കേരളത്തിലെ ഓരോ നിയമസഭാ മണ്ഡലങ്ങളെയും പരിചയപ്പെടുത്തുന്ന തെരെഞ്ഞെടുപ്പ് സ്പെഷല്‍ പംക്തി ‘മണ്ഡല പര്യടനം’ – മലയാളനാടില്‍ ആരംഭിക്കുന്നു. ഇത്തവണ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ മണ്ഡലമാണ് പരിചയപ്പെടുത്തുന്നത്.
കര്‍ണ്ണാടകയോട് ചേര്‍ന്ന് നില്‍ക്കുന്നതുകൊണ്ട് തന്നെ ബി.ജെ.പി ശക്തമായ സാന്നിധ്യമറിയിക്കൂന്ന ഒരു മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. 1987 മുതല്‍ തുടര്‍ച്ചയായി മുസ്ലീം ലീഗ് ജയിച്ചു വന്ന മണ്ഡലം 2006ലാണ് സി.എച്ച്.കുഞ്ഞമ്പുവിലൂടെ സി.പി.എം പിടിച്ചെടുത്തത്. എന്നാല്‍ 2011ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കെ.സുരേന്ദ്രനെ പരാജയപ്പെടുത്തി പി.ബി.അബ്ദുള്‍ റസാഖിലൂടെ മുസ്ലീം ലീഗ് ഈ മണ്ഡലം തിരിച്ചു പിടിച്ചു. സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ ആയ സി.എച്ച് കുഞ്ഞമ്പു കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2006 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നാരായണ ഭട്ടിനെ 4829 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു സി.എച്ച്.കുഞ്ഞമ്പു വിജയിച്ചിരുന്നത്.
സ്ഥാനാര്‍ത്ഥി | പാര്‍ട്ടി | ബാലറ്റ് വോട്ട് | പോസ്റ്റല്‍ വോട്ട് | ടോട്ടല്‍ വോട്ട് |
പി.ബി.അബ്ദുള്‍ റസാഖ് | IUML | 49795 | 22 | 49817 |
കെ.സുരേന്ദ്രന്‍ | BJP | 43931 | 58 | 43989 |
സി.എച്ച്.കുഞ്ഞമ്പു | CPI (M) | 35014 | 53 | 35067 |
2014 ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഉള്‍പ്പെട്ട കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ ഇവിടെ നിന്ന് വിജയിച്ചത് സി.പി.ഐ എമ്മിന്റെ പി.കരുണാകരനായിരുന്നു. ആ തെരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ വോട്ടിങ്ങ് നിലവാരം എന്തായിരുന്നു എന്ന് പരിശോധിക്കാം.
സ്ഥാനാര്‍ത്ഥി | പാര്‍ട്ടി | വോട്ട് |
പി.കരുണാകരന്‍ | CPI (M) | 29433 |
ടി.സിദ്ധിഖ് | INC | 52459 |
കെ.സുരേന്ദ്രന്‍ | BJP | 46631 |
അബ്ദുള്‍ സലാം എന്‍ യു | SDPI | 2877 |
അമ്പലത്തറ ഉണ്ണികൃഷ്ണന്‍ | AAP | 452 |
കഴിഞ്ഞ വര്‍ഷത്തെ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഏഴ് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ വോര്‍ക്കാടിയിലും, മീഞ്ചയിലും, മംഗല്പാഡിയിലും, കുമ്പളയിലും, എന്മകജെയിലും യു ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍, ബി.ജെപിയും എല്‍ ഡി എഫും യഥാക്രമം പൈവെളികയിലും പുത്തിഗയിലും മാത്രമാണ് അധികാരത്തില്‍ എത്തിയത്.
കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളുടേയും വോട്ടിങ്ങ് നിലവാരം കണക്കിലെടുക്കുമ്പൊള്‍ ഇത്തവണയും യു ഡി എഫിന് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ശക്തമായ മത്സരം ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടാവും എന്നതുറപ്പാണ്. ബി.ജെ.പി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി അവര്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.