പൂമുഖം രാഷ്ട്രീയം ഇടത്തോട്ട് സിഗ്നൽ ഇട്ട് വലത്തോട്ട് തന്നെ തിരിയുന്ന സർക്കാർ

ഇടത്തോട്ട് സിഗ്നൽ ഇട്ട് വലത്തോട്ട് തന്നെ തിരിയുന്ന സർക്കാർ

ഇടത് പക്ഷ ചിന്ത എന്നത് കേരളത്തിൽ അവശേഷിക്കുന്ന ഇടത് മുന്നണിയുടെയോ അതിന് നേതൃത്വം കൊടുക്കുന്ന സിപിഐ (എം) എന്ന പാർട്ടിയുടെയോ കുത്തകയാണെന്നും അവർ ഇല്ലാതായാൽ പിന്നെ ഇടത് ചിന്ത എന്നത് കേരളത്തിൽ അന്യംനിന്നു പോകുമെന്നും ഉള്ള അവകാശവാദത്തിന്റെ അടിവേര് അറുക്കുന്നു എന്നതാണ് കേരളത്തിലെ ആശാ സഹോദരിമാർ നടത്തുന്ന സമരത്തിന് അധികമായ പ്രസക്തി നൽകുന്നത്. ചുവപ്പൻ വിപ്ലവ രാഷ്ട്രീയത്തിന്റെ അപചയവും അധഃപതനവും ലോകം കണ്ടതാണ്, ഇന്നും നമ്മുടെ അയലത്ത് കാണുന്നുമുണ്ട്. എന്നാൽ പോലും വിപ്ലവത്തിന് അപ്പുറത്ത് മനുഷ്യത്വ കേന്ദ്രിതമായ ഇടത് രാഷ്ട്രീയ ചിന്തയെ നെഞ്ചേറ്റുന്ന സമൂഹങ്ങൾ ലോകത്താകമാനം ഇന്നുമുണ്ട്. കേവലം അടയാളങ്ങൾ കൊണ്ടും അവകാശവാദങ്ങൾ കൊണ്ടും ഒരു പ്രസ്ഥാനത്തിന് ഉറപ്പിക്കാൻ കഴിയുന്ന കുത്തകയല്ല അതെന്ന് തിരിച്ചറിഞ്ഞ ഒരു ജനതയുടെ മുന്നിൽ ആയുധം വച്ച് കീഴടങ്ങുന്ന സാഹചര്യമാണ് ഇന്നത്തെ ഇടത് ഭരണം നേരിടുന്നത്.

തങ്ങൾക്ക് ലഭിക്കുന്ന പ്രതിമാസ വിഹിതമായ 7,000 രൂപയ്ക്ക് പകരം ശമ്പളമായി 21,000 രൂപ ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന ആശാ സഹോദരിമാർ അവർ ചെയ്യുന്ന തൊഴിലിന്റെ വ്യാപ്തിയിലും ഭാരത്തിലും വന്ന വർദ്ധനവും അതിനാൽ തന്നെ മറ്റൊരു തൊഴിലിന് പോകാൻ കഴിയാത്ത സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തങ്ങളുടെ തൊഴിലിനെ ക്രമപ്പെടുത്താനും വിരമിക്കൽ ആനുകൂല്യങ്ങൾ അടക്കമുള്ള വേതന സേവന വ്യവസ്ഥകൾ ഉറപ്പാക്കാനും ആവശ്യപ്പെടുന്നത്. ഇതിന് കേന്ദ്രത്തിന്റെ പദ്ധതിയാണ് ആശാ എന്ന ഒരു കാരണം പറഞ്ഞ് ഒഴിയാൻ ശ്രമിക്കുന്നത് ഇവർ ഇടതിൽ നിന്ന് വലത്തോട്ട് മാറുകയാണ് എന്ന തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാണോ? അതോ ആ മാറ്റം അവർ പണ്ടേ മനസാ അംഗീകരിച്ച് കഴിഞ്ഞത് കൊണ്ടാണോ?

എന്തായാലും ഇവിടുത്തെ ഇടത് ലേബൽ രാഷ്ട്രീയക്കാർക്ക് കണ്ണെടുത്താൽ കണ്ടുകൂടാത്ത മമ്‌താ ബാനർജി പശ്ചിമ ബംഗാളിൽ ഓരോ ആശാ സഹോദരിയും 62 വയസ്സിൽ വിരമിക്കുമ്പോൾ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുന്നുണ്ട്. അവിടെയും ആശാ കേന്ദ്രാവിഷ്കൃത പദ്ധതി തന്നെയാണല്ലോ. ഇടത് ലേബലില്ലാത്ത തൃണമൂൽ കോൺഗ്രസ്സ് പക്ഷെ ഇക്കാര്യത്തിൽ ഇടത് ചിന്തയാണ് പ്രദർശിപ്പിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല.

