പൂമുഖം EDITORIAL തെരഞ്ഞെടുപ്പ് ആർക്ക് വേണ്ടി? എന്തിന് വേണ്ടി?

തെരഞ്ഞെടുപ്പ് ആർക്ക് വേണ്ടി? എന്തിന് വേണ്ടി?

 

തെരഞ്ഞെടുപ്പുകളെ വിലയിരുത്തുമ്പോൾ കണക്കാക്കേണ്ട പ്രധാന മാനദണ്ഡങ്ങളിൽ ചിലവ താഴെ പറയുന്നവയാണ്:
* അത് എത്രത്തോളം ജനായത്തവും ജനപങ്കാളിത്തമുള്ളതും സുതാര്യവും അക്കൗണ്ടബ്ളും ആണ്?
** പ്രാതിനിധ്യ സർക്കാർ സംവിധാനത്തിൽ സമൂഹത്തിലെ ന്യൂന പക്ഷങ്ങൾക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, സ്ത്രീകൾക്കും നിലവിൽ എത്രമാത്രം പ്രാധിനിത്യമുണ്ട്?
*** രാഷ്ട്രീയ പാർട്ടികൾ എത്ര മാത്രം ജനായത്തവും സുതാര്യവുമാണ്?
ഇവയെ പോലെ പ്രധാനമാണ് കക്ഷികളുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പോളിസി നിലപാടുകളും.
തെരഞ്ഞെടുപ്പ് പലപ്പോഴും ഒരു താരതമ്യ നിർണ്ണയമാണ്. (Relative and comparative choice)ഇരുപതാം നൂറ്റാണ്ടിലാണ് ജനപ്രാതിനിധ്യമുള്ള സർക്കാരുകൾ ഉണ്ടാക്കുവാനായി തെരഞ്ഞെടുപ്പ് എന്ന രീതി വ്യാപകമായത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ എല്ലാവർക്കും വോട്ടവകാശമുള്ള ജനായത്ത തെരഞ്ഞെടുപ്പുകൾ വിരളമായിരുന്നു. ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന രീതി പുരാതന ഗ്രീസിലും, റോമിലും, ഇന്ത്യയിലും ചൈനയിലും ഉണ്ടായിരുന്നെങ്കിലും അത് വരേണ്യ ആണുങ്ങൾ വരേണ്യ ആണുങ്ങൾക്ക് വേണ്ടി നടത്തിയ ഒരു ഉപരി നിയത രാഷ്ട്രീയമായിരുന്നു. അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പുകൾ തുടങ്ങിയത് ജനായത്ത പ്രക്രിയയിലൂടെയല്ല. ഭൂഉടമകളും മാടമ്പി വരേണ്യരും ആൺകോയ്മയുടെ വക്താക്കളുമായവർ പുരുഷ മേധാവിത്ത വരേണ്യ അധികാര സ്വരൂപം (patriarchal oligarchy) ഉണ്ടാക്കുന്നതിന് വേണ്ടി കണ്ടെത്തിയ ഒരുപാധി മാത്രമായിരുന്നു തെരഞ്ഞെടുപ്പുകൾ. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിലും യൂറോപ്പിൻറെ പല ഭാഗങ്ങളിലും ജനപ്രാതിനിധ്യ സർക്കാർ എന്ന ആശയം ഉടലെടുത്തുകഴിഞ്ഞിരുന്നെങ്കിലും എല്ലാ ജനങ്ങൾക്കും വോട്ട് എന്ന യഥാർത്ഥ തെരഞ്ഞെടുപ്പുരീതി പ്രവർത്തികമായത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ്.
തെരഞ്ഞെടുപ്പുകൾ കൊണ്ട് മാത്രം ജനാധിപത്യ സംവിധാനമുണ്ടാകണമെന്നില്ല. പല രാജ്യങ്ങളിലും അധികാരമത്തു പിടിച്ചവർക്കും ഏകാധിപതികൾക്കും ഏകാധിപത്യ പ്രവണതയുള്ള പാർട്ടികൾക്കും തെരഞ്ഞെടുപ്പ് ഒരു സാധൂകരണ പ്രക്രിയയാണ്. പല കമ്മ്യുണിസ്റ്റ് രാജ്യങ്ങളിലും ഏക പാർട്ടി ഭരണ ഒലിഗാർക്കി നടത്തുന്ന ഏക പാർട്ടി തെരഞ്ഞെടുപ്പുകൾ വെറും പ്രഹസനമാണ്. കമ്പോഡിയ, വിയറ്റ്നാം, നോർത്ത് കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണം. ഈയിടെ, ഹുൻ സെന്നിന്റെ അപ്രമാദിത്യമുള്ള ഏകപാർട്ടി തെരഞ്ഞെടുപ്പ് നടത്തിയത്, സുപ്രീം കോടതിയെ സ്വാധീനിച്ച്, പ്രതിപക്ഷ പാർട്ടികളെ നിരോധിച്ചു കൊണ്ടാണ്. ബംഗ്ളാദേശിൽ ഈ ഇടക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷനെ കൈയിൽ എടുത്ത്, അവരുടെ ആളുകളെ വെച്ച്, ഇലക്ഷൻ റിഗ്‌ ചെയ് താണ് അവാമി ലീഗ്, വൻഭൂരിപക്ഷത്തിൽ വിജയിച്ചത്. ഇപ്പോൾ തായ്‌ലൻഡിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ പാർട്ടിയെ പട്ടാള ഭരണകൂടം നിരോധിച്ചു.
സ്വാതന്ത്ര്യ സമരത്തിൽ ജന്മമെടുത്ത്, കൊളോനിയൽ അതിക്രമ ഭരണകൂടത്തിനെതിരായ, രാഷ്ട്രീയ പ്രതിരോധത്തിലൂടെ വളർന്ന, ജനകീയ രാഷ്ട്രീയത്തിൻറെ ഭാഗമായിരുന്നു, ഇന്ത്യയിലെ, ആദ്യദശകങ്ങളിലെ, ഏതാണ്ട് 65 വർഷത്തെ, തെരഞ്ഞെടുപ്പ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് 15 വർഷത്തോളം ജയിൽവാസം അനുഭവിച്ചറിഞ്ഞയാളായിരുന്നു ആദ്യ പ്രധാനമന്ത്രി. അത്‌ കൊണ്ട് തന്നെ അദ്ദേഹത്തിന് ജനാധിപത്യ പ്രക്രിയയിലും മനുഷ്യ അവകാശങ്ങളിലും ജനാധിപത്യ തെരഞ്ഞെടുപ്പുകളിലും ഉറച്ച രാഷ്ട്രീയ ബോധ്യമുണ്ടായിരുന്നു. അന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രായേണ ജനാധിപത്യമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യ രാഷ്ട്രീയ കക്ഷിയുമായിരുന്നു. എന്നാൽ എഴുപതുകളിൽ ഗാന്ധിയുടേയും നെഹ്‌റുവിന്റേയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ദിരാ കോൺഗ്രസ്സായും ഒരു മാക്സിമം ലീഡറുടെ ഹൈ കമാൻഡ് പാർട്ടിയായും പരിണമിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തേയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും അടിയന്തരാവസ്ഥക്കു മുമ്പും പിൻപും എന്ന് തിരിക്കാം. ഇന്ദിരാ ഗാന്ധി എന്ന മാക്സിമം ലീഡർഷിപ് മാതൃക, രാജ്യത്ത്, ഏറെക്കുറെ എല്ലാ പാർട്ടികളും സ്വീകരിച്ചു. ഇടത്തും, വലത്തും നടുവിലും നേതൃത്വ കേന്ദ്രീകൃതമായ (leader -centric ) രാഷ്ട്രീയ പാർട്ടികളായി. തെരഞ്ഞടുപ്പുകളുടെ സ്വഭാവത്തിലും ഈ മാറ്റം പ്രതിഫലിച്ചു. കഴിഞ്ഞ മുപ്പത് കൊല്ലങ്ങളിൽ സംസ്ഥാന തലത്തിലുള്ള ഒട്ടു മിക്ക പാർട്ടികളിലും മാക്സിമം ലീഡർ മാതൃകകൾ ജനായത്ത പ്രക്രിയയെ ഇല്ലാതാക്കി. കോർപ്പറേറ്റ് സമ്പന്ന വരേണ്യ വർഗ്ഗവും രാഷ്ട്രീയ വരേണ്യ വർഗ്ഗവും കൂടി സ്വാധീനിക്കാൻ തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് വലിയ പണച്ചെലവുള്ള വ്യവഹാരമായി മാറി. സമ്പത്തുള്ള ഒരു പാർട്ടിയുടേയോ കോർപ്പറേറ്റിൻറേയോ പിന്തുണയോ സ്പോൺസർഷിപ്പോ ഇല്ലാതെ ഒരു സാധാരണക്കാരന് തെരഞ്ഞടുപ്പിൽ ജയിക്കുവാൻ പ്രയാസമാണ്.
 
