EDITORIAL OPINION POLITICS നിരീക്ഷണം പ്രതികരണം ലേഖനം സാമൂഹ്യം

ഈ തെരഞ്ഞെടുപ്പ് എന്തുകൊണ്ട് നിര്‍ണ്ണായകമാകുന്നു


രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കുന്ന ലേഖന പരമ്പരയിലെ ആദ്യ ലേഖനം

ടിസ്ഥാനപരമായി ഒരു പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലുള്ള ചോദ്യം ഭരണം ആരെ എല്പിക്കണം എന്നതാണ്. നിലവില്‍ അധികാരം കയ്യാളുന്നവര്‍ പ്രതീക്ഷക്കനുസരിച്ചല്ല  പ്രവര്‍ത്തിച്ചതെങ്കില്‍   ചോദ്യം “ഇവര്‍ക്ക് ഇനിയും ഒരവസരം നല്‍കണോ” എന്നായി മാറുന്നു. അങ്ങനെ സംഭവിച്ച അവസരങ്ങളില്‍ വേണ്ട എന്ന് വ്യക്തമായി മറുപടി നല്‍കിയിട്ടുള്ളവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍. രാജ്യമൊട്ടാകെ ചിതറി കിടക്കുന്ന കോടാനുകോടി ജനങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കെടുത്ത തീരുമാനത്തിന്റെ ആകെത്തുക നോക്കുമ്പോള്‍ ഒരു പൊതു ദേശീയ മനസിന്റെ തീരുമാനം പോലെ പലപ്പോഴും അനുഭവപ്പെടാറുണ്ട്. അടുത്തടുത്ത് നടന്ന രണ്ട് ലോക് സഭാ തെരഞ്ഞെടുപ്പുകളിലെ ഫലം ഇതിനു തെളിവാണ്: 1977ല്‍, രാജ്യത്ത് ഭീതി പരത്തിയ അടിയന്തിരാവസ്ഥ നിലനില്‍ക്കെ, ജനങ്ങള്‍ ഒറ്റക്കെട്ടായി ഇന്ദിരാ ഗാന്ധിക്കെതിരെ വോട്ടു ചെയ്തു; അന്ന് അവര്‍ ജയിപ്പിച്ച ജനതാ പാര്‍ട്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സഹികെട്ട്‌, 1980ല്‍ അതിനെ പുറത്താക്കി, ഇന്ദിരാ ഗാന്ധിയെ വീണ്ടും അധികാരത്തിലേറ്റി.

“ഇവര്‍ക്ക് ഇനിയും ഒരവസരം നല്‍കണോ?” എന്ന ചോദ്യം വീണ്ടും ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പാണ് വരുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. മോദി സര്‍ക്കാരിന്റെ ഭരണ പരാജയം കോണ്ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ജനങ്ങളുടെ മുന്നില്‍ നിരത്തികൊണ്ടിരിക്കുകയാണ്. അതിന്റെ  പരാജയത്തേക്കാള്‍  എന്നെ അസ്വസ്ഥമാക്കുന്നത് അതിന്‍റെ ജനാധിപത്യ വിരുദ്ധ സ്വഭാവമാണ്. ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷിയാണ് വോട്ട് തേടി ജനങ്ങളുടെ മുന്നില്‍ എത്തിയത്. വെറും 31 ശതമാനം വോട്ടു കൊണ്ട് ലോക് സഭയില്‍ ഭൂരിപക്ഷം നേടാന്‍ അതിനായി. പക്ഷെ അധികാരം എത്തിയത് ബി.ജെ.പിയുടെ സ്രഷ്ടാവായ ആര്‍.എസ്.എസിന്റെ കൈകളിലാണ്. മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ തലവന്‍ മോഹന്‍ ഭഗവത് ഉള്‍പ്പെടെ മൂന്നു ആര്‍.എസ്.എസ്‌ നേതാക്കന്മാര്‍ ഡല്‍ഹിയില്‍ തമ്പടിച്ച് മന്ത്രിമാരെ വിളിച്ചു വരുത്തി അവരുടെ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ഈ നേരിട്ടുള്ള ഇടപെടല്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചത് പൊതുവേദികളില്‍ ശക്തിമാനായി ആടുന്ന  മോദിക്ക് ക്ഷീണമായി. അതിനുശേഷം സംഘ നേതൃത്വം സര്‍ക്കാരിന്റെ വിലയിരുത്തല്‍  ഗോപ്യമായി നടത്താന്‍ തുടങ്ങി.

സംഘ പരിവാര്‍ ഇടപെടലിന്റെ ഫലമായി വിദ്യാഭ്യാസ മേഖല വര്‍ഗീയവത്കരിക്കപ്പെട്ടു. പ്രതിപക്ഷ കക്ഷികളോ മാധ്യമങ്ങളോ ഈ വിഷയം വേണ്ടപോലെ പഠിച്ചിട്ടുപോലുമില്ല. വളരെയേറെ വര്‍ഗീയവത്കരിക്കപ്പട്ട വടക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ നേരിടേണ്ടതുകൊണ്ട് കോണ്‍ഗ്രസ് വര്‍ഗീയതയെ തള്ളിപ്പറയാതെ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചിരിക്കുകയാണ്. ഇത് പാര്‍ട്ടിക്ക് തല്‍ക്കാലം ഗുണം ചെയ്തേക്കാം. എന്നാല്‍ ആത്യന്തികമായി ഇത് രാജ്യത്തെ മതനിരപേക്ഷ അന്തരീക്ഷം തകര്‍ത്ത് ഹിന്ദു വര്‍ഗീയത നടമാടുന്ന ഹിന്ദുരാഷ്ട്രമാക്കി മാറ്റും.

ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലമാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ഘട്ടമായി നാം വിലയിരുത്തുന്നത്. ഭരണകൂടമാണ്‌ അന്ന് അതിക്രമങ്ങള്‍ നടത്തിയത്. സംഘ പരിവാര്‍ അനുകൂലികള്‍ വ്യാപകമായി നടത്തുന്ന അതിക്രമങ്ങള്‍ മോദി ഭരണകാലത്തെ കൂടുതല്‍ മാരകമാക്കുന്നു. അവര്‍ ലക്ഷ്യമിടുന്നത് ദലിതരെയും മതന്യൂനപക്ഷങ്ങളെയുമാണ്. ഇരകളെ പ്രതികളാക്കിക്കൊണ്ട് അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ജനങ്ങള്‍ അടിയന്തിരാവസ്ഥാ സര്‍ക്കാരിനെയും തുടര്‍ന്ന് വന്ന ജനതാ സര്‍ക്കാരിനെയും പുറത്താക്കാന്‍ തീരുമാനിക്കുമ്പോള്‍ അവരുടെ മുന്നില്‍ വ്യക്തമായ ബദലുകളുണ്ടായിരുന്നു. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിട്ട മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ പുറത്താക്കാന്‍ ശ്രമിക്കുമ്പോള്‍ വ്യക്തമായ ഒരു ബദല്‍ അവരുടെ മുന്നിലുണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ് 31 ശതമാനം വോട്ടുകൊണ്ട് ബി.ജെ.പിക്ക് അധികാരത്തിലേറാന്‍ കഴിഞ്ഞത്. പ്രതിപക്ഷത്തിന് വിശ്വാസയോഗ്യമായ ഒരു ബദല്‍ മുന്നോട്ടു വെക്കാനായില്ലെങ്കില്‍ ഇനിയും അത്യാഹിതം സംഭവിച്ചേക്കാം.

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.