പൂമുഖം LITERATUREവായന മരിക്കാൻ എനിക്ക് സമയമായിട്ടില്ല

മരിക്കാൻ എനിക്ക് സമയമായിട്ടില്ല

ഇളയ മകൾ അടുത്തിടെ ജോലിയുടെ ഭാഗമായി റവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിലും മറ്റു നഗരങ്ങളിലും പോയിരുന്നു. പോകുന്നതിനു മുമ്പ് ഞാൻ അവിടത്തെ വംശഹത്യയെ കുറിച്ച് അവളോട് സംസാരിച്ചിരുന്നു. മാത്രമല്ല റവാണ്ടയിലെ ജെനോസൈഡ് മെമ്മോറിയൽ മ്യൂസിയം കാണണം എന്നും പറഞ്ഞിരുന്നു. യാദൃച്ഛികമെന്ന് പറയട്ടെ, മകൾ റവാണ്ടയിലേക്ക് പോയ അന്നാണ് സഞ്ചാരത്തിൽ സന്തോഷ് ജോർജ് കുളങ്ങര റവാണ്ടയിൽ പോയ വിവരണം പ്രക്ഷേപണം ചെയ്യുന്നതും, ഞാൻ അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയുന്നതും. തിരികെ വന്നപ്പോൾ മോൾ എനിക്ക് വേണ്ടി വാങ്ങിച്ചു കൊണ്ടുവന്ന പുസ്തകം ആണ് “Not My Time to Die”.

റവാണ്ട എന്ന വാക്കിന്റെ അർത്ഥം “അനേകം മലകൾ ഉള്ള നാട്”എന്നാണ്. ഈ പേര് രാജ്യത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതയെ സൂചിപ്പിക്കുന്നു. റവാണ്ട സമ്പന്നമായ ചരിത്രവും സാംസ്കാരികപൈതൃകവുമുള്ള ആഫ്രിക്കൻ രാജ്യമാണ്. ഉഗാണ്ട, താൻസാനിയ,ബുറുണ്ടി, കോംഗോ ജനാധിപത്യ റിപ്പബ്ലിക് എന്നീ രാജ്യങ്ങളാൾ ചുറ്റപ്പെട്ട അനേകം കുന്നുകൾ ഉള്ള ഭൂപ്രദേശം ആണ് റവാണ്ട. റവാണ്ടയിൽ മൂന്ന് പ്രധാന ജനവിഭാഗങ്ങൾ ഉണ്ട്, 1) ഹൂതൂ, (ജനസംഖ്യയുടെ ഭൂരിഭാഗവും 85% ഹൂതൂകൾ ആണ്. ) 2) ട്യൂത്സി, (രാജ്യത്തിന്റെ ചരിത്രത്തിൽ പ്രധാന പങ്ക് വഹിച്ച ഇവർ ഏകദേശം 14% മാത്രം.) 3) കേവലം 1% വരുന്ന ത്വാ എന്ന ആദിവാസി വിഭാഗം. ടുത്സി വിഭാഗക്കാർ അധികാരശ്രേണിയിൽ കൂടുതൽ ബഹുമാനിതരായ വംശം ആയിരുന്നു. നമ്മുടെ നാട്ടിലെ ആര്യന്മാരെ പോലെ.
ന്യൂനപക്ഷമായ ട്യൂത്സിവിഭാഗക്കാരനായ രാജവംശം ആണ് 15 -ാം നൂറ്റാണ്ടു മുതൽ ഭരണം നടത്തിവന്നത്. 19-ാം നൂറ്റാണ്ടിൽ യൂറോപ്യൻ സാമ്രാജ്യങ്ങൾ ആഫ്രിക്കയെ കോളനിവൽക്കറിക്കാനുള്ള നീക്കം നടത്തി. 1897ൽ ജർമനി റവാണ്ടയിൽ ഒരു സാന്നിധ്യം സ്ഥാപിച്ചു, രാജാവുമായി സഖ്യം നിലനിർത്തിക്കൊണ്ടു കോളനിവൽക്കരണം ആരംഭിച്ചു. ജർമൻകാർ രാജ്യത്തിന്റെ സാമൂഹികഘടനയെ കാര്യമായി മാറ്റിയില്ല. എന്നാൽ 1916 ൽ, ബെൽജിയം ജർമനിയെ തോൽപ്പിച്ചു, റവാണ്ടയെയും ബുറുണ്ടിയേയും കൈവശപ്പെടുത്തി. 1945 ൽ ഈ പ്രദേശങ്ങളെ യു.എൻ ട്രസ്റ്റി പ്രദേശമാക്കി മാറ്റി. ബെൽജിയംകാർ അധികാരഘടന ലളിതമാക്കുകയും പൊതുവിൽ കേന്ദ്രീകരിക്കുകയും ചെയ്തു, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, കാർഷികമേൽനോട്ടം എന്നിവയിൽ ശ്രദ്ധിക്കുകയും പട്ടിണി മാറ്റുവാൻ പുതിയ വിളകളും മെച്ചപ്പെട്ട കാർഷിക സാങ്കേതികവിദ്യകളും ഉൾപ്പെടെ വലിയ തോതിലുള്ള പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തു.