ഇന്ന് എല്ലാ ഭരണ പാർട്ടികളുടെയും, പണ്ട് ഭരിച്ച പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ക്യാംപെയ്ൻ ടോപ് -ഡൌൺ കോർപ്പറേറ്റ് ഡ്രിവൻ ആഡ് ക്യാംപെയ്ൻ ആണ്. മാധ്യമങ്ങളെ മൊത്തമായോ ചില്ലറയായോ വിലക്കെടുക്കാം എന്ന നിലയിലാണ് കാര്യങ്ങൾ. പോൾ സർവേ എന്ന പേരിൽ തങ്ങൾക്ക് അനുകൂലമായി അഭിപ്രായ രൂപീകരണമുണ്ടാക്കുവാൻ ഫേക് സർവ്വേകളും ഫേക്ക് ന്യൂസുകളും സുലഭം. കാശുള്ള പാർട്ടികൾ കോടികൾ മുടക്കി സാമൂഹ്യ മാധ്യമങ്ങളിൽ ഫേക്ക് പ്രൊഫൈലുകളും നേരെയുള്ള പ്രൊഫൈലുകളും വഴി വ്യാജ വാർത്തകളും ട്രോൾ ആക്രമണങ്ങളും മോബ് ലിഞ്ചിങ്ങും നടത്തുന്നു. ജനാധിപത്യ തെരഞ്ഞെടുപ്പിൽ അങ്ങനെ, ജനായത്തം കമ്മിയാകുകയും പണം കൂടുതലാകുകയും ചെയ്തു. ഇന്ന് ശരാശരി ഒരു പാർലിമെന്റ് മണ്ഡലത്തിൽ എല്ലാ സ്ഥാനാർത്ഥികളും കൂടി ചിലവാക്കുന്നത് ഇരുപത് കോടി രൂപയാണ്. 543 സീറ്റുകളിൽ മാത്രം പതിനായിരത്തി എണ്ണൂറ്റി അറുപത് കോടി രൂപ. ഓരോ പാർട്ടിയും പരസ്യത്തിനും യാത്രക്കും സമ്മേളനങ്ങൾക്കും ചെലവാക്കുന്നത് ഇതിന്‌ പുറമെയാണ്. ഒരു തെരഞ്ഞെടുപ്പിന് എല്ലാം കൂടി ഏതാണ്ട് മുപ്പതിനായിരം കോടിയാണ് മുതൽ മുടക്ക് ഈ തുകയിൽ വലിയൊരു പങ്ക് കൈക്കൂലിയായും അല്ലാതെയും സ്വരൂപിച്ച കള്ളപ്പണമാണ്. ബാക്കി കോർപ്പറേറ്റ് സംഭാവനകൾ. ചുരുക്കത്തിൽ ഇന്ത്യയെ പോലെയൊരു രാജ്യത്ത് അഴിമതിയുടെ പ്രധാന കാരണങ്ങളിലൊന്ന് പതിനായിരക്കണക്കിന് വരുന്ന തിരഞ്ഞടുപ്പ് ഫണ്ടാണ്.
 
