വീടില്ലാത്തൊരുവൾ
വീടിനോട് പട വെട്ടുന്നതാണ്
ഇപ്പോഴെന്റെ സ്വപ്നം.
അതികാലത്ത്,
എന്നും എഴുന്നേൽക്കുന്നവൾ.
മുറ്റത്തരികിലെ നാട്ടുമാവുകൾ
പൂക്കളമിട്ട ചരൽമുറ്റം
തൂത്തു വൃത്തിയാക്കിയില്ലെങ്കിൽ,
വിരുന്നു വരുന്നവർ എന്തു കരുതും.
വരാൻ ആരുമില്ലെന്ന്
ഇല്ലാത്ത വീടിനെന്നപോലെ
അവൾക്കും അറിയാമെങ്കിലും.
അടുപ്പിൽ തീപൂട്ടാൻ ഒരുങ്ങുമ്പോൾ
തീപ്പെട്ടി ഇല്ലാതാകുന്ന ഒരു വീട്.
“ഇത്തിരി കനൽ തരുമോ തങ്കച്ച്യേയ്”
എന്നുറക്കെ ചോദിക്കാൻ കൊതിക്കുന്നവൾ.
കൂറ്റൻ മതിലിന് പുറത്തെ
വലിയ വീടിന്റെ മേൽക്കൂരയിൽ തട്ടി
ആ കനൽ ചോദ്യം
ഇപ്പുറത്തേക്ക് തന്നെ എത്തുമെന്ന്
തീ കൊതിക്കുന്ന
അടുപ്പിനെന്നപോലെ
അവൾക്കും അറിയാമെങ്കിലും.
മക്കളെ ഉണർത്താൻ
മുറികൾ കയറി മടുത്തെന്ന്
കെട്ട്യോനോട് പരാതി പറയാൻ
കിടപ്പുമുറിയിൽ ചെല്ലുമ്പോൾ
മുറിയൊരു
മണിയറയാകാറുള്ളതോർത്ത്
ഉന്മാദിച്ചിരിക്കുന്നവൾ,
അരുതാത്തതെന്തോ കണ്ടെന്നപോൽ
കണ്ണു പൊത്താനാരുമില്ലെന്ന്
മുറിച്ചുവരുകൾക്കെന്നപോലെ
അവൾക്കും അറിയാമെങ്കിലും.
ഇല്ലായ്മയിൽ വല്ലായ്മപ്പെടാനെങ്കിലും
വീടിനോട് യുദ്ധം ചെയ്യുന്ന ഒരുവളെ സ്വപ്നം കാണുന്നുണ്ട് ഞാൻ
കാറ്റും വെളിച്ചവും,
നിലാവിന്റെ കാവലും.
തെച്ചിയും തുളസിയും,
നാരകത്തിലകളും
കാത്തിരുന്നു മടുത്തെന്ന് കലഹിക്കുമവളോട്.
ജനൽ,വാതിൽ,വീട്ടുപകരണങ്ങൾ
അടുക്കളപ്പാത്രങ്ങൾ അലക്കുകല്ല്,
കരളു പണ്ടേ മോഹിച്ച
എഴുത്തു മുറിയും
അഴകുകാട്ടി ഭ്രമിപ്പിക്കുമ്പോൾ
വീടില്ലാത്തവളോട് പിണങ്ങി
ദൂരെ മാറിയിരുന്നു ഞാനും
വീടിനോട് പടവെട്ടുന്നത്
സ്വപ്നം കാണുന്നു.
(സാവിത്രി രാജീവിന്റെ അമ്മയെ കുളിപ്പിക്കുമ്പോൾ എന്ന കവിതയിൽ നിന്ന് പ്രചോദനം.)