്ങൾ അപ്രാപ്യമായിരുന്ന അക്കാലത്ത് കഠിനമായിരുന്ന നിത്യജീവിതപ്രാരാബ്ധങ്ങളുടെ ഭാരം ചുമന്ന് തളർന്ന മനുഷ്യർക്ക് സായാഹ്നങ്ങളിൽ നേരമ്പോക്കിനായി തുടങ്ങി വച്ച ഒരു രീതിയാണ് ഇത്. കഥയുടെ അവസാനം കാഴ്ചക്കാർ എന്തെങ്കിലും ചില്ലറ നൽകി നന്ദി പറയും അതായിരുന്നു വർഷങ്ങളായി തുടർന്ന് വന്ന രീതി. കവലകൾ, പള്ളിമുറ്റങ്ങൾ, ഭക്ഷണശാലകൾ എന്നിവയായിരുന്നു പ്രധാന വേദികൾ.

ഈ കഫെയിൽ ചില പ്രത്യേക ദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്താൽ ഇത്തരം കഥകൾ കേൾക്കാനുള്ള സൗകര്യം ഉണ്ട്; ഒപ്പം ഭക്ഷണവും കഴിക്കാം. ഇതിനെ സംബന്ധിച്ചുള്ള വിവരങ്ങളും ഫോട്ടോകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ഭക്ഷണത്തിൻറെ സമയമല്ലാത്ത കാരണം തീരെ തിരക്കുണ്ടായില്ല. അതുമൂലം അവിടെയുള്ള അലങ്കാരങ്ങളും എഴുത്തുകളും ഷെൽഫിലെ പുസ്തകങ്ങളും മറ്റും നോക്കാൻ സമയം കിട്ടി. കവിയും സാഹിത്യഅക്കാദമി അവാർഡ് ജേതാവും ഷിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫസറുമായ A.K.രാമാനുജത്തിന്റെ ‘Folk tales from India, Oral Tales from Twenty Indian Languages’ എന്ന പുസ്തകം അക്കൂട്ടത്തിൽ കണ്ടപ്പോൾ അഭിമാനം തോന്നി. കഥ പറച്ചിലുകാരുടെയും ((Halca) കേൾവിക്കാരുടെയും ചിത്രങ്ങളും കൂട്ടത്തിൽ കണ്ടു. സ്റ്റോറി ടെല്ലിങ് ഫെസ്റ്റിവലുകളും ഇടയ്ക്കിടെ നടക്കാറുണ്ട് എന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന ആൾ പറഞ്ഞു. റേഡിയോയുടെയും ഇൻറർനെറ്റിന്റെയും കാലത്ത് കഥ പറച്ചിലുകൾക്കുള്ള പ്രാധാന്യം വളരെ കുറഞ്ഞുവെങ്കിലും ഇതിന് ആവശ്യക്കാരുണ്ടത്രേ! ടൂറിസ്റ്റുകൾ അധികമുള്ള കാലത്ത് ഇടയ്ക്കിടെ ബുക്കിംഗ് അനുസരിച്ചിട്ട് ഇത് നടത്താറുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മിക്കവാറും ഇതിനു വേണ്ടി ബുക്ക് ചെയ്യുന്നത് യൂറോപ്പിലോ അമേരിക്കയിലോ നിന്നുള്ളവരായത് കൊണ്ട് പുതിയ കാലത്ത് കഥപറച്ചിൽ മിക്കവാറും ഇംഗ്ലീഷിലോ ഫ്രഞ്ചിലോ അതല്ലെങ്കിൽ ഭൂരിപക്ഷം വരുന്ന കേൾവിക്കാരുടെ ആവശ്യം അനുസരിച്ചോ ആയിരിക്കും.
