പൂമുഖം LITERATUREകവിത നുറുങ്ങ് കവിതകൾ

നുറുങ്ങ് കവിതകൾ

1. വെല്ലുവിളി

    കറൻ്റ് കമ്പിയിൽ
    തൊട്ടിരുന്ന്
    കൊക്കുകളുരുമ്മി
    പ്രണയിക്കുന്ന
    രണ്ട് കുരുവികളെ
    നോക്കൂ.
    മരണത്തെപ്പോലും
    വെല്ലുവിളിക്കുന്ന
    ഈ ധൈര്യം
    പ്രണയിക്കുന്നവർക്കല്ലാതെ
    മറ്റാർക്കുണ്ടാകും.

    2. ഠോ

      തോക്കിനോടുള്ള
      ഭയം പൊട്ടുന്നത്
      വെടിയുണ്ടയുടെ
      മൂർച്ചയോ
      കടുപ്പമോ
      ഓർത്തല്ല.
      വെടിയേറ്റ്
      വീണയാളുടെ
      പിടച്ചിലിൽ
      പരന്നൊഴുകുന്ന
      ചോരയിൽ
      അതുച്ചത്തിൽ
      പൊട്ടുന്നു
      ഠോ.

      3. സ്വകാര്യം

      കാറ്റ്
      മരത്തോട്
      എന്ത് രഹസ്യമാകും
      പറഞ്ഞുകാണുക,
      ഒറ്റ ശ്വാസത്തിലത്
      ഇലകളൊക്കെയും
      പൊഴിച്ചിരിക്കുന്നു.

      4 രഹസ്യം

      ചിറകനക്കങ്ങളിൽ
      തൂവലിൻ നിറംകൊണ്ട്
      ചിത്രങ്ങൾ വരയുന്ന
      പക്ഷികൾ,
      വൈകുന്നേരങ്ങളിൽ
      ആകാശം
      മനോഹരമായ
      ചിത്രങ്ങളുടെ
      ക്യാൻവാസാക്കുന്ന
      രഹസ്യം
      സൂക്ഷിക്കുന്നു.

      Comments

      You may also like

      മലയാളനാട് വെബ് ജേർണൽ
      മലയാളത്തിന്റെ മുഖപുസ്തകം.