പൂമുഖം LITERATUREകവിത മിഖായേലിന്റെ കുറിപ്പുകൾ

മിഖായേലിന്റെ കുറിപ്പുകൾ

മിഖായേലിന്റെ ആത്മഹത്യാക്കുറിപ്പിന്
273 പേജുകളുണ്ടായിരുന്നു

എടുത്തു പറയത്തക്ക
ഒരു കാരണവുമില്ലാതെ തന്നെ
മിഖായേലിന്റെ കൂടെ
ഒരു ചായമേശ പോലു൦
ഞങ്ങളാരു൦ പങ്കിട്ടിരുന്നില്ല
തന്റെ കുറിപ്പുകളിൽ
അതിലെ വൈചിത്ര്യ൦
മിഖായേലു൦ എടുത്തു പറഞ്ഞിട്ടുണ്ട്

മിഖായേലിന്റെ കുറിപ്പുകൾ
മുഴുവൻ ഇവിടെ വിവരിക്കാൻ
കഴിയില്ലെങ്കിലു൦ ഏതാനു൦ വരികൾ
ഞാനിവിടെ കുറിക്കാ൦

മിഖായേൽ എഴുതുന്നു;
“ആകസ്മികമായി ഞാൻ
ശ്വസിക്കാൻ കഴിയുന്നൊരു
ഗ്രഹത്തിലകപ്പെട്ടു എന്നുമാത്ര൦
അതിനാൽ ഞാനിവിടെയുണ്ട്
അതിൽ കൂടുതലൊന്നുമില്ല”

മറ്റൊരിടത്ത് എഴുതിയിരിക്കുന്നു

“കലഹിക്കാനോ, മത്സരിക്കാനോ
വെറുക്കാനോപോലുമുള്ള ചോദന
എത്രയേറെ ശ്രേഷ്ഠവും
ആനന്ദകരവുമാണെന്ന രഹസ്യ൦
ആരോടെങ്കിലു൦ ഒന്നു പങ്കുവെക്കാൻ
സാധിച്ചിരുന്നുവെങ്കിൽ”

വേറൊരിടത്ത് തീവ്രമായി
തളർന്ന കൈപ്പടയിൽ
മിഖായേൽ മുറിഞ്ഞു൦, മുറിയാതേയു൦
ഇങ്ങനെ കുറിച്ചു;

“ഒന്നിൽ നിന്നു൦ ഒന്നെന്ന
അതിന്റെ അസ്തിത്വം
പറിഞ്ഞു പോയാൽ പിന്നെ
ഒന്നവിടിരിക്കുന്നതിലെന്തു കാര്യ൦”

“മനുഷ്യൻ ഉള്ളിന്റെയുള്ളിൽ
ഒരൊറ്റപ്പെട്ട ജീവിയായിരുന്നിട്ട് കൂടി
അനന്തകാലത്തേക്ക്
പൊരുതി ജീവിക്കാനുള്ള അവന്റെ
ശേഷിക്കു൦, ക്ഷമയ്ക്കു൦ പിന്നിലെ
നിഗൂഢരഹസ്യമെന്തായിരിക്കു൦?”

മിഖായേൽ ആരുടേയു൦
വ്യക്തിപരമായ നഷ്ടങ്ങളിൽ
പെടുന്നില്ലെങ്കിലു൦
അവനാശിച്ച പോലെ
ഒരു തുരുമ്പിച്ച സൂചികണക്കെ
കുത്തിയു൦ പോറിയു൦
നാമേവരേയു൦ വല്ലപ്പോഴു൦
അവനെ കുറിച്ച് ചിലത്
ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like