സീക്രട്ട് ഗാർഡൻ ( Le Jardin Secret)
മരാക്കെഷിലെ മദീനയിലെ മുഅസ്സിൻ എന്ന ഭാഗത്താണ് സീക്രട്ട് ഗാർഡൻ എന്ന് വിളിക്കപ്പെടുന്ന പൂന്തോട്ടവും പഴയ ഒരു ചെറിയ കൊട്ടാരവും ഉൾപ്പെടുന്ന സ്ഥലം. ആരബ്-ആൻഡലൂസിയൻ-മൊറോക്കൻ കെട്ടിടനിർമ്മാണ വിദ്യകളുടെ ഉദാഹരണമായി ഇവിടെയുള്ള പഴയ കൊട്ടാരത്തിനെ കണക്കാക്കാം. വളരെ വിശാലമായ പൂന്തോട്ടത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്തുന്ന വിധത്തിൽ പ്രത്യേക രീതിയിലുള്ള ജലവിതരണ സംവിധാനമാണ് മറ്റൊരു കാഴ്ച. ഇതുപോലെ ഒന്ന് തെക്കൻ സ്പെയിനിലെ അൽഹംറ കൊട്ടാരത്തിൽ കണ്ടത് ഓർമ്മ വന്നു. 80 ദിർഹമാണ് പ്രവേശന ഫീസ്.

പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സാദിയൻ സുൽത്താനായ മൂലി അബ്ദുള്ള ആണ് ഇതിൻറെ നിർമ്മാണം തുടങ്ങിവച്ചത്. പലതരം ഭരണമാറ്റങ്ങളുടെയും രാഷ്ട്രീയ കരുനീക്കങ്ങളുടെയും അവസാനം ഇത് രാജകുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ജഡ്ജി മൂലി മുസ്തഫയുടെ കൈകളിൽ എത്തിച്ചേർന്നു. ഏറ്റവും അവസാനം 1912 മുതൽ 34 വരെ ഇവിടെ താമസിച്ചത് മുഹമ്മദ് ലുക്രീസി എന്ന ധനികനാണ്. അദ്ദേഹത്തിന്റെ മരണശേഷം ഈ കൊട്ടാരവും പൂന്തോട്ടവും വളരെ കാലം അനാഥമായി കിടന്നു. പിന്നീട് 2016ലാണ് എട്ടുവർഷം നീണ്ട പുനരുദ്ധാരണത്തിന് ശേഷം ഇത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
ധാരാളം കള്ളിമുൾച്ചെടികളും അപൂർവ ഇനം വൃക്ഷങ്ങളും നിറഞ്ഞതാണ് ഈ പൂന്തോട്ടം. നടവഴികളെല്ലാം ടൈലുകൾ പതിപ്പിച്ച് വൃത്തിയാക്കിയിട്ടുണ്ട്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്ന ചെടികളാണ് ആദ്യ ഭാഗത്ത് കാണുന്നത്. ചെടിയുടെ ബൊട്ടാണിക്കൽ നാമവും മാതൃരാജ്യവും അവിടെ എഴുതി വച്ചിട്ടുണ്ട്. അടുത്ത ഭാഗം പഴച്ചെടികളും ഔഷധസസ്യങ്ങളും മാത്രമുള്ളതാണ്. നാരകമരത്തിലും മാതളനാരകത്തിലും കായ്കൾ കണ്ടു. ഓറഞ്ചു മരങ്ങൾ നിറയെ ഫലങ്ങൾ. കടും പച്ച നിറത്തിൽ ഇടതൂർന്ന ഇലകളോട് കൂടിയ ഓറഞ്ചു മരത്തിൽ നിറയെ പഴുത്ത ഓറഞ്ചുകൾ തൂങ്ങിക്കിടക്കുന്നത് മനോഹരമായ കാഴ്ചയാണ്. റോസ്മേരി, ഒറിഗാനോ, ബേസിൽ ലാവൻഡർ ചെടികളും ധാരാളമായി കണ്ടു. പൂന്തോട്ടത്തിന്റെ മദ്ധ്യഭാഗത്ത് തന്നെ ഒരു ഷാമിയാനയും അതിന് മദ്ധ്യത്തിൽ ഒരു ഫൗണ്ടനും കാണാം. നാട്ടിൽ സാധാരണ കാണുന്ന രാജമല്ലി ഉൾപ്പെടെ പല ചെടികളും അവിടെയുണ്ടായിരുന്നു. കള്ളിമുൾച്ചെടികൾക്ക് പ്രത്യേകമായ ഒരു വിഭാഗം സജ്ജീകരിച്ചിരിക്കുന്നു.