ഔപചാരികമായ തൊഴിൽ എന്ന അംഗീകാരം ഇല്ലാത്തത് കൊണ്ട് ആശാ സഹോദരിമാർക്ക് സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്ന കാലങ്ങളിൽ നിർദ്ദിഷ്ട ജോലികൾക്ക് പുറമെ ചെയ്യേണ്ടതായി വരുന്ന അധിക ജോലിയുടെ ഭാരവും സ്വഭാവവും അതിന്മൂലമുള്ള വെല്ലുവിളികളും വളരെ ഏറെയാണ്. അക്കാലങ്ങളിലെ അവരുടെ സവിശേഷ ഉത്തരവാദിത്തങ്ങളും ആപൽസാധ്യതകളും പരിഗണിക്കുമ്പോൾ, ആരോഗ്യരംഗത്തെ അഗ്നിശമന സേനയായി വേണം ആശാ സഹോദരിമാരെ കണക്കാക്കുവാൻ.

എന്നിട്ടും അവരുടെ തൊഴിലിനെ ക്രമപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തത് അതിനുള്ള സാങ്കേതിക വൈഷമ്യങ്ങൾ കാരണം മാത്രമാണോ? ആണെന്ന് കരുതാൻ നിർവ്വാഹമില്ല. ഒഴിവുകഴിവുകൾ നിരത്തി തല്ക്കാലം തലയൂരുക എന്നതല്ല ഇടത് ചിന്ത എന്നാണ് ജനം മനസ്സിലാക്കിയിട്ടുള്ളത്. പകരം, പുതുവഴികൾ കണ്ടെത്താൻ ശ്രമിക്കുകയും അതിന് വേണമെങ്കിൽ പുതിയ നിയമങ്ങളും ചട്ടങ്ങളും നിർമ്മിക്കുകയും ചെയ്യുകയാണ് ഇടത് വഴി എന്ന വസ്തുത കേരളത്തിലെ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണവും മറ്റും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

അത് തന്നെ ഉദാഹരണമാക്കി കൊണ്ട്, പൊതുജനാരോഗ്യ പ്രവർത്തനം മെച്ചപ്പെടുത്താൻ കൂടുതൽ ശക്തമായ സംവിധാനങ്ങൾ ഒരുക്കാൻ ആശാ സംവിധാനത്തെ തന്നെ സംസ്ഥാന സർക്കാരിന് വേണമെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ക്രമപ്പെടുത്താൻ കഴിയുന്നതാണ്. അതിന് വേണ്ട പണം കണ്ടെത്താൻ ഇപ്പോൾ കൈയിൽ കൊണ്ടുനടക്കുന്ന കുമ്പിള് പോരാതെവരും എന്നത് സത്യമാണ്. അപ്പോൾ മുണ്ട് മുറുക്കി ഉടുക്കാനുള്ള മനസ്സ് കാണിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയല്ല, മറിച്ച് അനാവശ്യ സൗകര്യങ്ങളും സൗജന്യങ്ങളും ആഡംബരങ്ങളും ധൂർത്തും ഒഴിവാക്കി സർക്കാർ സംവിധാനങ്ങളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുകയും കാലങ്ങളായി പരക്കെ അംഗീകരിച്ച് തുടർന്നു വരുന്ന അഴിമതി ഇല്ലാതാക്കുകയുമാണ് വേണ്ടത്. അതും ഇടത് ചിന്തയാണെന്ന് ഒരു പക്ഷെ നമ്മുടെ ഇന്നത്തെ സർക്കാരിന് അറിയാത്തതാകാം ഒരു പക്ഷെ ആശാ സമരം തീർപ്പാക്കാൻ കഴിയാതെ പോകുന്നതിന്റെ കാരണങ്ങളിൽ മറ്റൊന്ന് എന്ന് ആരെങ്കിലും പറഞ്ഞാൽ എതിർക്കാൻ കഴിയുന്ന അനുഭവങ്ങൾ ഇക്കാലത്തെങ്ങും കേരള ജനതയ്ക്ക് ഓർമ്മയിൽ ഉണ്ടാകില്ല.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like