ബെൽജിയക്കാർ, ഹൂതൂ, ടുത്സി എന്നീ വ്യത്യസ്ത വംശങ്ങൾക്കിടയിൽ തുടക്കത്തിൽ ടുത്സി മേധാവിത്വം പ്രോത്സാഹിപ്പിച്ചു. തുടർന്ന് അവർ ഹുതൂ വിഭാഗക്കാർക്ക് ഒപ്പം കൂടി. 1935-ൽ, ബെൽജിയം ഒരു ഐഡൻ്റിറ്റി കാർഡ് സംവിധാനം അവതരിപ്പിച്ചു, അത് ഓരോ വ്യക്തിയെയും ടുത്സി, ഹൂതൂ, ത്വ അല്ലെങ്കിൽ നാച്ചുറലൈസ്ഡ് എന്നിങ്ങനെ ലേബൽ ചെയ്തു. സമ്പന്നരാവുന്നതോടെ ഹുതുക്കൾക്ക് ബഹുമാനിതരായ ടുത്സിവർഗം ആകുന്നത് മുമ്പ് സാധ്യമായിരുന്നെങ്കിലും, തിരിച്ചറിയൽ കാർഡുകൾ ഈ അവസരം ഇല്ലാതാക്കി. ബെൽജിയംകാർക്ക് ഹൂതൂ ജനത്തോട് താൽപര്യം കൂടിയപ്പോൾ എത്രയും പെട്ടെന്ന് സ്വാതന്ത്ര്യം വേണമെന്നു വാദിച്ച ടുത്സികൾക്കും ഹുതു വിമോചന പ്രസ്ഥാനത്തിനും ഇടയിൽ പിരിമുറുക്കം രൂക്ഷമാവുകയും അത് 1959 ലെ റുവാണ്ടൻ വിപ്ലവത്തിൽ കലാശിക്കുകയും ചെയ്തു. ഹൂതൂ പ്രവർത്തകർ ടുത്സികളെ കൊല്ലുകയും അവരുടെ വീടുകൾ നശിപ്പിക്കുകയും ചെയ്തു.100,000-ത്തിലധികം ആളുകൾ അയൽരാജ്യങ്ങളിൽ അഭയം തേടാൻ നിർബന്ധിതരായി. 1961ൽ പെട്ടെന്ന് ഹൂതൂ അനുകൂല ബെൽജിയക്കാർ ഒരു റഫറണ്ടം നടത്തി. അതിൽ രാജഭരണം നിർത്തലാക്കുന്നതിന് രാജ്യം വോട്ട് ചെയ്തു. റുവാണ്ട ബുറുണ്ടിയിൽ നിന്ന് വേർപെടുത്തി 1962 ജൂലൈ 1 ന് സ്വാതന്ത്ര്യം നേടി.ആദ്യ പ്രസിഡണ്ട് ആയി ഹൂതൂ നേതാവായ ഗ്രിഗോറി കായിബന്ധയെ നിയമിക്കുകയും ചെയ്തു. 1973 ൽ പ്രതിരോധമന്ത്രി, ജുവേനൽ ഹബ്യാരിമന പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചടക്കി.

സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുതൽ ഭരണം കയ്യാളിയ ഹൂതൂ വംശജരും ടുത്സികാളും തമ്മിൽ ഒളിയുദ്ധങ്ങൾ പതിവായി, അനേകം ടുത്സികൾ കൊല്ലപ്പെട്ടു. 1990 ൽ റാവണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് എന്ന പേരിൽ ട്യുത്സി വിഭാഗം ഒരു സായുധസേന രൂപീകരിച്ച്‌ ഹുതുക്കളെ ആക്രമിക്കുവാൻ തുടങ്ങി. ഇതിനെ തുടർന്ന് പ്രസിഡന്റ് ജുവേനൽ ഹബ്യാരിമന ട്യുത്സികളെ വംശഹത്യ ചെയുവാൻ പദ്ധതി തയാറാക്കുകയും അതിനായി യൂറോപ്യൻ ശക്തികളുടെ പിന്തുണനേടുകയും ചെയ്തു. 1994 ഏപ്രിൽ 6 നു പ്രസിഡന്റ് ജുവേനൽ ഹബ്യാരിമന വിമാനാക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് സൈന്യം ട്യുത്സികളെ കൊല്ലുവാൻ ഉത്തരവിടുകയും ഹുതികൾക്കു ഓരോരുത്തർക്കും ടാർജറ്റ് നിശ്ചയിക്കുകയും ചെയ്തു.നൂറു ദിവസങ്ങൾകൊണ്ട് ഏകദേശം പത്തു ലക്ഷത്തോളം ട്യുത്സികളും മിതവാദികളായ ഹുതുക്കളും ‘ത്വ’ എന്ന ആദിവാസികളും കൊല്ലപ്പെട്ടു. യൂറോപ്പോ, അമേരിക്കയോ ആരും ഈ ഈ വംശഹത്യയെ അപലപിച്ചില്ല. ഒടുവിൽ റാവണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് നടത്തിയ പ്രതിരോധം ഫലം കണ്ടുതുടങ്ങിയപ്പോൾ മാത്രമാണ് യുണൈറ്റഡ് നേഷൻസ് ഈ വിഷയത്തിൽ ഇടപെട്ടത്. ഒടുവിൽ ഒത്തുതീർപ്പുകൾക്കു ശേഷം റവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് നേതാവ് പാസ്ചർ ബിസിമുംഗു പ്രസിഡണ്ട് ആയി സ്ഥാനമേറ്റു. 2000 ൽ പോൾ കഗാമേ പ്രസിഡണ്ട് ആയി. റാവാണ്ട ഇന്ന് ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും സംസ്കാരമുള്ളതും ആയ ഒരു രാജ്യമാണ്‌.

“Not My Time to Die” എന്ന പുസ്തകം റവാണ്ടയിലെ 1994-ലെ വംശഹത്യയെക്കുറിച്ചുള്ള ഹൃദയസ്‌പർശിയായ വിവരണമാണ്. യോലാൻഡെ മുഖഗാസന തന്റെ ജീവിതാനുഭവങ്ങൾ ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നു. ഇതിന്റെ വായന നമ്മുടെ മനസ്സിൽ അനുനിമിഷം മുറിവുകൾ കോറിയിടുകയാണ്. സ്വന്തം ക്ലിനിക്കിൽ ഡോക്ടർപരിവേഷം ഉണ്ടായിരുന്ന നഴ്‌സ്‌ ആയ, മൂന്നു കൗമാരക്കാരുടെ അമ്മയും സ്നേഹനിധിയായ ഭാര്യയും ആയ യോലാൻഡെ മുഖഗാസന തന്റെ കുടുംബത്തിന്റെയും, ജനതയുടെയും, ജന്മഭൂമിയുടെയും നഷ്‌ടവും അതിജീവനവുമാണ് വിശദീകരിക്കുന്നത്.
1994-ലെ വംശഹത്യയുടെ ദാരുണസംഭവങ്ങൾ പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ വ്യക്തമായി വരച്ചുകാണിക്കുന്നു. മുഖഗാസനയുടെ കുടുംബം ഈ നരഹത്യയിൽ നശിച്ചുപോയി. ഈ ഭാഗം വായനക്കാരുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. യോലാൻഡെ മുഖഗാസന ഒരു വംശഹത്യ അതിജീവിതയാണ്. അവരുടെ വ്യക്തിത്വവും, ആത്മവിശ്വാസവും, ജീവിതത്തിന്റെ കഠിനതകളോട് പോരാടാനുള്ള ശക്തിയും പുസ്തകത്തിൽ ദൃഢമായി പ്രകടമാണ്. അവരുടെ കഥ സാക്ഷ്യപ്പെടുത്തുന്നത് എത്രമാത്രം വേദനയുണ്ടായാലും, പ്രത്യാശയെയും മനക്കരുത്തിനെയും എങ്ങനെ കൈവിടാതിരിക്കാൻ കഴിയും എന്നതാണ്.

യോലാൻഡെ തന്റെ അനുഭവങ്ങളെ അതിന്റെ മുഴുവൻ സത്യസന്ധതയോടും കഠിനതയോടും കൂടി ഈ പുസ്തകത്തിൽ പങ്കുവയ്ക്കുന്നു. ആദ്യകാലത്തു നടന്ന കൂട്ടക്കൊലയിൽ തന്റെ അമ്മയും അപ്പനും കൊല്ലപ്പെടുന്നു. 1994 ലെ വംശഹത്യയിൽ തന്റെ ഭർത്താവ് ജോസഫിനെ നഷ്ടമാകുന്നു. കൗമാര പ്രായത്തിലുള്ള മകൻ ക്രിസ്റ്റീൻ, മകൾ നദീൻ, വളർത്തുമകൾ സാൻഡ്രിൻ, സഹോദരി ഹില്ഡ, സഹോദരൻ നെപോ എല്ലാവരും കൊല്ലപ്പെടുന്നു. ഓരോ ദിവസവും മരണം മുന്നിൽ കണ്ട്, ഒളിവിൽ കഴിഞ്ഞ കാലം അവർ വളച്ചുകെട്ടില്ലാതെ വിവരിക്കുന്നു. താൻ ചികിത്സിച്ചു ജീവൻ തിരിച്ചു കിട്ടിയ ജനങ്ങളും തന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ എന്ന് കരുതിയ അയല്പക്കക്കാരുമെല്ലാം കൊലവിളി നടത്തുമ്പോൾ,താനുമായി വലിയ പരിചയം ഇല്ലാത്ത ഇമ്മാനുല്ലേ എന്ന സ്ത്രീയും അവരുടെ ദൈവത്തിലുള്ള വിശ്വാസവും രക്ഷക്കെത്തുന്നുണ്ട്. ഇത്‌ പുസ്തകത്തിന് അദ്ഭുതകരമായ വിശ്വസനീയതയും ഗൗരവവും നൽകുന്നു.

