പൂമുഖം LITERATUREകവിത ഈ നിമിഷത്തിൽ…

ഈ നിമിഷത്തിൽ…

ാത്രി രണ്ടാം യാമവും
നിശ്ശബ്ദം യാത്രയാകുമ്പോൾ
ഉണർന്നു, എന്നിലെ
പരശ്ശതം നോവുകൾ,
അസ്വാസ്ഥ്യം, ഓർമ്മകൾ
ഇല്ലൊരു മഞ്ഞുതുള്ളിയുതിർന്നു
വീഴുന്നൊരിലയൊച്ച,
ഒരു കൂമൻറെയാകുലമാം
നിലയ്ക്കാത്ത മൂളൽ
ഉള്ളിലെ കൂർത്ത മുള്ളുകൾ
കുത്തി നോവിക്കുന്നു
പാവം ഹൃദയത്തെ

ഈ നിമിഷത്തിലോരോ
ശ്വാസത്തിലും കേൾക്കുന്നു ഞാൻ
പിറവിയിലൂറ്റം
കൊണ്ടു നിലവിളിക്കുന്ന
ആയിരം, കുഞ്ഞുങ്ങളെ
മുഷ്ടി ചുരുട്ടി ചോര തെറിച്ചു
കറുത്ത ചുണ്ടുകൾ
പിളർന്നുല്ക്കടം ഘോഷിക്കുന്നവർ
“മർത്ത്യനായ് ഞാൻ
പിറന്നിതാ പ്രണയത്തിനായ്
പിതൃത്വമേ, ചുരത്തും
മാതൃത്വമേ തെല്ലിട
കാതോർക്കൂ എന്നെ,
ഞാനെന്ന ഒറ്റച്ചോരയെ..”

ഈ നിമിഷത്തിൻറെ
ഉൾവലിവിൽ, ശോഷിക്കലിൽ
നടുക്കമോടെ ഞാൻ
ഓർമ്മിക്കുന്നു അതോരു
പെൺ പിറവിയാവാം
അവൾ നെടുവീർപ്പിൻറെ
താഴെ ചുരുണ്ടു വീഴുമൊരു
നിസ്സഹായതയാവാം
പിതാവിൻ കാമദംശനത്താൽ
ഭയം, മാത്രം പുല്കി
മൂകമാക്കപ്പെട്ടൊരു ബാല്യമാവാം
ആരുമറിയാതേ പ്രതികാരത്തെ
താലോലിക്കുന്നൊരു
പീതരക്തമൊഴുകും
സിരാപടലത്തിൻ കന്മഷമാകാം

ഈ നിമിഷത്തിൻറെ
ഉത്തരാർദ്ധത്തിൽ
പീഡനമേറ്റ് പിടയുന്നുണ്ടാവും
പ്രേയസ്സിമാർ, മാലാഖക്കുഞ്ഞുങ്ങൾ
ഭ്രാന്തികൾ,ഉഷ്ണപ്പുണ്ണു പിടിച്ച
യാചകികൾ, തളർവാതം
തല്ലിയൊടിച്ചിട്ട പടുവൃദ്ധകൾ
അഹന്തയാൽ ചവിട്ടി
മെതിക്കുന്നുണ്ടാവാം
ദുർവ്വിധിയാ പൂമ്പാറ്റകളെയിപ്പോൾ
പരനും പ്രതികാരമിപ്പോൾ
പെൺമയോടത്രേ
ഈ നിമിഷം നിലവിളിക്കുന്നത്
കേൾക്കാമെനിക്ക്
ഈ നിമിഷത്തെ
നിലവിളിയെന്ന് മാത്രം
നാമകരണം ചെയ്യട്ടെ ഞാൻ !!

Comments
Print Friendly, PDF & Email

You may also like