പൂമുഖം LITERATUREകവിത വെള്ളവും കുട്ടിയും

വെള്ളവും കുട്ടിയും

വെള്ളത്തിനൊപ്പം
തോട്ടുകരയിലൂടെ
കുട്ടിയോടുന്നു.
വെള്ളം കല്ലുകളിൽ,
ചെറിയ പാറകളിൽ തട്ടിത്തെറിക്കുന്നു;
കുട്ടിയുമതുപോലെ.
വെള്ളം വളഞ്ഞ് പുളഞ്ഞൊഴുകിപ്പോവുന്നു.
കുട്ടി ചെരിഞ്ഞ്, തെന്നിയോടുന്നു.
ചൂണ്ടയിടുന്ന മനുഷ്യന്റെ
കൊക്കിലേക്ക് വെള്ളം
വലിഞ്ഞുനോക്കുന്നു.
കുട്ടി അയാളെ തട്ടി കുതിയ്ക്കുന്നു.
സൂര്യൻ വെളിച്ചം കടത്തി
വെള്ളത്തെ വിടർത്തി നോക്കുന്നു.
കുട്ടി നെറ്റിയ്ക്ക് മീതേ
കൈ വെച്ച് സൂര്യനെ മറയ്ക്കുന്നു.

മീനുകൾ വെള്ളത്തിനുള്ളിൽ ,
കിതപ്പ് കുട്ടിക്കുള്ളിൽ .
വെള്ളം ശ്വാസഗതിയാൽ
ദിക്കുകൾ മാറ്റുന്നു.
കുട്ടി പണ്ടുണ്ടായിരുന്നൊരു
നദിയുടെ കരയിൽ കിളിർത്ത
പൂർവ്വികരെ ഓർക്കുന്നു.

വെള്ളം, പോകുന്ന നാടിനെയൊക്കെ
ഗുളുഗുളാ ഒച്ചപ്പെടുത്തുന്നു.
കുട്ടി ശ്വാസം തടഞ്ഞ്
സിന്ധുവെന്നോ മോഹൻജദാരൊവെന്നോ
പാടുന്നു.

വെള്ളം രാജ്യങ്ങൾ കടന്ന്
പേരുകൾ പുതുക്കുന്നു.
കുട്ടി യുഗങ്ങൾ കടന്ന്
പലമാതിരി മനുഷ്യരാവുന്നു.

കവർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments

You may also like