പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലെ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീപക്ഷം? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (പ്രിയ എം ഉണ്ണി):

കേരളത്തിൽ ശക്തമായ ഫെമിനിസ്റ്റ് രാഷ്ട്രീയവും പുരോഗമനാശയ പ്രവർത്തകരും നിലവിലില്ല എന്നതുകൊണ്ട് മാത്രമാണ് വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച സ്ത്രീ ശബ്ദം ഉയരാത്തത്. കേരളത്തിൽ പലതരത്തിലുള്ള സ്ത്രീ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ അതെല്ലാം ഏതെങ്കിലും തരത്തിൽ പാട്രിയാർക്കിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.

സ്വതന്ത്ര രാഷ്ട്രീയം എന്ന ഒന്ന് സിദ്ധാന്തത്തിലേയുള്ളു, പ്രയോഗത്തിൽ ഇല്ല. കേരളത്തിൽ പുരോഗമന രാഷ്ട്രീയം എന്ന മേൽവിലാസം അവകാശപ്പെടുന്നത് ഇവിടത്തെ ഇടതുപക്ഷമാണ്. അതിൽ ഏറ്റവും ശക്തമായ സിപിഎമ്മിനെ ഒരു സ്പെസിമെൻ ആയി എടുത്താൽ, പറയപ്പെടുന്ന ‘പുരോഗമന രാഷ്ട്രീയത്തി’ ൻ്റെ പൊള്ളത്തരം തിരിച്ചറിയാൻ അധികം സമയം വേണ്ടിവരില്ല. ശബരിമല തന്നെ നല്ല ഉദാഹരണമാണ്. ഒറ്റപ്പെട്ട സ്വരങ്ങൾ പോലും സ്ത്രീ പക്ഷ രാഷ്ട്രീയം എന്ന വിശാല അർഥത്തിൽ അല്ല ഉന്നയിക്കപ്പെടുന്നത്. അവനവൻ്റെ സീറ്റ് എന്ന പരിമിത വൃത്തത്തിൽ മാത്രമാണ്. അതിൻ്റെ മികച്ച ഉദാഹരണമാണ് ലതിക സുഭാഷിൻ്റെ പ്രതിഷേധം. ഇത്തവണ ഈ രീതിയിൽ സ്ത്രീവാദം എന്നുപറയാവുന്ന ഒരു വാദം ഉയർത്തിയത് ആനി രാജ മാത്രമാണ്. അതിന് പക്ഷെ എവിടെനിന്നും കാര്യമായ പിന്തുണയുണ്ടായില്ല. നയനിലപാടുകൾ നിശ്ചയിക്കാൻ ശേഷിയുള്ള സ്ത്രീ നേതാക്കൾ തന്നെ കേരളത്തിലെ ഒരു പാർട്ടിക്കുമില്ല. കോൺഗ്രസ് ഡി സി സി പ്രസിഡൻറായി ബിന്ദു കൃഷ്ണ വന്നതൊഴിച്ചാൽ മുഖ്യധാരാ പാർട്ടകളുടെ സമാന പദവികളിൽ മറ്റാരും വന്നതായി അറിവില്ല. സോണിയ ഗാന്ധി ഭരിക്കുന്ന കോൺഗ്രസും പ്രിയങ്ക ഗാന്ധി നയിക്കുന്ന കോൺഗ്രസും മായാവതിയും മമതയുമൊക്കെ നയിക്കുന്ന പാർട്ടികളും കേരളത്തിലുണ്ട്. പക്ഷെ കേരളത്തിൽ ഇത് ബിന്ദുകൃഷ്ണ വരെ എത്തിയിട്ടേയുള്ളു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിലെ വനിതകൾക്ക് ഇത്തരമൊരു സ്ത്രീ പക്ഷ ആശയം ഉയർത്തിക്കൊണ്ടുവരാനുള്ള ആർജവമോ ഉറച്ച രാഷ്ട്രീയ ബോധ്യമോ ഇല്ലെന്നതാണ് വാസ്തവം.

