പ്രധാന നിരത്തില്‍ നിന്നും വീട്ടിലേക്ക് പുറപ്പെടുന്ന വഴി
തീരെ മെലിഞ്ഞതാണെങ്കിലും
മുറ്റത്തു നിന്നാല്‍
വയലറ്റം വരെ കാണാമെന്ന കാരണത്തിനായിരുന്നു
ഊന്നല്‍.
വീട്,
പരസ്പരം മുഖം നോക്കുന്ന രണ്ടു മുറികളും പ്രാരബ്ധങ്ങളെ
സമൃദ്ധിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള
ഒരടുക്കളയുമായി മുതിര്‍ന്നെന്നു തോന്നിയപ്പോള്‍ ഒട്ടും
വൈകാതെ, പുകയറിയാത്ത അതിന്‍റെ പുത്തനടുപ്പിൽ
പാലുകാച്ചാന്‍ വെച്ചു.
കിഴക്കോട്ട് ചരിച്ചുവെച്ച ചെറിയ സ്റ്റീല്‍കലത്തിലെ പാല്‍
തിളപ്പിലേക്ക് കണ്ണോര്‍ത്തു നില്ക്കുമ്പോള്‍ ആരോ
വിളിച്ചെന്ന തോന്നലില്‍ പുറത്തേക്ക് വന്നതാണ്.
മുറ്റത്ത് അതിരുപറ്റി നിര്‍ത്താന്‍ പാകത്തില്‍,
ആള്‍മറയടക്കം ഒരു കിണറിരിക്കുന്നു.
ഇതെപ്പോ!
എന്ന ആശ്ചര്യത്തെ കെടുത്താന്‍, അതുവരെയും വെള്ളം തന്ന
അയല്‍ക്കാരന്റെ മൊഴി ധാരാളമായിരുന്നു.
“ഇതിവിടെ ഇറക്കിവെച്ചിട്ട് ഒരാളിപ്പോ അങ്ങോട്ട്
നടന്നല്ലോ,നിങ്ങളോട് പറഞ്ഞില്ലായിരുന്നോ?”
ആര്..?
ആസകലം വേവുന്ന വേനലിലും ആവോളം വെള്ളം
തരുന്ന ഇതിന്‍റെ ഉടലാഴങ്ങള്‍ക്ക് ഉറപ്പായിട്ടും അറിയാം
അതാരായിരുന്നെന്ന്,
എത്ര ചോദിച്ചിട്ടും ഒരിക്കല്‍പോലും പറഞ്ഞിട്ടില്ലെങ്കിലും.
കവർ : ജ്യോതിസ് പരവൂർ