പൂമുഖം CINEMA പേരറിയാത്തവർ – സത്യസന്ധമായ ഒരു രാഷ്ട്രീയ സിനിമ

പേരറിയാത്തവർ – സത്യസന്ധമായ ഒരു രാഷ്ട്രീയ സിനിമ

ിനിമാറ്റിക് എന്ന് ഇന്ന് നമ്മൾ വിശേഷിപ്പിക്കുന്ന രീതി, സിനിമ വരുന്നതിനും ഏറെ മുൻപ് തന്നെ ഷേക്സ്പിയറിലും ഹോമറിലും വാത്മീകിയിലും എഴുത്തച്ഛനിലും കാണാമെന്ന് സച്ചിദാനന്ദൻ തന്റെ ഒരു പുസ്തകത്തിൽ (അനുഭവം, യാത്ര, ഓർമ്മ: പ്രസാധനം ഒലിവ്) നിരീക്ഷിക്കുന്നുണ്ട്. സ്ഥലകാലങ്ങളുടെ അകലങ്ങളില്ലാതാക്കുന്ന സ്വപ്നസദൃശമായ സന്നിവേശം, കണ്ടുകഴിഞ്ഞാലും (വായിച്ചു കഴിഞ്ഞാലും ) മനം മഥിക്കുന്ന ഒറ്റ ചിത്രങ്ങൾ ഐസൻസ്റ്റീൻ മൊൺടാഷിനെ പറ്റി സംസാരിക്കുന്നതിന് മുൻപു തന്നെ പ്രയോഗത്തിലുണ്ടെന്ന് കവി പറയുന്നു..

പേരറിയാത്തവരിൽ ഒരു ദൃശ്യമുണ്ട്;  ഒരു ട്രാഫിക് ബ്ലോക്കിൽ വന്നു നിൽക്കുന്ന രണ്ട് ടിപ്പർ ലോറികൾ.. ഒന്നിൽ നിറയെ കുത്തിനിറച്ച തൊഴിലാളികളാണ്.. മറ്റൊന്നിൽ അറക്കാൻ കൊണ്ടു പോകുന്ന അറവുമാടുകളും.. ഒരു ഫ്രെയിമിൽ നിന്നുളള ദൃശ്യം തെന്നിമാറി അടുത്ത ദൃശ്യത്തിലെത്തുമ്പോൾ നമ്മളറിയുന്നുണ്ട്, സിനിമയുടെ രാഷ്ട്രീയം.
പേരറിയാത്തവർ മലയാളസിനിമ അടുത്ത കാലത്തു കണ്ട ഏറ്റവും നല്ല രാഷ്ട്രീയസിനിമകളിലൊന്നാണ് എന്നു വായിക്കാനാണ് എനിക്കിഷ്ടം. നഗരമാലിന്യങ്ങൾക്കിടയിൽ കൃമികളായി പോകുന്ന പേരറിയാത്ത നിരവധിപേർ നമുക്കിടയിലുണ്ടെന്ന് ഈ സിനിമ സധൈര്യം വിളിച്ചു പറയുന്നു..

പുറമ്പോക്കിൽ ജീവിക്കുന്ന ഒരച്ഛനും മകനുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ. അവരുടെ ഹ്യദയബന്ധത്തിലൂടെയും ജീവിതപരിസരങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ചുറ്റുമുളളവരുടെ കൂടി ജീവിതം ചേർത്തുകൊണ്ട്, പുത്തൻകൂറ്റ് വികസനം കവർന്നെടുത്ത പേരറിയാത്ത ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുകയാണ് ഡോ.ബിജു. നഗരമാലിന്യങ്ങൾ ശ്വസിച്ചും അവക്കിടയിൽ ജോലി ചെയ്തും ജീവിതം തേഞ്ഞു തേഞ്ഞ് ഇല്ലാതായിപ്പോയ ഈ മനുഷ്യർ നമുക്കിടയിലുളളവരോ നമുക്കു ചുറ്റുമുളളവരോ ആണ്. കേരളത്തിന്റെ സമകാലിക രാഷ്ട്രീയ കാലാവസ്ഥയും പ്രാന്തവത്കൃത ജീവിതങ്ങളുടെ നേർചിത്രവും സിനിമ ആഴത്തിൽ ചർച്ച ചെയ്യുന്നു. ഭരണകൂട അധിനിവേശം എങ്ങനെയാണ് ദളിതരും ആദിവാസികളും ആദിമഗോത്രജനതയുമുൾപ്പെടുന്ന സമൂഹത്തെ ഇരകളും അഭയാർത്ഥികളുമാക്കി മാറ്റുന്നതെന്ന് ഈ സിനിമ ഒരു ഞെട്ടലോടെ നമ്മളെ ബോധ്യപ്പെടുത്തുന്നു. ദ്രുതവികസനം തെരുവിൽ തളളുന്ന നഗരമാലിന്യങ്ങൾ പരിസ്ഥിതിക്കേൽപ്പിക്കുന്ന മുറിവിനെക്കുറിച്ചും സിനിമ ജാഗ്രത പുലർത്തുന്നു.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് പേരറിയാത്തവർ. തീവ്രമായ, രാഷ്ട്രീയ പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോഴും സിനിമയുടെ ഭാഷ സങ്കീർണമല്ല. ഒരു കൊച്ചുകുട്ടിയുടെ കാഴ്ചയിലൂടെയുളള നരേഷൻ ശൈലിയാണ് സിനിമയുടേത്.

സിനിമാറ്റിക് എന്നതിന്റെ വിശദീകരണം സച്ചിദാനന്ദൻ പറഞ്ഞതാണെങ്കിൽ ഈ സിനിമ അങ്ങേയറ്റത്തോളം സിനിമാറ്റിക്കാണ്.കമ്മട്ടിപ്പാടം പോലുളള ഫെയ്ക്ക് നൊസ്റ്റാൾജിയകൾ പ്രാന്തവത്കൃതരുടെ ജീവിതം പറയുന്ന സിനിമകളായി നിരൂപണം ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ചുരുങ്ങിയ പക്ഷം ഈ സിനിമ സത്യസന്ധമാണെന്നെങ്കിലും വിലയിരുത്തേണ്ടി വരും.കറുത്ത പെയിന്റടിച്ചും കൃത്രിമപ്പല്ലു വെച്ചും അവതരിപ്പിക്കുന്നതാണ് ദളിത് ഐഡന്റിറ്റിയെന്ന് ധരിച്ചു വെച്ചിട്ടുളള സിനിമാ എഴുത്തുകാർക്കും ഈ സിനിമ ഗൃഹപാഠമാക്കാവുന്നതാണ്..

Comments
Print Friendly, PDF & Email

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.

You may also like