അര നൂറ്റാണ്ടിലേറെ കാലമായി എഴുത്തിലും സാമൂഹിക പ്രവർത്തനത്തിലും ഒരുപോലെ സജീവമായ നിലകൊണ്ട വ്യക്തിത്വമായിരുന്നു ദീദിയുടേത്. എഴുത്തിൻറെ മുഖ്യധാരയിൽ നിൽക്കുമ്പോഴും പുറമ്പോക്കിലേക്ക് ആട്ടിയകറ്റി നിർത്തപ്പെട്ട ന്യൂനപക്ഷത്തോടൊപ്പമായിരുന്നു ദീദിയുടെ മനസ്സ്. കാലക്രമേണ ബംഗാളിലെ ആദിവാസി-ദളിത് സമൂഹത്തിൻറെ നാവായി, ശബ്ദമായി ദീദി മാറി.
ലാളിത്യമായിരുന്നു ആ സംഭവബഹുല ജീവിതത്തിൻറെ മുഖമുദ്ര. ജീവിതത്തിലും എഴുത്തിലും അടിപതറാത്ത പോരാട്ടവീര്യമായിരുന്നു അവരുടെ ഏക മൂലധനം.
നൂറോളം നോവലുകളും ഇരുപതിലേറെ കഥാസമാഹാരങ്ങളുമായി ഏറെ വിസ്തൃതമാണ് ദീദിയുടെ സർഗ്ഗപ്രപഞ്ചം. അതിലുമെത്രയോ ആഴവും പരപ്പും നിറഞ്ഞതാണ് അവരുടെ സാമൂഹിക ഇടപെടലുകൾ.
ജീവിച്ചിരിക്കെ തന്നെ ഒരു ഇതിഹാസമായി മാറിയ മഹാശ്വേത ദേവിയുമായി പരിചയപ്പെടാനും കേരളത്തിൽ വന്നപ്പോളൊക്കെ അടുത്തിടപഴകാനും സാഹചര്യമൊരുക്കിയത് പ്രിയ സുഹൃത്തും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ജോഷി ജോസഫ് ആയിരുന്നു. ഇന്ന് ദീദിയുടെ ഭൗതിക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയതോടെ കുറെ ഓർമ്മകൾ മാത്രം ബാക്കിയാകുന്നു.