സാധാരണ പൗരാണിക ഇസ്ലാമിക ഭരണം നിലനിന്ന ഇടങ്ങളിൽ നിർമ്മിക്കപ്പെടുന്ന പൂന്തോട്ടങ്ങളിൽ അതിൻ്റെ മധ്യത്തിലൂടെ ഒരു അരുവി ഒഴുകുന്നുണ്ടാകും. ഇവരുടെ സാംസ്കാരിക പാരമ്പര്യം അനുസരിച്ച് ജലം ജീവന്റെ അടയാളവും ദൈവ സാന്നിധ്യത്തിന്റെയും ശക്തിയുടെയും സൂചനയായും കരുതപ്പെട്ടു പോരുന്നു. പലർക്കും വീട്ടിനുള്ളിൽ വരെ എത്തുന്ന ജലവിതരണസംവിധാനം ഉണ്ടായിരുന്നു. ഇത് ഉടമസ്ഥൻ്റെ സാമ്പത്തികാവസ്ഥയുടെ സാക്ഷ്യപത്രവും കൂടിയാണ്. ഇവിടെയുള്ള കോഫീ ഹൗസും അടുത്ത് തന്നെയുള്ള ഗിഫ്റ്റ് ഷോപ്പും ധാരാളം പേർ ഉപയോഗപ്പെടുത്തുന്നതായി കണ്ടു.
വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരിടത്ത് ധാരാളം ഇനത്തിലുള്ള പഴങ്ങൾ വില്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടു. തീരെ പരിചയം ഇല്ലാത്ത ഒരു പഴം കണ്ട് ,അത് എന്താണെന്ന് ഞങ്ങൾ ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ അറബിയിൽ എന്തോ മറുപടി പറയുകയും ഒരു പഴം എടുത്ത് തൊലി കളഞ്ഞു ഞങ്ങൾക്ക് നീട്ടുകയും ചെയ്തു. കഴിച്ചു നോക്കിയപ്പോൾ ഞങ്ങൾക്ക് ഇഷ്ടമായി. സ്ട്രോബറിയേക്കാൾ അല്പം വലിപ്പത്തിൽ അകത്ത് കുരുക്കൾ ഉള്ള മധുരമുള്ള Loquat എന്ന ഈ പഴം മധ്യ ചൈനയിൽ നിന്നുള്ളതാണ്. പിൽക്കാലത്ത് ജപ്പാനിലും മെഡിറ്ററേനിയൻ രാജ്യങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും കൃഷി ചെയ്തു തുടങ്ങി. ഇതിനെ ജാപ്പനീസ് പ്ലം അഥവാ ചൈനീസ് പ്ലം എന്നും വിളിക്കാറുണ്ട്. ഞങ്ങൾ കുറച്ച് സ്ട്രോബെറിയും Loquat ഉം വാങ്ങി മുന്നോട്ടു നടന്നു.
മടങ്ങുന്ന വഴിയിൽ പുരാതന നഗരമതിൽ കണ്ടു. 19 മൈൽ നീളമുള്ള ഇതോടൊപ്പം ദൂരെ നിന്നു വരുന്ന ശത്രുക്കളെ നിരീക്ഷിക്കാനായി ഉള്ള 22 ഗോപുരങ്ങളും,’ബാബ്’ എന്ന് വിളിക്കപ്പെടുന്ന 20 പടിവാതിലുകളും ഉണ്ട്. ആദ്യമായി ഇത് നിർമ്മിക്കപ്പെട്ടത് 1130 ലാണ്. പിന്നീട് പല കാലങ്ങളിലായി ഇത് പുതുക്കി പണിതിട്ടുണ്ട്. ചളിയും കുമ്മായവും കൂട്ടിക്കുഴച്ച് ഉണ്ടാക്കുന്ന, ആദ്യകാലത്തെ നിർമ്മാണശൈലി തന്നെയാണ് ഇതിന് അവലംബം. ഈ നഗരമതിൽ മദീന എന്നറിയപ്പെടുന്ന പഴയ നഗരഭാഗങ്ങളെയും ആധുനിക രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള പുതിയ ഭാഗങ്ങളെയും വേർതിരിക്കുന്നു.