എന്നാൽ ഇരുമുന്നണികളിലുമുള്ള മുഖ്യധാരാ പാർട്ടികളിലെ ഈ പ്രതിസന്ധി ചെറുകിട പാർട്ടികളിൽ അത്രത്തോളം ഇല്ല എന്നാണ് അവരുടെ രാഷട്രീയ പ്രവർത്തന രീതി നോക്കുമ്പോൾ മനസ്സിലാക്കാനാകുക. സി കെ ജാനു അതിനൊരു ഉദാഹരണമാണ്. ആ പാർട്ടി അവരുടെ സ്വന്തം പാർട്ടിയാണ്. അങ്ങിനെ ഒരു ഗൗരിയമ്മ മാത്രമേ നമുക്കുണ്ടായിട്ടുള്ളു. അതും സി പി എം ഇറക്കി വിട്ട ശേഷം മാത്രം. ബി എസ് പി, വെൽഫെയർപാർട്ടി, എസ് ഡി പി ഐ തുടങ്ങിയവയുടെ സ്ഥാനാർഥി പട്ടിക നോക്കിയാലും സ്ത്രീ പ്രാതിനിധ്യം കൂടുതൽ കാണാനാകും. അത് പാട്രിയാർക്കി വിമുക്തമായതിനാലല്ല. സ്ത്രീകൾക്ക് അവിടെ കുറച്ചുകൂടി ഇടമുണ്ട് എന്നതാണ് വസ്തുത. മുഖ്യധാരാ രാഷ്ട്രീയത്തേക്കാൾ സമാന്തര രാഷ്ട്രീയമാണ് കുറച്ചുകൂടി ഇൻക്ലുസിവ് ആയി വികസിക്കുന്നത് എന്നാണ് തോന്നുന്നത്.