ഇന്ത്യൻ ലിബറൽ ജനാധിപത്യം ജാതി -മത ഫ്യൂഡൽ സാമൂഹിക വ്യ്വവസ്ഥയുടെ മുകളിൽ വച്ചിരിക്കുന്ന ഒരു മേൽക്കൂരയോ മേലാപ്പൊ മാത്രമാണ്. അത് കൊണ്ട് തന്നെ ഇടത് പ്രത്യയ ശാസ്ത്രമായാലും വലതു പ്രത്യയ ശാസ്ത്രമാണെങ്കിലും മധ്യ പ്രത്യയ ശാസ്ത്രമാണെങ്കിലും അതിനടിയിലെ ഘടന ജാതി മത സ്വതങ്ങളുടേതും വിവേചനങ്ങളുടേതും ആൺകോയ്‌മയുടേതും സവർണ്ണ മേധാവിത്തത്തിന്റേതുമാണ്. എല്ലാ പാർട്ടികളുടെയും സ്ഥാനാർഥി നിർണ്ണയത്തിൽ അവരുടെ ജാതി -മത സ്വതങ്ങൾ (identity affiliation) അവരുടെ രാഷ്ട്രീയ പ്രതിബദ്ധ ബോധ്യങ്ങളെക്കാൾ (ideological commitment ) പ്രധാനമാണ്. അത് കൊണ്ടാണ് ഒരു ദളിത് സ്ഥാനാർത്ഥിക്ക് റിസർവേഷൻ മണ്ഡലത്തിന് അപ്പുറം കൊടുക്കാത്തത്. അത് കൊണ്ടാണ് മണ്ഡലത്തിലെ ഭൂരി പക്ഷ വോട്ടർ മാരുടെ ജാതിയും മതത്തിനും അനുസരിച്ചു മാത്രം സ്ഥാനാർത്ഥികളെ നിർത്തുന്നത്. അത് കൊണ്ടാണ് സ്ത്രീകൾക്ക് വിരലിലെണ്ണാവുന്ന സീറ്റുകൾ നൽകുന്നത്. ഈ ഫ്യൂഡൽ അന്തർ ഘടനയും ജനായത്ത മൂല്യങ്ങളും പണാധിപത്യവുമാണ് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ പൊള്ളയാക്കുന്നത്. അങ്ങനെയാകുമ്പോഴാണ് തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പാർട്ടി വരേണ്യ നേതാക്കളും കോർപ്പറേറ്റ് വരേണ്യരും ജാതി മത സംഘടന വരേണ്യരും തമ്മിലുള്ള ഒരു കൂട്ട് കച്ചവടമാകുന്നത്. കോർപ്പറേറ്റ് മീഡിയ എന്നത് അവരുടെ കുഴലൂത്തുകാരായി പരിണമിച്ചു ജനങ്ങൾ പാസ്സീവ് വോട്ടർമാർ എന്നതിലുപരി സജീവ പൗരൻമാരായി ചോദ്യങ്ങൾ ചോദിക്കേണ്ടത് ഇപ്പോഴാണ്.
 
ഈ തെരഞ്ഞെടുപ്പ് ആർക്ക് വേണ്ടി ? എന്തിന് വേണ്ടി ?
 
തെരഞ്ഞെടുപ്പുകളിൽ, നിലവിലുള്ളതിൽ ഭേദമായത് എന്നതിൽ കവിഞ്ഞ്, ആത്യന്തികമായി നല്ലത്, എന്നൊന്നില്ല. ഓരോ രാഷ്ട്രീയ ചരിത്ര പ്രതിസന്ധികളിൽ തമ്മിൽ ഭേദമായ അഥവാ താരതമ്യേന അപകടം കുറഞ്ഞ പാർട്ടികളേയോ മുന്നണികളേയോ ആണ് തെരഞ്ഞെടുക്കണ്ടത്. അടുത്ത തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഉള്ള രണ്ടു മുന്നണികളും സംസ്ഥാന തലത്തിൽ പല ചേരുവ മുന്നണികളുമാണ്.
 
പ്രധാന ദേശീയ പാർട്ടികൾ ഏകദേശം 31% വോട്ട് ഷെയർ ഉള്ള ബി ജെ പ് യും ഏകദേശം 20% വോട്ട് ഷെയർ ഉള്ള കോൺഗ്രസ്സുമാണ്. ബി ജെ പി ക്കു ഭരണത്തിൽ ഉള്ളതിന്റെ പ്രയോജനവും ഇന്ത്യയിലെ വമ്പൻ കോർപ്പറേറ്റ് കുടുംബങ്ങളുടെ പിന്തുണയും വേണ്ടതിലധികം പണവും ശിങ്കിടി കോർപ്പറേറ്റ് മാധ്യമപ്പടയും. വിവിധ പാർട്ടികളുമായി തിരഞ്ഞെടുപ്പിന് ശേഷം ഡീൽ ഉറപ്പിക്കുവാൻ ഉള്ള രാഷ്ട്രീയ കോർപ്പറേറ്റ് ദല്ലാളുമാരുമുണ്ട്. ആർ എസ് എസ കേഡറിന്റെ രാഷ്ട്രീയ പിൻ ബലമുണ്ട്. പക്ഷെ പറഞ്ഞത് ഒന്നും ചെയ്യാതെ വാചക കസർത്തും ഗിമ്മിക്കുകളും കൊണ്ട് പിടിച്ചു നിൽക്കുന്ന മോഡിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത കുറവാണ്. കോൺഗ്രസിന് മൂന്ന് പ്രധാന സംസ്ഥാനങ്ങൾ ജയിച്ചതിൻറെ ആവേശവും വളരെ ഊർജസ്വലമായി നേതൃത്വം കൊടുക്കുന്ന രാഹുൽ ഗാന്ധിയുടെ ദേശീയ സാന്നിധ്യവും പോസിറ്റീവ് പ്രതിഛായയും വ്യത്യസ്തമായ ഒരു ജനപക്ഷ മാനിഫെസ്റ്റോയുമുണ്ട്. പക്ഷെ പഴയ ഭരണ ബാഗേജുകളും എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഗ്രൂപ് വഴക്കുകളും നെഗറ്റിവ് മീഡിയയുമെല്ലാം വെല്ലുവിളികളുമാണ്. രണ്ടു മുന്നണികൾക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിൽ സംസ്ഥാന തല പാർട്ടികളുടെ, തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള നിലപാട് നിർണായകമാകും. അത് കൊണ്ട് തന്നെ ആര് സർക്കാർ ഉണ്ടാക്കുമെന്ന് പ്രവചിക്കാൻ സാധ്യമല്ല. എന്തായാലും മുപ്പത് സീറ്റിന്റെ വ്യത്യാസമായിരിക്കും ആര് സർക്കാർ ഉണ്ടാക്കുമെന്ന് നിർണ്ണയിക്കുന്നത്.
 
