പൂമുഖം LITERATUREകഥ പുറ്റ്‌

പുറ്റ്‌

 

ടെറസ്സിലേക്കുള്ള പടികൾ കയറുമ്പോൾ അമ്മ പറഞ്ഞു. “ഇപ്പൊ അമ്മ ടെറസിലേക്കൊന്നും വരാറില്ല… കയറാൻ വയ്യ, കാലിനു ബലം പോരാന്ന് തോന്നാ…”

“എന്നാ എന്റെ കൈ പിടിച്ചോളു. താഴെ ഇരുന്ന് മുഷിഞ്ഞു. കുറച്ച്‌ സമയം ടെറസിലെ ശുദ്ധവായു….!”
ഞാൻ അമ്മയുടെ കൈ പിടിച്ചു.
അമ്മയുടെ കൈകളിൽ ചുളിവുകൾ കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ ഏറിയിരിക്കുന്നു. മുത്തശ്ശന്റേയും മുത്തശ്ശിയുടേയും കൈകളിലെ ചുളിവികൾ ഏറിയേറി വന്നത്‌ ഓർമിച്ചു.

ടെറസ്സിലേക്കുള്ള വാതിൽ കോട്ടവാതിൽ പോലെ ആണ്. ആന കുത്തിയാലും തുറക്കില്ല. തുറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാകട്ടെ അങ്ങകലെ കല്ലേക്കുളങ്ങര ദേവീ ക്ഷേത്രം വരെ കേൾക്കും എന്ന് തോന്നും . ടെറസിനു മുകളിലേക്ക് ചാഞ്ഞ്‌ നിന്ന മൂവാണ്ടൻ മാവ്‌. . ഞങ്ങൾക്കും , ബന്ധുക്കൾക്കും, അച്ചാറിടുന്ന തമിഴനും, അണ്ണാനും, കാക്കയ്ക്കും, സ്കൂളിലേക്കുള്ള വഴി മധ്യേ കല്ലെറിഞ്ഞ കുട്ടികൾക്കുമായി അത് തന്ന മാങ്ങകൾക്ക് കണക്കില്ല.. ഇപ്പോൾ, അങ്ങിങ്ങായി ഒന്നോ രണ്ടോ മാങ്ങകൾ മാത്രം, എല്ലാ കൊമ്പുകളിലും തൊലി ചുളുങ്ങിയിരിക്കുന്നു….
വാർദ്ധക്യം, അതിനും.,

മാവിന്റെ തണലിനിപ്പുറം,, ടെറസിൽ പതിവായി ഇരിക്കുന്നിടത്ത്‌ ഒരാൾ പൊക്കത്തിൽ ഒരു പുറ്റ്‌.
“ഇത്‌ വല്ലാതെ വളർന്നിരിക്കുന്നു” ഞാൻ പറഞ്ഞു. “താഴെ ഗേറ്റിനടുത്തു നിന്നേ കാണാം.”.
പുറ്റിനോട് ചേർന്നുള്ള അര മതിലിൽ ഞങ്ങൾ അൽപനേരം ഒന്നും മിണ്ടാതിരുന്നു .
പിന്നെ, തന്നോടുതന്നെയെന്ന മട്ടിൽ,അമ്മ പറഞ്ഞു
” മേമയെ കാണാതായിട്ട്‌ ഒരു വർഷം കഴിഞ്ഞു….കുട്ട്യേട്ടനും അച്ഛനും അമ്മയും പോയത് പോലെയല്ലെങ്കിലും അവളും ഒരു ദിവസം അപ്രത്യക്ഷയായി.”.
മേമ, അമ്മയുടെ കൂടെ ആയിരുന്നു കുറേക്കാലം. ആ വീട്ടിലെ മൂന്ന് പേരിൽ ഒരാൾ. എപ്പോഴും ഒരു മൂളിപ്പാട്ടുണ്ടാകും ചുണ്ടുകളിൽ. റേഡിയൊ പരിപാടികളായിരുന്നു പ്രിയം, വായനയും, റ്റി വി യും എഴുത്തും കാലം അവരിൽ നിന്ന് ക്രൂരമായി കവർന്നെടുത്തിരുന്നു. വാശിയാണെന്ന് തോന്നിക്കുന്ന മട്ടിൽ ദൃഢനിശ്‌ചയക്കാരിയായിരുന്നു മേമ …

ഇന്നും വ്യക്തമായി ഓർക്കുന്നു, ഒരു വർഷം മുൻപ്‌ മുത്തശ്ശിയുടെ ചരമ വാർഷിക ദിവസമാണ് അമ്മ വിളിച്ച്‌ പറഞ്ഞത്, മേമയെ കാണാതായിരിക്കുന്നു എന്ന്.
എങ്ങുമെത്താതെ പോയി അന്വേഷണങ്ങൾ.

” ഒരു വിവരവും കിട്ടിയില്ല അല്ലേ ..?. അതിശയം തോന്നുന്നു ”

ദൂരെ നിന്ന് കണ്ണെടുക്കാതെ അമ്മ പറഞ്ഞു : “അങ്ങനെ ഇരിക്കുമ്പോ, ഒരു ദിവസം, യാത്ര പോലും പറയാതെ അപ്രത്യക്ഷമായതുപോലെ തന്നെ, ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ, അവൾ , ഈ കോണിപ്പടികൾ ഇറങ്ങി വരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു”

“കഴിഞ്ഞ തവണ കണ്ടപ്പൊ, ടെറസിന്റെ മുകളിൽ പോയി, തിരിച്ച്‌ വരാൻ വഴി അറിയാതെ, കുടുങ്ങി പോകുന്നതായുള്ള സ്വപ്നത്തിനെക്കുറിച്ച്‌ മേമ പറഞ്ഞിരുന്നു” ഞാൻ പറഞ്ഞു

അമ്മയുടെ കണ്ണുകൾ നനഞ്ഞിരിക്കുന്നു. വിഷയം മാറ്റാൻ, എന്തൊക്കെയോ സംസാരിച്ചു. മേമയെക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ.
“എവിടെ ആണെങ്കിലും സുഖമായി ഇരിക്ക് ണ്ണ്ടാവും, ഒരു ദിവസം, അമ്മ പറഞ്ഞ പോലെ, തിരിച്ച്‌ വരും”
” വരൂ താഴേയ്ക്ക് പോകാം, ദേവീ ക്ഷേത്രം വരെ ഒന്നു പോയി വരാം.”
പുറ്റിനോട് യാത്ര പറഞ്ഞെഴുന്നേറ്റപ്പോൾ , അതിന്റെ മുകളറ്റത്ത്, രണ്ടിടത്ത് ചെറുതായി നനവ് പടർന്നിരുന്നു….
മഴ, തുള്ളിയിട്ടിരുന്നോ …?

Comments
Print Friendly, PDF & Email

മനു പുതുമന, ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു

You may also like