പൂമുഖം LITERATUREകവിത കാലാവസ്ഥ

കാലാവസ്ഥ

ഇത്തവണ
ജനുവരിയിൽ
നാട്ടിലെത്തുന്ന കാര്യം
സന്ദേഹമാണെന്ന്
സന്ദേശമയച്ചിരുന്നു
തണുപ്പ്….

കർക്കിടകപാതിയിലെങ്കിലും
നാട്ടിലെത്താനുള്ള
ലീവിനപേക്ഷിച്ചിട്ടുണ്ടെന്ന്
കാലവർഷം ..

അവധി ഇല്ലാത്തതിനാൽ
അൽപ ദിനങ്ങളിൽ
അതിഘന മഴ പെയ്യിച്ച്
മടങ്ങുവാനുള്ള
ചിന്തയിലാണത്രെ…

തുലാവർഷത്തിൽ മാത്രം വരുന്ന
ശീലം നിർത്തിയെന്നും
ഇടയ്ക്കിടെ
മിന്നൽസന്ദർശനങ്ങൾ
പതിവാക്കുമെന്നും
ഇടി മേഘങ്ങൾ,

ഋതുക്കളുടെ
ഈ പുതിയ
കലഹങ്ങളെ നോക്കി
കണ്ണിറുക്കി ചിരിക്കുന്നു
ഗ്ലോബൽ വാമിങ് …

കവർ: ജ്യോതിസ് പരവൂർ

Comments

You may also like