ഈ തെരഞ്ഞെടുപ്പ് രണ്ടു തലത്തിലാണ് നടക്കുന്നത് ദേശീയ തലത്തിൽ, ഇത്, ഇപ്പോൾ ഭരണത്തിലുള്ള എൻ ഡി എ യും കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു പി എ യു മാണ്. ഇതിന്റെ രണ്ടിന്റെയും പ്രധാന ക്യാംപെയ്ൻ നേതാക്കളായ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ചുള്ള വ്യത്യസ്ത ദർശനങ്ങളാണ്. മോഡി പ്രതിനിധാനം ചെയുന്നത് ഭൂരിപക്ഷ ഹിന്ദുത്വ വർഗീയ സവർണാധിപത്യ ദേശീയതയും മോഡി കേന്ദ്രീകൃത ഭരണവുമാണ്. രാഹുൽ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയിലുറച്ച മതേതര ജനകീയ സ്ത്രീ പക്ഷ ജനാധിപത്യ പ്രക്രിയയും ഇൻക്ലൂസിവ് ജനായത്ത ഭരണവുമാണ്. ഇതിൽ ഏത് ജനങ്ങൾ തെരഞ്ഞെടുക്കുന്നു എന്നത് ഇന്ത്യയുടെ ഭാവിക്ക് നിർണ്ണായകമാകും. എന്നാൽ ഈ ദേശീയ തലത്തിനു അപ്പുറം വിവിധ സംസ്ഥാന പാർട്ടികളുടെ പക്ഷമാണ് ഏതാണ്ട് അമ്പത് ശതമാനം സീറ്റുകൾ. അത് കൊണ്ട് തന്നെ പല സംസ്ഥാന തലങ്ങളിലെ രാഷ്ട്രീയ വ്യവഹാരം ദേശീയ തലത്തിൽ നിന്ന് വേറിട്ടതാണ്. അതു കൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് രണ്ടു തലത്തിലാണ്. ദേശീയ വിഷയങ്ങളും പ്രാദേശിക വിഷയങ്ങളും ഒരു പോലെ ഇതിൽ നിർണായകമാകും.
 
സർക്കാർ ആരുടേയായാലും ശക്തമായ ഒരു പ്രതിപക്ഷമുണ്ടാവാൻ സാധ്യത കൂടുതലാണ്. ഇന്ത്യൻ ഭരണ ഘടനയുടെയും ജനാധിപത്യത്തിന്റെയും ഭാവി കാത്തു സൂക്ഷിക്കുവാനും ഇന്ത്യയിലെ ന്യൂന പക്ഷ ദളിത് ആദിവാസി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും, പാവപ്പെട്ടവർക്കും സുരക്ഷയും തുല്യനീതിയും ഉറപ്പാക്കുവാനും പ്രതിജ്ഞാബദ്ധമായ ഒരു സർക്കാർ രാഷ്ട്രീയ – ചരിത്ര അനിവാര്യതയാണ്.
Comments
Print Friendly, PDF & Email

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

You may also like