റവാണ്ടയുടെ ചരിത്രവും ഒരു ജനതയുടെ ഹ്രദയത്തുടിപ്പുകളും, പട്ടാളക്കാരുടെ സ്വകാര്യ ജീവിതവും, സ്വന്തം സ്വകാര്യത പോലും യോലാൻഡെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വംശ ഹത്യക്ക് എതിരെ ഒരക്ഷരം മിണ്ടാതിരുന്ന പാശ്ചാത്യശക്തികളെയും വംശഹത്യക്കു ഹുതു വംശജരോട് അനുഭാവം കാണിച്ച മതമേധാവികളെയും അവർ വിമർശിക്കുന്നുണ്ട്. ബെൽജിയൻ കോളനിവൽക്കരണസമയത്തു അവർ നടത്തിയ വർഗവിവേചനകാർഡ് ആണ് ഒന്നായി കഴിഞ്ഞിരുന്ന ഈ ജനതയെ വംശഹത്യയിലേക്ക് തള്ളിവിട്ടത് എന്നവർ കാരണമായി പറയുന്നു.

“Not My Time to Die” എന്ന പുസ്തകം മനുഷ്യജീവിതത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾക്ക് വഴിയൊരുക്കുന്നു. യോലാൻഡെ മുഖഗാസനയുടെ അതിജീവനത്തിന്റെ കഥ, വേദനയുടെയും പ്രത്യാശയുടെയും വേദിയിൽ നിന്നുയർന്ന ഒന്നാണ്. ഇത് ആഫ്രിക്കയിലെ ചരിത്രവും, മനുഷ്യാവകാശസമരവും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും, ജീവിതത്തിൽ പ്രത്യാശയും കരുത്തും കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും, ഏറ്റവും പ്രധാനപ്പെട്ട വായനയാണ്. സുതാര്യമായ രചനാശൈലിയും വായനക്കാരെ പിടിച്ചുനിർത്തുന്ന ഭാവുകത്വവും , ഹൃദയസ്പർശിയായ എഴുത്തും ഒരു നോവൽ പോലെ ഒറ്റയിരുപ്പിൽ വായിക്കുവാൻ പ്രേരിപ്പിക്കും. ആഫ്രിക്കയുടെ ചരിത്രം അറിയുവാൻ താല്പര്യമുള്ളവർക്ക്, കേവലം 30 വര്ഷങ്ങള്ക്കു മുൻപ് മാത്രം സംഭവിച്ച, അധികമാരും ചർച്ച ചെയ്യാതെ പോയ ഈ അതിഭീകരവംശഹത്യയുടെ നോവുകൾ അറിയുവാൻ പുസ്തകം ഉപയോഗപ്പെടും,പ്രത്യേകിച്ചും റവാണ്ട ഇക്കഴിഞ്ഞ 30 വര്ഷം കൊണ്ട് ആഫ്രിക്കയിലെ ഏറ്റവും ശ്രദ്ധേയമായ രാജ്യമായി പരിവർത്തനം ചെയ്യപ്പെട്ടത് ചർച്ചയാവുമ്പോൾ.
വംശഹത്യയെ അതിജീവിച്ചയാളുടെ കഥയെന്ന നിലയിൽ, തന്റെ ജീവിതത്തെ പുനർനിർമ്മിക്കാൻ മുഖഗാസന എടുത്ത ശ്രമങ്ങൾ പുസ്തകത്തിന്റെ അവസാനഭാഗത്ത് പ്രതിപാദിക്കുന്നു.അവരുടെ ജീവിക്കാനുള്ള ആഗ്രഹവും, പുതിയൊരു തുടക്കം കണ്ടെത്താനുള്ള പരിശ്രമവും വായനക്കാർക്ക് പ്രചോദനമായിരിക്കും.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like