പൊതു സാംസ്കാരിക മണ്ഡലം കേരളത്തിൽ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. പാട്രിയാർക്കിയെ ഭയന്നിരിക്കുകയൊന്നുമല്ല അവർ. അങ്ങിനെയൊരു സാംസ്കാരിക ചേരി ഇവിടെ ഇല്ല, ഉള്ളവർക്ക് ദൃശ്യതയും സ്വാധീന ശേഷിയുമില്ല. സ്വതന്ത്രമായ സാംസ്കാരിക പ്രവർത്തനം നടത്തിയിരുന്നവർ, അല്ലെങ്കിൽ സിവിൽ സൊസൈസറ്റി എന്ന് വിളിക്കാവുന്നവർ ഒക്കെ ഏതെങ്കിലും പക്ഷത്ത് നിലയുറപ്പിച്ചുകഴിഞ്ഞിരിക്കുന്നു . പുതിയകാലത്ത് പക്ഷംപിടിച്ചാൽ കിട്ടുന്ന സൗകര്യങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. കഴിഞ്ഞ അഞ്ചുവർഷം, അഥവ പിണറായി ഭരണ കാലത്താണ് ഈ പ്രവണത സമീപ ചരിത്രത്തിലൊന്നുമില്ലാത്ത വിധം വ്യാപകമായത്. സ്വതന്ത്ര സാംസ്കാരിക ലോകത്തെ കഴുത്തുഞെരിച്ച് കൂട്ടക്കൊല ചെയ്യുകയോ വിലയ്ക്കെടുത്ത് ഷണ്ഡീകരിക്കുകയോ ചെയ്യുന്നതിൽ ഇടതുസർക്കാറിലെ, പബ്ലിക് ഒപീനിയൻ മാനേജർമാർ വലിയതോതിൽ വിജയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ മാറ്റം തന്നെ നിരീക്ഷിച്ചാൽ ഇത് ബോധ്യമാകും. കഴിഞ്ഞ കുറെ കാലമായി കേരളത്തിലെ ദലിത് സ്ത്രീ പ്രശ്നങ്ങൾ വേറിട്ട വീക്ഷണ വഴികളിലൂടെ ഉന്നയിച്ചുകൊണ്ടിരുന്ന വനിതാ ആക്ടിവിസ്റ്റ് നിശ്ശബ്ദയായപ്പോൾ സ്വകാര്യമായി അന്വേഷിച്ചിരുന്നു. ഒരിടത്ത് അവർക്ക് സർക്കാർ ജോലി കൊടുത്തു എന്നാണ് അതിന് കിട്ടിയ മറുപടി. അവർ ജോലിക്ക് അർഹയും യോഗ്യയും ഒക്കെ ആയിരിക്കാം. എന്നാൽ അതോടെ അവരുടെ ശബ്ദം നേർത്തുപോകുകയാണ്. പിൻവാതിലിലൂടെ ജോലി കിട്ടി പ്രൊഫസർമാരായവരാണ് നമ്മുടെ പല ബുദ്ധിജീവികളും എന്ന ഒരു പ്രതീതി കേരളത്തിലുണ്ട്. സംസ്കൃത സർവകലാശാല അധ്യാപക നിയമന വിവാദത്തിന് പിന്നാലെ പുറത്തുവന്ന ഒരുപാട് വിവരങ്ങൾ ഈ ധാരണക്ക് ശക്തി പകർന്നു. ഇത് പൂർണമായും ശരിയാകണമെന്നില്ല, എങ്കിലും ചില ശരികളുണ്ട്. പിൻവാതിൽ തുറന്നുതന്നവരോടുള്ള കടപ്പാട് കിഴിച്ച ശേഷമേ ഇവർക്കൊക്കെ ‘സ്വതന്ത്രവും പുരോഗമനപരവുമായ’ നിലപാടെടുക്കാൻ കഴിയൂ എന്നതിൽ സംശയമില്ലല്ലോ? പിൻവാതിൽ നിയമനം ഏറ്റവും അധികം നടക്കുന്ന ഒരു സ്ഥലം കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളാണ് എന്നത് ഇതിനോട് ചേർത്തുവായിക്കണം. പാർട്ടി, മതം, ആചാരം, വിശ്വാസം, രാഷ്ട്രീയം, ജോലി, അധികാരം ഇതെല്ലാം ചേർന്നാണ് കേരളത്തിലെ പാട്രിയാർക്കിയെ നിലനിർത്തുന്നത്. ഈ പാട്രിയാർക്കിയാണ് ഇവയെയെല്ലാം നിയന്ത്രിക്കുന്നതും. അഥവാ ഇതൊരു പരസ്പര സഹായ സംവിധാനമാണ്. പുരുഷാധിപത്യം എന്ന ഒരൊറ്റ ഘടകത്തെ മാത്രം ഇല്ലാതാക്കിയാൽ അത് ഇല്ലാതാകില്ല. ഈ സങ്കീർണത വേണ്ടത്ര തിരിച്ചറിയാൻ പോലും കേരളത്തിലെ പുഗോമനാത്മക സ്ത്രീ പക്ഷത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അതിൻ്റെ സ്ത്രീ പക്ഷ വിപ്ലവം മീ ടൂ പോലെയുള്ള ചായക്കോപ്പയിലെ കൊടുങ്കാറ്റായി അസ്തമിക്കുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽനിന്ന് വിമോചിപ്പിക്കപ്പെട്ട ഒരു സ്ത്രീ പക്ഷ രാഷ്ട്രീയം കേരളത്തിൽ ഉയർന്നുവരണം. സ്ത്രീകൾ മാത്രമുള്ള രാഷ്ട്രീയ പാർട്ടി തന്നെ ഉണ്ടാകണം. അല്ലാതെ നിലവിലെ സംവിധാനത്തിനകത്തുനിന്ന് കൊണ്ട് അത് സാധ്യമാകില്ല. കാരണം, അവയെല്ലാം അത്രയേറെ പുരുഷാധിപത്യത്തിന് കീഴിലാണ്. ഒരു തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയാകുമെന്ന് വരെ ഉയർത്തിക്കാട്ടിയ ഗൗരിയമ്മ പിന്നെയെവിടെ എത്തി എന്ന് നമുക്കറിയാം. ഇപ്പോൾ തന്നെ നോക്കൂ, നിലവിലെ സർക്കാറിൽ ഏറ്റവും പരാജയപ്പെട്ട വകുപ്പ് ആഭ്യന്തരമാണ്. 20ൽ അധികം കസ്റ്റഡി മരണങ്ങൾ മാത്രമുണ്ടായി. ഏറ്റുമുട്ടൽ കൊലകൾ വേറെ. കരിനിയമ പ്രയോഗങ്ങൾ അതിന് പുറമേ. അത് ഭരിച്ചത് മുഖ്യമന്ത്രിയാണ്. പിന്നീട് മോശം വകുപ്പെന്ന് പറയാവുന്നത് ഐ ടി വകുപ്പാണ്. സർക്കാറിനുണ്ടായ എല്ലാ പ്രതിസന്ധികൾക്ക് പിന്നിലും ഐ ടി വകുപ്പുണ്ട്. അതും ഭരിച്ചത് മുഖ്യമന്ത്രിയാണ്. എന്നാൽ കേരളത്തെ ഇക്കാലയളവിൽ ഏറ്റവുമേറെ ചേർത്തുപിടിച്ച വകുപ്പ്, ജന ഹൃദയം കീഴടക്കിയ വകുപ്പ് ആരോഗ്യമാണ്. അത് ഭരിച്ചത് കെ കെ ശൈലജ ടീച്ചറാണ്. പക്ഷെ നോക്കൂ, ആരാണ് അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടപ്പെടുന്നത്? ആരാണ് ഇപ്പോഴും ക്യാപ്റ്റൻ? പരാജയപ്പെട്ട വകുപ്പുകൾ ഭരിച്ചയാൾ തന്നെ. അതാണ് പാട്രിയാർക്കി. അതും ഇടതുപക്ഷത്തിൻ്റെ. ഇടതുപക്ഷം തന്നെ ഇങ്ങനെയാണെങ്കിൽ കേരളത്തിൽ പിന്നെയാരിൽ പ്രതീക്ഷ വെയ്ക്കാനാണ്?

Comments
Print Friendly, PDF & Email

You may also like