പൂമുഖം LITERATUREകവിത ഖസാക്കിന്‍റെ പ്രതിഹാസം

ഖസാക്കിന്‍റെ പ്രതിഹാസം

1

കൂമൻകാവ്
പഴയ ഗ്രാമാതിർത്തിയല്ല.
തിടംവെച്ചു പടർന്ന
മാഞ്ചുവടുകളിലിപ്പോഴും
പഴങ്കഥകളുടെ കരിയിലകള്‍
അടര്‍ന്നു വീണു മൂടിയ
ഖസാക്കിലേക്ക്
കറുത്തിഴയുന്ന നെടുമ്പാത.
പുകയുയരുന്ന പഴയ കൂരകളെ
ഓർക്കാൻ പോലുമാവാതെ
പണ്ടേ വന്നറിഞ്ഞതെന്ന
ഒരോര്‍മ്മയില്‍
ശിവരാമൻ നായരുടെ
ഞാറ്റുപുര.
രവിയോര്‍ക്കുകില്ലെങ്കിലും
പഴയപടി കിടന്നു.

2

അപ്പുക്കിളിയുണ്ട്
പള്ളിപ്പറമ്പിനുമപ്പുറത്ത്
ഞാറ്റുവേലയായി
ഉമിനീരൊലിപ്പിച്ചു കൊണ്ട്
പിടിച്ചു വച്ച തുമ്പിച്ചിറകിൽ
പറക്കാനായുന്നു.

3

രവിയോടുള്ള കലിപ്പടങ്ങാതെ
പേർഷ്യൻ സുഗന്ധമണിഞ്ഞ
നൈസാമലിക്കു പിറകെ
ഖസാക്കിലെ യാഗാശ്വം
മുടന്തി നീങ്ങുന്നു.

4

കുപ്പുവച്ചനിപ്പോഴും
പഴയ കലുങ്കിൽത്തന്നെ
കുന്തിച്ചിരിക്കുന്നു.
കാലം
കരിങ്കൽ പ്രതിമയാക്കിയോ?

5

പഴയ കിണറിന്‍റെ പടുതകളിലൂടെ
ആഴം മതിക്കാത്ത ഇരുള്‍ക്കയങ്ങളില്‍
മുങ്ങാങ്കോഴിയായി
മുങ്ങി മുങ്ങിപ്പോയി
പഴകിയതും തുരുമ്പിച്ചതുമായ
ഭാഷയുടെ കരണ്ടികളും കോരികകളും
സൂര്യരശ്മികളും നിലാപ്പുടവകളും
കണ്ടെടുക്കുന്നു
വായനയില്‍
തന്‍റെ പ്രിയപ്പെട്ട പൂച്ചകളുടെ
കണ്ണുകളെന്നറിയാതെ.

6

‘മാ’ ‘ന്‍’ മായനെന്നല്ലാതെ
കൂട്ടിവായന സാദ്ധ്യമാകാതെ
കുട്ടാടന്‍ പൂശാരിയായി
നിറം മാറുന്ന കാലത്തിനെ പിടിക്കാന്‍
ഓന്തിനുമേലെ കമിഴ്ന്നുവീഴുന്നു.
ചത്തുപോയെന്നു
പരാധീനം വലിച്ചെറിയുന്നു
ശവപ്പറമ്പിലേക്ക്
ജീവിതം.

7

ഉടുമുണ്ട് മാറിയണിഞ്ഞ്
രവി ഖസാക്കിലെത്തി.
ഉടലേ മാറിയണിയാൻ
ശ്രമിച്ചിട്ടും
ഖസാക്കിനെത്താനായില്ല.

അനാദിയായിപ്പെയ്യുന്ന
മഴയിൽ
എത്ര കാലമാണ്
സര്‍പ്പദംശനമേറ്റുള്ള
കിടപ്പ്?

Comments
Print Friendly, PDF & Email

You may also like